DCBOOKS
Malayalam News Literature Website

ക്ലാസിക്കുകളെ മോചിപ്പിക്കുക എന്നത് സാംസ്‌കാരിക വിപ്ലവം ആണ് ; പി.എന്‍.ഗോപീകൃഷ്ണന്‍ എഴുതുന്നു

 MAHABHARATHAM SAMSKARIKA CHARITHRAM
MAHABHARATHAM SAMSKARIKA CHARITHRAM

സുനില്‍ പി. ഇളയിടത്തിന്റെ ‘മഹാഭാരതം – സാംസ്‌കാരിക ചരിത്രം’ എന്ന ഗ്രന്ഥം കൊണ്ടുവരുന്ന ചില പൊതുവിചാരങ്ങളെ അഭിമുഖീകരിച്ച് വേണം നാം അതിന്റെ വായന തുടങ്ങാന്‍ എന്ന് വിചാരിക്കുന്നു. ഒന്നാമതായി, സംസ്‌കാരത്തോട് രണ്ട് തരം സമീപനങ്ങള്‍ പൊതുബോധമായി വര്‍ത്തിക്കുന്നുണ്ട്. അല്ലെങ്കില്‍ രണ്ടുതരം വിചാരങ്ങളുടെ കലര്‍പ്പുകളുടെ പലതരം ഗണിതങ്ങളില്‍ നിന്നാണ് നാം നമ്മുടെ സമീപനത്തെ ഉള്‍ക്കൊള്ളുന്നത്. അതിലാദ്യത്തേത് ക്ലാസ്സിക്കുകളെ യഥാര്‍ത്ഥ സംഭവവിവരണമായി കരുതുന്ന രീതിയാണ്. കൃഷ്ണനും പാണ്ഡവരും കുരുക്ഷേത്രയുദ്ധവുമൊക്കെ കഥനങ്ങള്‍ വിട്ട് യാഥാര്‍ത്ഥ്യത്തിന്റെ തലത്തില്‍ സ്വീകരിക്കുന്ന രീതിയാണ് അത്. ഈ ഉള്ളടക്കവാദികള്‍ പുണ്യഗ്രന്ഥങ്ങള്‍ ആയി മഹാഭാരതത്തേയും രാമായണത്തേയും കാണുന്നു. അവയുടെ കഥാസന്ദര്‍ഭങ്ങള്‍ ഉണ്ടാക്കുന്ന പലതരം സംഘര്‍ഷങ്ങളെ സത്യമായി സ്വീകരിക്കുന്നു. അവ നിത്യജീവിതത്തിലെ വ്യത്യസ്ത വ്യവഹാരങ്ങളുമായി കൂട്ടിയിണക്കുന്നു.

