DCBOOKS
Malayalam News Literature Website

ഇന്ത്യ എന്ന തീവണ്ടി…!

SAMBARKKAKRANTHI
SAMBARKKAKRANTHI

സമ്പർക്ക ക്രാന്തി ഇന്ത്യയുടെ തെക്കുമുതൽ വടക്കു വരെ യാത്ര ചെയ്യുന്ന തീവണ്ടിയാണ് .. ഒരു ജനുവരി 23 ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്‌റ്റേഷനിൽ നിന്ന് ഓടിത്തുടങ്ങുന്ന സമ്പർക്ക ക്രാന്തിയോടൊപ്പം മലയാളത്തിലെ മികച്ച നോവലുകളിലൊന്നും ഓടിത്തുടങ്ങുന്നു. കേരളവും കർണാടകവും മഹാരാഷ്ട്രവും ഗുജറാത്തും കടന്ന് വണ്ടി ഡൽഹിയിലെത്തുന്നതിനിടെയുണ്ടാവുന്ന വിചിത്രവും അതേ സമയം അവിശ്വസനീയമല്ലാത്തതുമായ സംഭവങ്ങളിലേക്കാണ് വി. ഷിനിലാലിന്റെ സമ്പർക്കക്രാന്തി എന്ന ആഖ്യായിക നമ്മെ കൊണ്ടു പോകുന്നത്.
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്‌റ്റേഷന് ചരിത്രത്തിൽ വലിയ സ്ഥാനമുണ്ട്. മഹാത്മാഗാന്ധി മൂന്നു തവണ കന്യാകുമാരി സന്ദർശിച്ചത് ഇവിടെ നിന്നാണ്. അതു കൊണ്ടാണ് സമ്പർക്ക ക്രാന്തിയുടെ ഈ യാത്രയിൽ കരംചന്ദ് എന്നു പേരുളള ഒരു യാത്രക്കാരൻ ഉണ്ടാവുന്നത്. മലയാളിക്ക് അത്രയൊന്നും പരിചിതമല്ലാത്ത ഈ പേരുകാരനോട് താങ്കൾ മോഹൻ ദാസ് കരംചന്ദ് ഗാന്ധിയുമായി എന്താണ് ബന്ധം എന്ന ചോദ്യത്തിന് എല്ലാ ഇന്ത്യക്കാർക്കുമുള്ള ബന്ധം മാത്രമേയുള്ളൂ എന്നാണയാളുടെ ഉത്തരം. ഇന്ത്യക്കാർക്ക് ഗാന്ധിയുമായുള്ള ബന്ധം എന്താണെന്നും എത്രയാണെന്നുമുള്ള ഘടകങ്ങൾ പ്രശ്‌നവൽക്കരിക്കപ്പെട്ട കാലത്ത് കരംചന്ദിന്റെ ഉത്തരം നോവലിന്റെ ദിശാസൂചി കൂടിയാണ്. കരംചന്ദിനോടൊപ്പം തിരുവനന്തപുരത്തു നിന്ന് ജോൺ എം എന്ന, ഇന്ത്യ എന്ന പുസ്തകം നോക്കി യാത്രയിലുടനീളം ഇന്ത്യയെ കണ്ടെത്താൻ ശ്രമിക്കുന്ന ഒരു സായ്പും ഒരു പട്ടാളക്കാരനും മറ്റൊരു പാട് യാത്രക്കാരും തീവണ്ടിയിലുണ്ട്. വൈദ്യുത എഞ്ചിൻ വലിക്കുന്ന തീവണ്ടിയുടെ ഏറ്റവും പിന്നിൽ വാണ്ടറർ എന്ന് പേരുള്ള ഒരു പഴയ ആവി എഞ്ചിൻ കൂടിയുണ്ട്. ജനുവരി 26 ന് ഡെൽഹിയിൽ നടക്കുന്ന ഹെറിറ്റേജ് എഞ്ചിനുകളുടെ പ്രദർശനത്തിന് കൊണ്ടു പോകുകയാണതിനെ ..

