DCBOOKS
Malayalam News Literature Website

എഴുത്തുകാര്‍ക്ക് പ്രത്യേകമായി കൊമ്പില്ല: സന്തോഷ് ഏച്ചിക്കാനം

മലയാളത്തിലെ പ്രശസ്ത എഴുത്തുകാര്‍ തമ്മിലുള്ള അഭിമുഖ സംഭാഷണമാണ് ഈ പംക്തി. എഴുത്ത്, വായന എന്നിവയെക്കുറിച്ചുള്ള സമകാലീനമായ ചിന്തകളും ആശയങ്ങളും വായനക്കാര്‍ക്കായി പങ്കുവെക്കുകയാണ് എഴുത്തുകാര്‍. വായനാവാരത്തോട് അനുബന്ധിച്ച് ഡി സി ബുക്‌സ് അവതരിപ്പിക്കുന്ന ഈ പംക്തിയില്‍ പ്രശസ്ത എഴുത്തുകാരന്‍ സന്തോഷ് ഏച്ചിക്കാനവുമായി കഥാകൃത്ത് സുദീപ് ടി.ജോര്‍ജ് നടത്തിയ അഭിമുഖസംഭാഷണമാണിത്.

വര്‍ഷങ്ങള്‍ക്കു മുമ്പാണ് താങ്കള്‍ ‘കൊമാല‘ എന്ന കഥയെഴുതിയത്. ഇപ്പോള്‍ നോക്കുമ്പോള്‍, കേരളത്തിലും ഇന്ത്യയിലാകെയുമുള്ള സമൂഹം കൊമാലയിലേതിനേക്കാള്‍ മെച്ചപ്പെട്ടോ അതോ കൂടുതല്‍ മോശമായോ? ഏത് സ്വഭാവത്തിലുള്ള മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്? എന്താണതിന്റെ കാരണങ്ങള്‍?

സമൂഹം ഒരിക്കലും തീരെ മോശമാകുകയോ കൂടുതല്‍ മെച്ചപ്പെടുകയോ ചെയ്യുന്നില്ല. ഇന്ത്യയിലാകമാനം പ്രത്യേകിച്ച് കേരളത്തില്‍ കര്‍ഷക ആത്മഹത്യ ഒരനുഷ്ഠാനമായി മാറിക്കൊണ്ടിരിക്കുന്ന സവിശേഷ സാഹചര്യത്തിലാണ് കൊമാല എന്ന കഥ എഴുതുന്നത്. ഭൗതികമായ കടങ്ങള്‍ക്ക് അധീനപ്പെട്ട് ആത്മഹത്യ ചെയ്ത് കളയാനുള്ളതല്ല മനുഷ്യജീവിതമെന്നും അതിന് ആത്മീയമായ തലത്തില്‍ പ്രപഞ്ചസ്‌നേഹത്തില്‍ ഊന്നിക്കൊണ്ടുള്ള ഒരുപാട് കര്‍ത്തവ്യങ്ങള്‍ ഉണ്ടെന്നും പറയാനാണ് ‘ഒരു മനുഷ്യന്റെ കടം മരിക്കാന്‍ പോകുന്ന മറ്റൊരു മനുഷ്യന് നല്‍കുന്ന ഒരു തുള്ളി വെള്ളമാണെന്ന്’ ഞാന്‍ പറഞ്ഞുവെച്ചത്. പ്രതിസന്ധികളെ ആത്മീയമായി നേരിടാനുള്ള ഒരു ഇച്ഛാശക്തി അതുവഴി കടബാധ്യതയിലകപ്പെട്ട നിസ്സഹായരായ മനുഷ്യര്‍ക്ക് ലഭിക്കണമെന്ന് ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ ഞാന്‍ ആഗ്രഹിച്ചു.

ഞാന്‍ പറഞ്ഞില്ലേ സമൂഹം ഒരിക്കലും മെച്ചപ്പെടുന്നില്ല. കാലം ചാക്രികമാണ്. അത് പല കാലങ്ങളില്‍, പല രൂപങ്ങളില്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും. ഇപ്പോള്‍ വീണ്ടും കര്‍ഷക ആത്മഹത്യകള്‍ കേരളത്തില്‍ തല പൊക്കിത്തുടങ്ങിയിട്ടുണ്ട്.

എഴുത്തുകാരന്‍ ഒരു സമൂഹത്തിന് ആവശ്യമുള്ളയാളാണോ? കൃഷി ചെയ്യുന്നവരെയും കിണര്‍ കുഴിക്കുന്നവരെയും പാലമുണ്ടാക്കുന്നവരെയും രോഗികളെ പരിചരിക്കുന്നവരെയും പോലെ സമൂഹത്തില്‍ അനിവാര്യനാണോ എഴുത്തുകാരന്‍. എഴുത്തുകാരന്‍ ഇല്ലാത്ത ഒരു സമൂഹം എങ്ങനെയായിരിക്കും?

