DCBOOKS
Malayalam News Literature Website

‘മൂന്നു നേരത്തെ വിശപ്പടക്കാന്‍ കെല്‍പില്ലാത്തവരോട് ആത്മാവിനെക്കുറിച്ച് പറഞ്ഞിട്ട് എന്തുകാര്യം?’

CHAVUNILAM By : MATHEWS P F
CHAVUNILAM
By : MATHEWS P F

പി എഫ് മാത്യൂസിന്റെ ചാവുനിലം എന്ന നോവല്‍ എഴുതപ്പെട്ടിട്ട് 24 വര്‍ഷം പിന്നിടുകയാണ്. എഴുതപ്പെട്ട് കാല്‍നൂറ്റാണ്ട് പിന്നിടുമ്പോഴും നോവലിന്റെ പ്രസക്തി ഒട്ടും കുറയുന്നില്ല. തുരുത്തുകള്‍ കടന്ന് ദേശങ്ങളും കാലങ്ങളും കടന്ന് അത് വിസ്തൃതമായിക്കൊണ്ടേയിരിക്കുന്നു. പി എഫ് മാത്യൂസിന്റെ ‘ചാവുനില‘ ത്തിന് സുരേഷ് നാരായണന്‍ എഴുതിയ വായനാനുഭവം.

എഴുത്തിന്റെ ഏകാന്ത രാത്രികളില്‍ മാര്‍ക്കസ് ആവണം മാത്യൂസിനു കൂട്ടിരുന്നത്. ആ സ്വാധീനത്താല്‍ തെളിയുന്നുണ്ട് ചാവുനിലത്തിന്റെ അടിത്തട്ടുകള്‍. വിശുദ്ധ പിശാചുക്കളുടെ നിഴലുകള്‍ നീണ്ടുകിടക്കുന്ന തിന്മയുടെ തുരുത്ത്. അതാണ് ചാവുനിലത്തിന്റെ ആഖ്യാന ഭൂമിക.

പുസ്തകം തുറക്കുമ്പോള്‍ ഇതുവരെ പരിചയിച്ചിട്ടില്ലാത്ത ഉപ്പുമണമുള്ള ഒരു കാറ്റ് നിങ്ങളുടെ മുഖത്തടിക്കും, തീര്‍ച്ച!

പാപത്തിന്റ കറുത്ത രക്തമോടുന്ന തുരുത്തിന്റെ ധമനികള്‍. വൈകാരികതയുടെ വൈരൂപ്യമണിഞ്ഞ ഊഷരഭൂമി.

മിഖേലാശാനില്‍ നിന്നാരംഭിച്ച ആ ചരിത്രം ഈശിയുടെ അഴിയാത്ത ശവം പോലെ അപൂര്‍ണ്ണമായി തുടരുന്നു.

പാപവും മരണവും ഒത്തു ചേരുന്ന അവിശുദ്ധകൂട്ടുകെട്ടാല്‍ നടത്തപ്പെടുന്ന ആഭിചാരങ്ങളില്‍ നിഷ്‌ക്രിയരായിപ്പോകുന്നവരുടെ നിലവിളികളാല്‍ നോവലിനകം സദാമുഴങ്ങുന്നു.

ഈശിയുടെ ആകസ്മികമായ മരണത്തില്‍ നിന്നാരംഭിച്ച്, മുന്നോട്ടും പുറകോട്ടും വശങ്ങളിലേക്കും സഞ്ചരിച്ചു സഞ്ചരിച്ച് ആ ‘ചാവുകളി’ പേറുവിന്റെ മരണത്തില്‍ ലോകാവസാനം കാണുന്നു.’ചുവന്ന കണ്ണുകളുടെ സന്ധ്യയും കടന്ന് ഉഷസും കടന്ന് ആറു രാവും ആറു പകലും മഴ നിര്‍ത്താതെ നീണ്ടു പെയ്യുന്നു.’

പാപത്തിന്റെയും മരണത്തിന്റെയും മതിമറന്നുള്ള ഈ വേഴ്ചകളെ മാത്യൂസ് അതിമനോഹരമായ വിഷ്വല്‍സിന്റെ തൊങ്ങലുകളാല്‍ കണ്ണു കിട്ടാതെ കാക്കുന്നു!

