DCBOOKS
Malayalam News Literature Website

ഋഗ്വേദം; വേദങ്ങളില്‍ പ്രാചീനതകൊണ്ടും പ്രാമാണികതകൊണ്ടും വ്യക്തിവൈശിഷ്ട്യം കൊണ്ടും ഏറ്റവും പ്രധാനം: ഡോ കെ. കുഞ്ചുണ്ണിരാജാ

മനുഷ്യന്‍ ജിജ്ഞാസുവാണ്. ഈ ജിജ്ഞാസ ചെറിയ കുട്ടികളില്‍ക്കൂടി കാണാം. ‘ഇതെന്താണ്? ഇതെന്തിനാണ്?’ എന്നൊക്കെ കുട്ടികള്‍ ചോദിക്കാറുണ്ട്. പരിണതപ്രജ്ഞരായ പണ്ഡിതന്മാര്‍പോലും സത്യാന്വേഷണത്തില്‍ ഇത്തരം കുട്ടികളാണ്. നാമെവിടെനിന്നു വന്നു? എവിടെപ്പോകുന്നു? ജീവിതത്തിന്റെ അര്‍ത്ഥമെന്താണ്? എന്നും മറ്റും അവര്‍ക്കറിയണം. ഉദിച്ച സൂര്യന്‍ അസ്തമിക്കുമ്പോള്‍ ‘കതമാം ദിശം രശ്മിരസ്യാതതാന’ (അദ്ദേഹത്തിന്റെ രശ്മി ഏതൊരു ദിക്കിലേക്കാണ് വ്യാപിച്ചിട്ടുള്ളത്?) എന്നവര്‍ ചോദിക്കും. സത്യത്തെപ്പറ്റിയുള്ള ഈ ജിജ്ഞാസ തുടങ്ങുമ്പോള്‍ അവരുടെ നോട്ടം പ്രപഞ്ചരഹസ്യത്തിലേക്കു തിരിയുന്നു. ഈ ത്വരയില്‍ അതിന്റെ അഗാധതയിലേക്ക് അവര്‍ ഊളിയിട്ടു ചെല്ലും. അവരുടെ കണ്‍മിഴിച്ചുകൊണ്ടുള്ള കുതിച്ചുപാച്ചലില്‍ നാനാതരം സ്ഥൂലവസ്തുക്കള്‍ നാനാതരം സൂക്ഷ്മശക്തികളുടെ ഓളംതല്ലലായി അവര്‍ക്കനുഭവപ്പെട്ടു പോകുന്നു. അടിത്തട്ടില്‍നിന്നു നാലുപാടും നോക്കുമ്പോള്‍ ഓളമെല്ലാം ഒരേ സമുദ്രത്തിന്റെ രൂപഭേദമാണെന്ന് അവര്‍ക്കുറപ്പുവരുന്നു. തങ്ങള്‍ക്കനുഭവപ്പെട്ട ഈ പരമരഹസ്യം തങ്ങളുടെ കൂട്ടുകാരോടു വിളിച്ചു പറഞ്ഞേതീരൂ എന്നവര്‍ക്കു തോന്നുകയായി. നാനാത്വം ഏകത്വത്തില്‍ അലിഞ്ഞു ചേരു മ്പോള്‍ മനുഷ്യന്‍ പൂര്‍ണ്ണതയില്‍ എത്തിച്ചേര്‍ന്നവനായി.

