DCBOOKS
Malayalam News Literature Website

ആന്റിക്ലോക്കിലേക്ക് നോക്കാം…മരണത്തിന്റെ ചിറകടികള്‍ക്ക് കാതോര്‍ക്കാം

‘ജീവിതത്തി ഒറപ്പ് പറയവന്ന് ഒരേയൊരു സത്യോയുള്ളു ബിയാട്രിസ്, മരണം!. ഏത് പണക്കാരന്റെയും പാവപ്പെട്ടവന്റെയും ജീവിതത്തില് തീര്‍ച്ചയായും സംഭവിക്കും എന്ന് പറയാവുന്ന ഒരേയൊരു കാര്യം’.

ആന്റിക്ലോക്ക്- വി.ജെ.ജയിംസ്

ആന്റിക്ലോക്ക് എന്നു കേള്‍ക്കുമ്പോള്‍ രസകരമായൊരു പേര് ഉള്ളില്‍ ആണെങ്കിലോ മരണത്തിന്റെയും പ്രതികാരത്തിന്റെയും നിഗൂഢതയുടെയും സൂചികള്‍ കറങ്ങുന്നുണ്ട്.

ശവപ്പെട്ടി പണിക്കാരനായ ഹെന്റി ആണ് നോവലിലെ കേന്ദ്രകഥാപാത്രം. ആ കഥാപാത്രത്തിലൂടെയാണ് കഥയുടെ നിഗൂഢതയിലേക്ക് വായനക്കാരന്‍ യാത്ര പോകുന്നതും. കാലങ്ങളായി കാത്തുസൂക്ഷിച്ച പകയുടെയും പ്രതികാരത്തിന്റെയും കഥയാണ്. നായകനും പ്രതിനായകനും തമ്മിലുള്ള ഏറ്റുമുട്ടല്‍. പാവത്താനായ നായകനും പണത്തിന്റെയും പ്രതാപത്തിന്റെയും നിറവില്‍ ജീവിക്കുന്ന പ്രതിനായകനും.

പ്രത്യക്ഷത്തില്‍ വില്ലന്റെ ചെയ്തികള്‍ ഒന്നും പുറത്ത് വരുന്നില്ല. എല്ലാരും അയാളെ കുറിച്ച് വാഴ്ത്തുന്നു. ആകസ്മികമായി ഉണ്ടാകുന്ന പൊട്ടിത്തെറികളോടെ കഥ അവസാനിക്കുന്നു. ചരിത്രവും പുരാവസ്തുക്കളും ഒക്കെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട് ഇവിടെ.

ആന്റപ്പന്‍ സൗഹൃദത്തിന്റെ മൂര്‍ത്തി ഭാവമാണ്. ഡേവിഡ് പുതുചിന്തകളുടെ നായകന്‍… വരുംവരായ്കകളെ കുറിച്ച് ചിന്തിക്കാതെ നടക്കുന്ന യുവത്വം, ഗ്രേസി പ്രകടിപ്പിക്കാന്‍ കഴിയാതെ പോയ ഒരു തീവ്ര പ്രണയത്തിലെ നായികയും ഒപ്പം ഉറച്ച തീരുമാനങ്ങളുള്ള സ്ത്രീകഥാപാത്രവും, ശാരി പ്രണയത്തിന്റെ നായിക… ഹെന്റി വില്ലന് ശവപ്പെട്ടി ഒരുക്കി കാത്തിരിക്കുന്നവന്‍….കഥാപാത്രനിര ആവോളമുണ്ട്. ഓരോ കഥാപാത്രവും വായനക്കാരന്റെ മനസ്സിന്റെ ഉള്ളറകളിലേക്ക് സ്ഥാനം പിടിക്കും എന്നുള്ള കാര്യത്തില്‍ തീര്‍ച്ചയാണ്.

ആന്റിക്ലോക്ക് സൃഷ്ടിക്കുന്ന കോലാഹലങ്ങള്‍. ആന്റിക്ലോക്ക് ഇവിടെ ഒരു ബിംബമാണ് സമയത്തിന്റെ ബിംബം. പ്രണയവും പകയും പ്രതികാരവും ഒക്കെ വിഷയങ്ങളായി കടന്നു വരുന്നുണ്ട് ഇവിടെ. എന്നാലും ആന്റിക്ലോക്ക് എന്ന ബിംബത്തിലൂടെ സമകാലിക സമൂഹത്തിനോട് ചിലതെല്ലാം പറഞ്ഞു വയ്ക്കുന്നുണ്ട് എഴുത്തുകാരന്‍. മാനുഷികമായ ഭാവനയ്ക്കും ചിന്തയ്ക്കും വ്യത്യാസം വരുത്തരുത് എന്ന ഓര്‍മ്മപ്പെടുത്തല്‍.

സമകാലിക പ്രശ്‌നങ്ങളോട് ചേര്‍ന്നു കിടക്കുന്ന നോവല്‍ കൂടിയാണ് ആന്റിക്ലോക്ക്. പാറഖനനവും അതുണ്ടാക്കുന്ന ആഘാതങ്ങളും അതിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളും നോവലില്‍ പ്രതിപാദ്യ വിഷയമാകുന്നുണ്ട്. ശവപ്പെട്ടി വില്‍ക്കുന്ന ഇടങ്ങളിലും പ്രണയം പൂക്കാറുണ്ട്. അവിടം പ്രണയത്താവളങ്ങളായി രൂപാന്തരം പ്രാപിക്കാറുമുണ്ട്. കാലപുരുഷന് സമര്‍പ്പണം ചെയ്ത് എഴുതിയിരിക്കുന്ന ഈ നോവല്‍ ശവപ്പെട്ടി വില്‍ക്കുന്നവരോടുള്ള നമ്മുടെ സമീപനം കൂടി മാറ്റുന്നുണ്ട്.

വി.ജെ.ജയിംസിന്റെ ആന്റിക്ലോക്ക് എന്ന നോവലിന് അശ്വതി എഴുതിയ വായനാനുഭവം

Comments are closed.