DCBOOKS
Malayalam News Literature Website

ശൂര്‍പ്പണഖയുടെ അടങ്ങാത്ത കാമദാഹം

രാവണന്റെ ലങ്കാസാമ്രാജ്യത്തിന്റെ അതിര്‍ത്തിപ്രദേശമാണ് ജനസ്ഥാനം. ദണ്ഡകാരണ്യം ജനസ്ഥാനത്തിന്റെ തൊട്ടടുത്ത പ്രദേശമാണ്. ദണ്ഡകാരണ്യത്തിന്റെ തെക്കുഭാഗത്താണ് അഗസ്ത്യാശ്രമം. അഗസ്ത്യാശ്രമത്തിന്റെ പരിസരത്ത് അസത്യവാദികള്‍ക്ക് താമസിക്കാനാകില്ല. രാമലക്ഷ്മണന്മാര്‍ അഗസ്ത്യനെ സന്ദര്‍ശിച്ചു. അഗസ്ത്യന്‍ സംപ്രീതനായി. വൈഷ്ണവചാപം നല്‍കി രാമനെ അനുഗ്രഹിച്ചു. അഗസ്ത്യനാണ് ദണ്ഡകാരണ്യത്തെ രമ്യാരണ്യമാക്കി മാറ്റിയത്. അഗസ്ത്യാശ്രമത്തില്‍ നിന്നും രണ്ടുയോജന അകലെയാണ് പഞ്ചവടി. അഗസ്ത്യന്റെ ഉപദേശപ്രകാരമാണ് ആശ്രമം സ്ഥാപിക്കാന്‍ രാമന്‍ പഞ്ചവടി തെരഞ്ഞെടുത്തത്. പഞ്ചവടിയിലേക്ക് പോകവെയാണ് വിനതാസുതനായ അരുണന്റെ പുത്രന്‍ ജടായുവിനെ കാണുന്നത്. ഗോദാവരീതീരത്ത് രാമന്‍ സ്ഥാപിക്കാനാഗ്രഹിക്കുന്ന പഞ്ചവടി ആശ്രമത്തില്‍ സീതാദേവിക്ക് കാവലായി താനും വരാമെന്നു ജടായു പറഞ്ഞു. ദശരഥസ്‌നേഹിതനായിരുന്ന ജടായുവിനെ അങ്ങനെ രാമന്‍ കൂടെകൂട്ടി.

ജന്മസ്ഥാനത്തിന്റെ ഭരണം രാവണസോദരന്മാരായ ഖരനും ദൂഷണനും ചേര്‍ന്നാണ് നിര്‍വ്വഹിച്ചിരുന്നത്. ത്രിശിരസ്സായിരുന്നു അവരുടെ സേനാനായകന്‍. എന്തിനും പോന്ന പതിനാലായിരം രാക്ഷസസേനയുടെ സഹായവും ഉണ്ടായിരുന്നു. അവരുടെ പ്രധാനദൗത്യം ദണ്ഡകാരണ്യത്തില്‍ തപസ്സനുഷ്ഠിക്കുന്ന ഋഷീശ്വരന്മാരുടെ യാഗം മുടക്കുക എന്നതായിരുന്നു. നരഭോജികള്‍ കൂടിയായിരുന്ന രാക്ഷസപ്പടയെ ഋഷീശ്വരന്മാര്‍ ഭീതിയോടെയാണ് ഓര്‍ത്തിരുന്നത്. പഞ്ചവടിയിലെ ഒരു മഞ്ഞുകാലത്താണ് ശൂര്‍പ്പണ തന്റെ സൈ്വരസഞ്ചാരത്തിനിടയില്‍ രാമലക്ഷ്ണന്മാരെ കാണുന്നത്. രാവണന്‍, കുംഭകര്‍ണ്ണന്‍, വിഭീഷണന്‍, ഖരന്‍, ദൂഷണന്‍ എന്നിവരുടെ സഹോദരിയാണ് ശൂര്‍പ്പണഖ. പക്ഷേ, സഹോദരന്മാരെ അനുസരിക്കുന്ന ശീലം ശൂര്‍പ്പണഖയ്ക്ക് ഇല്ലായിരുന്നു. ആരില്‍ നിന്നും ഭയമേല്ക്കാതെ ആരെയും ഭയപ്പെടുത്താനുള്ള സാമര്‍ത്ഥ്യം സഹോദരന്മാരെപ്പോലെ ശൂര്‍പ്പണഖയ്ക്കും ഉണ്ടായിരുന്നു.