രണ്ടായിരത്തഞ്ഞൂറുകൊല്ലം മുമ്പ് യാസ്‌കന്‍ നിരുക്തത്തില്‍ പറയുകയുണ്ടായി, ”സാക്ഷാത്കൃതധര്മാണ ഋഷയോബഭൂവുഃ, തേ അസാക്ഷാത്കൃത ധര്മഭ്യഃ ഉപദേശായ ഗ്ലായന്തഃ മന്ത്രാന്‍ സംപ്രാപുഃ” പ്രപഞ്ചത്തിന്റെ സൂക്ഷ്മതത്ത്വങ്ങള്‍ നേരിട്ടു കണ്ടറിഞ്ഞ മഹര്‍ഷിപുംഗവന്മാര്‍ അത്തരം ധര്‍മ്മസാക്ഷാല്‍ക്കാരം സിദ്ധിക്കാത്തവരും തത്ത്വജിജ്ഞാസുക്കളുമായ സ്വന്തം ശിഷ്യന്മാര്‍ക്ക് ആ പാരമാര്‍ത്ഥികസത്യം കാണിച്ചുകൊടുക്കാന്‍ ശ്രമിച്ചതിന്റെ ഫലമാണ് വേദമന്ത്രങ്ങള്‍.

വേദം എന്ന പദത്തിന് അറിവ് എന്നാണ് വാച്യാര്‍ത്ഥം. ശാശ്വതസത്യം കണ്ടറിയുവാനല്ലാതെ ഉണ്ടാക്കുവാനാര്‍ക്കും കഴിയുകയില്ല. അപൗരുഷേ യമാണ് വേദം എന്നു പറയുന്നത് ഈ നിലക്കു ശരിയാണ്. യഥാര്‍ത്ഥമായ കവിതതന്നെ കവികള്‍ ഭാവനയില്‍ ദര്‍ശിക്കുകയാണ്; ഉണ്ടാക്കുകയല്ല പതിവ്. ഓരോ കവിഗോത്രങ്ങളില്‍ പരമ്പരയായി സൂക്ഷിച്ചുപോന്നിരുന്നവയും യജ്ഞകര്‍മ്മങ്ങള്‍ക്കും സന്ധ്യാവന്ദനാദി നിത്യകര്‍മ്മങ്ങള്‍ക്കും ഉപയോഗിച്ചു വന്നിരുന്നവയുമായ പ്രധാനപ്പെട്ട സൂക്തങ്ങള്‍ ‘സമാഹരിച്ചു തരംതിരിച്ചടക്കിയൊതുക്കി’ വെച്ചിട്ടുള്ളതാണ് വേദസംഹിതകള്‍. വേദവ്യാ സനാണ് ഇങ്ങനെ തരംതിരിച്ചതെന്ന് ഐതിഹ്യവേദികള്‍ പറയുന്നു. ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വ്വവേദം എന്നിങ്ങനെ നാലു വേദങ്ങളാണുള്ളത്. യാഗാദികര്‍മ്മങ്ങള്‍ക്കുപകരിക്കുന്നത് ആദ്യത്തെ മൂന്നെണ്ണമാണ്. ഐഹികസുഖങ്ങള്‍ക്കുവേണ്ടിയുള്ള പൗഷ്ടികകര്‍മ്മങ്ങളും അനിഷ്ട പരിഹാരത്തിനു വേണ്ടിയുള്ള ശാന്തികകര്‍മ്മങ്ങളും വിവരിക്കുന്ന അഥര്‍വ്വവേദത്തിന് കേരളത്തില്‍ തീരെ പ്രചാരം കാണുന്നില്ല. സാമവേദം ഗാനാത്മകമാണ്; ഋഗ്വേദത്തില്‍നിന്നുതന്നെ എടുത്ത 1800-ഓളം മന്ത്രങ്ങളാണ് നീട്ടിയും പല സ്വരങ്ങളോടുകൂടിയും അര്‍ത്ഥമില്ലാത്ത അക്ഷരം ഇടക്കു ചേര്‍ത്തും മറ്റും പാടുന്നത്. ഗായത്രിയിലുള്ള മന്ത്രത്തെ ശക്വരീഛന്ദസ്സില്‍ നീട്ടിപ്പാടുന്നതിനെപ്പറ്റി ‘ഗായത്രം ത്വോ ഗായതി ശക്വ രീഷു’ എന്നു ഋഗ്വേദത്തില്‍ സൂചനയുണ്ട്. യജുര്‍വേദം , കൃഷ്ണയജുര്‍വേദം ശുക്ലയജുര്‍വേദം എന്നു രണ്ടുവിധമുണ്ട്. അഗ്ന്യാധാനാദി ശ്രൗതകര്‍മ്മ പ്രതിപാദകങ്ങളാണ് രണ്ടും. കേരളത്തില്‍ കൃഷ്ണയജുര്‍വേദികള്‍ മാത്രമേ ഉള്ളു. അതും ബൗധായനന്‍, വാധൂലകന്‍ എന്നീ ശാഖക്കാര്‍ മാത്രം. വേദങ്ങളില്‍ പ്രാചീ
നതകൊണ്ടും പ്രാമാണികതകൊണ്ടും വ്യക്തിവൈശിഷ്ട്യം കൊണ്ടും ഏറ്റവും പ്രധാനം ഋഗ്വേദമാണെന്നതിനു സംശയമില്ല. ഋഗ്വേദ സംഹിതയുടെ സായണഭാഷ്യാനുസാരിയായൊരു ഭാഷാവ്യാഖ്യാനമാണ് ഇവിടെ കൊടുത്തിട്ടുള്ളത്.

