DCBOOKS
Malayalam News Literature Website

ധ്യാനകേന്ദ്രങ്ങളില്‍ നിന്ന് സാത്താന്‍ സേവാ കേന്ദ്രങ്ങളിലെത്തിച്ചേരുന്ന വിശ്വാസികള്‍

ഇന്ന് നമ്മള്‍ ഏറെ അസ്വസ്ഥരാകുന്നത് മതങ്ങള്‍കൊണ്ടും അവയിലെ ആചാരവിധികള്‍ കൊണ്ടുമാണ്. സ്ത്രീവിരുദ്ധതയാണ് നിലവിലുള്ള എല്ലാ മതങ്ങളുടെയും അന്തഃസത്ത. പ്രവാചകമതങ്ങളില്‍ അവ തത്ത്വത്തില്‍തന്നെ പ്രകടമെങ്കില്‍ ഹൈന്ദവമതസങ്കല്പങ്ങളില്‍ അവ ആചാരങ്ങളില്‍ അധിഷ്ഠിതമാണ്. ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതിവിധി അനുകൂലമായപ്പോഴാണ് നമ്മള്‍ നൈഷ്ഠികബ്രഹ്മചര്യം എന്ന പദം എറ്റവും ശക്തമായി ചര്‍ച്ച ചെയ്തത്.

എല്ലാ മതസങ്കല്പങ്ങളിലുംബ്രഹ്മചര്യം, കന്യകാത്വം ഇവ ഉന്നത സ്ഥാനമലങ്കരിച്ചു. കുടുംബജീവിതം സന്ന്യാസത്തിനു താഴെയായി. സന്ന്യാസജീവിതം അനുഷ്ഠിക്കുന്നവര്‍ക്ക് കുടുബജീവിതം നയിക്കുന്നവരേക്കാള്‍ മതത്തിലും സമൂഹത്തിലും ഉന്നതസ്ഥാനവും അധികാരവും ഉണ്ടായി. അയ്യപ്പന്റെ നൈഷ്ഠികബ്രഹ്മചര്യം കോടതിവിധിയുടെപേരില്‍ കളങ്കപ്പെടാതിരിക്കാനാണ് ‘കുലസ്ത്രീകള്‍’ തെരുവിലിറങ്ങുകയും കഠിനമായി സമരം ചെയ്യുകയും ചെയ്യുന്നത്.

എന്തെന്നാല്‍ ബ്രഹ്മചര്യം ഏറെ ശ്രേഷ്ഠമാണ്; അത് പുരുഷന്റേതാകുമ്പോള്‍ സ്ത്രീകളാണ് തപസ്സ് ഇളക്കാനും ബ്രഹ്മചര്യം മുടക്കാനും ഉള്ളവര്‍. മാത്രമല്ല സ്ത്രീകളെതന്നെ തങ്ങള്‍ തീണ്ടലുള്ളവരാണ് എന്ന് സ്വയം വിശ്വസിപ്പിക്കാനും മതങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് പെസഹ വ്യാഴാഴ്ച കാലുകഴുകല്‍ ശുശ്രൂഷയില്‍ സ്ത്രീകളെ ഉള്‍പ്പെടുത്താം എന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞപ്പോള്‍ കേരളത്തിലെ നമ്പൂതിരിപാരമ്പര്യം അവകാശപ്പെടുന്ന ‘കത്തോലിക്കാ കുലസ്ത്രീകള്‍’ അയ്യോ ഞങ്ങടെ കാലു കഴുകരുത് എന്നു പറഞ്ഞത്. ഇപ്പോഴാകട്ടെ സ്ത്രീകളുടെ ‘അശുദ്ധി’യുടെ പേരില്‍ കേരളം വിശ്വാസികളും അവിശ്വാസികളും എന്ന് ചേരിതിരിക്കപ്പെട്ടിരിക്കുന്നു.