കോടതി പോലെ, പൊലീസിനെപ്പോലെ എഴുത്തുകാരനേയും സമൂഹത്തിന് ആവശ്യമുണ്ട്. അതേസമയം അവന്‍ സകലനിയമാവലികള്‍ക്കും അധികാരചിഹ്നങ്ങള്‍ക്കും അതീതനാണു താനും. അത്യപാരമായ മനുഷ്യസ്വാതന്ത്ര്യത്തെ സ്വപ്‌നം കാണുന്നവനാണ് എഴുത്തുകാരന്‍. സമൂഹത്തിന് ഭക്ഷണം പോലെ, വസ്ത്രം പോലെ, വായു പോലെ, വെളിച്ചം പോലെ, സ്വപ്‌നങ്ങളും വേണം. സ്വകാര്യമായ നിമിഷങ്ങളില്‍ സ്വപ്‌നങ്ങളുടെ ചിറകുകള്‍ വിടര്‍ത്തി വല്ലപ്പോഴും ആകാശത്തിലേക്ക് ഉയരാന്‍ പറ്റിയില്ലെങ്കില്‍ അവന്‍ നിരാശയുടെ കുഴിയില്‍ വീണു പോകും.

ഉദാഹരണത്തിന്, ഇന്ന് ഇന്ത്യയില്‍ ഹിന്ദുവും മുസ്‌ലീങ്ങളും സ്‌നേഹത്തോടെയും സഹവര്‍ത്തിത്തത്തോടെയും ഒത്തൊരുമയോടെയും ജീവിക്കുക എന്നുള്ളത് ഒരു സ്വപ്‌നമായി മാറിക്കഴിഞ്ഞു. ഇഷ്ടമുള്ള ആഹാരം കഴിക്കുക എന്നതും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കഥയും ഏതാണ്ടിതു പോലെ തന്നെയാണ്. എല്ലാം തന്നെ കടുത്ത യാഥാര്‍ത്ഥ്യങ്ങളായി മാറുമ്പോള്‍ സ്വപ്‌നം വില്‍ക്കാന്‍ ഒരാളുവേണ്ടേ…അതാണ് എഴുത്തുകാരന്‍.

കൃഷി ചെയ്യുന്നവരും കിണര്‍ കുഴിക്കുന്നവരും മാത്രം മതിയെന്ന് പറഞ്ഞുകൊണ്ട് എഴുത്തുകാരെയും കലാകാരന്മാരെയും കൂട്ടത്തോടെ കൊന്നൊടുക്കിയ കമ്മ്യൂണിസ്റ്റ് നേതാവാണ് കംബോഡിയയിലെ പോള്‍പോട്ട്. എന്നിട്ടെന്തു സംഭവിച്ചു? ആ രാജ്യം ഭൗതികമായും ആത്മീയമായും അരാജകത്വത്തിലേക്കും പട്ടിണിയിലേക്കും കൂപ്പുകുത്തി. സമൂഹത്തെ സജാതീയമാക്കി പുരോഗതിയിലേക്കുയര്‍ത്തുന്നത് വിജാതീയമായ പല ഘടകങ്ങളേയും ഒത്തൊരുമയോടെ കൂട്ടിച്ചേര്‍ത്തുകൊണ്ടായിരിക്കണം. ഇതില്‍ എഴുത്തുകാരും ഉള്‍പ്പെടും. അല്ലാതെ എഴുത്തുകാര്‍ക്ക് പ്രത്യേകമായ കൊമ്പൊന്നുമില്ല.

ഏതാണ് മികച്ച എഴുത്ത്? കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതാണോ? അധികം ആളുകളെ ആകര്‍ഷിക്കില്ലെന്ന് ഉറപ്പുള്ളപ്പോഴും കൂടുതല്‍ ഗൗരവവും ആഴവുമുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതാണോ? അതോ സാഹിത്യതാല്പര്യങ്ങള്‍ പരിഗണിക്കാതെ ഇരട്ടനീതിക്കും അധികാരത്തിനും
എതിരെ നില്‍ക്കുക എന്ന ലക്ഷ്യം മാത്രമുള്ള എഴുത്താണോ?