സ്വരൂപത്തെ മാത്രം ആസ്പദമാക്കി ഋഗ്വേദം എട്ട് അഷ്ടകങ്ങള്‍ (അട്ടങ്ങള്‍) ആയി വിഭജിക്കപ്പെട്ടിരിക്കുന്നു; ഓരോ അഷ്ടകവും എട്ടെട്ട് അദ്ധ്യായങ്ങള്‍ (ഓത്തുകള്‍) ആയും ഓരോ അദ്ധ്യായവും 24 മുതല്‍ 49 വരെ വര്‍ഗ്ഗങ്ങള്‍ (വര്‍ക്കങ്ങള്‍) ആയും വിഭജിച്ചിട്ടുണ്ട്. സംഹിതാപാഠം കേരളത്തില്‍ പഠിപ്പിക്കുന്നത് ഈ വിഭജനമനുസരിച്ചാണ്. അര്‍ത്ഥചിന്തക്ക് ഇവിടെ സ്ഥാനമില്ല. കുറെക്കൂടി ശാസ്ത്രീയമായ വിഭജനം പത്തുമണ്ഡലങ്ങളായാണ്. മണ്ഡലത്തിന്റെ ഘടകങ്ങള്‍ അനുവാകങ്ങളും അവാന്തരഘടകങ്ങള്‍ സൂക്തങ്ങളുമത്രെ. അനുവാകവും സൂക്തങ്ങളുമായിട്ടാണ് പണ്ടു വേദം പഠിച്ചിരുന്നതെന്ന് ഭര്‍ത്തൃഹരിയുടെ വാക്യപദീയത്തിലെ ‘യഥാനുവാകഃ സൂക്തോവാ സോഢത്വമുപഗച്ഛതി ആവൃത്യാ’ എന്ന ഭാഗത്തില്‍ സൂചി പ്പിച്ചിട്ടുണ്ട്. അഷ്ടകാദ്ധ്യായാദി വിഭജനം കുറച്ചുകൂടി അര്‍വ്വാചീനമാ ണെന്നുതോന്നുന്നു.

രണ്ടുമുതല്‍ ഏഴുവരെയുള്ള മണ്ഡലങ്ങള്‍ ഓരോന്നും ഓരോ പ്രത്യേകം ഋഷികുലത്തില്‍പ്പെട്ട ഋഷിമാര്‍ ദര്‍ശിച്ചതാണ്.

