DCBOOKS
Malayalam News Literature Website

മലയാളി വായിച്ചിരിക്കേണ്ട പുസ്തകങ്ങള്‍; കെ. സച്ചിദാനന്ദന്‍ പറയുന്നു

ഡി.സി ബുക്‌സ് വായനാവാരാഘോഷത്തിന്റെ ഭാഗമായി സഹൃദയര്‍ വായിച്ചിരിക്കേണ്ട മലയാള സാഹിത്യത്തിലെ അഞ്ച് പ്രധാനപ്പെട്ട പുസ്തകങ്ങളെ കുറിച്ച് മലയാളത്തിലെ പ്രമുഖ എഴുത്തുകാര്‍ സംസാരിക്കുന്നു. പ്രശസ്ത കവി കെ. സച്ചിദാനന്ദന്‍ നിര്‍ദ്ദേശിക്കുന്ന കൃതികള്‍ ഇവയാണ്.

1. രാമരാജാബഹദൂര്‍- സി.വി രാമന്‍പിള്ള

സി.വി രാമന്‍പിള്ളയുടെ ചരിത്രാഖ്യായികകളില്‍ മൂന്നാമത്തേതാണ് രാമരാജാബഹദൂര്‍. 1918-ല്‍ പ്രസിദ്ധീകരിച്ച രാമരാജാബഹദൂര്‍ ധര്‍മ്മരാജയുടെ തുടര്‍ച്ചയായാണ് രചിക്കപ്പെട്ടിരിക്കുന്നത്. തിരുവിതാംകൂറും ടിപ്പു സുല്‍ത്താനുമായുള്ള യുദ്ധമാണ് ഈ കഥയിലെ ഇതിവൃത്തം. യുദ്ധത്തില്‍ തോല്‍വിയിലേക്ക് നീങ്ങിക്കൊണ്ടിരുന്ന തിരുവിതാംകൂര്‍, പെരിയാറിലെ വെള്ളപ്പൊക്കം മൂലം ടിപ്പുവിന്റെ സേനക്കുണ്ടായ നാശനഷ്ടങ്ങളാല്‍ രക്ഷപ്പെടുന്നതാണ് കഥ. ദിവാന്‍ സ്ഥാനത്തേക്കെത്തിയ രാജാകേശവദാസാണ് നായകകഥാപാത്രം. കലയും ചിന്തയും സൗന്ദര്യബോധവും കാവ്യമാധുരിയും ഭാഷാസമ്പത്തും യഥായുക്തം കലര്‍ന്ന ഒരു പ്രൗഢശില്പമാണ് സി.വി രാമന്‍പിള്ളയുടെ രാമരാജാബഹദൂര്‍.

2. സുന്ദരികളും സുന്ദരന്‍മാരും- ഉറൂബ്

ഉറൂബ് എന്ന തൂലികാനാമത്തില്‍ അറിയപ്പെട്ട പിസി കുട്ടിക്കൃഷ്ണന്‍ രചിച്ച നോവലാണ് സുന്ദരികളും സുന്ദരന്‍മാരും. സ്വാതന്ത്ര്യസമരത്തിന്റെ പശ്ചാത്തലത്തില്‍ സ്വാതന്ത്ര്യത്തിനു മുന്‍പുള്ള കേരളീയ സമൂഹത്തിന്റെയും സ്വാതന്ത്ര്യത്തിനു ശേഷമുള്ള കേരളീയ സമൂഹത്തിന്റെയും അനുഭവങ്ങളാണ് ഈ നോവലില്‍ വരച്ചു കാണിക്കുന്നത്. മൂന്ന് തലമുറയുടെ കഥ പറയുന്ന നോവലില്‍ മലബാര്‍ കലാപവും വിഷയമാകുന്നുണ്ട്. വിശ്വനാഥന്‍, കുഞ്ഞിരാമന്‍, രാധ, ഗോപാലകൃഷ്ണന്‍, സുലൈമാന്‍, രാമന്‍ മാസ്റ്റര്‍, വേലുമ്മാന്‍, ശാന്ത, കാര്‍ത്തികേയന്‍, ഹസ്സന്‍ എന്നിവരാണ് നോവലിലെ പ്രധാന കഥാപാത്രങ്ങള്‍.