ഒരു ഹാളില്‍ പ്രശസ്ത നര്‍ത്തകി മീനാക്ഷി ശ്രീനിവാസന്റെ ഭരതനാട്യവും പുറത്ത് കുഞ്ചിരാമന്‍ എന്ന കുരങ്ങന്റെ അഭ്യാസപ്രകടനവും നടക്കുന്നു എന്നിരിക്കട്ടെ. ഏറ്റവും കൂടുതല്‍ ആളുകള്‍ കൂടുക കുഞ്ചിരാമന്റെ പെര്‍ഫോമന്‍സ് കാണാനാണ്. അതുകൊണ്ട് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നത് നല്ല കലയോ എഴുത്തോ ആകണമെന്നില്ല. അങ്ങനെയെങ്കില്‍ ചേതന്‍ ഭഗത്തും രവീന്ദര്‍ സിങ്ങുമൊക്കെയാണ് ഇന്ത്യയിലെ ഏറ്റവും മികച്ച എഴുത്തുകാര്‍ ആകേണ്ടിയിരുന്നത്.

ആഴമുള്ള വിഷയങ്ങള്‍ ഏറ്റവും എളുപ്പത്തില്‍ ലളിതവും എന്നാല്‍ വ്യത്യസ്തവുമായ ഭാഷയില്‍ വായനക്കാരനിലേക്ക് എത്തിക്കുവാന്‍ പ്രാപ്തിയുള്ളവനാണ് നല്ല എഴുത്തുകാരന്‍. അയാള്‍ അധികാര വ്യവസ്ഥയുടെ ചുറ്റുമതിലുകള്‍ പൊളിക്കുന്നവനും ഇരട്ടനീതിയോട് നിരന്തരം തര്‍ക്കിക്കുന്നവനുമായിരിക്കും.

എഴുത്തുകാരന് എഴുത്തുകൊണ്ട് മാത്രം ജീവിക്കാന്‍ പറ്റുന്ന സാഹചര്യം ഇപ്പോഴുണ്ടോ? കേരളത്തില്‍ അങ്ങനെയൊരു സാഹചര്യം ഉണ്ടാവാന്‍ എന്താണ് സംഭവിക്കേണ്ടത്?

എഴുത്ത് ഒരു ഉപജീവനമാര്‍ഗ്ഗമല്ല. അത് ഒരു സേവനമാണ്. അതില്‍നിന്ന് വരുമാനം പ്രതീക്ഷിക്കുമ്പോള്‍ അത് ഒരു ഒരു ഉല്‍പ്പന്നം എന്ന നിലയില്‍ തരംതാണു പോവുകയും കച്ചവടത്തിന്റെ വൃത്തിഹീനമായ നാനാതരം വഴികളിലൂടെ വലിച്ചിഴയ്ക്കപ്പെടുകയും ചെയ്യും.

ഒരു എഴുത്തുകാരന് എഴുതിമാത്രം (സീരിയല്‍- സിനിമ എന്നിവ ഒഴികെ) ജീവിക്കാനുള്ള സാഹചര്യം ഇന്നില്ല. ഇംഗ്ലീഷില്‍നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനങ്ങള്‍ ഉണ്ടാവുന്നതുപോലെ മലയാള കൃതികള്‍ മൊഴിമാറ്റങ്ങള്‍ക്ക് വിധേയമായി ഒരു പാന്‍ അമേരിക്കന്‍ വിപണനലേകം സംജാതമാവുകയാണെങ്കില്‍ ചുരുക്കം ചില എഴുത്തുകാര്‍ക്ക് ഭാവിയില്‍ എഴുതിജീവിക്കാനുള്ള കാലാവസ്ഥ രൂപപ്പെട്ടേക്കാം.

നാടകം, കവിത, നോവല്‍, കഥ, ലേഖനം… ഇങ്ങനെ പലതരത്തിലുള്ള സാഹിത്യരൂപങ്ങളുണ്ട്. ഇനിയൊരു പുതിയ സാഹിത്യരൂപം ഉണ്ടാവുകയാണെങ്കില്‍, അത് എങ്ങനെയുള്ളതായിരിക്കും?

ഇതെല്ലാം കൂട്ടി ഒരു ടിന്നിലിട്ട് കുലുക്കി പുറത്തിട്ടാല്‍ മതി..! ഉള്ള സാഹിത്യരൂപങ്ങള്‍ക്കുള്ളില്‍ നിന്നുതന്നെ മികച്ച രചനാലോകം സൃഷ്ടിച്ചെടുക്കാതെ കക്ഷത്തിലുള്ളതിനെ വിട്ട് കൊമ്പിലിരിക്കുന്ന കിളിയെ പിടിക്കാന്‍ പോകേണ്ട വല്ല കാര്യവുമുണ്ടോ?

മരിച്ചുപോവുന്നതിനു മുമ്പ് മനുഷ്യര്‍ ഉറപ്പായും വായിച്ചിരിക്കേണ്ട ചില പുസ്തകങ്ങള്‍?

നിക്കോസ് കാസാന്‍ദ്‌സാകീസിന്റെ സോര്‍ബ ദ ദ്രീക്ക്, ദസ്തയെവ്‌സ്‌കിയുടെ കാരമസോവ് സഹോദരര്‍ എന്നീ കൃതികള്‍.

Comments are closed.