രണ്ടാം മണ്ഡലം-  ഗൃത്സമദന്‍ -429 സൂക്തങ്ങള്‍
മൂന്നാം മണ്ഡലം – വിശ്വാമിത്രന്‍- 617സൂക്തങ്ങള്‍
നാലാം മണ്ഡലം- വാമദേവന്‍- 589 സൂക്തങ്ങള്‍
അഞ്ചാം മണ്ഡലം- അത്രി -726 സൂക്തങ്ങള്‍

ആറാം മണ്ഡലം- ഭരദ്വാജന്‍ -765 സൂക്തങ്ങള്‍
ഏഴാം മണ്ഡലം- വസിഷ്ഠന്‍ -841 സൂക്തങ്ങള്‍

മണ്ഡലങ്ങളുടെ ഈ ക്രമം സൂക്തങ്ങളുടെ സംഖ്യ കൂടിക്കൂടി വരുന്നതനു
സരിച്ചാണെന്നു പറയപ്പെടുന്നു. മൂന്നാം മണ്ഡലത്തില്‍ നാലാം മണ്ഡലത്തെക്കാള്‍ സൂക്തങ്ങള്‍ കൂടുമെങ്കിലും സുപ്രസിദ്ധമായ ഗായത്രീമന്ത്രത്തിന്റെ ദ്രഷ്ടാവെന്ന നിലക്ക് വാമദേവനെക്കാള്‍ മുമ്പു സ്ഥാനം ലഭിച്ചു; ഗൃത്സമദനെക്കാള്‍ മുമ്പു സ്ഥാനം കിട്ടാതിരുന്നത് ഇന്ദ്രന്റെ അനുഗ്രഹത്താല്‍ ബ്രാഹ്മണ്യം സിദ്ധിച്ച ക്ഷത്രിയനായ മന്ത്രദ്രഷ്ടാവാണ് ഗൃത്സമദന്‍ എന്ന കാരണം കൊണ്ടാണത്രെ. സായണനെക്കാള്‍ പ്രാചീനനായ മാധവന്‍ എന്ന ഋഗ്വേദവ്യാഖ്യാതാവാണ് ഈ യുക്തി ചൂണ്ടിക്കാണിച്ചിട്ടുള്ളത്. ഓരോ മണ്ഡലത്തിലെ സൂക്തങ്ങളുടെയും ക്രമം ആദ്യം പിതാവു ദര്‍ശിച്ച സൂക്തങ്ങള്‍, പിന്നീട് പുത്രന്‍ ദര്‍ശിച്ച സൂക്തങ്ങള്‍ എന്ന നിലയ്ക്കാണ്. അഞ്ചാം മണ്ഡലത്തില്‍ മാത്രം ശ്യാവാശ്വന്‍ ദര്‍ശിച്ച 52 മുതല്‍ 62 വരെയുള്ള സൂക്തങ്ങള്‍ അദ്ദേഹത്തിന്റെ പിതാവായ അര്‍ച്ചനാനസ് ദര്‍ശിച്ച 63-64 എന്നീ സൂക്തങ്ങളെക്കാള്‍ മുമ്പുതന്നെ കൊടുത്തുകാണുന്നു; ഇതിനു കാരണം പിതാവിനെക്കാള്‍ പ്രസിദ്ധനായിരുന്നു പുത്രന്‍ എന്നതാകണം. വിശ്വാമി ത്രന്‍തന്നെ തപസ്സുകൊണ്ടു ബ്രാഹ്മണ്യം സിദ്ധിച്ച ക്ഷത്രിയനാണെന്ന് ഇതിഹാസാദികളില്‍ക്കാണുന്നു.

ഓരോ ഋഷിയുടെയും സൂക്തങ്ങളില്‍തന്നെ അഗ്നിയെ സ്തുതിക്കുന്നവ ആദ്യം, ഇന്ദ്രനെ സ്തുതിക്കുന്നവ പിന്നീട്, മറ്റുള്ളവ അതിനുശേഷം എന്നതാണ് ക്രമം.

എട്ടാം മണ്ഡലത്തിലെ ആദ്യത്തെ 66 സൂക്തങ്ങള്‍ കണ്വകുലത്തില്‍ പ്പെട്ട ഋഷിമാരുടേതാണ്. 67 മുതല്‍ 103 വരെയുള്ള സൂക്തങ്ങള്‍ മറ്റു കവികളുടെയും. ഇതിന്റെ തുടക്കം അഗ്നി സൂക്തങ്ങളല്ല, സൂക്തസംഖ്യയും കുറവാണ്.