ഭാഷയില്‍, എഴുത്തുഭാഷയാകട്ടെ ചിന്താഭാഷയാകട്ടെ വായ്ഭാഷയാകട്ടെ, എല്ലാറ്റിലും കഞ്ഞിയ്ക്ക് രുചിയുടെ മൂല്യവര്‍ദ്ധന നല്‍കാന്‍ ഉപയോഗിക്കുന്ന ഏറ്റവും സുലഭമായ ഉപ്പുപോലെ അത് വാരിവിതറുന്നു. ജീവിത സന്ദര്‍ഭങ്ങളില്‍ ഇടയ്ക്കിടയ്ക്ക് അവര്‍ അതിന്റെ കഥാസന്ദര്‍ഭങ്ങളിലേയ്ക്ക് മടങ്ങിപ്പോകുക മാത്രമല്ല ചെയ്യുന്നത്. മറിച്ച് ആ കഥകളുടെ വാസ്തുആവിഷ്‌ക്കാരങ്ങളായി ക്ഷേത്രങ്ങളേയും പ്രദേശങ്ങളേയും വീക്ഷിക്കാനുള്ള കണ്ണും മനസ്സും അവര്‍ സ്വായത്തമാക്കിയിരിക്കുന്നു. ചുരുക്കത്തില്‍ അവരുടെ സാംസ്‌ക്കാരിക അബോധത്തെ പല തരത്തില്‍ നിറക്കാന്‍ തക്കവണ്ണമുള്ള സാമഗ്രികള്‍ അതില്‍ ഉണ്ട്. ജീവിത സന്ദര്‍ഭങ്ങളില്‍ ഭാഷയായും വിചാരമായും തങ്ങളെത്തന്നെ കൊണ്ടുവയ്ക്കാനുള്ള ഉള്ളരങ്ങായും അവര്‍ അതിനെ കരുതുന്നു. അവര്‍ വെറും അനുവാചകര്‍ അല്ല. അവര്‍ക്ക് ഏതെങ്കിലും  ദൈവങ്ങളെ  മാത്രമല്ല അവിടെ നിന്നും കിട്ടിയിട്ടുള്ളത്. ദൈവശാസ്ത്രത്തെ കൂടിയാണ്. ആ ദൈവശാസ്ത്രമാകട്ടെ, നമ്മുടെ കാലത്തെ പ്രധാന ഉരകല്ലുകള്‍ ആയിട്ടുള്ള യുക്തിയില്‍ മാത്രമല്ല പ്രവര്‍ത്തിക്കുന്നത്. മഹാഭാരതമോ രാമായണമോ ഭാഗവതമോ പ്രസരിപ്പിക്കുന്ന ഉള്ളടക്കത്തിലേയ്ക്ക്, ഒരു അദൃശ്യ കഥാപാത്രമായി തങ്ങളെത്തന്നെ വിക്ഷേപിക്കാനുള്ള അദമ്യമായ ആഗ്രഹത്തിന്റെ ഉടമകളോ തടവുകാരോ  ആയി അവര്‍ തങ്ങളെത്തന്നെ പുതുക്കിയെഴുതുന്നു. ഇന്ത്യന്‍ മനോഭാവം എന്ന് വിളിക്കപ്പെടാവുന്ന ഒന്നിന്റെ പല പല സഹജതകളും ഇതിന് അവരെ സഹായിക്കുന്നു. അല്ലെങ്കില്‍ അത്തരമൊന്നിനെ സഹായിക്കുകയും ഊട്ടിയുറപ്പിക്കുകയും കാലത്തില്‍ നീട്ടുകയും ചെയ്യുക എന്ന ദൗത്യനിര്‍വ്വഹണത്തിന്റെ കാലാളുകള്‍ ആയി തങ്ങളെ മാറ്റിയെഴുതിക്കൊണ്ടിരിയ്ക്കുന്നു.

പുസ്തകം വാങ്ങാൻ സന്ദർശിക്കുക

പുസ്തകം ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക

രക്ഷാകര്‍തൃത്വം എന്നത് ശിക്ഷാകര്‍തൃത്വം കൂടിയാണ് 
ഈ മനോഭാവം ഒരര്‍ത്ഥത്തില്‍ നിഷ്‌ക്കളങ്കമാണെങ്കിലും, അത് അതിന്റെ ശ്രേണീഘടന നിര്‍മിക്കുന്നുണ്ട്. ക്ലാസ്സിക്കുകളുടെ യഥാര്‍ത്ഥ അര്‍ത്ഥം മനസ്സിലാക്കിയ ഒരു കൂട്ടര്‍ ഉണ്ടെന്ന് ജനസാമാന്യം പല തരത്തില്‍ കരുതാന്‍ തുടങ്ങുന്നു എന്നയിടത്താണ് ഈ അപകടം വ്യാപിക്കുന്നത്. ഇന്ന് നമ്മള്‍ കഥ, കവിത, നാടകം എന്നൊക്കെ നടത്തുന്ന വര്‍ഗ്ഗീകരണങ്ങള്‍ക്കപ്പുറം പോകുന്ന ഒന്നായി അത് ക്ലാസ്സിക്കുകളെ മാറ്റുന്നു. അത് കഥയും കവിതയും നാടകവും മറ്റനേകങ്ങളും ആയിരിക്കുമ്പോള്‍ തന്നെ ശാസ്ത്രവും ജ്ഞാനവും മോക്ഷപ്രദീപവും ആണ്. മനഃശാസ്ത്രവും ചരിത്രവും ആണ്. അതിന്റെ രക്ഷാകര്‍തൃത്വം ഏറ്റെടുക്കുന്നവര്‍ ഒരു വലിയ സഞ്ചയത്തിന്റെ രക്ഷാകര്‍തൃത്വം ആണ് ഏറ്റെടുക്കുന്നത്.