3. മാധവിക്കുട്ടിയുടെ കഥകള്‍

സ്ത്രീജീവിതത്തിന്റെ കഥാകാരിയായിരുന്നു മാധവിക്കുട്ടി. വാക്കുകളില്‍ പ്രണയത്തിന്റെ നോവുകളെ പകര്‍ത്തി വെച്ച കഥാകാരി. കലാപഭരിതമായ സ്‌നേഹബലികളും ബാല്യഭാവനകളുടെ മനോയുക്തികളും മാതൃബോധത്തിന്റെ ആസക്തികളും ആത്മരഹസ്യങ്ങളുടെ ഹിമാനികളും നിറഞ്ഞ ഒരു പ്രദേശമാണ് മാധവിക്കുട്ടിയുടെ കഥകള്‍. ഭാവുകത്വപരിണാമങ്ങള്‍ക്കൊപ്പവും അവയെക്കവിഞ്ഞും ഈ കഥകള്‍ പുതിയ വായനകള്‍ക്കുള്ള തുറമുഖമാകുന്നു. സ്‌നേഹാതുരമായ പനിനിലാവും കാമനകളുടെ തീക്ഷ്ണവാതങ്ങളും അതില്‍ അപൂര്‍വ്വ ഋതുപ്പകര്‍ച്ചകള്‍ നല്കുന്നു. സ്‌ത്രൈണതയുടെ സ്വത്വാഘോഷം ഉയിരിനെയും ഉടലിനെയും ചമയിക്കുന്ന ഈ കഥകളിലൂടെ പുതിയൊരു അനുഭവസത്തയിലേക്ക് വായനക്കാര്‍ സഞ്ചരിക്കുന്നു.

4. 100 വര്‍ഷം 100 കവിത; ഇരുപതാം നൂറ്റാണ്ടിലെ മലയാള കവിത

ഏകദേശം പത്ത് നൂറ്റാണ്ടുകളുടെ സുദീര്‍ഘചരിത്രം അവകാശപ്പെടാവുന്ന മലയാള കവിതയുടെ ഇക്കഴിഞ്ഞ ശതകത്തിന്റെ വിളവെടുപ്പിലെ കനമുളള കതിരുകളാണ് 100 വര്‍ഷം 100 കവിത എന്ന ഈ സമാഹാരത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്റെ ദൈവനിയോഗം, കെസി കേശവപിള്ളയുടെ വനഗമനം, പന്തളത്ത് കേരളവര്‍മ്മയുടെ രുഗ്മാംഗദചരിതം, കെപി കറുപ്പന്റെ പുലയര്‍, വിസി ബാലകൃഷ്ണപ്പണിക്കരുടെ ഒരു വിലാപം, ജി ശങ്കരക്കുറുപ്പിന്റെ പെരുന്തച്ചന്‍, പി.കുഞ്ഞിരാമന്‍ നായരുടെ കളിയച്ഛന്‍, വൈലോപ്പിള്ളിയുടെ സഹ്യന്റെ മകന്‍,ചങ്ങമ്പുഴയുടെ മനസ്വനി, ചെമ്മനം ചാക്കോയുടെ നെല്ല്, വയലാറിന്റെ സര്‍ഗസംഗീതം, സുഗതകുമാരിയുടെ രാത്രിമഴ, കടമ്മനിട്ടയുടെ ശാന്ത,ഡി.വിനയചന്ദ്രന്റെ കാട്, എസ്. രമേശന്‍ നായരുടെ നരനായിങ്ങനെ, കുരീപ്പുഴ ശ്രീകുമാറിന്റെ രാഹുലന്‍ ഉറങ്ങുന്നില്ല, ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ഗസല്‍, പിപി രാമചന്ദ്രന്റെ പട്ടാമ്പിപ്പുഴമണലില്‍, കെ. ആര്‍ ടോണിയുടെ ശിഷ്ടം എന്നീ 100 കവിതകളാണ് ഈ സമാഹാരത്തിലുള്ളത്. ഡോ. പി.കെ രാജശേഖരനാണ് ഈ കൃതി എഡിറ്റ് ചെയ്തിരിക്കുന്നത്. ഡോ.കെ. അയ്യപ്പപ്പണിക്കര്‍, പ്രൊഫ. ആര്‍. നരേന്ദ്രപ്രസാദ്, ഡോ. ദേശമംഗലം രാമകൃഷ്ണന്‍ എന്നിവര്‍ വിദഗ്‌ധോപദേശ സമിതി അംഗങ്ങളാണ്.

