DCBOOKS
Malayalam News Literature Website

സഹനത്തിന്റെ ‘സഹറാവീയം’

മതിലുകള്‍ രണ്ടു വിധത്തിലാണുള്ളത്. മണ്ണിലും മനസ്സിലും പണിയുന്നത്. രണ്ടും പൊളിച്ചുമാറ്റാനാവാതെ അപ്പുറവും ഇപ്പുറവും എന്നോണം ജനതതികള്‍. നൂറ്റാണ്ടുകളായി തുടരുന്നത്. ആദ്യം തീര്‍ക്കുന്നത് മനസ്സിലെ മതിലെങ്കിലും പിന്നീടുയര്‍ന്നു വരുന്ന മണ്ണിലെ മതില്‍ പല ജാതി ജനങ്ങളെയും, സംസ്‌കാരങ്ങളെയും കാലങ്ങള്‍ക്കു പുറകിലേക്ക് വലിച്ചെറിയുന്ന സ്മാരകസ്തംഭങ്ങളായി തീരുന്നു. ഒരു സംസ്‌കാരസമ്പന്നജനതയുടെ ജീവിതത്തിലേക്ക് അതിക്രമിച്ചു കയറി കീഴ്‌പ്പെടുത്തി അവരുടെ സമ്പത്തിനെ ചൂഷണം ചെയ്ത് അന്നാട്ടില്‍ തന്നെ സ്വദേശികളെ അടിമകളാക്കി ഭരിച്ചു പോരുന്ന വിഭാഗങ്ങള്‍. ബ്രിട്ടീഷ് കോളനി ഭരണം അനുഭവിച്ച ഒരു ജനതയാണ് ഭാരതീയര്‍. ഇന്നും അത്തരം അധിനിവേശങ്ങള്‍ കാരണം ജീവിതം വഴിമുട്ടിയ രാജ്യങ്ങള്‍, ജനങ്ങള്‍ ഉണ്ട്. സ്പാനിഷ് അധിനിവേശത്തിന്റെ പിടിയില്‍ നിന്നും മോചിതരായി മൊറോക്കന്‍ കാട്ടാളഭരണത്തിന്റെ പിടിയിലമര്‍ന്ന സഹാറ ജനജീവിതത്തിന്റെ പിടച്ചിലുകളുടെ കഥപറയുന്ന ഒരു നോവലാണ് ജുനൈദ് അബൂബക്കറിന്റെസഹറാവീയം‘.

മരുഭൂമിയിലെ ജീവിതത്തിന്റെ ചൂടുംവേവും ആവോളം അനുഭവിക്കും വായനക്കാര്‍. 2700 കിലോമീറ്ററോളം പരന്നു കിടക്കുന്ന ബേം മതില്‍ രണ്ടായി വിഭജിക്കുകയാണ് ഒരു വംശത്തെ ആകമാനം. സഹറാവികളെ സ്വന്തം രാജ്യത്തു കടക്കാതിരിക്കാന്‍ തീര്‍ത്ത മതില്‍. ചുട്ടുപഴുത്ത മരുഭൂവിലേക്കു ആട്ടിപ്പായിച്ച് മനോവീര്യം കെടുത്തി ഒരു വംശത്തെ മുഴുവന്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന മൊറോക്കന്‍ ദുഷ്ടലാക്കിന്റെ ഇരകളായി പടിഞ്ഞാറന്‍ സഹാറയില്‍ നിസ്സഹായരായി ഒരു കൂട്ടം ജനങ്ങള്‍. അധിനിവേശത്തിന്റെയും, അതിന്റെ തുടരനുഭവങ്ങളായി പിറക്കുന്ന അഭയാര്‍ത്ഥിപെരുക്കങ്ങളെത്രയും വേണമെങ്കില്‍ മാനവചരിത്രത്തിലുണ്ട്. വര്‍ത്തമാനകാലത്തിലും തുടരുന്നത്. സ്വന്തം നാട്ടില്‍ അഭയാര്‍ഥികളായി കഴിയേണ്ടി വരുന്ന വിഭാഗങ്ങള്‍ അനേകമനേകം…സഹറാവികള്‍ അങ്ങിനെയുള്ളവര്‍. ഇസ്‌ലാം മതവിശ്വാസികളാണ് സഹറാവികള്‍. അവരുടെ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും പ്രതിപാദിക്കുന്ന ഭാഗങ്ങള്‍ നോവലിലുണ്ട്. സമ്പത്തും മതവും കൂടിക്കുഴഞ്ഞതില്‍ നിന്നുള്ള പള്ളിമണിമന്ദിരങ്ങളുടെ ആര്‍ഭാടതയില്‍ നിന്നും പാവപ്പെട്ടവന്റെ അല്ലാഹുവിന്റെ രൂപം മണലാരണ്യത്തിന്റെ നിഗൂഢതയില്‍ നിന്നും പുറത്തുവന്ന് നിസ്സഹായരുടെ പ്രാര്‍ത്ഥനാ രൂപമാവുന്ന അപൂര്‍വത ദൈവത്തിന്റെ മനുഷ്യസൃഷ്ടിയുടെ ചാരുത വ്യക്തമാക്കും. പ്രാര്‍ത്ഥിക്കാന്‍ മന്ദിരങ്ങള്‍ ആവശ്യമില്ല എന്ന സഹറാവിയന്‍ പക്വത ദുരിതപൂര്‍ണമായ ജീവിതത്തിനിടയിലും അവര്‍ നേടിയെടുത്ത കരുത്തിന്റെ അടയാളങ്ങളാണ്.