ഒമ്പതാം മണ്ഡലം മുഴുവനും സോമസൂക്തങ്ങളാണ്. 60ല്‍ അധികം കവികള്‍ ദര്‍ശിച്ച 114 സൂക്തങ്ങളുണ്ട്. രണ്ടുമുതല്‍ എട്ടുവരെയുള്ള മണ്ഡല ങ്ങളില്‍ സോമസൂക്തങ്ങള്‍ കാണ്മാനില്ല. സോമസൂക്തങ്ങള്‍ മുഴുവന്‍ തെരഞ്ഞെടുത്ത് ഒന്നിച്ചുചേര്‍ത്തതാണ് ഈ മണ്ഡലമെന്നു പറയാം.

ഒന്നാം മണ്ഡലത്തില്‍ 51 മുതല്‍ 191 വരെയുള്ള സൂക്തങ്ങള്‍ സവ്യന്‍, നോധസ്, പരാശരന്‍, ഗോതമന്‍, കുത്സന്‍, കക്ഷീവത്, പരുച്‌ഛേപന്‍, ദീര്‍ഘതമസ്സ്, അഗസ്ത്യന്‍ എന്നീ ഋഷിമാര്‍ രചിച്ചവയാണ്. 2 മുതല്‍ ഏഴുവരെയുള്ള പുസ്തകങ്ങളില്‍ കാണാത്ത കവികളാണിവര്‍. ഈ മണ്ഡലത്തില്‍ ആദ്യഭാഗത്തുള്ള സൂക്തങ്ങള്‍ മിക്കതും എട്ടാം മണ്ഡലത്തിലേതുപോലെ തന്നെ കണ്വകുലത്തില്‍പ്പെട്ട കവികളുടെയാണ്.

പത്താം മണ്ഡലം പല തരത്തിലും മറ്റു മണ്ഡലങ്ങളില്‍നിന്നു വ്യത്യസ്തപ്പെട്ടതാണ്. ഇതു പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്നു ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. യജ്ഞത്തോടു ബന്ധപ്പെടാത്ത പല സൂക്തങ്ങളും ഈ മണ്ഡലത്തിലാണ് കാണുന്നത്. പ്രപഞ്ചത്തിന്റെ ഉല്‍പത്തിയെപ്പറ്റി

ചര്‍ച്ച ചെയ്യുന്ന നാസദീയസൂക്തം, പുരുഷസൂക്തം, വിവാഹസൂക്തം, അക്ഷസൂക്തം തുടങ്ങിയ സൂക്തങ്ങള്‍ ഈ മണ്ഡലത്തിലാണ്. പല സൂക്ത ങ്ങളുടെയും ഭാഷതന്നെ ലൗകിക സംസ്‌കൃതത്തോടടുത്തു നില്‍ക്കുന്നു. എങ്കിലും പല പ്രാചീനസൂക്തങ്ങളും ഈ മണ്ഡലത്തില്‍ത്തന്നെ സ്ഥാനം പിടിച്ചിട്ടുണ്ടെന്നും സമ്മതിക്കേണ്ടിവരും. ഒന്നാം മണ്ഡലത്തില്‍ എന്നപോലെ പത്താം മണ്ഡലത്തിലും സൂക്തങ്ങള്‍ 191 ആണ്.

പത്തു മണ്ഡലങ്ങളിലും കൂടി 1017 സൂക്തങ്ങളാണുള്ളത്. ഇവക്കു
പുറമേ 11 വാലഖില്ല്യസൂക്തങ്ങള്‍ എട്ടാം മണ്ഡലത്തില്‍ 48-ാം സൂക്തത്തിനു
ശേഷം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇതു ശാകല്ല്യശാഖയനുസരിച്ചാണ്; ബാഷ്‌കലശാഖയില്‍ 7 വാലഖില്ല്യങ്ങളേ ഉള്ളു. ശാകല്ല്യന്റെ പദപാഠത്തില്‍ വാലഖില്ല്യങ്ങള്‍ക്കു സ്ഥാനമുണ്ടെങ്കിലും സായണഭാഷ്യത്തില്‍ അവ ഉള്‍പ്പെടുത്തിക്കാണുന്നില്ല. ചില സൂക്തങ്ങള്‍ക്കു പ്രത്യേകം പേരുണ്ട് – പുരുഷസൂക്തം, അസ്യവാമീയം, ആപോനപ്ത്രീയം, നാസദീയം, ശ്രീസൂക്തം, ഭാഗ്യസൂക്തം, അക്ഷസൂക്തം എന്നിങ്ങനെ.