ശബരിമലവിഷയത്തിനു തൊട്ടുമുമ്പ് കേരളം സാക്ഷ്യം വഹിച്ചത് മെത്രാന്റെ പീഡനത്തിനെതിരേ കന്യാസ്ത്രീകള്‍ നടത്തിയ സമരമാണ്. ഞങ്ങളുടെ ജീവന്‍ അപകടത്തിലാണ് എന്നാണ് ആ കന്യാസ്ത്രീകള്‍ പൊതുസമൂഹത്തോട് നിലവിളിച്ചത്. സ്വന്തം മതസംവിധാനത്തില്‍നിന്ന് രക്ഷ കിട്ടില്ല എന്ന് ഉറപ്പായപ്പോള്‍ മതജീവികളായ അവര്‍ പുറത്തുവന്ന് സഹായം അഭ്യര്‍ത്ഥിച്ചു. പൊതുസമൂഹം അവരെ പിന്തുണച്ചു. മെത്രാന്‍ മൂന്ന് ആഴ്ച ജയിലില്‍ കിടക്കുകയും പിന്നീട് ജയില്‍ മോചിതനാകുകയും ചെയ്തു. അദ്ദേഹം നിരപരാധിയാണെന്നു സ്ഥാപിക്കാനും അദ്ദേഹത്തിനുവേണ്ടി മധ്യസ്ഥപ്രാര്‍ത്ഥന നടത്താനും സഭാനേതൃത്വവും ധ്യാനകേന്ദ്രങ്ങളും ധ്യാനഗുരുക്കന്മാരും മത്സരിക്കുകയായിരുന്നു.

മതമോ അതിന്റെ വിശ്വാസമോ ആചാരമോ നിര്‍മ്മിക്കുന്നതില്‍ സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണനയോ അധികാരമോ ഇല്ലെങ്കിലും അതു പാലിക്കാനും തലമുറകളെ അതു പരിശീലിപ്പിക്കുവാനും ചാവേറുകളായി നിയുക്തരാകുന്നത്‌സ്ത്രീകള്‍തന്നെയാണ്. മതജീവിയായി സ്വയം ജീവിക്കുകയും മക്കളെ അങ്ങനെ വളര്‍ത്തുകയും ചെയ്യുക എന്നത് അവളുടെ ബാധ്യതയാണ്. അവളിലൂടെയാണ് അങ്ങനെ അവള്‍ക്കെതിരായ നിയമങ്ങള്‍ സംരക്ഷിക്കപ്പെടുന്നത് എന്നത് അവള്‍ പോലും അറിയുന്നില്ല. ‘പുരുഷന്റെ ശുദ്ധി’ കാക്കേണ്ട ഉത്തരവാദിത്വം അവള്‍ക്കാണ്. അത് ഒരു മിത്തുപോലെ, ജനിതകംപോലെ അവളെ സ്വയം ആവേശിക്കുന്നു. കടലില്‍ പോയ അരയനെ രക്ഷിക്കുന്നത് കരയിലെ ഭാര്യയുടെ പാതിവൃത്യമാണ്.

ഇസ്ലാമില്‍ ഭര്‍ത്താവിനു സ്വര്‍ഗ്ഗം കിട്ടാന്‍ നാലുപേരെ നിക്കാഹ് കഴിക്കാന്‍ നിര്‍ബ്ബന്ധിക്കേണ്ടത് അവളാണ്. ഓരോ മതത്തിന്റെയും പുരുഷന്മാര്‍ ഉണ്ടാക്കിയ ആചാരങ്ങളെ ശിരസ്സാ വഹിക്കുകയും മറ്റുള്ളവര്‍ അത് കൃത്യമായി പാലിക്കുന്നു എന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്ന സ്ത്രീകളാണ് അതാതു മതങ്ങളിലെ ഉത്തമകള്‍. അവര്‍ പൊതുവില്‍ കുലസ്ത്രീകള്‍ എന്നറിയപ്പെടും. ഇക്കാര്യങ്ങളിലെല്ലാം എന്തെങ്കിലും മാറ്റം വേണം എന്നു പറഞ്ഞാല്‍ അവരുടെ അധികാരികളായ പുരുഷന്മാര്‍ സമ്മതിക്കുംവരെ ആ സ്ത്രീകള്‍ ആ മാറ്റത്തെ നഖശിഖാന്തം എതിര്‍ക്കും; മരണം വരിക്കാന്‍ വരെ തയ്യാറാകും.