‘അന്ധകാരം മൂടിപ്പൊതിഞ്ഞ പാഴ്‌നിലത്തിലെ മാളിക വീട് പെട്ടെന്ന് ജ്വലിക്കാന്‍ തുടങ്ങി. മൈലമ്മയുടെ ശിരസ്സ് മുതല്‍ കാല്‍വെള്ള വരെ തരിച്ചുപോയി. വെള്ളനിറമുള്ള ജ്വാലകള്‍. അത് ബാര്‍ബരയുടെ മുറിയില്‍ നിന്നാണ് ..മറ്റു മുറികളില്‍ എല്ലാം കുറ്റാക്കൂരിരുട്ട് മാത്രം.. മുറിയിലെ കിളിവാതില്‍ കത്തിയടര്‍ന്നുവീണു; പിന്നാലെ ഇരുണ്ട പുക കുമിഞ്ഞൊഴുകാന്‍ തുടങ്ങി..പരിസരങ്ങളില്‍ കരിഞ്ഞ മണം മാത്രം.. കിളിവാതിലിലൂടെ ഇറങ്ങിവന്ന ചാരം കറുത്ത ശലഭങ്ങളെ പോലെ തൊടിയിലാകമാനം പറന്നു കളിച്ചു’.

ഇതിനെ നേരിയ വ്യത്യാസത്തില്‍ തോല്‍പ്പിക്കുന്നു ഒരനുഷ്ഠാനം പോലെയുള്ള പതിമൂന്നാം അധ്യായം. മാലാഹ റപ്പയ്ക്ക് അന്ത്യകൂദാശ കൊടുക്കാന്‍ വരുന്ന യോനാസച്ചന്‍.മരണത്തിന്റെ നിശ്വാസം പിന്‍കഴുത്തില്‍ വന്നു തട്ടുന്ന രീതിയിലാണ് അതിന്റെ വിവരണം..

‘മൂന്നാമതൊരാളുടെ വീക്ഷണത്തില്‍ യോനാസച്ചന്‍ ആ മുറികണ്ടു. ആരോരുമില്ലാത്ത ഒരു ശവം . അതിന്റെ കാല്‍ക്കല്‍ കാവലാളായി ളോഹ അണിഞ്ഞ വൃദ്ധനായ ഒരു പാതിരി’. വിളക്ക് Textഅണയുകയാണ്..കുറച്ച് സമയത്തിനുശേഷം കപ്പ്യാര്‍ വന്നു നിലത്തിരുന്ന് കൂടു പൊട്ടിച്ച് മെഴുകുതിരി കൊളുത്തിവയ്ക്കുമ്പോള്‍ ആ ഒറ്റമഞ്ഞവെളിച്ചത്തില്‍ റപ്പയുടെ മുഖം ഗംഭീരമായി അനുഭവപ്പെടുന്നു.

മാത്തപ്പന്‍ അന്നയെ ഓര്‍ക്കുന്ന സമയത്തും ഇതേ വിഷ്വല്‍ ബാന്‍ഡ് മേളം ഉയരുന്നുണ്ട്. ‘ഇരുട്ടില്‍ മിന്നാമിനുങ്ങിന്റെ തെളിച്ചം പോലെ മെഴുകുതിരിക്കാലുകള്‍ അകന്നകന്നു പോകുന്നു. തോട്ടുവെള്ളം ആ പ്രകാശ കണികകളെ അത്രയും പ്രതിഫലിപ്പിച്ചു. മരമണിയൊച്ച അകലുകയാണ്..ദൂരെ രാത്രി ഇറങ്ങിവന്ന തോട്ടിറമ്പിലെ നിരത്തിലൂടെ അമ്മയും സബേത്തും നടന്നു പോകുന്നത് മാത്തപ്പന്‍ കണ്ടു’.