ചരണവ്യൂഹമനുസരിച്ച് ഋഗ്വേദത്തിന് ശാകല്യം, ബാഷ്‌കലം, ആശ്വലായനം, ശാംഖായനം, മാണ്ഡുകേയം എന്നിങ്ങനെ അഞ്ചു ശാഖകളുണ്ടായിരുന്നതായിക്കാണുന്നു; ഇന്ന് ശാകല്ല്യശാഖക്കാണ് സാര്‍വ്വത്രികമായ പ്രചാരം. ബാഷ്‌കലശാഖയ്ക്കും കേരളത്തില്‍ സ്ഥാനം കാണുന്നുണ്ട്.

ശാകല്ല്യസംഹിതൈകാച ബാഷ്‌കലസ്യ തഥാപരാ
തേ സംഹിതേ സമാശ്രിത്യ ബ്രാഹ്മണാന്യേകവിംശതിഃ

എന്നും പ്രമാണമുണ്ടെങ്കിലും ശാകല്ല്യപാഠാനുസാരിയായ ഋഗ്വേദത്തിനു മാത്രമേ ഇപ്പോള്‍ പ്രചാരമുള്ളു. പാഠഭേദങ്ങള്‍ പരിശിഷ്ടങ്ങള്‍ക്കും വാലഖില്ല്യങ്ങള്‍ക്കും മാത്രമാണ്. ശാകലസംഹിതക്കാര്‍ ആശ്വലായനന്മാരും ബാഷ്‌കലസംഹിതക്കാര്‍ കൗഷീതകന്മാരുമാണത്രെ.

ജീവിതം ദുഃഖമയമാണെന്നും അതുപേക്ഷിച്ചു സന്യാസം സ്വീകരിച്ചു മോക്ഷം നേടണമെന്നും ഉള്ള വിശ്വാസം ഋഗ്വേദത്തില്‍ ഒരിടത്തും കാണുകയില്ല. ഈശ്വരന്റെ വിവിധ പ്രതിഭാസങ്ങളായ പ്രാപഞ്ചിക വസ്തുക്കളൊന്നും തന്നെ ധിക്കരിക്കേണ്ടവയോ തിരസ്‌കരിക്കേണ്ടവയോ അല്ല. സര്‍വ്വത്ര ഈശ്വരചൈതന്യം പ്രത്യക്ഷമായിക്കണ്ട് ഓരോരോ പേരില്‍ സ്തുതിക്കുന്നവരാണ് വൈദികകവികള്‍. സുവര്‍ണ്ണമയവും രത്‌നഖചിതവുമായ രഥങ്ങളില്‍ക്കയറിവരുന്ന ദേവന്മാരെ സ്‌തോത്രംകൊണ്ടു സന്തോഷിപ്പിക്കു കയും അവരുടെ അനുഗ്രഹംകൊണ്ടു സിദ്ധിക്കുന്ന ലൗകിക സുഖം ആഗ്ര ഹിക്കുകയും ചെയ്യുന്നവരാണവര്‍. വീരന്മാരായ പുത്രന്മാരുണ്ടാകണം; വിദ്വത്സദസ്സുകളില്‍ സംസാരിക്കുവാന്‍ കഴിവുണ്ടാകണം; പശു, സുവര്‍ണ്ണം മുതലായ സമ്പത്തുണ്ടാകണം; അരോഗദൃഢഗാത്രന്മാരായിരിക്കണം;
നൂറുവത്സരം സുഖമായി ജീവിക്കണം; ശത്രുക്കള്‍ യുദ്ധത്തിനു വന്നാല്‍ അവരെ തോല്‍പിക്കുവാന്‍ കഴിയണം. ഇതെല്ലാമാണ് ഋഗ്വേദകവികളുടെ ആഗ്രഹം. കണ്ണിനും ചെവിക്കും മറ്റംഗങ്ങള്‍ക്കും ശരീരത്തിനും ശക്തി കുറയാതെതന്നെ മനുഷ്യനു വിധിച്ചിട്ടുള്ള നൂറുവര്‍ഷം ആയുസ്സ്,