പ്രളയശേഷം നമ്മള്‍ കൈകാര്യം ചെയ്ത പ്രധാന രണ്ടു വിഷയങ്ങളും മതങ്ങളിലെ സ്ത്രീയെ സംബന്ധിച്ചതായിരുന്നു. അതുവഴിവീണ്ടും വീണ്ടും സ്ത്രീയുടെ ശത്രു സ്ത്രീ തന്നെ എന്നു മതത്തിനു എളുപ്പത്തില്‍ തെളിയിക്കാന്‍ കഴിഞ്ഞു. കന്യാസ്ത്രീ വിഷയത്തില്‍ സമരം ചെയ്യുന്ന കന്യാസ്ത്രീകളെ കാണാന്‍ പോകരുതെന്ന് കന്യാസ്ത്രീ സമൂഹങ്ങളുടെ അധികാരികള്‍ തങ്ങളുടെ കീഴിലുള്ള കന്യാസ്ത്രീകളെ വിലക്കുകയും, അതേസമയം, ജയിലിലായ മെത്രാനെ മറ്റു മെത്രാന്മാരും ധ്യാനഗുരുക്കന്മാരും ജയിലില്‍ പോയി ആശ്വസിപ്പിക്കുകയും ചെയ്തു.

കേരളത്തിന്റെ ഇന്നത്തെ മത ജീവിതത്തിനകത്തു നിന്നുകൊണ്ട് അവയുടെ ജീര്‍ണ്ണതകളെ അടുത്തു കാണുകയാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം. എല്ലാ കാര്യങ്ങളിലും ശക്തരും സുരക്ഷിതരുമായ കത്തോലിക്കാസഭയുടെ രീതികളാണ് മറ്റു മതങ്ങളും ജാതികളും തങ്ങളുടെ ആളുകളെ പരിശീലിപ്പിക്കാന്‍ മാതൃകയാക്കുന്നത് എന്നതുകൊണ്ട് കത്തോലിക്ക സഭയിലെ വിശ്വാസപരിശീലന കളരിയായ നവീന ധ്യാനരീതികളാണ് ഇവിടെ പരാമര്‍ശിക്കുന്നത്.

1970-കളിലാണ് കത്തോലിക്ക സഭയില്‍ നവീകരണധ്യാനങ്ങള്‍ ആരംഭിക്കുന്നത്. പരിശുദ്ധാത്മാവിന്റെ പ്രത്യേകമായ ശുശ്രൂഷവഴി വിശ്വാസികളെ സഭയിലേക്കു കൊണ്ടുവരാന്‍ ശ്രമിച്ചുകൊണ്ട് 1960-കളിലാണ് അമേരിക്കയില്‍ പ്രൊട്ടസ്റ്റന്റ് വിഭാഗം ഈ രീതി ആരംഭിച്ചത്. തുടക്കത്തില്‍ കത്തോലിക്കര്‍ അതിനെതിരായിരുന്നു. 1970 കളില്‍ അത് കേരളത്തില്‍ എത്തുമ്പോള്‍ മഞ്ഞുമ്മല്‍, ഭരണങ്ങാനം എന്നിങ്ങനെ വളരെ കുറച്ചു സ്ഥലങ്ങളിലേ ആ ധ്യാനം ഉണ്ടായിരുന്നുള്ളൂ. അതു വളരെ കുറച്ചുപേര്‍ക്കു വേണ്ടി മാത്രമായിരുന്നു നടന്നിരുന്നത്. പുതിയ രീതിയിലുള്ള ധ്യാനം കൂടിയവര്‍ അതിന്റെ ആവേശത്തില്‍ തങ്ങള്‍ക്കു കിട്ടിയ ആത്മീയനേട്ടം മറ്റുള്ളവര്‍ക്കുകൂടി പകര്‍ന്നുകൊടുക്കാന്‍ സ്വയംപ്രേഷിതരായി തങ്ങളുടെ പരിചയക്കാരെയും ധ്യാനകേന്ദ്രങ്ങളിലേക്ക് പറഞ്ഞുവിട്ടു കൊണ്ടിരുന്നു. രോഗശാന്തിയും പരിശുദ്ധാത്മാവ് പ്രത്യേകമായി തരുന്ന വരങ്ങളുമായിരുന്നു കരിസ്മാറ്റിക് ധ്യാനരീതിയുടെ പ്രത്യേ കത. കൈകൊട്ടും പാട്ടും അവയെ ചലനാത്മകമാക്കി. അത്ഭുതകരമായ രോഗശാന്തിയും വരങ്ങളും ഈ ധ്യാനങ്ങളുടെ പ്രചാരണത്തിനു
കാരണമായി. ബന്ധനങ്ങളില്‍നിന്നു വിടുതല്‍ നേടാനും ജോലി ലഭിക്കാനും കുടിനിര്‍ത്താനും കഷ്ടകാലം മാറാനും വിവാഹം നടക്കാനും കുഞ്ഞുങ്ങള്‍ ഉണ്ടാകാനും എല്ലാം ഈ ധ്യാനത്തിലൂടെ സാധിക്കുന്നു എന്ന വിശ്വാസം ശക്തിപ്രാപിക്കാന്‍ തുടങ്ങി.