മഹത്തായ എല്ലാ രക്ഷാധികാരികളേയും പോലെ അവരില്‍ രക്ഷാകര്‍തൃത്വത്തിന്റെ ചോദ്യം ചെയ്യാനാകാത്ത അധികാരം വന്നു ചേരുന്നു. രക്ഷാകര്‍തൃത്വം എന്നത് ശിക്ഷാകര്‍തൃത്വം കൂടിയാണ് എന്നത് നമ്മുടെ കാലത്തെ പ്രധാനപ്പെട്ട ഒരു മനസ്സിലാക്കല്‍ കൂടിയാണ്. അതിനാല്‍ അവര്‍ ഒരേസമയം രാജാവും മന്ത്രിയും ഖജാനാ സൂക്ഷിപ്പുകാരും പുരോഹിതരും അതീതത്തിന്റേയും വസ്തുതയുടേയും ഇടനില വ്യാഖ്യാതാക്കളും ഒക്കെ ആയി പെരുമാറുന്നു. ക്ലാസ്സിക്കുകള്‍ അവരുടെ ആസ്തിയാകുന്നു. അവരുടെ റിയല്‍ എസ്റ്റേറ്റുകള്‍ പോലെ, ഓഹരികള്‍ പോലെ, നിക്ഷേപിക്കപ്പെട്ട പണം പോലെ, അല്ലെങ്കില്‍ വലിയ സൗധങ്ങളും ആമത്താഴുകളും പാസ് വേഡുകളും ബയോമെട്രിക് പാറ്റേണുകളും കൊണ്ട് സംരക്ഷിക്കുന്ന സമ്പത്ത് പോലെയുള്ള ഒന്ന്. ഇതില്‍ നിന്നും ക്ലാസിക്കുകളെ മോചിപ്പിക്കുക എന്നത് സാംസ്‌കാരിക ദൗത്യം അല്ല, സാംസ്‌കാരിക വിപ്ലവം ആണ്.

ക്ലാസിക്കുകള്‍ വീണ്ടെടുക്കേണ്ടത് അവയെ നിരാകരിച്ചല്ല
നാം മഹാഭാരതത്തെ കാണേണ്ടത് എങ്ങനെ എന്ന ചോദ്യം ഈ പുസ്തകത്തിലേയ്ക്ക് കടക്കും മുമ്പ് സ്വയം ചോദിക്കേണ്ടതുണ്ട്. അത് നാം ഭൂമിയെ കാണുന്നതെങ്ങനെ എന്ന ചോദ്യം പോലെയാണ്. നിങ്ങള്‍ക്ക് ഭൂമിയുടെ ഉടമസ്ഥത വെട്ടിപ്പിടിക്കാം. അമേരിക്കയിലേയ്ക്ക് കപ്പലോടിച്ചു വന്നവര്‍, ആകാശത്തേയും വെള്ളത്തേയും വില്‍ക്കാന്‍ സാധിക്കുമോ എന്ന സിയാറ്റില്‍ മൂപ്പന്റെ ചോദ്യത്തെ ഫലിതമാക്കി. ആ ഫലിതത്തോട് ഇടഞ്ഞുനില്‍ക്കാന്‍ കഴിവുണ്ടായിരുന്ന ഒരു ജനക്കൂട്ടത്തെ, റെഡ് ഇന്ത്യക്കാരെ, നിഷ്‌കാസനം ചെയ്തു. ആ ഫലിതം അങ്ങനെ ലോകമെമ്പാടും സഞ്ചരിച്ചു. കൈമാറ്റം ചെയ്യപ്പെടുന്ന ഓരോ ആധാരത്തിനുമടിയില്‍ കണ്ണീരുപോലെ ആ ചോദ്യം ഉണങ്ങിപ്പിടിച്ചു. ഭൂപരിഷ്‌ക്കരണം എന്ന ആശയവും അതിന്റെ നടപ്പാക്കലും പോലെ ആ ഫലിതത്തിന് മേല്‍ ലോകത്തിന്റെ ചിലയിടങ്ങളില്‍ എങ്കിലും പ്രവര്‍ത്തിച്ച വിമതത്വത്തിനും ഭൂമിയെ നിരാകരിക്കാന്‍ കഴിയില്ല എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. ഉടമസ്ഥതയെ തിരിച്ചിടുകയാണ് അത് ചെയ്യുന്നത്. സ്വകാര്യസ്വത്തിനെതിരെയുള്ള നിലപാട് എന്നൊക്കെ നാം പരാമര്‍ശിക്കുന്ന വസ്തുത യഥാര്‍ത്ഥത്തില്‍ സ്വകാര്യ ഉടമസ്ഥതയ്ക്ക് എതിരെയുള്ള ഏര്‍പ്പാടാണ്. സമ്പത്ത് എന്ന ആശയം അവിടെത്തന്നെയുണ്ട്. മഹാഭാരതത്തെയും രാമായണത്തേയും മാത്രമല്ല, ഇന്ത്യയിലെ സകലമാന ക്ലാസിക്കുകളേയും ഹിന്ദുത്വ ഫാസിസത്തിന്റെ രക്ഷാകര്‍ത്തൃത്വത്തില്‍ നിന്ന് വീണ്ടെടുക്കേണ്ടത് അവയെ നിരാകരിച്ചല്ല. വായനയുടേയും സംവാദത്തിന്റേയും ചരിത്രത്തിലേയ്ക്ക് അവരെ സ്വതന്ത്രമായി തിരിച്ചേല്‍പിച്ചുകൊണ്ടാണ്. അവയുടെ കോപ്പിലെഫ്റ്റ് സ്വഭാവത്തെ അംഗീകരിക്കുകയും ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തുകൊണ്ടാണ്. ഇപ്പോഴത്തെ രക്ഷാകര്‍ത്തൃത്വത്തിനിടയില്‍ ഭീകരരായ വളര്‍ത്തുനായ്ക്കളെപ്പോലെ കഴിയാന്‍ അവയെ അനുവദിച്ചുകൊണ്ടല്ല. അങ്ങനെ അനുവദിച്ചാല്‍ അവ അവര്‍ക്ക് വേണ്ടി കുരയ്ക്കുകയും കടിയ്ക്കുകയും എ.കെ 47 പ്രയോഗിക്കുകയും ചെയ്യും. ഇ.വി. രാമസ്വാമി നായ്ക്കര്‍ക്ക് കീമായണം എഴുതാനും എം.ടിക്ക് ഭീമായനം എഴുതാനും  സാറാ ജോസഫിന് ശൂര്‍പ്പണഖയെപ്പറ്റി എഴുതാനും അവ സ്വതന്ത്രവും കോപ്പിലെഫ്റ്റും ആകേണ്ടതുണ്ട്.