രാമനെ കണ്ട ഉടനെ ശൂര്‍പ്പണഖ കാമപരവശയായി. തന്റെ അടങ്ങാത്ത ലൈംഗികാഭിലാഷം രാമനോട് തുറന്നു പറയാന്‍ ഒരു മടിയും ശൂര്‍പ്പണഖയ്ക്ക് ഉണ്ടായിരുന്നില്ല. താന്‍ വിവാഹിതനാണെന്നും ഏകപത്‌നീവ്രതമാണ് തന്റേതെന്നും പറഞ്ഞ് രാമന്‍ അവളെ നിരുത്സാഹപ്പെടുത്തി. തന്റെ കാമസാഫല്യത്തിന് തടസ്സം സീതയാണെന്നു കരുതിയ ശൂര്‍പ്പണഖ അതിനും പരിഹാരം കണ്ടെത്തി. സീതയേയും ലക്ഷ്മണനേയും താന്‍ ഭക്ഷിക്കാമെന്നും അതിനുശേഷം രാമനുമൊത്ത് സൈ്വരജീവിതം നയിക്കാമെന്നും ശൂര്‍പ്പണഖ പറഞ്ഞു. അപ്പോഴാണ് തനിക്ക് അതിന് സമ്മതമല്ലെന്നും തന്റെ അനുജനായ ലക്ഷ്മണനെ സമീപിക്കാനും പറയുന്നത്. രാമനെ കൂടാതെ കാമസാഫല്യമുണ്ടാകില്ല എന്നു പറയുകയും അതിനായി സീതയേയും ലക്ഷ്മണനേയും കൊല്ലാമെന്നു പറയുകയും ചെയ്ത ശൂര്‍പ്പണഖ ഉടന്‍ തന്റെ കാമമോഹങ്ങള്‍ ലക്ഷ്മണനിലേക്ക് തിരിച്ചുവിട്ടു. രാമനോ ലക്ഷ്മണനോ ആരായാലും തനിക്ക് കാമമോഹസാഫല്യം മാത്രമാണ് ലക്ഷ്യമെന്നാണ് ശൂര്‍പ്പണഖ തന്റെ നിലപാട് സാധൂകരിക്കുന്നത്. സീത കാരണം താന്‍ അനാഥയായ വേശ്യയെപ്പോലെയായി എന്ന് ശൂര്‍പ്പണഖ സ്വസഹോദരന്റെ മുന്നില്‍ സ്വയം വിലയിരുത്തിപ്പറയുന്നത് സത്യം തന്നെയാണ്. ആരായാലും വേണ്ടില്ല തനിക്ക് കാമവികാരശമനമുണ്ടായാല്‍ മാത്രം മതി എന്ന നിലപാട് വേശ്യയ്ക്ക് യോജിച്ചതാണ്.