മഞ്ഞുമ്മല്‍, ഭരണങ്ങാനം എന്നീ ധ്യാനകേന്ദ്രങ്ങളില്‍ തിരക്ക് കൂടിത്തുടങ്ങിയപ്പോള്‍ രണ്ടാം ഘട്ടമായി പോട്ട, കുളത്തുവയല്‍ എന്നീ ധ്യാനകേന്ദ്രങ്ങള്‍ തുടങ്ങി. അത്ഭുത രോഗശാന്തിയായിരുന്നു ഇവയുടെ ഹൈലൈറ്റ്. ആദ്യകാലത്ത് ധ്യാനം കൂടിയ വ്യക്തികളാണ് പരസ്യ ഏജന്റുമാരായി പ്രവര്‍ത്തിച്ചതെങ്കില്‍ രണ്ടാം ഘട്ടത്തില്‍ വലിയ പരസ്യബോര്‍ഡുകള്‍കൂടി സഹായത്തിനെത്തി. ചെറിയ ഓലപ്പുരയില്‍ തുടങ്ങിയ ഈ ധ്യാനകേന്ദ്രങ്ങള്‍ വളരെ പെട്ടെന്നുതന്നെ വലിയ സൗധങ്ങളും വിലകൂടിയ വാഹനങ്ങളും സ്വന്തമാക്കി. ധ്യാനഗുരുക്കന്മാര്‍ വിശ്വാസികള്‍ക്കിടയില്‍ കാണപ്പെട്ട ദൈവമായി. ജനങ്ങള്‍ അവരുടെ കൈവെപ്പിനുവേണ്ടി മണിക്കൂറുകളോളം കാത്തുനില്‍ക്കാന്‍ തുടങ്ങി. ധ്യാനഗുരുക്കന്മാര്‍ എന്നത് മുമ്പെങ്ങും കേട്ടുകേള്‍വിയില്ലാത്തവിധം ദൈവതുല്യരായി. അവര്‍ പിശാചുക്കളെ പുറത്താക്കുന്നവരും ദൈവത്തോട് നേരിട്ട് സംവദിക്കുന്നവരും ഭാവി പ്രവചിക്കാന്‍ കഴിവുള്ളവരും ആയി അറിയപ്പെട്ടു തുടങ്ങിയപ്പോള്‍ നാനാജാതി മതസ്ഥരും ധ്യാനകേന്ദ്രങ്ങളിലേക്ക് ഒഴുകി. പതിനായിരക്കണക്കിന് ആളുകളാണ് പോട്ടയില്‍നിന്നു വളര്‍ന്നുവന്ന മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തില്‍ ഓരോ ആഴ്ചയിലെയും ധ്യാനത്തില്‍ പങ്കെടുത്തുകൊണ്ടിരുന്നത്. നായ്ക്കന്‍പറമ്പിലച്ചനെയും പനയ്ക്കലച്ചനെയും ഒന്നു കാണുക എന്നത് വലിയ പുണ്യമായി ആളുകള്‍ കാണാന്‍ തുടങ്ങി. മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തിന്റെ അഭൂതപൂര്‍വ്വമായ വളര്‍ച്ച മറ്റു ധ്യാനകേന്ദ്രങ്ങളുടെ തുടര്‍ച്ചയും വളര്‍ച്ചയും അതിവേഗത്തിലാക്കി.