പുസ്തകം വാങ്ങാൻ സന്ദർശിക്കുക

പുസ്തകം ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക

സംസ്‌ക്കാരത്തിന്റെ ഒരു ചെക്ക് പോസ്റ്റ്
സാംസ്‌ക്കാരികമായ ഈ കോപ്പിറൈറ്റില്‍ നിന്ന് മഹാഭാരതത്തെ വിമോചിപ്പിക്കാനുള്ള വലിയ ശ്രമം ആണ് സുനിലിന്റെ പ്രഭാഷണ പരമ്പരയും അതില്‍നിന്നുണ്ടായ ഈ പുസ്തകവും നിര്‍വ്വഹിക്കുന്ന ഏറ്റവും വലിയ ദൗത്യം എന്ന് എളുപ്പത്തില്‍ പറയാം. മഹാഭാരതം, രാമായണം എന്നൊക്കെ കേള്‍ക്കുമ്പോള്‍  ഇടതു ചിന്തകര്‍ക്ക് ഇക്കാലത്ത് പൊതുവായുണ്ടായേക്കാവുന്ന സ്ഥലജലകടങ്കഥ സുനിലിനെ ബാധിച്ചില്ല എന്നത് അടിവരയിട്ട് മനസ്സിലാക്കേണ്ട ഒന്നാണ്. ഒരര്‍ത്ഥത്തില്‍ പ്രഭാഷണമായി തുടങ്ങി, വാരികയില്‍ തുടര്‍വായനക്കായി അച്ചടിച്ച്, പിന്നീട് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഈ പ്രക്രിയ ക്ലാസിക്കുകളുടെ രൂപീകരണത്തിന്റെ ചെറുമാതൃകയാണെന്ന് പറയാം.