എന്തു കൊണ്ട് തീവണ്ടി, എന്തു കൊണ്ട് വാണ്ടറർ എന്നീ ചോദ്യങ്ങൾ ആദ്യം തന്നെ ചോദിക്കപ്പെടേണ്ടതുണ്ട്. തീവണ്ടി ഇന്ത്യയുടെ സഞ്ചരിക്കുന്ന ഒരു പരിഛേദമാണ്. അനവധി ഭാഷകളും വേഷങ്ങളും സംസ്‌കാരങ്ങളുമുള്ള ഇന്ത്യയുടെ നേർ ഛേദമാണ് സമ്പർക്കക്രാന്തി. ബഹുസ്വര ഇന്ത്യയെ ഏകശിലാ സംസ്‌കാരത്തിലേക്ക് പരാവർത്തനം ചെയ്യാനുള്ള ‘സംഘ’ടിത ശ്രമങ്ങൾ നടക്കുന്ന കാലത്ത് തീവണ്ടി ഒരു മികച്ച ബിംബമാണ്. ആധുനികലോകം നിരന്തരമായ പരിശ്രമത്തിലൂടെ നേടിയെടുത്ത ഭൗതിക, ശാസ്ത്രീയ നേട്ടങ്ങളൊക്കെ പൗരാണികതയുടെ പേരിൽ നിരാകരിക്കുകയും പാരമ്പര്യത്തിലും പൗരാണികതയിലും അമിതമായി അഭിരമിക്കുകയും അഭിമാനിക്കുകയും ചെയ്യുന്ന വർത്തമാനഭാരതത്തെക്കുറിച്ച് പ്രതിപാദിക്കുമ്പോൾ ഉപയോഗിക്കാവുന്ന ഏറ്റവും അനുയോജ്യമായ മറ്റൊരു ബിംബമാണ് വാണ്ടറർ. പാരമ്പര്യത്തെക്കുറിച്ചുള്ള അമിതമായ ദുരഭിമാനം ഫാസിസത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. സമ്പർക്കക്രാന്തിയുടെ യാത്രയിൽ ഇടക്കു വച്ചുണ്ടായ മാർഗതടസങ്ങളുടെ ഫലമായി അതിന് വഴിമാറി യാത്ര ചെയ്യേണ്ടി വരുമ്പോൾ തീവണ്ടിയെ പിന്നാക്കം വലിച്ചു കൊണ്ടു പോകുന്നത് ഇതേ പഴഞ്ചൻ ആവി എഞ്ചിനാണ്. അത്രയും ദൂരം തീവണ്ടിയെ വലിച്ചു കൊണ്ടെത്തിച്ച വൈദ്യുത എഞ്ചിൻ നിസ്സഹായമായിപ്പോവുകയും ഇന്ത്യ എന്ന ബഹുസ്വരതയുടെ തീവണ്ടി പാരമ്പര്യ ശകതികൾ അതിവേഗം പിന്നാക്കം വലിക്കുകയും ചെയ്യുന്നതിന് നമ്മളെല്ലാം സാക്ഷികളാണല്ലോ..

പുസ്തകം വാങ്ങാൻ സന്ദർശിക്കുക

പുസ്തകം ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക

Textതീവണ്ടി ഗുജറാത്തിലെ വിജനമായ ഏതോ സ്‌റ്റേഷനിൽ എത്തിയപ്പോഴാണ് ഗുജറാത്തിലാകെ നടക്കുന്ന പട്ടേൽ സമരം കാരണം യാത്ര വഴിതിരിച്ചു വിടേണ്ടി വന്നത്. തീവണ്ടിയിലെ ഒരു യാത്രക്കാരി ഇടക്കിടെ ഗുജറാത്തിനെക്കുറിച്ച് ഊറ്റം കൊള്ളുന്നതും കാണാം. ഗുജറാത്ത് ഭൂമിയിലെ സ്വർഗമാണെന്നും ആഗോള വികസന മാതൃകയാണെന്നും പ്രചരിപ്പിക്കുന്ന ഒരു സംഘം രാജ്യത്ത് പ്രവർത്തിക്കുന്നുണ്ടല്ലോ.. രാജ്യത്തെ പിന്നാക്കം നടത്തുന്നതിൽ ഗുജറാത്ത് വഹിക്കുന്ന അദ്വിതീയമായ സ്ഥാനം നാമെങ്ങനെയാണ് കണ്ടില്ലെന്നു നടിക്കുക.. തീവണ്ടി കുളെം സ്‌റ്റേഷനിലെത്തിയപ്പോഴാണ് തീർന്നു പോയ വെള്ളത്തിന്റെ പേരിൽ വലിയ പ്രതിഷേധങ്ങളുണ്ടായത്.. ആ പ്രതിഷേധക്കൾക്കു മുന്നിൽ സ്വയം പ്രഖ്യാപിതനായ ഒരു നേതാവുണാവുന്നു, പേര് ദ്വി .. ദ്വി എന്നത് ദ്വിജൻ എന്ന ബ്രാഹ്മണിക്കൽ ഹെജിമണിയുടെ സൂചകമായാണോ നോവലിസ്റ്റ് പ്രയോഗിക്കുന്നത് എന്നത് അദ്ദേഹം തന്നെ വെളിപ്പെടുത്തട്ടെ. അധികാരം ഒരു വ്യവസ്ഥയായി എങ്ങനെ പ്രവർത്തിക്കുന്നു എന്ന് ദ്വി എന്നയാൾക്കറിയാമെന്നതാണ് പ്രധാനം. ജലം കിട്ടാത്തതിന്റെ പേരിൽ പ്രതിഷേധം സംഘടിപ്പിച്ച അയാൾ തിരികെ തീവണ്ടിയിലെത്തുന്നതോടെ അയാൾക്ക് ഒരു കൂട്ടം അനുയായികളുണ്ടാവുകയും അവരൊരു കർസേവാ സംഘമായിത്തീരുകയും ചെയ്തു. അധികാരത്തിന്റെ ഏറ്റവും വലിയ പ്രയോഗവൽകരണം ഭയത്തിലധിഷ്ഠിതമാണ് എന്നതാണ് ദ്വിയുടെ സിദ്ധാന്തം.. ഭീതി സൃഷ്ടിക്കുന്നതിന് നിയമങ്ങൾ വേണം, നിയമ ലംഘകരെ ശിക്ഷിക്കാനുള്ള സംവിധാനവും വേണം. അങ്ങനെ ദ്വി തീവണ്ടി തന്റെ സാമ്രാജ്യമായി പ്രഖ്യാപിക്കുകയും അവിടെ വിചിത്രമായ നിയമങ്ങൾ നടപ്പാക്കുകയും ചെയ്യുന്നു. കാഹള ബഹുമാന നിയമങ്ങൾ എന്ന പേരിൽ അറിയപ്പെട്ട നിയമങ്ങൾ അനുസരിക്കാത്തവർക്ക് ശിക്ഷയും വിധിക്കുന്നു. ഇതിനേക്കാളൊക്കെ വിചിത്രമായ സീഗതി യാതൊരു പ്രതിഷേധവുമില്ലാതെ യാത്രക്കാർ ദ്വിയുടെയും കിങ്കരൻമാരുടേയും അധികാരത്തിന് വിധേയരാകുന്നു എന്നതാണ്. അതു കൊണ്ടു കൂടിയാണ് സമ്പർക്കക്രാന്തി ഇന്ത്യയുടെ പരിഛേദമാവുന്നത്.