കുറച്ചുകഴിയുമ്പോളാകട്ടെ ഈ കൊടുങ്കാറ്റ് നമ്മെ വട്ടം ചുറ്റിച്ചു നിലത്തടിക്കുകയും ചെയ്യുന്നുണ്ട്.. അഗ്‌നീസയെ തേടിയിറങ്ങുന്ന ഈനാശുവിന്റെ നിശാസഞ്ചാരത്തില്‍ തോപ്പിലെ തെങ്ങിന്‍തടികള്‍ എല്ലാം വളഞ്ഞുപുളഞ്ഞ് സര്‍പ്പാകാരം കൈവരിക്കുന്നു ..കാഴ്ച തെളിയുന്നു… ‘മണലില്‍ നിഴലുകളാടുന്നത് കണ്ടപ്പോള്‍ അവന്‍ മുകളിലേക്ക് നോക്കി.

വര്‍ഷങ്ങള്‍ക്കപ്പുറം ആ മരത്തിന്റെ ശിഖരത്തില്‍ തൂങ്ങിച്ചത്ത പപ്പടക്കാരന്‍

രാമക്കിണിയുടെ ശവം അതേപടി തൂങ്ങിക്കിടക്കുന്നു. കാലങ്ങളുടെ ധൂളിയും മഞ്ഞു നനഞ്ഞ മാറാലയും കെട്ടി, നേര്‍ത്ത കാറ്റില്‍ അത് മെല്ലെ ആടി. ചൂടിക്കയറിന്റെ കിരുകിരുപ്പ് ..’

ദുരാത്മാക്കളുടെ ഈ കാന്തിക വലയത്തില്‍ വായനക്കാരനും പെട്ടുപോകുന്നു. പേറുവിന്റെ മരണം വിവരിച്ചിരിക്കുന്നത് നോക്കൂ.. ‘ഇടവകപ്പള്ളിയില്‍ ചാവു മണി തേങ്ങി കൊണ്ടേയിരുന്നു. ഓരോ മണിയൊച്ചയിലും അനേകം പ്രാവുകള്‍ ചിറകടിച്ചുയര്‍ന്നു.അവ

തുരുത്തിന്റെ വിളറിയ ആകാശത്തു കാര്‍മേഘം പോലെ പറന്നലഞ്ഞു.. ‘

ഈ വരികളിലൂടെ മാത്യൂസ് നമ്മെ വെല്ലുവിളിക്കുന്നു; നിങ്ങള്‍ ഒരു സെമിത്തേരിക്കമാനത്തില്‍ ഈ പുസ്തകം കൊണ്ടുപോയി വായിക്കൂ. അകത്തുനിന്നാ ആരെങ്കിലുമൊക്കെ ഇറങ്ങി വരും.!

തിന്മയ്ക്ക് ഇത്ര സൗന്ദര്യമുണ്ടോ എന്നാശ്ചര്യപ്പെട്ടു ബുക്കടച്ചു വെക്കുമ്പോള്‍ ഈശിയുടെ നിഷ്‌കളങ്കമായ ചോദ്യം കാതില്‍ മുഴങ്ങും;

‘അച്ചോ ,ഈ സെബസ്ത്യാനോസു പുണ്യാളനും ചോമ്മാര്‌ടെ കാളീം ആങ്ങളയും പെങ്ങളും ആണോ..?’

മരിച്ചു പോയാലും മണ്ണില്‍നിന്ന് പൊടിച്ചുയര്‍ന്ന് കഥകളായി പരിണമിച്ച് ഈ കഥാപാത്രങ്ങള്‍ നമ്മുടെ മനസ്സ് കീഴടക്കുക തന്നെ ചെയ്യും .. പാപത്തിന്റെ വസൂരിക്കലകള്‍ നിറഞ്ഞ പേറുവിന്റെ ചൂരടിക്കുമ്പോള്‍

ഹൗ ഡാര്‍ക്ക് എന്നുപറയുന്ന വായനക്കാരന്‍ പക്ഷേ യോനാസച്ചന്റെ ആത്മഗതം ഒരിക്കലും മറക്കില്ല,

‘മൂന്നു നേരത്തെ വിശപ്പടക്കാന്‍ കെല്‍പില്ലാത്തവരോട് ആത്മാവിനെക്കുറിച്ച് പറഞ്ഞിട്ട് എന്തുകാര്യം?’ .

 

 

Comments are closed.