ആദ്യഘട്ടത്തില്‍ കത്തോലിക്കാസഭാനേതൃത്വം കരിസ്മാറ്റിക് ധ്യാനത്തെ പ്രോത്സാഹിപ്പിച്ചില്ല എന്നു മാത്രമല്ല ഇടവകകളില്‍ ധ്യാനം കൂടിയവരുടെ പ്രാര്‍ത്ഥനാ ഗ്രൂപ്പുകളെയും പരിഗണിച്ചില്ല. പിന്നീട് പുതിയ ധ്യാനരീതിയുടെ ജനസമ്മതിയും വരുമാനവും സഭാനേതൃത്വത്തെ ഇതിലേക്ക് ആകര്‍ഷിച്ചു. മാത്രമല്ല വലിയ കണ്‍വെന്‍ഷനുകളില്‍ പ്രസംഗിക്കാന്‍ ക്ഷണിക്കപ്പെടുക എന്നത് മെത്രാന്മാര്‍ക്കും അംഗീകാരമായിത്തീര്‍ന്നു. ധ്യാനപ്രസംഗകര്‍ക്കാണ് മെത്രാന്മാരെക്കാള്‍ വിശ്വാസികളെ എളുപ്പം കൂട്ടിച്ചേര്‍ക്കാന്‍ കഴിയുന്നത്. ലക്ഷം പേര്‍ പങ്കെടുക്കുന്ന കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കാന്‍ യാതൊരു പ്രയാസവും ഇല്ലാതായി. ധ്യാനപ്രസംഗകരല്ലാത്തവര്‍ക്ക് വിശ്വാസികള്‍ക്കിടയില്‍ ഡിമാന്റ് കുറഞ്ഞു. ജനം അത്ഭുതങ്ങള്‍ നോക്കി ധ്യാനഗുരുക്കന്മാരുടെ റേറ്റ് നിശ്ചയിച്ചു. കന്യാസ്ത്രീ പീഡനവിഷയത്തില്‍ ജയിലില്‍ കിടക്കേണ്ടിവന്ന മെത്രാന്‍ തീഷ്ണതയുള്ള ധ്യാനപ്രസംഗകനാണ്.

ധ്യാനഗുരുക്കന്മാരും യേശുവും

ഇന്ന് കേരളത്തില്‍ 100 ലധികം കത്തോലിക്കാ കരിസ്മാറ്റിക് ധ്യാനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവ സമാന്തരമായൊരു സഭയായി രൂപാന്തരപ്പെട്ടിരിക്കുന്നു. ധ്യാനഗുരുക്കന്മാര്‍ നേടുന്ന ജനസമ്മതിയുടെയും സമ്പത്തിന്റെയും കാര്യത്തില്‍ ധ്യാനകേന്ദ്രങ്ങള്‍ പരസ്പരം മത്സരിക്കുകയാണ്. ഓരോ സ്ഥലത്തിന്റെയും പ്രത്യേകതകള്‍ വാഴ്ത്താന്‍ ധാരാളം പ്രേഷിതരുണ്ട്. ഇവരില്‍ സ്വമേധയാ ചെയ്യുന്നവരും പെയ്ഡ് സ്റ്റാഫും ഉണ്ട്. അതേ സമയംതന്നെ ധ്യാനവിശ്വാസികള്‍ ഒരു സ്ഥലത്തുതന്നെ ഉറച്ചുനില്‍ക്കുന്ന രീതിയില്ല. അപ്പുറത്താണ് കൂടുതല്‍ പ്രത്യക്ഷം എന്നു കേള്‍ക്കുമ്പോള്‍ മാറിമാറി പോകുന്നതും കാണാം. എവിടെയാണ് കൂടുതല്‍ രോഗശാന്തി, അത്ഭുത പ്രവര്‍ത്തനം-അവിടേക്ക് ഒഴുക്ക് മാറിക്കൊണ്ടിരിക്കുന്നുണ്ട്.

ആത്മീയത പുതിയ ശാസ്ത്രമാകുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. മതവിശ്വാസങ്ങള്‍ക്ക് ഇത്രയും ‘ശാസ്ത്രീയത’ ഉണ്ടാക്കിയെടുത്ത കാലം ഇതിനുമുമ്പ് ഉണ്ടായിരിക്കില്ല. എല്ലാ മതക്കാരും തങ്ങളുടെ വിശ്വാസങ്ങള്‍ ശാസ്ത്രീയ യുക്തിയോടെ തെളിയിക്കാനുള്ള ശ്രമങ്ങളിലാണ്. ക്രിസ്ത്യാനിക്ക് ആദ്യംമുതല്‍തന്നെ ദൈവശാസ്ത്രം പ്രത്യേക പഠനശാഖയാണ്. സ്ത്രീവിരുദ്ധതയാണ് ഈ ദൈവശാസ്ത്ര പഠനംകൊണ്ട് അവര്‍ പ്രധാനമായി തെളിയിക്കുന്നത്.