Textവാമൊഴിയില്‍ രൂപമെടുത്ത് വിവിധങ്ങളായിത്തിരിഞ്ഞ്, നിരവധി സംവാദ വ്യവഹാരങ്ങളിലൂടെ കടന്ന് പുസ്തകത്തില്‍ അടക്കപ്പെടുന്ന യാത്ര എല്ലാ ക്ലാസിക്കുകള്‍ക്കും ഉണ്ട്. ഇതിലില്ലാത്തത് മറ്റൊരിടത്തും കാണില്ല തുടങ്ങിയ ക്ലാസിക്കുകളുടെ വീമ്പടിയെ ഒരര്‍ത്ഥത്തില്‍ സാധൂകരിക്കുന്നത് ചരിത്രത്തിലൂടെയുള്ള ഈ യാത്രയാണ്. മഹാഭാരതത്തെ വാസ്തുവിദ്യയായി കാണാന്‍ സാധിക്കുന്നതൊക്കെ അതുകൊണ്ടാണ്. പഴയ വലിപ്പമുള്ള എടുപ്പുകളെ വെടിവെച്ചു വീഴ്ത്തുന്ന തീവ്രവാദം സ്വീകരിക്കുക വഴി വലിയ ചരിത്രരേഖയെ ആണ് നാം നിരാകരിക്കുന്നത്. മഹാഭാരതം എന്ന എടുപ്പില്‍ അധികാരത്തിന്റെ കുടിലതകളും വിഡ്ഢിത്തങ്ങളും ക്രൂരതകളും ഉണ്ട്. കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളെ ഓര്‍മിപ്പിക്കുന്ന മുറികള്‍ ഉണ്ട്. പ്രാര്‍ത്ഥനാമന്ദിരം പോലെ ആത്മീയതയുടെ അത്തര്‍ പൂശിയ ഇടം അല്ല അത്. അത് ഓര്‍മ മാത്രമല്ല, സ്മാരകം മാത്രമല്ല, സംസ്‌ക്കാരത്തിന്റെ ഒരു ചെക്ക് പോസ്റ്റായി അത് ജനമനസ്സുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇക്കാര്യം മനസ്സിലാക്കിയാല്‍ ചെക്ക് പോസ്റ്റുകള്‍ ആധുനികമായ നൈതിക ബോധത്തില്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടത് എന്ന ചോദ്യത്തില്‍ നമുക്ക് വ്യാപരിക്കാന്‍ കഴിയും. ആ സാധ്യത പ്രധാനപ്പെട്ടതാണ്. പ്രമുഖവും ആണ്.

സര്‍ഗാത്മകതയുടെ കലാപം

ഇന്ന് രാജ്യങ്ങളുടെ നൈതികത പ്രവര്‍ത്തിക്കുന്നത് ഭരണഘടനകളില്‍ ഊന്നിയാണെന്ന് പൊതുവിജ്ഞാനീയം പറഞ്ഞു തരുന്നുണ്ട്. പൗരജീവിതത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കുന്നത് ഭരണഘടനാപരമായ ഒരു ധാര്‍മ്മികതയാണ് എന്ന് അതിന് അര്‍ത്ഥമില്ല. ഭരണകൂടേതരമായ ഒരു ജീവിതം ജനങ്ങള്‍ക്കുണ്ട്. ജനത അവരുടെ ധാര്‍മികതയെപ്പറ്റിയുള്ള സങ്കല്‍പനങ്ങള്‍ സ്വീകരിക്കുന്നത് പലേ അടരുകളില്‍ നിന്നാണ്. ദൈനംദിനതകളില്‍ അവരുടെ ചിന്തയും യുക്തിയും സഞ്ചരിക്കുന്ന വഴി, അതില്‍ അവര്‍ എടുക്കുന്ന സ്വാതന്ത്ര്യം, എല്ലാം ഭരണഘടനയില്‍ ഊന്നിയല്ല എന്ന് അറിയാന്‍ നാം നമ്മുടെ ജീവിതത്തിലേയ്ക്ക് തിരിഞ്ഞു നോക്കിയാല്‍ മതി. നമ്മുടെ ആനന്ദങ്ങള്‍, ദുഃഖങ്ങള്‍, മൗഢ്യങ്ങള്‍, ഉത്സാഹങ്ങള്‍ ഇവയ്‌ക്കൊക്കെ എത്രയോ വേരുകള്‍. ഈ വേരുകള്‍ വെള്ളവും പോഷകങ്ങളും സ്വീകരിക്കുന്ന നിലമാകട്ടെ എത്രയോ വര്‍ഷങ്ങളുടെ കൂടിച്ചേരലുകളില്‍ നിന്ന് രൂപപ്പെട്ടുവന്നതാണ്. സത്യത്തേയും നുണയേയും പറ്റിയുള്ള ആശയങ്ങളും. അങ്ങനെ മനുഷ്യമനസ്സിന്റെ സഹജത എന്ന് നാം വിളിക്കുന്ന പലതിനേയും ഒരു ചട്ടക്കൂട്ടിലൊതുക്കി യാന്ത്രികമാക്കുന്നതിനെതിരെയുള്ള കലാപമാണ് സര്‍ഗാത്മകതയുടെ കലാപം എന്ന് പറയുന്നത്.

