DCBOOKS
Malayalam News Literature Website

ഒരു ഗ്ലോബല്‍ വില്ലേജ് സ്വപ്നം

SAMBARKKAKRANTHI By : SHINILAL V
SAMBARKKAKRANTHI
By : SHINILAL V

വി. ഷിനി ലാലിന്റെ ‘സമ്പർക്കക്രാന്തി ‘ എന്ന പുസ്തകത്തിന്  നസീറുദീന്‍ മുളവന്‍കാട് എഴുതിയ വായനാനുഭവം.

ജനുവരി 23 ന് തിരുവനന്തപുരത്തു നിന്ന് ആരംഭിച്ച് 56 മണിക്കൂര്‍കൊണ്ട് 22 ബോഗികളിലെ 18 ഭാഷക്കാരെയും വഹിച്ച് 3420 കിലോമീറ്റര്‍ താണ്ടി ചാണ്ഡിഗഡീലേക്കുള്ള സമ്പര്‍ക്കക്രാന്തി എക്‌സ്പ്രസ്സില്‍ ഞാനും. ട്രാവലോഗര്‍ കരംചന്ദ്. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍, ജോണ്‍. അതിരടയാളങ്ങള്‍ മായ്ച്ച് പാക്കിസ്ഥാനി കുഞ്ഞിനെ ഗര്‍ഭം ധരിച്ച സമീറ ഫാത്തിമ്മ. കൊടുങ്ങല്ലൂരില്‍ ജനിച്ച് ബോംബയില്‍ വളര്‍ന്ന് ദുബായില്‍ ചേക്കേറിയവള്‍. അവള്‍ നിരന്തരം അതിര്‍വരമ്പുകള്‍ ഭേദിച്ചുകൊണ്ടേയിരിക്കുന്നു. പോകുന്നിടങ്ങളിലെല്ലാം കടുക് മണി വിതറി ലോകം മുഴുവന്‍ മഞ്ഞ വസന്തം സ്വപ്നം കാണുന്നവള്‍ !

നാളെയുടെ പ്രതീക്ഷകളായ വിദ്യാര്‍ത്ഥി സംഘം. ജീവിതസായാഹ്നത്തില്‍ ദൈവങ്ങളെ തേടി ഭക്തി ചങ്ങല തീര്‍ക്കുന്ന തീര്‍ത്ഥാടകക്കൂട്ടം. വിശപ്പു കാളുന്ന വയറിനൊരാശ്വാസം തേടി മഹാനഗരിയിലേക്ക് ജോലി തേടിപോകുന്ന ഊശാന്‍താടിക്കാരന്‍ യുവാവ്. ട്രെയ്‌നിലെ ജലവിപ്ലവത്തിന്റെ രക്തസാക്ഷി. നേരത്തോട് നേരം കഴിഞ്ഞ ശൗച്യശൂചികരണത്തിന് പാന്‍ട്രികാറില്‍ നിന്ന് മിനറല്‍ വാട്ടര്‍ കവര്‍ന്നതിന് ഗോവയില്‍ അറസ്റ്റിലായി സ്വപ്നംങ്ങള്‍ കരിഞ്ഞ ഇന്ത്യയുടെ തൊഴില്ലില്ലാപ്പടയുടെ പ്രതിനിധി. സൗജന്യ വെള്ളം ഉറപ്പ് വരുത്തേണ്ട ഭരണകൂടം അത് കുപ്പികളിലാക്കി വിപണന ചരക്ക് ആക്കുന്നു. മറുഭാഗത്ത് ഈ വിധം കൊടിയ നീതി നിഷേധവും.

