DCBOOKS
Malayalam News Literature Website

കാടുമുടിക്കുമ്പോള്‍ മനുഷ്യര്‍ അറിയാന്‍

2017-ലെ ഉപഗ്രഹ പഠനമനുസരിച്ച് കേരളത്തിന്റെ 52.3 ശതമാനത്തോളം വനപ്രദേശമാണ്. അതായത്, 20,321 ചതുരശ്ര കിലോമീറ്റര്‍. തോട്ടവിള പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള കണക്കാണിത്. നിലവിലെ (plantations) രേഖ അനുസരിച്ച് കേരളത്തിന്റെ വനവിസ്തൃതി 11,309.5032 ചതുരശ്രകിലോമീറ്ററാണ്. കേരളത്തിന്റെ 29.11 ശതമാനത്തോളം വരും ഇത്. ഇന്ത്യയുടെ വനവിസ്തൃതിയുടെ 1.59 ശതമാനം കേരളത്തിന്റെ സംഭാവനയാണ്. 2003 മുതല്‍ 2017 വരെയുള്ള കേരളത്തിലെ വനവിസ്തൃതി പരിശോധിക്കുകയാണെങ്കില്‍ 15,595 ചതുരശ്ര കിലോമീറ്റര്‍ നിന്നും 11,309.5 ചതുരശ്ര കിലോമീറ്ററായി കുറഞ്ഞതായി കാണാം. അതായത് 14 വര്‍ഷത്തിനുള്ളില്‍ കേരളത്തിന്റെ വനവിസ്തൃതി 27.5 ശതമാനം കുറഞ്ഞിരിക്കുന്നു.

വനവിഭവങ്ങളുടെ അമിതചൂഷണം ആസന്നമായ കാലാവസ്ഥ വ്യതിയാനത്തിന് കാരണമായിട്ടുണ്ട്. ഇത് അമിതമഴയ്ക്കും വരള്‍ച്ചയ്ക്കും വഴിവെച്ചു. സമൃദ്ധി അവകാശപ്പെടാവുന്ന നമ്മുടെ നീരുറവകള്‍ വറ്റിവരണ്ടു. ജനസംഖ്യയിലുണ്ടായ വര്‍ദ്ധനയും, സമ്പത്തിന്റെ കുമിഞ്ഞുകൂടലും വീട് എന്ന അടിസ്ഥാനാവശ്യം ആര്‍ഭാടത്തിലേക്ക് വഴിമാറിയതും ഭൂമിശാസ്ത്ര പ്രത്യേകതകള്‍ക്കനുസൃതമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കാത്തതും, കുന്നിടിച്ചും, മരംമുറിച്ചും നിര്‍മ്മാണ പ്രവര്‍ത്തനം അനുസ്യൂതം തുടരുന്നതും നമ്മുടെ ഭൂപ്രകൃതിയെ താളംതെറ്റിച്ചു. ഇവയില്‍ റിസോര്‍ട്ടുകളുടെ പങ്ക് എടുത്തു പറയേണ്ടതാണ്. ദ്രുതഗതിയില്‍ വളരുന്ന കേരള ടൂറിസം നമ്മുടെ എത്രമാത്രം ബാധിച്ചു എന്ന് പരിശോധിക്കേണ്ടതാണ്. കുന്നുകളെല്ലാം വരിവരിയായി ലോറിയില്‍ കയറാന്‍ നില്‍ക്കുകയാണ് എന്ന് എം.ടി. വാസുദേവന്‍ നായര്‍ തന്റെ കണ്ണാന്തളിപ്പൂക്കളുടെ കാലം എന്ന കഥയില്‍ പറയുന്നതുപോലുള്ള അവസ്ഥയാണിന്ന് കേരളത്തില്‍.

