DCBOOKS
Malayalam News Literature Website

ആയിരത്തിമുന്നൂറ്റി നാല്‍പത്തിയൊന്നിലെ പ്രളയത്തിന്‍റെ കഥ

MARUPIRAVI By : SETHU
MARUPIRAVI
By : SETHU

സേതുവിന്റെ ‘മറുപിറവി’ എന്ന നോവലിന് ജി പ്രമോദ് എഴുതിയ വായനാനുഭവം

ഒരു പട്ടണത്തിന്റെ പതനത്തിനും മറ്റൊരു പട്ടണത്തിന്റെ ഉദയത്തിനും കാരണമായിട്ടുണ്ട് പ്രളയം. മഹാപ്രളയം. ചരിത്രത്തിന്റെ താളുകള്‍ ആ കഥ പറയുന്നു. ആയിരത്തിമുന്നൂറ്റി നാല്‍പത്തിയൊന്നിലെ പ്രളയത്തിന്റെ കഥ.

കഥ തുടങ്ങുന്നത് കേരളതീരത്തിലെ ഒരു വലിയ പട്ടണത്തില്‍. പടിഞ്ഞാറന്‍ദേശത്തെ ഏറ്റവും പ്രമുഖ തുറമുഖങ്ങളിലൊന്നില്‍. മുചിരിപട്ടണം. മുസിരിസ്. മഹാപ്രവാഹത്തില്‍, മഹാപ്രളയത്തില്‍ മുങ്ങിപ്പോയ ഒരു പട്ടണം. പ്രളയം ഇല്ലാതാക്കിയ ഒരു പട്ടണം. ഇല്ലാതാക്കുക മാത്രമല്ല പ്രളയം; സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. അതു പ്രകൃതിയുടെ നിയമമാണ്. കാലത്തെ കാല്‍ക്കീഴിലാക്കി എന്നഹങ്കരിക്കുന്ന മനുഷ്യനെ നിസ്സാരതയെക്കുറിച്ച് ഓര്‍മിപ്പിക്കുന്ന കാലത്തിന്റെ പുസ്തകം പഠിപ്പിക്കുന്ന പാഠം.

കാലം 1341.

മുചിരിപട്ടണത്തിന്റെ മറവിയും കൊച്ചഴിയും പിന്നീടു കൊച്ചിയുമായ ഇന്നത്തെ കേരളത്തിലെ മഹാനഗരത്തിന്റെ പിറവിയും അന്നത്തെ മഹാപ്രളയത്തിന്റെ ഫലം. ഓര്‍മിപ്പിച്ചതു സേതു; പാണ്ഡവപുരത്തിന്റെ കഥാകാരന്‍. ചരിത്രത്തെ സ്വാംശീകരിച്ചു രചിച്ച ‘മറുപിറവി’ എന്ന ആധുനിക നോവലിലൂടെ. സ്വന്തം ദേശത്തിന്റെ സത്ത്വസംസ്കാരം തേടിപ്പോയ എഴുത്തുകാരന്റെ ഭാവനയുടെ പ്രകാശം കണ്ടെത്തിയ ചരിത്രം. നമ്മുടെ നാടിന്റെ പുരാവൃത്തം. ഓര്‍മകളില്‍ അറിഞ്ഞ, അക്ഷരങ്ങളിലൂടെ വായിച്ച മഹാപ്രളയം കണുമുന്നിലെ യാഥാര്‍ഥ്യമാകുകയും, പ്രതാപത്തിന്റെ എടുപ്പുകള്‍ മണ്ണടിയുകയും ഇനിയെങ്ങോട്ട് എന്ന ആശങ്കയില്‍ മലയാളി ദിക്കറിയാതെ ഉഴലുകയും ചെയ്യുമ്പോള്‍ ഓര്‍മയുടെ വീണ്ടെടുപ്പാണ് മറുപിറവി. സംഹാരവും സൃഷ്ടിയും പ്രകൃതിയുടെ ഇരുകരങ്ങളാണെെന്ന പാഠത്തിന്റെ ഓര്‍മപ്പെടുത്തല്‍.

നീരൊഴുക്കുകള്‍ക്ക് അവയുടേതായ നേരുകളുണ്ട്; നേരുകേടുകളും. കാലത്തിന്റെ കുത്തൊഴുക്കില്‍ വഴിമാറിഒഴുകാന്‍ വിധിക്കപ്പെട്ടവയാണു നദികള്‍. അതിരില്ലാത്ത ജലരാശിയുടെ മഹാപ്രയാണത്തില്‍ പുതിയ കരകള്‍ പിറക്കുന്നു. പഴയവ മാഞ്ഞുപോകുന്നു. പഴയ നദീമുഖങ്ങള്‍ അടയുന്നു. പുതിയവ തുറക്കുന്നു. അതു പ്രകൃതിയുടെ താളപ്പെടലാണ്. മനുഷ്യന്റെ പിഴയൊടുക്കലാണ്. കാലത്തിന്റെ സമവാക്യങ്ങളാണ്.

