DCBOOKS
Malayalam News Literature Website

മതിലുകളുടെ ആത്മഭാഷണം…!

Saharaveeyam
By: Junaith Aboobaker

മതിലുകളെക്കുറിച്ചും അവ മനുഷ്യരെ പകുത്തു മാറ്റുന്നതിനെക്കുറിച്ചും അതീവ സുന്ദരമായി മുൻപ് എഴുതിയത് ബഷീറായിരുന്നു. തടവറ മതിലുകൾക്ക് അപ്പുറത്തും ഇപ്പുറത്തും നിന്ന് സാറാമ്മയും കേശവൻ നായരും നടത്തിയ ഹൃദയ ഭാഷണങ്ങൾ കാരമുള്ളുപോലെ നമ്മളിൽ ആഞ്ഞു തറച്ചത് ഇടയിലൊരു മതിൽ ഉണ്ടായതു കൊണ്ടാണ്. അഥവാ മതിൽ കാഴ്ചയെയും ജീവിതത്തെയും തിരസ്കരിച്ചതിനാലാണ്.

മതിലുകളുടെ ആത്മഭാഷണമാണ് ജുനൈദ് അബൂബക്കറിൻ്റെ ‘സഹറാവീയം’ എന്ന നോവൽ. നാം ലോകാത്ഭുതമെന്ന് അടയാളപ്പെടുത്തുകയോ അത്ഭുതാദരങ്ങളോടെ കാണുകയോ ചെയ്യുന്ന മതിലുകൾക്കിപ്പുറത്ത് വിഭജിക്കപ്പെട്ടുപോയ മനുഷ്യരിലേക്ക് തുറക്കുന്ന വാതിൽ. സഹാറ മരുഭൂമിയെ രണ്ടായ് പിളർത്തി 2700 കിലോമീറ്ററിൽ പരന്നൊഴുകുന്ന ബേം എന്ന മതിൽ പറിച്ചെറിഞ്ഞ ഒരു ജനതയുടെ ആത്മകഥ കൂടിയാണ് ഈ നോവൽ. രണ്ടു ലക്ഷം വരുന്ന സഹറാവികളെ ജന്മദേശത്ത് നിന്ന് ആട്ടിപ്പായിച്ച് കെട്ടിപ്പൊക്കിയ നിർമിതി.സഹറാവികളുടെ ചോരയിൽ, കണ്ണീരിനാൽ പടുത്ത, ഇരവിഴുങ്ങി വയറു വീർത്ത കൂറ്റൻ മലമ്പാമ്പു പോലെ അത് മരുഭൂമിയിൽ അനക്കമറ്റ് കിടക്കുന്നു.
നാടോടി ജീവിതത്തിൻ്റെ ശാന്തതയിൽ നിന്ന് മൊറാക്കൻ പട്ടാളത്തിൻ്റെ അധിനിവേശത്താൽ പിറന്ന മണ്ണിൽ തിരസ്കൃതരായ ഒരു ജനതയെ പരിചയപ്പെടുത്തുകയാണ് ജുനൈദ്.

Textയുദ്ധക്കെടുതികളാൽ ദുരിതമനുഭവിച്ച രാജ്യങ്ങളിൽ നിന്ന് ഉയിരെടുക്കുന്ന ജീവിത കഥകളുടെ പരിഭാഷകൾ മാത്രം പരിചയമുള്ള മലയാളത്തിന് ലഭിച്ച സുന്ദരമായ രചന. നദിയ മുറാദിനെ പോലെ ജസീക ഒമറിൻ്റെ വേദനകൾക്കൊപ്പമുള്ള സഞ്ചാരം. അഞ്ചു കിലോയിലധികം ഭാരമുള്ള വസ്തു പതിഞ്ഞാൽ പൊട്ടിത്തെറിക്കുന്ന ഉഗ്രമായ പ്രഹര ശേഷിയുള്ള,മണലാഴങ്ങളിൽ ഒളിച്ചുവെച്ച മൈനുകളെ മറികടന്നുള്ള യാത്രയിൽ വായനക്കാരന് ശ്വാസം മുട്ടും. അടുത്ത കാൽവെപ്പിൽ ജീവൻ നൂറു തുണ്ടുകളായി ചിതറിതെറിക്കുമോയെന്ന ഭീതിയിൽ ജീവിക്കുന്ന ജനതയെ വായിക്കുമ്പോൾ ശ്വാസം നിലക്കാതിരിക്കുന്നത് എങ്ങിനെയാണ്!

മരുഭൂമിയിലെ നടത്തം പോലെ നമ്മെ വല്ലാതെ ഉലയ്ക്കുന്നതാണ് സഹറാവീയത്തിൻ്റെ വായന. വെന്തുപോകുന്ന ഉഷ്ണവും മണൽക്കാറ്റിൻ്റെ പുഴുക്കവും കലർന്ന് മനസ് അശാന്തമാകും. സ്വാതന്ത്ര്യമെന്ന ആത്മാഭിമാനത്തിന് വേണ്ടി കാലങ്ങളായി പൊരുതുകയും ഉള്ളിലെ തീച്ചൂടിനെ കാത്തുവെക്കുകയും ചെയ്യുന്ന സഹറാവികൾ അപ്പോഴും നമ്മെ മരുഭൂമിയിലെ മണൽപ്പരപ്പ് മുറിച്ചുള്ള നടത്തത്തിന് പ്രേരിപ്പിക്കും. ചരിത്രത്തെ സമഗ്രമായി അടയാളപ്പെടുത്തുന്നതിനാൽ സഹറാവീയം ചരിത്ര പുസ്തകമാണ്, ഭാവനയെ പുൽകുന്നതിനാൽ ഫിക്ഷനും. അതിർത്തികളിൽ പരാജിതരും വിജയികളുമില്ലാത്ത യുദ്ധത്തിൻ്റെ വെടിയൊച്ചകൾ മുഴങ്ങവേ, ഊതിപ്പെരുപ്പിച്ച രാജ്യസ്നേഹത്തിൻ്റെ കാതടപ്പിക്കുന്ന ഘോഷങ്ങൾക്കിടയിൽ നമ്മൾ അതിർത്തിയിൽ പൊലിഞ്ഞ ഇരു രാജ്യങ്ങളിലേയും പട്ടാളക്കുപ്പായമണിഞ്ഞ മനുഷ്യരുടെ നിലവിളികൾ മായ്ച്ച് കളയവേ ഇതിലും ഉചിതമായ വായന മറ്റേതാണ്?

പുസ്തകം വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ജുനൈദ് അബൂബക്കറിന്റെ സഹറാവീയം എന്ന നോവലിന് സതീഷ് കുമാര്‍ എഴുതിയ വായനാനുഭവം.

Comments are closed.