മതാത്മകതയ്ക്കെതിരെ കലാപം ചെയ്യാന്‍ സര്‍ഗാത്മകത ഒരു വലിയ കാലം ചെലവഴിച്ചത് അതുകൊണ്ടാണ്. മതാത്മകതയെ തിരിച്ചിടുന്ന ഒരു യുക്തിവാദ യാന്ത്രികതയ്‌ക്കെതിരെ സര്‍ഗാത്മകതയ്ക്ക് കലാപം ചെയ്യേണ്ടിവരുന്നതും അതുകൊണ്ടുതന്നെയാണ്. ഈ യാന്ത്രിക യുക്തിവാദത്തെ നാം എല്ലാ വഴികളിലും കണ്ടുമുട്ടുന്നുണ്ട്.  എനിയ്ക്ക് മഹാഭാരതമോ ബൈബിളോ ഇല്ലാതെ ജീവിക്കാം എന്ന് ഒരാള്‍ക്ക് വീമ്പടിക്കാം. എനിയ്ക്ക് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയോ ഗാന്ധിയന്‍ കൃതികളോ ഇല്ലാതെ ജീവിക്കാം എന്ന് മറ്റൊരാള്‍ക്കും പൊങ്ങച്ചം പറയാം. സംസ്‌ക്കാരത്തിന്റെ വിതരണത്തിലെ ചില അപര്യാപ്തകളെക്കുറിച്ചാണ് യഥാര്‍ത്ഥത്തില്‍ രണ്ട് പേരും സംസാരിക്കുന്നത്. ഒരേ കാര്യം ആണത്. ബൈബിളിനെ എതിര്‍ക്കാന്‍ ജീവിതകാലം മുഴുവന്‍ ചെലവഴിക്കുന്ന ഒരാളെപ്പോലെ ബൈബിളിനെ ശാശ്വതീകരിക്കുന്നവര്‍ വേറെയില്ല എന്ന് സംസ്‌കാരത്തിന്റെ എളിയ പാഠങ്ങള്‍ പറഞ്ഞു തരുന്നു. അത് ബൈബിളിന് മജ്ജയും മാംസവും നല്‍കുന്നു. ശത്രുവായ ഒരു മനുഷ്യനെപ്പോലെ അയാള്‍ ഉണരുമ്പോള്‍ തന്നെ മുന്നില്‍ കാത്തുനില്‍ക്കുന്നു.

പുസ്തകം വാങ്ങാൻ സന്ദർശിക്കുക

പുസ്തകം ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക

ക്ലാസിക്കുകളുടെ ചരിത്രവല്‍ക്കരണം
ഈ കറുപ്പ് – വെളുപ്പ് ദ്വന്ദ്വങ്ങളില്‍ നിന്ന് രക്ഷനേടാന്‍ എതിര്‍പ്പ് എന്ന്, പലപ്പോഴും ആന്ധ്യത്തേയാണല്ലോ നാം അങ്ങനെ വിളിക്കുന്നത്, പ്രസിദ്ധി കേട്ട തൊട്ടുകൂടായ്മയുടേയും തീണ്ടിക്കൂടായ്മയുടേയും ലോകത്തെ ആധുനികമായി സ്വാംശീകരിച്ചെടുത്ത ഒരു യാന്ത്രികതയെ നാം മറികടക്കേണ്ടതുണ്ട്. മനുഷ്യര്‍ നിര്‍മിച്ചതൊക്കെ മനുഷ്യര്‍ക്ക് വേണ്ടിയാണെന്ന മട്ടില്‍ ഒരു നോട്ടം നാം ആര്‍ജ്ജിക്കേണ്ടതുണ്ട്. അവ ഭൗതിക ശക്തിയായി തുടരുന്നതെങ്ങനെ എന്ന് മനസ്സിലാക്കേണ്ടതും ഉണ്ട്. ഓരോ മനുഷ്യര്‍ക്കും പൊതുആസ്തി എന്ന നിലയില്‍ ക്ലാസിക്കുകളെ സ്പര്‍ശിക്കാന്‍ അനുവാദമുണ്ടെന്ന ബോധം നമുക്ക് ഉണ്ടാകുന്ന നിമിഷമാണ് ക്ലാസിക്കുകളുടെ ചരിത്രവല്‍ക്കരണം ആരംഭിയ്ക്കുക.

