DCBOOKS
Malayalam News Literature Website

അസാധാരണവും സാഹസികവുമായ അനുഭവങ്ങളെ കോര്‍ത്തിണക്കുന്ന ആഖ്യാനം

നടന്‍ പൃഥ്വിരാജിന്റെ ഒരു ഇന്റര്‍വ്യൂവിലാണ് 6-7 വര്‍ഷം മുന്‍പ് അപ്പോള്‍ അദ്ദേഹം വായിച്ചു കൊണ്ടിരുന്ന ഈ പുസ്തകത്തെക്കുറിച്ച് കേള്‍ക്കുന്നത്. ആയിടയ്ക്കു തന്നെ വായിക്കാനും സാധിച്ചു. ശേഷം,’ലൂസിഫര്‍ ‘ എന്ന സിനിമയില്‍, ജാന്‍വി എന്ന പെണ്‍കുട്ടിക്ക് വിവേക് ഒബ്‌റോയ് അവതരിപ്പിച്ച ബോബി എന്ന രണ്ടാനച്ഛന്‍ കഥാപാത്രം സമ്മാനിക്കുന്ന ഒരു പുസ്തകമായും പൃഥ്വിരാജ് ഈ പുസ്തകത്തെ അവതരിപ്പിച്ചു.

ഓസ്‌ട്രേലിയന്‍ എഴുത്തുകാരനായ ഗ്രിഗറി ഡേവിഡ് റോബര്‍ട്സ് മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിലെഴുതിയ ശാന്താറാം എന്ന നോവല്‍. 2003-ല്‍ പുറത്തിറങ്ങിയ, ലോകമെമ്പാടും അനവധി കോപ്പികള്‍ വിറ്റഴിക്കപ്പെടുകയും മാസ്റ്റര്‍പീസ് എന്ന് വാഴ്ത്തപെടുകയും ചെയ്ത നോവല്‍, മുംബൈ നഗരത്തെ വേറിട്ട കാഴ്ചപ്പാടില്‍ അവതരിപ്പിക്കുന്ന പുസ്തകമാണ്. ബോംബെയുടെ 1970-കളിലെ കുത്തഴിഞ്ഞ ജീവിതരീതികളും അധോലോകത്തിന്റെ പിടിയിലമര്‍ന്ന നഗരത്തിന്റെ അരാജകത്വ ജീവിതവും വ്യക്തമായി ഈ നോവല്‍ പറയുന്നു.

ഓസ്‌ട്രേലിയയിലെ ജയിലില്‍ നിന്നും തടവുചാടി ബോംബെയിലെത്തിപ്പെടുകയും അവിടത്തെ ചേരികളിലൊന്നില്‍ അഭയം കണ്ടെത്തുകയും ചെയ്യുന്ന ലിന്‍ഡ്‌സെയുടെ കഥയാണിത്. ചേരിയിലെ ഡോക്ടര്‍ പദവി വഹിക്കുന്ന ലിന്‍ഡ്‌സെ പിന്നീട് കള്ളക്കടത്തിന്റെയും കുഴല്‍പ്പണ ഇടപാടുകളുടെയും അധോലോകസംഘങ്ങളുടെയും ഭാഗമാകുന്നു. അതിനൊപ്പം തന്നെ സാധാരണ മനുഷ്യജീവിതത്തെ അടുത്തറിയുകകൂടിയാണ് ലിന്‍ഡ്‌സെ.

ആയുധധാരിയായ കവര്‍ച്ചക്കാരന്‍, നിരവധി ജയില്‍ ശിക്ഷകള്‍, അതിലേറെ ജയില്‍ച്ചാട്ടങ്ങള്‍… രാജ്യങ്ങളില്‍ നിന്ന് രാജ്യങ്ങളിലേക്കുള്ള രക്ഷപ്പെടലുകള്‍…ജയില്‍ശിക്ഷക്കു ശേഷം ആത്മകഥ എന്നു പറയാവുന്ന നോവലെഴുത്ത്. ‘ശാന്താറാം!’. ഇതിനൊക്കെ പുറമേ എന്നെ അത്ഭുതപ്പെടുത്തിയത് ഇങ്ങനെയൊക്കെ ഒരു മനുഷ്യന് ജീവിക്കാനാവുമോ എന്നതാണ്. ഗ്രിഗറി ഡേവിഡ് റോബര്‍ട്സ്, ഇത് നോവലിസ്റ്റിന്റെ ആത്മകഥ തന്നെയാണ്…!

ഗ്രിഗറി ഡേവിഡ് റോബര്‍ട്‌സിന്റെ ശാന്താറാം എന്ന നോവലിന് അശോക് അമ്പനാട് എഴുതിയ വായനാനുഭവം

Comments are closed.