സീത കാരണമാണ് രാമലക്ഷ്ണന്മാര്‍ തനിക്ക് കാമസാഫല്യം നല്കാത്തത് എന്നു ധരിച്ചുകൊണ്ടാണ് ശൂര്‍പ്പണഖ സീതയെ കൊന്നുതിന്നാന്‍ അലറിയടുത്തത്. അപ്പോഴാണ് ലക്ഷ്മണന്‍ ശൂര്‍പ്പണഖയുടെ കാതും മൂക്കും അരിയുന്നത്. ലക്ഷ്മണന്‍ തടഞ്ഞിരുന്നില്ല എങ്കില്‍ സീത കൊല്ലപ്പെടുമായിരുന്നു എന്നും ഓര്‍ക്കണം. തന്നില്‍ കാമാവേശം ജനിച്ചതുമൂലം നിരപരാധിയായ തന്റെ ഭാര്യയെ കൊന്നുതിന്നാന്‍ ശ്രമിക്കുന്നത് ആരായിരുന്നാലും അവരെ തടയുക എന്നത് ഭര്‍ത്തൃധര്‍മ്മം മാത്രമാണ്. അത് ചെയ്യാതിരുന്നാല്‍ രാമനില്‍ കുറ്റം ആരോപിക്കാമെന്നല്ലാതെ ഏറ്റവും കുറഞ്ഞ ശിക്ഷ നല്കി ശൂര്‍പ്പണഖയെ മടക്കി അയച്ചത് ഉചിതം തന്നെ. മാത്രമല്ല, ഏകപത്‌നിവ്രതനും സ്വപത്‌നീരതനുമാണ് രാമന്‍ എന്നു സീത തന്നെ വളരെ അഭിമാനത്തോടെ പറഞ്ഞിട്ടുണ്ട്. തന്റെ ജീവനെക്കാള്‍ താന്‍ സ്‌നേഹിക്കുന്നത് സീതയെയാണെന്നും രാമന്‍ പറയുന്നുമുണ്ട്. അത്തരം ഒരാള്‍ തന്റെ ജീവന്‍ കൊടുത്തും സീതയെ സംരക്ഷിക്കുക തന്നെ ചെയ്യും.

അലറിക്കരഞ്ഞു കൊണ്ടാണ് ശൂര്‍പ്പണഖ സഹോദരനായ ഖരന്റെ സമീപത്ത് എത്തിയത്. ലോകത്തിന്റെ യോഗക്ഷേമത്തിനായി ഋഷീശ്വരന്മാര്‍ ചെയ്യുന്ന യാഗഫലങ്ങളെ നിഷ്ഫലമാക്കുക എന്ന ലക്ഷ്യത്തോടെയാണ് രാവണസഹോദരരായ ഖരദൂഷണന്മാര്‍ ജനസ്ഥാനത്ത് വസിക്കുന്നത്. അപ്പോഴാണ് ജടാവല്ക്കലധാരികളും ആയുധമേന്തിയവരുമായ രണ്ടുപേര്‍ ഒരു സ്ത്രീയോടൊത്ത് പഞ്ചവടിയില്‍ താമസിക്കുന്നുണ്ടെന്ന കാര്യം ശൂര്‍പ്പണഖ പറഞ്ഞത്. അവരാണ് തന്റെ മൂക്കും ചെവിയും മുറിച്ചതെന്നും അവര്‍ മൂലം താന്‍ വേശ്യയെപ്പോലെ അനാഥയായി എന്നും രാവണസഹോദരി പരിതപിച്ചു. ഖരന്‍ ക്ഷുഭിതനായി രാമലക്ഷ്മണ വധത്തിനായി അതിശക്തരും മദശാലികളുമായ പതിന്നാല് രാക്ഷസരെ ഉടന്‍തന്നെ നിയോഗിക്കുകയും ചെയ്തു. സീതാസമേതരായ രാമലക്ഷ്മണന്മാരെ വധിച്ച് അവരുടെ ചോര കുടിച്ചാല്‍ മാത്രമേ തന്റെ കലിയടങ്ങൂ എന്ന വാശിയോടെ നില്ക്കുന്ന സഹോദരിയെ അങ്ങനെയാണ് ഖരന്‍ സമാശ്വസിപ്പിച്ചത്.