സ്മാര്‍ത്തവിചാരം കഴിഞ്ഞ് ജഡ്ജിയിലേക്ക് വിരല്‍ ചൂണ്ടി ലേഖാ നമ്പൂതിരി കോഴിക്കോട്ടു നിന്ന്. പോത്ത് കച്ചവടക്കാരന്‍ കറിയയുടെ ഗര്‍ഭം ധരിച്ച് പന്‍വേലില്‍ ഇറങ്ങുന്നു. മഹാനഗരത്തിന്റെ ചുവന്ന തെരുവില്‍ അഭയം തേടി ആകാം. ജീവിതത്തിന്റെ ചുറ്റും നടക്കുന്നതൊക്കെ സംശയക്കണ്ണില്‍ വീക്ഷിക്കുന്ന സംശയംവൃദ്ധ. വിഭിന്ന സംസ്‌ക്കാര പശ്ചാത്തലത്തില്‍ നിന്നെത്തുന്ന ഠഠഞ മാര്‍, ആംഗ്ലോ ഇന്ത്യന്‍വേരുകളുമായി ക്യാപ്റ്റന്‍ ലൂയിസ് ഫുള്‍ട്ടന്‍ കാര്‍വാലോ. ഗുജറാത്ത് മഹിമ വാതോരാതെ വിളമ്പി വഡോദരാ സ്‌റ്റേഷനില്‍ മണി ഈച്ചയുടെ ചുംബനം ഏറ്റുവാങ്ങി മധ്യവയസ്‌ക്ക. പിന്നെ ഭാവനയിലെ ധബോല്‍ക്കര്‍ സാന്നിധ്യം. ‘ദ്വി’ എന്ന നേതാവ്, ചരിത്രമില്ലാത്ത കുട്ടി. തീര്‍ത്തും സാങ്കല്‍പ്പിക കഥാപാത്രങ്ങള്‍ക്കൊപ്പം ചരിത്രമായി കടന്നു വരുന്ന സങ്കല്‍പ്പം ‘കരിമന്‍’ എന്ന ആദി ആഫ്രിക്കന്‍ കരുത്ത്. ചരിത്രത്തില്‍ നിന്ന് അല്‍മേഡ, കടല്‍കൊള്ളക്കാരന്‍, മാനുവല്‍ രാജാവിന്റെ സമുദ്രസൈന്യാധിപന്‍. മറ്റ് അനേകം യാത്രക്കാര്‍… ശ്രീ. ഷിനിലല്‍ എന്ന നോവലിസ്റ്റ് എന്‍ജിന്‍ െ്രെഡവറായ ‘സമ്പര്‍ക്കക്രാന്തി‘ !

തീവണ്ടി, ഇന്ത്യയുടെ ബയോപ്‌സി പീസ് ആകുന്നു! ജീവിതത്തിലും ഘടനയിലും.
വിവിധ സംസ്‌ക്കാരങ്ങളുടെയും ജീവിതങ്ങളുടെയും നാനാത്വം നിറഞ്ഞ നൂറ്റി മുപ്പത് കോടി. അവരിലെ ഏകത്വം. അതാണ് ഇന്ത്യ.

ഏതുനിമിഷവും അടര്‍ന്നുമാറാവുന്നതും കൂട്ടിയോജിപ്പിക്കാവുന്നതുമായ കൊളുത്തുകളില്‍ ബന്ധിച്ചോടുന്ന ഇന്ത്യയുടെ പരിച്ഛേദമായ തീവണ്ടി. ഇന്ത്യയുടെ ആത്മാവിലൂടെ ഓടുന്ന തീവണ്ടി. കോച്ചുകളില്‍ നിറയുന്നത് ഈ മഹാരാജ്യത്തിന്റെ നാഡീസ്പന്ദം. നോവലിസ്റ്റ് ആ യാത്രക്കാരിലൂടെ ഇന്ത്യയുടെ ചിത്രം വരക്കുന്നതാണ് സമ്പര്‍ക്കക്രാന്തിയുടെ ബാഹ്യഭാഗം. ഇദംപ്രഥമായൊരു ട്രെയിന്‍ നോവല്‍. ചരിത്ര സ്മരണയായി ആവി യന്ത്രമായ ‘വാണ്ടററേ’യും ഈ യാത്രയില്‍ ബന്ധിപ്പിക്കുന്നു. നോവല്‍ ഭാവനയില്‍ ജീവന്‍വയ്ക്കുന്ന ആ ബ്രിട്ടീഷ് നിര്‍മ്മിതി, സമ്പര്‍ക്കക്രാന്തിയെ സ്വതന്ത്ര കോച്ചുകളാക്കി അടര്‍ത്തി ഭൂപാളത്തില്‍ തലങ്ങുംവിലങ്ങും ലക്ഷ്യമില്ലാതെ ഓട്ടിക്കുന്നു. ഫലത്തില്‍ സമ്പര്‍ക്കക്രാന്തി അപ്രത്യക്ഷം. ഓരോ മനുഷ്യവര്‍ഗ്ഗങ്ങളെയും പേറി ചെറുഗോത്രങ്ങളായി അലഞ്ഞ ആ ദൃശ്യത്തില്‍ ഇന്ത്യയും അപ്രസക്തം. വര്‍ത്തമാനഭരണകൂടം സെല്ലുകളിലായി വിഭജിപ്പിക്കുന്ന ഇന്ത്യ! അനുകൂല സാഹചര്യം ഒരുങ്ങിയാല്‍ മുതലെടുപ്പിന് വിദേശിക്ക് പോലും ഒരു ബാല്യം ബാക്കി !