എന്താണ് ദൈവം എന്ന ചോദ്യത്തിന് സ്‌നേഹമാണ് ദൈവം എന്ന ഉത്തരമാണ് യേശുവിന്റെ ജീവിതം. എന്നാല്‍ ഇന്ന് വഴിയോരങ്ങളിലും നാല്‍ക്കവലകളിലും ഉയര്‍ന്നു നില്‍ക്കുന്ന അഭിഷേകാഗ്‌നി, അത്ഭുത രോഗശാന്തി തുടങ്ങിയ വലിയ പരസ്യബോര്‍ഡുകളിലെ ധ്യാനഗുരുക്കന്മാര്‍ക്കു പിറകില്‍ സമ്പത്തിന്റെ സുവിശേഷ അംബാസിഡറായി യേശുവിനെ നിര്‍ത്തിയിരിക്കുന്നു. സമ്പത്ത്, അധികാരം, സ്ഥാനമാനങ്ങള്‍ ഇവയില്‍നിന്നാണ് യേശു ഓടിയകന്നത്. അവയെല്ലാം സാത്താന്റേതാണ് എന്നാണ് പഠിപ്പിച്ചത്. അതു മൂന്നുമാണ് സാത്താന്റെ പ്രലോഭനം. അതില്‍നിന്നാണ് യേശു ഓടിയകന്നത്. എന്നാല്‍ ഇന്ന് സഭയും ധ്യാനകേന്ദ്രങ്ങളും യേശുക്രിസ്തുവിന്റെ പേരില്‍ ഇത് മൂന്നുമാണ് ഉണ്ടാക്കിയെടുക്കുന്നത്.

അലങ്കരിച്ച കമനീയമായ ധ്യാന വേദിയില്‍നിന്ന് മാസ്മരികമായ ശബ്ദവെളിച്ച ക്രമീകരണത്തില്‍ ധ്യാനഗുരുക്കന്മാര്‍ ശാപത്തിന്റെയും ഭീഷണിയുടെയും വെറുപ്പിന്റെയും സമ്പത്തിന്റെയും സുവിശേഷം പ്രസംഗിക്കുന്നു. ദശാംശ പിരിവിനു വേണ്ടിത്തന്നെ മണിക്കൂറുകള്‍ മാറ്റിവെക്കുന്നു. അതിന്റെ സമാപനം രോഗശാന്തിയും വിടുതലും. ഈ വിടുതലാകട്ടെ ഒന്നാം പ്രമാണത്തിനെതിരായ പാപത്തില്‍നിന്നാണ്. ”ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്” എന്ന പ്രമാണത്തിന്റെ ലംഘനമാണ് അത്. കേരളം പോലെ മറ്റു മതസ്ഥരുമായി ഒന്നിച്ചു കഴിയുന്ന സ്ഥലത്ത് ഇത് ശക്തമായ മതസ്പര്‍ദ്ധ വളര്‍ത്തും. അമ്പ
ലത്തിലെ പായസം കഴിക്കരുത്, കയ്യില്‍ മയിലാഞ്ചി ഇടരുത് തുടങ്ങി, അകത്തോലിക്കാ വിശ്വാസികളുടെ വീട്ടില്‍ ഇടയ്ക്കിടെ പോകുന്നതും അവര്‍ തരുന്ന സമ്മാനങ്ങള്‍ വാങ്ങുന്നതും ബന്ധനമാണ്. അതിന് വിട്ടുതല്‍ കിട്ടാന്‍ ഏകമാര്‍ഗ്ഗം തെറ്റ് ഏറ്റു പറഞ്ഞ് ഉച്ചത്തില്‍ ഹല്ലേലുയ പറയുകയാണ്. ഹല്ലേലുയ എന്നത് സ്വര്‍ഗ്ഗത്തില്‍ ദൈവം മാലാഖമാരെ പഠിപ്പിച്ച പ്രാര്‍ത്ഥനയാണത്രേ.

യേശുക്രിസ്തു ഭൂമിയില്‍ പഠിപ്പിച്ച ഒരു മനോഹര പ്രാര്‍ത്ഥനയുണ്ട്. ദൈവരാജ്യം ഭൂമിയില്‍ വരണമെന്നും അന്നന്നു വേണ്ട ആഹാരംലഭിക്കണേയെന്നും ഞങ്ങളോട് തെറ്റു ചെയ്തവരോട് ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ ഞങ്ങളോടു ക്ഷമിക്കണമെന്നും ഉള്ള പ്രാര്‍ത്ഥനയാണത്. എന്നാല്‍ ഇപ്പോള്‍ കര്‍ത്താവിനുവേണ്ടത് ഹല്ലേലുയാണത്രേ. അതൊരു ശരണം വിളിയും മുദ്രാവാക്യവുമാണ്. തനിക്കെതിരേയെന്ന് തോന്നുന്നവര്‍ക്കുനേരേയുള്ള മുദ്രാവാക്യമാണത്. പുട്ടിനു തേങ്ങായിടുംപോലെ ഇടക്കിടെ ഹല്ലേലുയ പറഞ്ഞു കൊണ്ടിരിക്കും.