ആ പതിനാല് രാക്ഷസന്മാര്‍ക്ക് ഒപ്പം രാമലക്ഷ്മണന്മാരെ കാട്ടിക്കൊടുക്കാനായി ശൂര്‍പ്പണഖയും കൂടെ ചെന്നിരുന്നു. പതിനാല് അരക്കന്മാര്‍ അവരെ കൊല്ലുമെന്ന് തന്നെയാണ് ശൂര്‍പ്പണഖ കരുതിയിരുന്നത്. രാക്ഷസന്മാരെ സംബന്ധിച്ചിടത്തോളം മനുഷ്യപ്പുഴുക്കള്‍ ഇരയേ അല്ല. പക്ഷേ, സീതാപതിയുടെ പതിനാല് ബാണങ്ങള്‍ ഏറ്റ് അരക്കന്മാര്‍ പതിനാലും മരിച്ചു വീണു. നൊടിയിടയിലുണ്ടായ ഈ അത്യാഹിതം ശൂര്‍പ്പണഖയില്‍ പകയും ദേഷ്യവും ഒരുപോലെ വര്‍ദ്ധിപ്പിച്ചു. അവള്‍ കൂടുതല്‍ ക്രുദ്ധയായി ഖരസമീപത്തെത്തി. രക്ഷിതാവായ താനുള്ളപ്പോള്‍ അനാഥയെപ്പോലെ കരയരുത് എന്ന് പറഞ്ഞു സമാശ്വസിപ്പിച്ചുകൊണ്ട് മനുഷ്യപ്പുഴുക്കളായ രാമലക്ഷ്ണന്മാരെ വധിക്കുവാന്‍ ഖരന്‍ ഇറങ്ങിത്തിരിച്ചു. തന്റെ വെണ്‍മഴുകൊണ്ടു സഹോദരസമേതനായ രാമനെ യമാലയത്തിലേക്ക് അയക്കാമെന്നും അടുത്ത മുഹൂര്‍ത്തത്തില്‍ത്തന്നെ അവരുടെ ചെഞ്ചോര ശൂര്‍പ്പണയ്ക്ക് കുടിക്കാന്‍ കൊടുക്കാമെന്നും ഉറപ്പു നല്‍കുകയും ചെയ്തു.

അങ്ങനെയാണ് പതിന്നാലായിരം അതിശക്തരായ രാക്ഷസസൈന്യവുമായി ഖരദൂഷണന്മാര്‍ രാമലക്ഷ്മണവധത്തിനായി പഞ്ചവടിയിലെത്തിയത്. കനകനിര്‍മ്മിതവും വൈഢൂര്യരത്‌നങ്ങള്‍ പതിച്ചതുമായ തേരില്‍ ഖരന്‍ കയറി. സര്‍വ്വസന്നാഹങ്ങളോടെ ആവേശത്തോടെ സൈന്യം ഖരനെ പിന്‍തുടര്‍ന്നു. രാമലക്ഷ്മണന്മാരെ കൊല്ലാന്‍ ഇത്രയും സൈന്യത്തിന്റെ ആവശ്യമില്ല എന്നാണ് ഖരന്‍ കരുതിയത്. എന്നാല്‍ തന്റെ സഹോദരിയുടെ തൃപ്തിക്ക് വേണ്ടിയാണ് വന്‍സന്നാഹമൊരുക്കിയത്. ലോകഹിംസ വിനോദമാക്കിയവരാണ് ഖരദൂഷണന്മാരും അവരുടെ സൈന്യവും. അവരെ സംബന്ധിച്ചിടത്തോളം ഋഷികളെയും മനുഷ്യരെയും കൊല്ലുകയും തിന്നുകയും ചെയ്യുക എന്നത് അവര്‍ക്ക് ചെയ്യാവുന്ന സത്കൃത്യം മാത്രമാണ്. ജീവജാലങ്ങളെ ഭയപ്പെടുത്തിയാണ് അവര്‍ വരുതിയില്‍ നിര്‍ത്തുന്നത്. ഭയപ്പെടുത്തി അടക്കി ഭരിക്കുന്നവരെ സംബന്ധിച്ചിടത്തോളം അവരുടെ അധികാരപരിധിയില്‍ ഭയരഹിതരായി ജീവിക്കുന്നവര്‍ അസഹ്യരായിരിക്കും. ഈ സാഹചര്യത്തിലാണ് രണ്ട് മനുഷ്യപ്പുഴുക്കള്‍ ഖരഭൂഷണന്മാരെ ഭയക്കാതെ ജീവിക്കുന്നു എന്നറിയുന്നത്. സ്വാഭാവികമായും അവര്‍ വധിക്കപ്പെടേണ്ടവരാണ് എന്ന കാര്യത്തില്‍ ഖരഭൂഷണന്മാര്‍ക്ക് സംശയമേ ഇല്ലായിരുന്നു.