ഒരു സാദാ തീവണ്ടിയാത്രയിലെ മുഹൂര്‍ത്തങ്ങളൊന്നും വിട്ട്‌പോകാത്ത നരേഷന്‍. അതിലൂടെ വര്‍ത്തമാന ഇന്ത്യ കളം നിറയുന്നു. ഓരോ സ്‌റ്റേഷന്റെയും പശ്ചാത്തലചരിത്രം അയവിറക്കി ഇന്ത്യയുടെ ചരിത്രവും ഭൂതവും, ഏറ്റുമുട്ടലുകളും, രാജപരമ്പരകളും യുദ്ധങ്ങളുമൊക്കെ സമ്പര്‍ക്കക്രാന്തിയില്‍ പുനരവതരിപ്പിക്കുന്നു. ഭൂതവും വര്‍ത്തമാനവും സന്ധിച്ചുരയുന്ന സ്ഫുലിംഗങ്ങളില്‍ രാജ്യത്തിന്റെ ഭാവി ആശങ്കകളും നോവലിസ്റ്റ് പങ്കുവയ്ക്കുന്നു.

ട്രാവലോഗ് കാരന്‍, ഗാന്ധിയുടെ പേര് ഓര്‍മ്മയില്‍ പേറുന്ന കരംചന്ദ്. ദില്ലിസ്‌റ്റേഷനില്‍ ഇറങ്ങുന്ന ഈ നായകന്റെ തുടര്‍ച്ചയായി ചരിത്രമില്ലാത്തകുട്ടി ചാണ്ഡിഗഡീലേക്ക് യാത്ര തുടരുന്നു. കരംചന്ദ് ശിരസ്സിലേറ്റിയ ഭാവനയാണവന്‍. ചരിത്രത്തില്‍ ഇടപെടാന്‍ കഴിയാത്ത മനുഷ്യന്റെ അസ്വസ്ഥതയായി മനുഷ്യനുള്ളയിടത്തെല്ലാം അവനുണ്ട്. ചെറു ഗാന്ധിമാര്‍ ചേര്‍ന്ന് മഹാത്മാഗാന്ധി ഉണ്ടാകുന്നത് പോലെ കരംചന്ദിന്റെ ചെറു സ്വപ്നങ്ങളുടെ മൂര്‍ത്തിയാണവന്‍. കഥാകാരന്റെയും.