Textനനവു പടര്‍ന്നു ഭൂപടങ്ങള്‍ കുതിരുമ്പോള്‍ അക്ഷാംശങ്ങളുടെയും രേഖാംശങ്ങളുടെയും കെട്ടുകള്‍ പൊട്ടിച്ചു പുതിയ സ്ഥലരാശികള്‍ തെളിയുന്നു. പുതിയ ഭൂമുഖങ്ങള്‍. പുതിയ ജനപദങ്ങള്‍. അതുതന്നെയാണ് ആയിരത്തിമുന്നൂറ്റി നാല്‍പത്തൊന്നിലെ മഹാപ്രളയത്തിലും സംഭവിച്ചത്.

അന്നും പ്രളയത്തിന്റെ നിലയില്ലാക്കയത്തില്‍ കേരളത്തെ മുക്കിയത് ഒരു കാലവര്‍ഷം. പെരിയാര്‍ എന്ന ചൂര്‍ണ്ണി അന്നു കൈവഴികളായി പിരിഞ്ഞു. വഴിമാറി ഒഴുകി. യുഗങ്ങളായി തടഞ്ഞുനിര്‍ത്തിയിരുന്ന മണല്‍ത്തിട്ടുകളില്‍നിന്നു കുതറിച്ചാടി പുതുവഴികള്‍ തേടുമ്പോള്‍ അവള്‍ അലറിച്ചിരിച്ചുകാണണം. ഇതെന്റെ കണക്കുതീര്‍ക്കല്‍. നിന്റെ പിഴയൊടുക്കല്‍. അതിരുകളും ദിശകളുമരുത് ജലപ്രവാഹങ്ങള്‍ക്ക്. അലിയാനുള്ളവയാണു മണല്‍ത്തിട്ടുകള്‍. നുരകള്‍ പതപ്പിച്ച ആ ചിരിയില്‍ വന്‍മരങ്ങള്‍ കടപുഴകി വീണു. കാട്ടുപൊന്തകളും പുല്ലാനിപ്പടര്‍പ്പുകളും വഴിയൊതുങ്ങി. എല്ലാം മൂടിക്കൊണ്ട് ഒഴുകിയിറങ്ങിയ വെള്ളം എമ്പാടും പരന്നു. എങ്ങും വെള്ളം വെള്ളം മാത്രം. തലമുറകളെ മൂടുന്ന മഹാപ്രളയം.

ഇടവപ്പാതിയില്‍ എത്തിയ വെള്ളം കര്‍ക്കടം കഴിഞ്ഞു ചിങ്ങംപിറക്കുമ്പോള്‍ വീണ്ടുമെത്തിയതിനെത്തുടര്‍ന്ന് അനിശ്ഛിതത്ത്വത്തിലാണ് ഇന്നു നാടെങ്കില്‍, അന്നും ഒഴിഞ്ഞുപോകാതെ ദിവസങ്ങളോളം നിന്നു വെള്ളം. ഇനിയൊരിക്കലും കര തെളിയില്ലേ എന്ന ആശങ്ക പരത്തി. ഒടുവില്‍ പോരില്‍ തോറ്റതു കര തന്നെ. അലറിച്ചിരിച്ചതു കടല്‍. വെള്ളമിറങ്ങിയ കരയില്‍ ചൂര്‍ണ്ണിയുടെ തീരത്തു പുതിയ ഓരങ്ങള്‍ തെളിഞ്ഞു. പുതിയ ൈകവഴികളും.

പഴയ മണല്‍ത്തിട്ടുകള്‍ വഴിയൊഴിഞ്ഞപ്പോള്‍ പുതിയവ പൊന്തിവന്നു. അവ തുരുത്തുകളായി. അന്തമില്ലാത്ത മണല്‍പ്പരപ്പുകളായി. മണ്ണിനടിയില്‍ ഞെരിഞ്ഞമര്‍ന്നത് ഒരു ജനപദം. നഗരം. കടല്‍ കൊണ്ടുവന്ന സമ്പത്ത് പുഴയെടുക്കുകയായിരുന്നു. ഇല്ലാതായത് ഒരു പ്രദേശം മുഴുവന്‍. പടിഞ്ഞാറന്‍ തീരത്തെ ഏറ്റവും വലിയ തുറമുഖമായിരുന്ന മുചിരിപ്പട്ടണം. മഹോദയപുരമെന്ന കൊടുങ്ങല്ലൂര്‍ മരവിപ്പിലായി. പടിഞ്ഞാറോട്ടു നീങ്ങി പുതിയൊരു അഴിമുഖം തുറന്നുവന്നു. ഒരു കൊച്ചഴി. ഇന്നത്തെ കൊച്ചിതുറമുഖം. പായ്ക്കപ്പലുകള്‍ അങ്ങോട്ടു തിരിഞ്ഞു. പുതിയ കപ്പല്‍ച്ചാലുകള്‍ ഉണ്ടായി. കൊച്ചിയിലേക്കു താവളം മാറ്റി പുതിയ വണിക്കുകള്‍. പണ്ട്യാലകള്‍ ഉയര്‍ന്നുവന്നു മട്ടാഞ്ചേരിയില്‍. പൂര്‍ണ്ണമാകുകയായിരുന്നു മുചിരിയുടെ പതനം. കൊച്ചിയുടെ ഉദയം. അതേ, മറുപിറവി.

കടപ്പാട് മനോരമ ഓണ്‍ലൈന്‍

Comments are closed.