ഭയപ്പെടുത്തി അടക്കി ഭരിക്കുന്നവരെ ഭയക്കാതെ ജീവിക്കുന്നവരെ അവ്വിധം ഭരിക്കുന്നവര്‍ ഭയക്കും. കാരണം ഭയത്തെ ഉപാധിയാക്കി അപരനെ ഭരിക്കാന്‍ അനുഗ്രഹിക്കുന്നവരുടെ മനസ്സ് ഭയഗ്രസ്ഥമായിരിക്കും. സ്വാഭാവികമായും ഭയരഹിതരായവരെ അവര്‍ക്ക് മനസ്സിലാകുകയും ഇല്ല. മനസ്സില്‍ നിറയുന്ന ഭയം വാക്കുകളില്‍ രോഷമായും കര്‍മ്മത്തില്‍ ഹിംസയായും തെളിയും. ഹിംസ ചെയ്യുന്നവരെല്ലാം ഭയത്തിന്റെ അടിമകളായിരിക്കും. അതുകൊണ്ടാണ് അംഹിസയാണ് അഭയം എന്നു പറയുന്നത്. ഖരദൂഷണന്മാര്‍ക്ക് അക്കാര്യം അറിയില്ലായിരുന്നു. അതുകൊണ്ട് രാമലക്ഷ്മണന്മാരെ ഭയപ്പെടുത്തി തോല്പിക്കാനാണ് അവര്‍ ശ്രമിച്ചത്.

സീതയെ ഒരു ഗുഹയിലടച്ച് കാവലായി ആയുധധാരിയായ ലക്ഷ്മണനെ രാമന്‍ നിയോഗിച്ചു. ഖരദൂഷണന്മാരോടും അവരുടെ പതിന്നാലായിരം സൈനികരോടും നിലത്തുനിന്നു രാമന്‍ ഒറ്റയ്ക്ക് പൊരുതി. കോദണ്ഡപാണിയായ രാമന്‍ അസ്ത്രം എടുക്കുന്നതും തൊടുക്കുന്നതും എത്ര ശ്രമിച്ചിട്ടും കാണാന്‍ കഴിഞ്ഞില്ല എന്ന് ശൂര്‍പ്പണഖ തന്നെ രാവണനോട് പിന്നീട് പറയുകയും ചെയ്തു. അത്രയ്ക്ക് കൈവേഗമുണ്ടായിരുന്നു ആയുധവിദ്യയില്‍ രാമന്. ഖരദൂഷണന്മാരുടെ പതിനാലായിരപ്പട രാമന്റെ അസ്ത്രപ്രയോഗത്തില്‍ ഒടുങ്ങി. ഒടുവില്‍ ഖരദൂഷണന്മാരും മരിച്ചു. രാമന്‍ വിജയിച്ചു. അങ്ങനെ പഞ്ചവടി രാക്ഷസവിമുക്തമായി. അവിശ്വസനീയമായ ഇക്കാര്യം രാവണനെ അറിയിക്കുന്നതിനായി അകമ്പനന്‍ ലങ്കയിലേക്ക് അതിവേഗം ഓടി.

Comments are closed.