പുസ്തകം വാങ്ങാൻ സന്ദർശിക്കുക

പുസ്തകം ഇ-ബുക്കായി ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക

ഇന്ത്യയുടെ ബ്രിട്ടീഷ് ബാന്ധവം അയവിറക്കി വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍, ടൈഗര്‍ സ്‌പെഷ്യലിസ്റ്റ് ജോണ്‍. കഥയുടെ ആന്തരിക പശ്ചാത്തലം ഒരുക്കുന്നത് ജോണിന്റെ
ഫോട്ടോഗ്രാഫ്‌സ് ഉദാഹരിച്ചാണ്. ബാഹ്യം ജോണ്‍ നിവര്‍ത്തിപ്പിടിച്ചിരിക്കുന്ന ‘ഇന്ത്യ എന്ന പുസ്തകവും’. അതിരടയാളങ്ങള്‍ രേഖപെടുത്തി, അതിര്‍ത്തി കടന്നാല്‍ യുദ്ധം അഥവാ മരണം പ്രഖ്യാപിക്കുന്ന ആണ്‍കടുവയെപ്പോലെ ഭൂമിയിലെവിടെയും അതിരുകളിടുന്ന ഭരണകൂടങ്ങള്‍. അത് പിന്‍പറ്റുന്ന ജനത. സിന്ദൂരം ചാര്‍ത്തി ബൂക്ക്ഡ് സൂചിപ്പിക്കുന്ന സ്ത്രീകള്‍ മുതല്‍ വീട്ടിലേക്ക് പ്രവേശനമില്ലന്ന് കൊടി കെട്ടി അതിരടയാളമിടുന്ന യുപിയിലെ ‘ശാദി കീ Textചണ്ഡ’.ഈ അതിരടയാളങ്ങള്‍ ജീവിത്തിന്റെ എല്ലാ തുറകളിലും ദൃശ്യമാണ്. യാത്രയില്‍ അവനവന്റെ സീറ്റിന്‍മേലുള്ള അധികാരവും ഈ ഭാവം തന്നെ.

ചലനമെന്ന മനുഷ്യസ്വത്വത്തെ ചങ്ങലക്കിട്ട് മൃഗങ്ങളെപ്പോലെ ടെറിട്ടറി അടയാളപ്പെടുത്തി ദേശങ്ങള്‍ പണിത മനുഷ്യന്‍! ടെറിട്ടോറിയല്‍ അനിമല്‍.

ജനങ്ങളില്‍ നിത്യവൈരം കുത്തിവച്ച് ഇല്ലാത്ത ശത്രുവിനെ പ്രതിഷ്ഠിച്ച് സ്വപ്നവ്യാപാരം നടത്തി സംഘബലത്തിലൂടെ അധികാരം അരക്കിട്ടുറപ്പിക്കുന്ന ഭരണകൂടം. സംഘമൃഗം.

എതിര്‍പ്പുകളെ വിധ്വംസപ്രവര്‍ത്തനങ്ങളിലൂടെ ഉന്‍മൂലനം. ധ്വംസനം! വിധ്വംസക ജീവി.

ഇപ്രകാരം മൂന്ന് ഭാഗങ്ങളിലായി നോവലിസ്റ്റ്, മനുഷ്യന്റെ ഈ മൃഗതൃഷ്ണയെ വര്‍ത്തമാന ഇന്ത്യയുടെ രാഷ്ട്രീയവുമായി ബന്ധപ്പെടുത്തി പറയുന്ന കഥയാണ് സമ്പര്‍ക്കക്രാന്തി. അതാണ് ഈ നോവലിന്റെ ആത്യന്തികമായ പൊരുള്‍.

പരിണാമത്തിന്റെ അടുത്ത ഘട്ടത്തില്‍ നിരര്‍ത്ഥകമായ ഈ അതിരുകള്‍ മായ്ച്ച് മനുഷ്യന്‍ കൂടുതല്‍ സ്വാതന്ത്രരാകുമെന്നു നോവലിസ്റ്റ് പ്രത്യാശിക്കുന്നു.

പുറമെ നിന്ന് നോക്കിയാല്‍ വെറും ഒരു തീവണ്ടി. പക്ഷെ, അത് ചലിക്കുന്ന ഇന്ത്യയാണ്. സംഭവങ്ങളുടെ ഘോഷയാത്ര. തീവണ്ടിയുടെ സഞ്ചാര ക്രമംപോലെ വര്‍ത്തമാന ഇന്ത്യയുടെ ഭീതിദയമായ മുഖം നോവലിലൂടനീളം ദൃശ്യമാകുന്നു.