ഡി.ഡി. കൊസാംബിയും രാഹുല്‍ സംകൃത്യായനും സങ്കാലിയയും കുട്ടികൃഷ്ണമാരാരും എ.കെ. രാമാനുജനും വെന്‍ഡി ഡോണിഗറും പഠിപ്പിച്ചുതരുന്ന ആദ്യ പാഠം അതാണ്. ആ വഴിയേ ആണ് സുനിലും ചരിയ്ക്കുന്നത്, സുനിലിന്റെ തനിമയോടെ, എന്നാല്‍ ചരിത്രബോധത്തോടെ. ചരിത്രമാണ് സുനിലിന്റെ തെളിമ. ആ തെളിമയുള്ളതു കൊണ്ടാണ് നവോത്ഥാനത്തിലേക്കും ശ്രീനാരായണഗുരുവിലേയ്ക്കും മാര്‍ക്‌സിലേക്കും എം.എന്‍. വിജയനിലേയ്ക്കും ക്ലാസിക്കുകളിലേയ്ക്കും സഞ്ചരിക്കുമ്പോള്‍ പുതിയൊരു ഉന്മേഷം സുനിലിന് കിട്ടുന്നത്. ആ ഉന്മേഷമാണ് നമുക്ക് ആത്യന്തികമായി സുനിലില്‍ നിന്നും പകര്‍ന്നു കിട്ടുന്നതും. അതുകൊണ്ട് തന്നെയാണ് ഒരു തുറന്ന പ്രദേശമായി മഹാഭാരതത്തെ കാണാന്‍ സുനിലിന് കഴിയുന്നത്.

ചരിത്രത്തിന്റെ മഹാപ്രസ്ഥാനം
ക്ലാസിക്കുകളെ അടഞ്ഞ ഇടമായി കാണുന്നവരോട് സുനില്‍ നടത്തുന്ന സമരമായി ഈ പുസ്തകത്തെ വായിക്കാനാകും. ജയത്തില്‍ നിന്ന് മഹാഭാരതത്തിലേയ്ക്കുള്ള പരിണാമത്തെ, കടന്നുകഴിഞ്ഞാല്‍ കത്തിച്ചു കളയുന്ന പാലങ്ങളുടെ ചരിത്രമായല്ല സുനില്‍ വായിക്കുന്നത്.