ജെസീക്ക എന്ന ജേണലിസ്റ്റിന്റെ ഒരു സഞ്ചാരമാണ് ഈ നോവലിന്റെ ഉള്ളടക്കം. ഒരു സ്വകാര്യ ചാനലിന്റെ ജോലിയുമായി കഴിഞ്ഞിരുന്ന ജെസീക്കയുടെ അടുത്തേക്ക് എത്തുന്ന ആബിദിന്റെ ഫാക്റ്റ്‌സ് എന്ന പത്തു മിനിറ്റു ചിത്രം മാറ്റിമറിച്ച അവളുടെ ദിനങ്ങളാണ് പിന്നീടുടനീളം. മഞ്ഞുകാലം സമ്മാനിച്ച ഡിപ്രഷനില്‍ നിന്നും രക്ഷനേടാന്‍ ഒരു ചൂടന്‍ യാത്ര ഉദ്ദേശിച്ച ജെസീക്കയ്ക് ആബിദ് പടിഞ്ഞാറന്‍ സഹാറയിലേക്കുള്ള ഒരു യാത്ര നിര്‍ദേശിക്കുന്നു. ബേം മതിലിനു സമീപം കുഴിച്ചിട്ട ആയിരക്കണക്കിന് മൈനുകള്‍. അതില്‍ തട്ടി ശരീരം നുറുങ്ങിയവരുടെ വിപ്ലവവീര്യവും, അസീം അലി എന്ന കവിയുടെ വിപ്ലവകവിതയും അവളെ സഹാറാവികളുടെ സഹനത്തിലേയ്ക്ക് ,കരുത്തിലേയ്ക്ക് അടുപ്പിക്കുകയാണ്. അവരെക്കുറിച്ചൊരു ചിത്രം നിര്‍മ്മിക്കുക എന്ന ഉദ്ദേശവും കൂടി ജെസീക്കയിലുണ്ടായി. ആദ്യമെത്തുന്നത് മൊറോക്കന്‍ അധിനിവേശ സഹാറയില്‍. യാത്രക്ക് കൂട്ട് അവള്‍ ഉസ്താദ് എന്നു വിളിക്കുന്ന ബ്രാഹിം മുസ്തഫ എന്ന ചിന്തകനും. ബസ്മ എന്ന മൊറോക്കന്‍ യുവതി കൂട്ടായി. പിന്നെ സഞ്ചാരങ്ങള്‍. ബസ്മയില്‍ നിന്നും ഉസ്താദില്‍ നിന്നും വേര്‍പെട്ട് മൊറോക്കന്‍ ഉദ്യോഗസ്ഥരുടെയും ,കിരാതനിയമങ്ങളുടെയും പിടിയില്‍ പെട്ട് ദുരിതപൂര്‍ണമായ അനുഭവങ്ങള്‍. ആബിദിലൂടെ നടത്തുന്ന പലായനവും, പടിഞ്ഞാറന്‍ സഹാറയിലെത്തലും, അവരില്‍ ഒരാളായി മാറലും എല്ലാം ഉദ്യോഗപൂര്‍ണമായ തുടര്‍സംഭവങ്ങള്‍…