‘ദ്വി’ എന്ന നേതാവ്. കോച്ചിനുള്ളില്‍ അയാള്‍ മനുഷ്യരെ പല തട്ടുകളില്‍ വിഭജിക്കുന്നു. ജാതി വിഭജനം. പിന്നെ സ്ത്രീപുരുഷ വിഭജനം. യുവമിഥുനങ്ങളുടെ ഒന്നിച്ചുള്ള യാത്രാ അപേക്ഷ നിര്‍ദ്ദയം തിരസ്‌കരിച്ച് ‘രാജ്യത്തിനു വേണ്ടി ഭാര്യയെ ഉപേക്ഷിച്ചവന്‍ ഞാന്‍.’ എന്ന ആത്മപ്രശംസ! ഭരണാധികാരിയുടെ വ്യക്തിജീവിത കാപട്യം പോലും പരാമര്‍ശിക്കുന്നു. സ്ലീപ്പര്‍ കോച്ചുകള്‍ ഭൂരിപക്ഷ സമുദായത്തിനടക്കം വീതിച്ച് അ/ഇ കോച്ചുകള്‍ പ്രിസെര്‍വ് ചെയ്യുന്ന നേതാവ്. ഭരണകൂടത്തിന്റെ ജാതിയില്‍ വിഷംപുരട്ടിയ കോര്‍പ്പറേറ്റ് പ്രീണനം വെളിവാക്കുന്നു. അസ്പൃശ്യതക്ക് അവധി നല്‍കി സംഘം ചേര്‍ന്ന് നടത്തുന്ന വര്‍ഗ്ഗീയ കലാപങ്ങള്‍. മറുവശത്ത് എല്ലാജാതി ഗ്രാമീണ കര്‍ഷകനും തീവണ്ടിയിലെ മരിച്ചവര്‍ക്കും മരണം കാക്കുന്നവര്‍ക്കുമായുള്ള ജനറല്‍ കംപാര്‍ട്‌മെന്റില്‍ സഞ്ചരിക്കുന്നു. അവന്റെ കുട്ടികള്‍ ആരാന്റെ ഭക്ഷണം കൈവിട്ടുപോകുന്നത് പിടിച്ചെടുക്കാന്‍ ഇരുകൈകളും നീട്ടി ദൈവകൃപക്കായി യാചിക്കുന്നു. വനാന്തരങ്ങളില്‍ നിന്നും ആരംഭിച്ച് ലോകത്താകമാനം പരന്നൊഴുകി സഹവര്‍ത്തിത്വത്തോടെ പ്രയാണം തുടര്‍ന്ന മനുഷ്യരെ പരസ്പരം ശത്രുക്കളാക്കി കള്ളികളിലും സെല്ലിലുമടച്ചു സ്വന്തം ജനതയെ അസ്വാസ്ഥ്യത്തിന്റെ തടവറയിലാ
ക്കുന്ന ഭരണകൂടം. അനിവാര്യമായ ഒരു പതനം അവരെ കാത്തിരിക്കുന്നു എന്ന് ട്രെയിനിലെ ‘ദ്വി’ എന്ന നേതാവിന്റെ പരാജയം കാട്ടി ഭാവനപൂര്‍വ്വം എഴുത്തുകാരന്‍ പറയുന്നു. മറുവശത്ത് മാനുവല്‍ രാജാവിന്റെ സമുദ്രാധിപന്‍, കടല്‍ക്കൊള്ളക്കാരന്‍, അല്‍മേഡയുടെ ദാരുണാന്ത്യം ചരിത്രത്തില്‍ നിന്ന് പകര്‍ത്തി മുന്നറിയിപ്പും നല്‍കുന്നു:

‘ഒരു ക്രൂരന്‍ ജനിക്കുമ്പോള്‍ വിഷം പുരട്ടിയ ഒരമ്പും ജനിക്കുന്നു. അതെയ്യാന്‍ ഒരു വേടനും.’

പുസ്തകം വാങ്ങാൻ സന്ദർശിക്കുക

പുസ്തകം ഇ-ബുക്കായി ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക

Comments are closed.