സമ്പർക്ക ക്രാന്തിയിലെ ഒരു യാത്രക്കാരനാണ് ധബോൽക്കർ. അദ്ദേഹത്തെ ദ്വി പണ്ട് ഗാന്ധിയെ വെടിവക്കാൻ ഗോഡ്‌സെ ഉപയോഗിച്ച അതേ തോക്കു കൊണ്ട് വെടിവച്ചു കൊന്നു. അതിനു ശേഷമാണ് അയാൾക്ക് കൺഫേം ടിക്കറ്റുള്ള ഗൗരി ലങ്കേഷിന്റേയും പൻസാരെയുടേയും കൽബുർഗിയുടെയും പേരുകളും വെയ്റ്റിംഗ് ലിസ്റ്റുകാരായ സുനിൽ പി ഇളയിടം, കെ.എസ് ഭഗവാൻ തുടങ്ങിയവരുടേയും പേരുകൾ എഴുതിയ റിസർവേഷൻ ചാർട്ടുകൾ കിട്ടുന്നത്. ഒടുവിൽ ജനുവരി 25 ന് ഡൽഹിയിൽ നിസാമുദീൻ സ്‌റ്റേഷനിൽ നിന്ന് വാണ്ടറർ എന്ന കരിയന്ത്രത്തെ ഒരു ഡീസൽ എഞ്ചിൻ വന്ന് അടർത്തിക്കൊണ്ടു പോവുകയും വണ്ടി ചണ്ഡീഗഡിലേക്കുള്ള അതിന്റെ യാത്ര തുടരുകയും ചെയ്യുന്നിടത്ത് നോവൽ അവസാനിക്കുന്നു.

തീവണ്ടി ഉള്ളിൽ നിന്ന് നോക്കിയാൽ ഉറച്ച ഒറ്റ നിർമിതിയാണെന്ന് തോന്നുമെങ്കിലും പലതായി പിളർത്തി മാറ്റാവുന്ന വിധമാണ് അതിന്റെ നിർമിതി എന്ന് നോവലിസ്റ്റ് ഓർമിപ്പിക്കുന്നുണ്ട്. ഇന്ത്യയും അങ്ങനെയൊരു നിർമിതിയാണ്. വൈവിധ്യങ്ങളാണ് ഇന്നു .. അടർത്തിമാറ്റാവുന്ന വെവ്വേറെ ബോഗികളുള്ള ഒരു വലിയ തീവണ്ടി.

പുസ്തകം വാങ്ങാൻ സന്ദർശിക്കുക

പുസ്തകം ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക

മനോജ് വീട്ടിക്കാട്

Comments are closed.