കൈയ്യേറ്റവും, തോട്ടം മേഖലയിലേക്ക് വഴിമാറി പോയതു തേക്ക് പോലുള്ള മരങ്ങള്‍ വ്യാവസായികാടിസ്ഥാനത്തില്‍ നട്ടുപിടിപ്പിച്ചതും വിശാലമായ ഫലഭൂയിഷ്ഠമായ വനഭൂമി നഷ്ടപ്പെടാന്‍ കാരണമായി. സ്വാഭാവിക വനങ്ങള്‍ വെട്ടി നശിപ്പിക്കപ്പെട്ടതുമൂലം ആ പ്രദേശത്തെ നൈസര്‍ഗ്ഗിക സസ്യജന്തുജാലങ്ങളുടെ അപ്രത്യക്ഷമാകലിനും കാരണമായി. ഈ പ്രവണത കേരളത്തിന്റെ ഭൂമിശാസ്ത്ര സുസ്ഥിരതയേയും ജൈവവൈവിധ്യത്തേയും മാറിമറിക്കുകയും അവ ഭൂപ്രദേശത്തിന്റെ ഉറപ്പു കുറയ്ക്കുകയും ചെയ്തു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മൂലം വെള്ളം ഒഴുകി പോകാനാവാത്ത അവസ്ഥ വെള്ളപ്പൊക്കത്തിലേക്കും അതുവഴി ഉറപ്പു നഷ്ടപ്പെട്ട പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും കാരണമായി. ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയത്തിന് പോയവര്‍ഷം കേരളം സാക്ഷിയാകേണ്ടി വന്നതും പ്രകൃതിയിലുള്ള അന്ധമായ മനുഷ്യന്റെ ഇടപെടലുകളാണ്. അതുകൊണ്ടു തന്നെയാണ് പരിസ്ഥിതി സ്‌നേഹികളും, ശാസ്ത്രജ്ഞരും ഈ പ്രളയം ഒരു മനുഷ്യരില്‍ ദുരന്തം തന്നെയാണെന്ന് ആവര്‍ത്തിച്ചു പറയുന്നത്. പശ്ചിമഘട്ടസംരക്ഷണവുമായി ബന്ധപ്പെട്ട ഗാഡ്ഗിന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന് ജനശ്രദ്ധ ലഭിക്കുവാന്‍ ഈ പ്രളയത്തിനു കഴിഞ്ഞു. അതില്‍ പറഞ്ഞിരിക്കുന്ന ഭൂരിഭാഗം പരിസ്ഥിതി ലോല പ്രദേശങ്ങളിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, മരംമുറിക്കല്‍, ക്യാറികള്‍ എന്നിവ യഥേഷ്ടമുണ്ടായിരുന്നു.

തിരുവനന്തപുരത്തുള്ള കാലാവസ്ഥ കേന്ദ്രത്തിന്റെ കണക്കനുസരിച്ച് കേരളത്തില്‍ ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ 29 ശതമാനം അധിക മഴ പെയ്തതായി കാണാം. വനനശീകരണത്തിന്റെ തിക്തഫലമാവാമിത്. നാം അനുഭവിച്ച പ്രളയം നമുക്കൊരു പാഠമാകണം. നമ്മുടെ ശ്വസനവായു മുതല്‍ ഉറങ്ങുന്ന കട്ടിലുവരെ വനത്തില്‍ നിന്നാണ് ലഭ്യമാകുന്നത്. വനനശീകരണത്തിന്റെ അനന്തരഫലമായി ഭക്ഷണവും, വാസസ്ഥലവും നഷ്ടപ്പെട്ട വന്യമൃഗങ്ങള്‍ കാട്ടില്‍ നിന്നും നാട്ടിലേക്കിറങ്ങുന്നത് കേരളത്തില്‍ പതിവുകാഴ്ചയായി മാറി. ഇത് മനുഷ്യന്റെ ജീവനും സ്വത്തിനും അപകടകരമാക്കുന്നു.

പ്രകൃതിയുടെ സംതുലിതാവസ്ഥയെ താറുമാറാക്കുന്ന ക്വാറികള്‍, പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വനനശീകരണം എന്നിവ അനുവദിക്കാതിരിക്കാന്‍ നമ്മുടെ നിയമ സംവിധാനങ്ങള്‍ക്കാവണം. കേരളത്തിന്റെ സംരക്ഷണ കവചമായ പശ്ചിമഘട്ട മല നിരകളും, അവിടത്തെ സസ്യജന്തുജാലങ്ങളുടെ സംരക്ഷണവും ഗവണ്‍മെന്റിലും, നമ്മള്‍ ഓരോരുത്തരിലും നിക്ഷിപ്തമായിരിക്കുന്നു. മരം ഒരു വരമാണ് എന്ന് പ്രൈമറി സ്കൂളില്‍ പഠിച്ചത് നമ്മുടെ മനസ്സില്‍ എന്നും ഉണ്ടാവട്ടെ.

കുട്ടികളുടെ പ്രിയപ്പെട്ട ഇടം സന്ദര്‍ശിക്കാം

http://mangobooks.dcbooks.com/

Comments are closed.