മലയാള നോവല്‍ ചരിത്രത്തില്‍ ഒരു വംശീയ,രാഷ്ട്രീയ നോവല്‍ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. സ്വാതന്ത്ര്യം എന്ന വാക്കിന്റെ മഹത്വം മനസ്സിലാക്കി തരികയാണ് ഈ കൃതി..നൂറ്റാണ്ടുകളായി തുടരുന്ന മനുഷ്യാധിനിവേശത്തിന്റെയും, അഭയാര്‍ത്ഥി ഒഴുക്കിന്റെയും ചോരച്ചാലുകള്‍ നീന്തിക്കയറാന്‍ ജീവിതത്തെ മെരുക്കിയെടുക്കേണ്ടി വരുന്ന ഒരു പറ്റം മനുഷ്യക്കൂട്ടങ്ങളുടെ കഥയാണ് ഈ നോവല്‍. സഹറാവീയം നിലല്‍പ്പിന്റെ നെല്ലിപ്പടിയില്‍ നിന്ന് ഭൂതകാലത്തിന്റെ തള്ളേറ്റ് വര്‍ത്തമാനത്തിലുഴറി ഭാവിയിലേക്ക് പ്രതീക്ഷയോടെ നോക്കുന്നവരുടെ ചരിതമാണ്. വര്‍ത്തമാനത്തില്‍ അനുഭവിക്കാന്‍ ആവില്ലാത്ത സ്വാതന്ത്ര്യത്തെ ഭാവിയിലെ കുരുന്നുകളിലേക്കു പകര്‍ന്നു കൊടുക്കുന്ന, അവരെ സജ്ജരാക്കുന്ന സഹറാവികളുടെ കരളുറപ്പില്‍ നിന്ന് ഒരു വായനക്കാരന്‍ എന്ന എനിക്ക് ഇറങ്ങിപ്പോരാന്‍ ആവുന്നില്ല എന്നതായിരുന്നു വായന കഴിഞ്ഞപ്പോള്‍ എന്റെ അനുഭവം.

ഇത്തരത്തിലൊരു നോവല്‍ രചിക്കുമ്പോള്‍ നോവലിസ്റ്റിനുണ്ടാവേണ്ട ചരിത്രബോധം പ്രധാനപ്പെട്ട വിഷയമാണ്. എന്നാല്‍ ശ്രീ ജുനൈദിന്റെ ചരിത്രാവബോധം അതിശയിപ്പിക്കുന്ന തരത്തിലാണ് നോവലിലുടനീളം അനുഭവപ്പെടുന്നത്. സഹാറയുടെ മുഴുവന്‍ ചരിത്രം തന്നെയാണിത്. ചരിത്രത്തിന്റെ ഒരരികും വിടാതെ നോവലില്‍ പ്രതിഫലിച്ചിരിക്കുന്നു. വലിയൊരു പഠനം തന്നെ ഇദ്ദേഹം നടത്തിയിട്ടുണ്ടാവും. സഹറാവികളുടെ പോരാട്ടചരിത്രത്തിന്റെ സൂക്ഷിച്ചു വയ്ക്കാവുന്ന സാക്ഷ്യപത്രം.

ജുനൈദ് അബൂബക്കറിന്റെ സഹറാവീയം എന്ന നോവലിന് ഗിരീഷ് വര്‍മ്മ എഴുതിയ വായനാനുഭവം

Comments are closed.