ചരിത്രത്തിന്റെ മഹാപ്രസ്ഥാനത്തെ വായിക്കുക എന്ന മഹത്തായ അദ്ധ്വാനം ഏറ്റെടുക്കാന്‍ സുനില്‍ മടിക്കുന്നേയില്ല. രാമായണത്തെക്കുറിച്ചുള്ള തന്റെ പoനത്തില്‍ ഫ്രഞ്ച് പരികല്‍പനകളായ സുജെറ്റ്, റെസിറ്റ് എന്നിവയെ എ.കെ.രാമാനുജന്‍ വികസിപ്പിക്കുന്നുണ്ട്. സുജെറ്റ് എന്നാല്‍ ഇംഗ്ലീഷില്‍ സ്റ്റോറി. കഥ. റെസിറ്റ് എന്നാല്‍ ഡിസ്‌കോഴ്‌സ് , വ്യവഹാരം. അവയെ കഥയും കഥനവുമാക്കി ഇന്ത്യന്‍ പശ്ചാത്തലത്തോട് ചേര്‍ത്തുവെയ്ക്കുന്നു രാമാനുജന്‍. കഥ അടഞ്ഞതാണ്. കഥനം തുറന്നതും. സുനിലും ഏതാണ്ട് ഇമ്മട്ടിലാണ് മഹാഭാരതത്തെ പിന്‍തുടരുന്നത്. ഒരു വ്യത്യാസമുള്ളത്, രാമാനുജന്‍ കഥയ്ക്കുള്ളിലെ കഥനത്തിന്റെ വഴികളെ അസാമാന്യമായ ധൈഷണിക സര്‍ഗാത്മകതയോടെ പിന്‍തുടരുമ്പോള്‍ സുനില്‍ അത് ചെയ്യുന്നത് ചരിത്ര വായനയുടെ സങ്കേതങ്ങള്‍ ഉപയോഗിച്ചാണ് എന്നതിലാണ്. അതിനാല്‍ രാമാനുജന്റെ ഘടനാവാദത്തോടുള്ള ചായ്‌വ്, സുനിലില്‍ ചരിത്രവാദത്തോടുള്ള ചായ്‌വായിത്തീരുന്നു. മാര്‍ക്‌സിസത്തിന്റെ വികാസം സുനില്‍ തേടുന്നത് അതിന്റെ ചരിത്രസാപേക്ഷികതയില്‍ ആണ്. അനേകായിരം മാര്‍ക്‌സിസ്റ്റുകള്‍ക്കിടയില്‍ സുനില്‍ തന്റെ വഴി കണ്ടെത്തുന്നത് അങ്ങനെയാണ്. മതേതരത്വമെന്നാല്‍ ശാസ്ത്രീയയുക്തിയെ ആശ്രയിച്ച് മാത്രം വളരുന്ന സങ്കല്‍പമല്ല. അത് നൈതിക ബോധമാണ്. മതനിഷേധം എന്നതിനേക്കാള്‍ തന്റെ വളര്‍ച്ചാ വഴികളില്‍ മതത്തെപ്പോലും ഉള്‍ക്കൊള്ളിക്കാന്‍ കെല്‍പുള്ള ഒന്ന്. ബാബ്‌രി മസ്ജിദിന്റെ തകര്‍ച്ചയ്ക്ക് ശേഷം മലയാളത്തിലുണ്ടായ പ്രസിദ്ധ കവിതയില്‍, കെ.ജി.എസിന്റെ തത്വചിന്തയുമായി ഞാന്‍ ഉലാത്തുമ്പോള്‍ എന്ന കവിതയില്‍, ബോധോദയത്തിന് ഇക്കാലത്ത് ബോധിത്തണല്‍ ആവശ്യമില്ല എന്ന് പറയുന്നുണ്ട്. പക്ഷെ, ബോധിത്തണലിന്റെ ചരിത്രം അതില്‍ അന്തര്‍ലീനമാണ്. ഇതറിയാത്തവര്‍ സംസ്‌ക്കാരത്തിന്റെ ഘടനയില്‍ മുളച്ച ആലിനെ അനുഷ്ഠാനപൂര്‍വ്വം ആരാധിക്കുന്നു. അത് സംസ്‌ക്കാരത്തിന്റെ വാസ്തുവിനെ തകര്‍ക്കും എന്നോര്‍ക്കാതെ.

നമ്മുടെ കാലത്ത് ഇതാണ് സംഭവിക്കുന്നത്. ഭൂതാരാധന വര്‍ത്തമാനത്തെ തളംകെട്ടി നിര്‍ത്തുന്നു. ഒന്നും പുതുതായി പറയേണ്ടതില്ലെന്നത് ഫാസിസത്തിന്റെ ലക്ഷണങ്ങളില്‍ ഒന്നായി ഉംബെര്‍ട്ടോ എക്കോ നമ്മെ ഓര്‍മിപ്പിച്ചു. ലക്ഷണം മാത്രമല്ല അതെന്ന് നമുക്ക് അറിയാം. അതൊരു തീരുമാനം കൂടിയാണ്. പഴയ അര്‍ത്ഥം കുടിയിരിക്കുന്ന ഗ്രന്ഥം വായിക്കുമ്പോള്‍ നാം പഴഞ്ചരാകുന്നു എന്നാണര്‍ത്ഥം. പുതു പുതു അര്‍ത്ഥങ്ങളുടെ ലോകത്തേയ്ക്ക് പഴയ പാഠത്തെ കഥനമാക്കുമ്പോള്‍ നാം സ്വയം പുതുക്കപ്പെടുകയാണ്. അങ്ങനെ പുതുക്കപ്പെടാന്‍, നമ്മുടെ പഴഞ്ചന്‍ കോശങ്ങളില്‍ നിന്ന് നമ്മുടെ ചിന്തയെ രക്ഷിക്കാന്‍ ഈ പുസ്തകം സഹായിക്കും എന്നത് ഒരു ഒന്ന്, ഒന്നര ഉറപ്പാണ്. മലയാളത്തില്‍ നീണ്ടകാലത്തിനുേേശഷമാണ് ഇത്തരം ഒരു പുസ്തകം ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ ഈ പുസ്തകം മലയാളികളില്‍ നീറിപ്പിടിക്കട്ടെ എന്നാശിക്കുന്നു.

പുസ്തകം വാങ്ങാൻ സന്ദർശിക്കുക

പുസ്തകം ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക

കടപ്പാട് ട്രൂകോപ്പി തിങ്ക് മീഡിയ

 

Comments are closed.