പകുതിയായി വെട്ടിക്കുറയ്ക്കാതെ, ലഭിക്കുവാന്‍ ദേവന്മാരുടെ അനുഗ്രഹം അഭ്യര്‍ത്ഥി ക്കുന്നു. ധാരാളം മക്കളുണ്ടായാല്‍ എല്ലാവരുംകൂടി അങ്ങയെ സ്തുതിച്ചു പാടാം. സുവര്‍ണ്ണവും, രത്‌നങ്ങളും, അന്നവും, ധനവും എല്ലാം ലഭിക്കണമെന്നാണ് അവരുടെ ആഗ്രഹം. ഒരുതരം സകാമഭക്തിയെന്ന് ഈശ്വരനോടുള്ള അവരുടെ മനോഭാവത്തെപ്പറ്റി പറയാം.

അനേകം ദേവന്മാരെ ഋഗ്വേദത്തില്‍ സ്തുതിക്കുന്നുണ്ട്. പ്രധാനമായ സ്ഥാനം ഇന്ദ്രനാണ്. ഇന്ദ്രന്റെ പരാക്രമങ്ങള്‍ വര്‍ണ്ണിച്ചാലൊടുങ്ങുകയില്ല. മിന്നല്‍പിണരാകുന്ന വജ്രായുധവുമേന്തി സുവര്‍ണ്ണരഥത്തില്‍ വരുന്ന ഇന്ദ്രന്‍ ശംബരന്‍, വലന്‍, വൃത്രന്‍ മുതലായ വമ്പിച്ച അസുരന്മാരെക്കൊന്നു. സോമപാനത്തില്‍ അതിയായ ആസക്തിയാണ് ഈ ദേവന്. ദസ്യുക്കളോടുള്ള യുദ്ധത്തില്‍ ജനങ്ങള്‍ക്ക് തുണയായി നിന്നത് ഇന്ദ്രനത്രേ.

അനന്തരകാലത്ത് ത്രിമൂര്‍ത്തികളില്‍ ഒരാളായി മാന്യസ്ഥാനം ലഭിച്ച വിഷ്ണുവിന് ഇന്ദ്രന്റെ അനുജന്‍ എന്ന നിലയാണ് വേദത്തില്‍. ‘ത്രിവിക്രമകഥ സൂചിപ്പിച്ചിട്ടുണ്ടെങ്കിലും മഹാബലിയെപ്പറ്റി പ്രസ്താവനയില്ല.’

ഇന്ദ്രന്‍ കഴിഞ്ഞാല്‍ പിന്നീടു പ്രാധാന്യം അഗ്നിക്കാണ്. ഹവിസ്സു സ്വീകരിച്ച് ദേവന്മാര്‍ക്കെത്തിച്ചു കൊടുക്കുന്നത് അഗ്നിയാണ്. അരണി കടഞ്ഞാണ് അഗ്നിയുണ്ടാക്കുന്നത്. അച്ഛന്‍ മക്കള്‍ക്കെന്നപോലെ അഭിഗ മ്യനും ഹിതൈഷിയുമാണ് അഗ്നി.