ദാരിദ്ര്യത്തെയും സഹനത്തെയും ദൈവത്തെപ്രതി സ്‌നേഹിച്ച വിശ്വാസികള്‍ ഇപ്പോള്‍ രോഗം മാറാനും സൗഭാഗ്യമുണ്ടാകാനുമാണ് ഹല്ലേലുയ പാടി സ്തുതിക്കുന്നത്. എത്ര ഉച്ചത്തില്‍ സ്തുതിക്കുന്നുവോ അത്രയധികം സൗഭാഗ്യം ഉണ്ടാകും!എത്ര ശബ്ദമലിനീകരണമുണ്ടായാലും ആരും ഒന്നും പറയാന്‍ പാടില്ല. എന്തെന്നാല്‍ അത് വിശ്വാസമാണ്. ഇന്ന് ഇന്ത്യയില്‍ ഭരണഘടനയെക്കാള്‍ വലുതാണല്ലോ മതവിശ്വാസങ്ങള്‍.

ക്രിസ്തുവിനെ ബ്രാന്‍ഡ് അംബാസഡറാക്കി നടത്തുന്ന കരിസ്മാറ്റിക് ധ്യാനഗുരുക്കന്മാരുടെ പ്രഘോഷണങ്ങള്‍ മനുഷ്യവിരുദ്ധവും ക്രിസ്തുവിരുദ്ധവുമാകുന്നത് മനസ്സിലാകണമെങ്കില്‍ സ്വന്തം ലാഭത്തിനു വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന നമ്മുടെ ബുദ്ധിയെ ഒന്നു മയപ്പെടുത്തി അല്പനേരം ഇരുന്നുകൊടുത്താല്‍ മതി. അവര്‍തന്നെ സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്യുന്ന പ്രസംഗങ്ങളും ധ്യാനകേന്ദ്രങ്ങളുടെ ലഘുലേഖകളും പ്രസിദ്ധീകരണങ്ങളും ശ്രദ്ധിച്ചാലും മതി. ദൈവം സ്‌നേഹമാണ് എന്ന് യേശുക്രിസ്തു പഠിപ്പിച്ചതിന് നേര്‍വിപരീതമായി ദൈവം ശിക്ഷകനാണ്, ദൈവം ഭയപ്പെടേണ്ടവനാണ് എന്ന പഴയനിയമ പാഠങ്ങളാണ്, അത്തരം പഴയനിയമ പുസ്തകങ്ങളിലെ ഉദ്ധരണികളാണ് അവരുടെ ചാലകശക്തി. കോപിഷ്ഠനായ ദൈവത്തെ സ്തുതികളിലൂടെ, പുകഴ്ത്തലിലൂടെ അനുനയിപ്പിച്ച് അനുഗ്രഹങ്ങള്‍ വാങ്ങിക്കൊടുക്കുന്ന ഏജന്റുമാരാണ് ധ്യാനഗുരുക്കന്മാരായ ഈ പുരോഹിതര്‍. ചില അത്മായരും ശ്രമിക്കുന്നുണ്ടെങ്കിലും പൗരോഹിത്യത്തിന്റെ അധികാരമില്ലാത്തതിനാല്‍ പാപങ്ങള്‍ കെട്ടാനും അഴിക്കാനും അവര്‍ക്കാകില്ലല്ലോ? എന്നാലും പ്രേഷിതരായി ധാരാളം സ്ത്രീപുരുഷന്മാര്‍ ഈ രംഗത്ത് ജോലി ചെയ്യുന്നുണ്ട്…

തുടര്‍ന്ന് വായിക്കാം

ഡോ. റോസി തമ്പി എഴുതിയ ലേഖനം 2019 ജനുവരി ലക്കത്തിലെ പച്ചക്കുതിരയില്‍ വായിക്കുന്നതിനായി സന്ദര്‍ശിക്കുക

Comments are closed.