5. 100 വര്‍ഷം 100 കഥ

മലയാള ചെറുകഥയുടെ ശതാബ്ദി ആഘോഷവേളയില്‍ പുറത്തിറക്കിയ കൃതിയാണ് 100 വര്‍ഷം 100 കഥ എന്ന പേരിലുള്ള ബൃഹത്തായ ഈ കഥാസമാഹാരം. മലയാള സാഹിത്യ വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും ലഭിച്ച വിലപ്പെട്ട ചരിത്രസ്മാരകമാണ് ഈ കഥാസമാഹാരം. മലയാളത്തിലെ ആദ്യ ചെറുകഥയായ വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരുടെ വാസനാവികൃതി, മൂര്‍ക്കോത്ത് കുമാരന്റെ ഒരൊറ്റ നോക്ക്, കെ.സുകുമാരന്റെ ചിതമായ ചതി, വിടി ഭട്ടതിരിപ്പാടിന്റെ അതികഠിനം, എസ്.കെ.പൊറ്റേക്കാടിന്റെ നിശാഗന്ധി, തകഴി ശിവശങ്കരപ്പിള്ളയുടെ വെള്ളപ്പൊക്കത്തില്‍, പൊന്‍കുന്നം വര്‍ക്കിയുടെ ശബ്ദിക്കുന്ന കലപ്പ, വൈക്കം മുഹമ്മദ് ബഷീറിന്റെ വിശ്വവിഖ്യാതമായ മൂക്ക്, ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ മനുഷ്യപുത്രി, കാരൂരിന്റെ പൂവമ്പഴം, കെ.സരസ്വതിയമ്മയുടെ ചോലമരങ്ങള്‍, ഇ.എം.കോവൂരിന്റെ പശുക്കുട്ടി, മുട്ടത്തുവര്‍ക്കിയുടെ ഹീനജന്മം, ടികെസി വടുതലയുടെ അച്ചണ്ട വെന്തീഞ്ഞ ഇന്നാ!, ടി.പത്മനാഭന്റെ ഗൗരി, രാജലക്ഷ്മിയുടെ ആത്മഹത്യ, ഇ.വാസുവിന്റെ കുചേലന്‍, മാധവക്കുട്ടിയുടെ പക്ഷിയുടെ മണം, ഒ.വി വിജയന്റെ കടല്‍ത്തീരത്ത്, പി.പത്മരാജന്റെ ഓര്‍മ്മ, സേതുവിന്റെ ദൂത്, ആനന്ദിന്റെ ആറാമത്തെ വിരല്‍, എം. സുകുമാരന്റെ തൂക്കുമരങ്ങള്‍ ഞങ്ങള്‍ക്ക്, എന്‍.എസ് മാധവന്റെ ചൂളമേട്ടിലെ ശവങ്ങള്‍, ടി.വി കൊച്ചുബാവയുടെ വൃദ്ധമാതാവ്, അക്ബര്‍ കക്കട്ടിലിന്റെ ആറാം കാലം, പി സുരേന്ദ്രന്റെ ഭൂമിയുടെ നിലവിളി തുടങ്ങിയ 100 ചെറുകഥകളാണ് ഈ സമാഹാരത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഡോ.കെ. അയ്യപ്പപ്പണിക്കര്‍,എം.കെ സാനു, കെപി അപ്പന്‍, പ്രൊഫ. ആര്‍ നരേന്ദ്രപ്രസാദ് എന്നിവര്‍ ചേര്‍ന്നാണ് കഥകള്‍ തെരഞ്ഞെടുത്ത് എഡിറ്റ് ചെയ്തത്. ഡോ. കെ.എസ്. രവികുമാര്‍ കഥാസമാഹാരത്തിനെഴുതിയ പഠനവും ശ്രദ്ധേയമാണ്.

കുറിപ്പുകള്‍ തയ്യാറാക്കിയത്: ഡി.സി വെബ് പോര്‍ട്ടല്‍

Comments are closed.