DCBOOKS
Malayalam News Literature Website

എഴുത്തുകാരി പി വത്സല അന്തരിച്ചു

പ്രശസ്ത മലയാള സാഹിത്യകാരി പി. വത്സല അന്തരിച്ചു. 85 വയസായിരുന്നു. കേരള സാഹിത്യ അക്കാദമി അവാർഡ്, എഴുത്തച്ഛൻ പുരസ്‌കാരം, മുട്ടത്തു വർക്കി അവാർഡ്, സി.വി. കുഞ്ഞിരാമൻ സ്മാരക സാഹിത്യ അവാർഡ് തുടങ്ങി നിരവധി സാഹിത്യ ബഹുമതികൾ ലഭിച്ചിട്ടുണ്ട്. മലയാള ചെറുകഥാസാഹിത്യത്തില്‍ ശക്തമായ പരിസ്ഥിതിദര്‍ശനം മുന്നോട്ടുവെച്ച എഴുത്തുകാരില്‍ പ്രമുഖയാണ് പി.വത്സല. കഥാരചനയില്‍ വേറിട്ടപാത പിന്തുടര്‍ന്ന വത്സലയുടെ കഥകള്‍ മണ്ണിന്റെ മണമുള്ളതായിരുന്നു. സമൂഹത്തില്‍നിന്നും നേരിട്ട് കടന്നുവരുന്ന കഥാപാത്രങ്ങള്‍, അവരുടെ ജീവിതത്തിന്റെ സങ്കീര്‍ണ്ണതകള്‍ എന്നിവ പി.വത്സലയുടെ കഥകളില്‍ നിറഞ്ഞുനിന്നു.

കാനങ്ങോട്ടു ചന്തുവിന്റെയും പത്മാവതിയുടേയും മകളായി 1938 ഏപ്രിൽ 4-ന്‌ കോഴിക്കോട് ജനനം. ഗവ.ട്രൈനിംഗ് സ്കൂളിൽ പ്രധാന അദ്ധ്യാപികയായിരുന്നു. സാഹിത്യ പ്രവർത്തക സഹകരണ സംഘം ഡയറക്ടർബോർഡ് അംഗമായിട്ടുണ്ട്. “നെല്ല്” ആണ്‌ വത്സലയുടെ ആദ്യ നോവൽ.  ഈ കഥ പിന്നീട് എസ്.എൽ.പുരം സദാനന്ദന്റെ തിരക്കഥയിൽ രാമു കാര്യാട്ട് സിനിമയാക്കി. പ്രദർശനത്തിനു എത്തുന്ന “ഖിലാഫത്ത്” എന്ന ചലച്ചിത്രം വത്സലയുടെ ‘വിലാപം’ എന്ന നോവലിനെ ആസ്പദമാക്കിയുള്ളതാണ്‌. “നിഴലുറങ്ങുന്ന വഴികൾ” എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷയായിരുന്നു.

എന്റെ പ്രിയപ്പെട്ട കഥകൾ, രണ്യകാണ്ഡം, അശോകനും അയാളും, ഗൗതമൻ, മരച്ചോട്ടിലെ വെയിൽചീളുകൾ, മലയാളത്തിന്റെ സുവർണ്ണകഥകൾ, വേറിട്ടൊരു അമേരിക്ക, അശോകനും അയാളും, വത്സലയുടെ സ്ത്രീകൾ, മൈഥിലിയുടെ മകൾ, പേമ്പി, ആദി ജലം, നെല്ല് (നോവൽ), കൂമൻ കൊല്ലി, വിലാപം, നിഴലുറങ്ങുന്ന വഴികൾ, വത്സലയുടെ തിരഞ്ഞെടുത്ത കഥകൾ, പോക്കുവെയിൽ പൊൻവെയിൽ, എരണ്ടകൾ എന്നിവയാണ് പ്രധാനകൃതികൾ.

 പി വത്സലയുടെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.