വരുണന്‍ സര്‍വ്വശക്തനായൊരു ദേവനാണ്. സര്‍വ്വജ്ഞനായ ആ ദേവനെ എല്ലാവര്‍ക്കും ഭയമാണ്. യമന്‍ പരലോകത്തിലെ രാജാവാണ്; ഇവിടെനിന്നു മരിച്ച് അവിടെച്ചെല്ലുന്നവരെ സല്‍ക്കരിക്കുന്ന ആതിഥേയ നായിട്ടാണ് അദ്ദേഹത്തെ വര്‍ണ്ണിച്ചുകാണുന്നത്.

അശ്വിനീദേവന്മാര്‍, മിത്രാവരുണന്മാര്‍, മരുത്തുക്കള്‍, സൂര്യന്‍, സവിതാവ്, ഉഷസ്സ്, രാത്രി തുടങ്ങി അനേകം ദേവതമാര്‍ ഋഗ്വേദത്തില്‍ ആരാധിക്കപ്പെടുന്നുണ്ട്.

ഋഗ്വേദത്തിന് ആധിഭൗതികം, ആദിധൈവതം, ആദ്ധ്യാത്മികം എന്നു മൂന്നു തരത്തില്‍ വ്യാഖ്യാനങ്ങള്‍ പണ്ടുതന്നെ ഉണ്ടായിരുന്നു. വേദത്തിന് അര്‍ത്ഥമേ ഇല്ല എന്ന വാദഗതികൂടി യാസ്‌കന്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. യാജ്ഞികമായ വിനിയോഗമാണ് ബ്രാഹ്മണങ്ങളിലും ശ്രൗതസൂത്ര ങ്ങളിലും കാണുക. ബൃഹദ്ദേവതയാണ് മറ്റൊരു വ്യാഖ്യാനം. പഞ്ചജനങ്ങ ളെപ്പറ്റി യാസ്‌കന്‍, ശാകടായനന്‍, ഔപമന്യവന്‍ എന്നിവരുടെ അഭിപ്രായ ങ്ങള്‍ക്ക് ഐകരൂപ്യമില്ല. ആധുനികകാലത്ത് ദയാനന്ദസരസ്വതി ഏകദേവ താസിദ്ധാന്തം സമര്‍ത്ഥിക്കുന്നു. ആദ്ധ്യാത്മികമായ രഹസ്യാര്‍ത്ഥമാണ് അരവിന്ദഘോഷ് കല്‍പിക്കുന്നത്. കാമധേനുവിനെപ്പോലെ വിദ്യാര്‍ത്ഥികളുടെ കഴിവനുസരിച്ച് പലപല നിലയ്ക്കും അര്‍ത്ഥം നല്കുന്ന ഒന്നത്രേ ഋഗ്വേദമന്ത്രങ്ങള്‍.

‘ഋഗ്വേദം ഭാഷാഭാഷ്യം’; പ്രീബുക്കിങ് അവസാനഘട്ടത്തിലേയ്ക്ക്, ബുക്കിങ്ങിന് വിളിക്കൂ: 9946 109101, 9947 055000 , വാട്‌സാപ്പ്  9946 109449 ഓണ്‍ലൈനില്‍: https://dcbookstore.com/books/rigvedam
കേരളത്തിലുടനീളമുള്ള ഡി സി ബുക്‌സ്/കറന്റ് ബുക്‌സ് പുസ്തകശാലകളിലൂടെയും ബുക്ക് ചെയ്യാം ഡി സി ബുക്‌സ്, കോട്ടയം 686 001 എന്ന വിലാസത്തില്‍ മണിഓര്‍ഡര്‍/ബാങ്ക് ഡ്രാഫ്റ്റ് അയച്ചും കോപ്പികള്‍ ഉറപ്പാക്കാം കേരളത്തിലുടനീളമുള്ള ബുക്കിങ് ഏജന്‍സികളിലൂടെയും
ബുക്ക് ചെയ്യാവുന്നതാണ്. വ്യവസ്ഥകള്‍ക്ക് സന്ദര്‍ശിക്കുക: https://www.dcbooks.com/

നിങ്ങളുടെ കോപ്പി പ്രീബുക്ക് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.