DCBOOKS
Malayalam News Literature Website

പൂതപ്പാനി- കെ.എന്‍.പ്രശാന്ത്

രാഘവന്‍മാഷ് വിരമിച്ചപ്പോഴേക്കും മരങ്ങള്‍ വളര്‍ന്നു പറമ്പുനിറഞ്ഞു. കവിതയെഴുത്തും പുസ്തകവായനയും നിന്നുപോയെങ്കിലും മരങ്ങള്‍ തന്റെ പഴയ കവിതകള്‍ പോലെ ആശ്വാസമാണ് അയാള്‍ക്ക്. ആതിരയ്ക്കുവന്ന ആദ്യ വിവാഹാലോചന അലസിയപ്പോള്‍ സതിട്ടീച്ചര്‍ പറഞ്ഞതാണ് മുന്നിലെ കാട് എന്ന് വെട്ടിത്തെളിക്കുന്നുവോ അന്നേ താന്‍ മാഷോട് മിണ്ടുള്ളൂ എന്ന്. റോഡിന് ഇത്ര അടുത്തായിട്ടും ഇതുപോലെ ഒരു വീട് ഇവിടെ നില്‍പ്പുള്ളകാര്യം ആരും വിശ്വസിക്കില്ലെന്ന് ചെക്കന്റെ അച്ഛന്‍ കയറിവന്നപ്പോഴേ പറഞ്ഞു.

‘കൈക്കോട്ടിനു തള്ളയിടാന്‍ കാഞ്ഞിരക്കൊമ്പ് വെട്ടിക്കോട്ടേ” എന്നു ചോദിച്ച് റെസിഡെന്‍ഷ്യല്‍ അസോസ്സിയേഷന്‍ രക്ഷാധികാരി ഹരിദാസ് ഡോക്ടറുടെ ജോലിക്കാരന്‍ ദിവാകരന്‍, രാഘവന്‍മാഷിനെ കാണാന്‍വന്ന തിങ്കളാഴ്ചവരെ എല്ലാം സാധാരണനിലയിലായിരുന്നു.

”അതിനെന്താ ദിവാകരാ നല്ല കൊമ്പുനോക്കി കൊത്തിക്കോടോ…”മാഷിന്റെ വാക്കുകള്‍ കേട്ടപാടെ ആവേശത്തോടെ കാഞ്ഞിരത്തിലേക്ക് ഓടിക്കയറി അയാള്‍ ഇലപ്പടര്‍പ്പിലേക്ക് നൂണ്ടു. കാണാന്‍ പറ്റുന്നില്ലെങ്കിലും കൈമഴു ചുഴറ്റി വെട്ടുന്ന ശബ്ദം കേള്‍ക്കാന്‍ തുടങ്ങിയപ്പോള്‍ മാഷ് വീടിനകത്തേക്കുപോയി. പെട്ടെന്ന് വീടും ചുറ്റുമുള്ള എല്ലാ മരങ്ങളും ഉലച്ചുകൊണ്ട് ഒരലര്‍ച്ച പൊട്ടിവീണു. വീടിനുവെളിയിലേക്ക് ഓടിയെത്തുമ്പോഴേക്കും കാഞ്ഞിരക്കീഴില്‍ മഴു ഉപേക്ഷിച്ച് ദിവാകരന്‍ ഒരു നിലവിളിയായി പാഞ്ഞു
പോയിരുന്നു. അയാള്‍ക്ക് പിറകേ ഒരു കുഞ്ഞുവിമാന ഇരമ്പല്‍ കടന്നുപോയി. അടുത്തുള്ള അമ്പലക്കുളത്തിലേക്ക് എടുത്തുചാടി കുറെ നേരം ശ്വാസം പിടിച്ചു മുങ്ങിക്കിടന്ന് വെള്ളത്തിനു മുകളില്‍ വന്നപ്പോഴേക്കും കണ്ണുകള്‍ തുറക്കാന്‍ പറ്റാത്ത വിധം അയാളുടെ മുഖം വീങ്ങിയിരുന്നു. അരയോളം വെള്ളത്തില്‍നിന്ന് കരയിലേക്കു കയറിയതും ബോധം മറഞ്ഞ് മണ്ണിലേക്കു വീണതും ഒരുമിച്ചായിരുന്നു.

വലിയ കണ്ണുകളും ഉറച്ച മുഖപേശികളുമുള്ള ദിവാകരന്‍ ആശുപത്രിക്കിടക്കയില്‍ മംഗോളിയന്‍മുഖവും തിണര്‍ത്ത ദേഹവുമായി കിടന്നു. കാണാന്‍ ചെന്ന മാഷിനെ അയാളുടെ ബന്ധുക്കളും കൂട്ടുകാരും തെറി വിളിച്ചു. കാട്ടുകടന്നലുള്ള മരത്തിലേക്ക് ദിവാകരനെ മനപ്പൂര്‍വം കയറ്റിവിട്ടെന്നുപറഞ്ഞു തല്ലാന്‍ ഓങ്ങി. ആശുപത്രി ഹരിദാസ് ഡോക്ടര്‍ക്കു ഷെയറുള്ളതാണ്. ഡോക്ടറുടെ ആവശ്യത്തിനാണ് ദിവാകരന്‍മരത്തില്‍ കയറിയത്. എങ്കിലും ശുപത്രിച്ചെലവും മൂവായിരം രൂപയും മാഷ് കാടുക്കണമെന്ന് അയാളുടെ ബന്ധുക്കള്‍ വാശിപിടിച്ചു. അതു കൊടുത്ത് കടന്നല്‍ക്കുത്തേറ്റ മനസ്സുമായി മാഷ് വീട്ടിലേക്കു
പോയി.

സൂക്ഷിച്ചു നോക്കിയാല്‍മാത്രം കാണാം വീടിനു മുന്നിലെ ചെറിയ മരക്കൂട്ടത്തിലെ കാഞ്ഞിരമരത്തിന്റെ ഇലമറയ്ക്കുള്ളില്‍, ചാരനിറത്തിലുള്ള മണ്‍കുടം ചെരിച്ചു വച്ചതുപോലെ,കടന്നല്‍ക്കൂട്. കാറ്റുതട്ടുമ്പോള്‍ കറുപ്പുനിറത്തിലുള്ള ദേഹത്ത് മഞ്ഞവരകളുള്ള വലിയ വിഷക്കടന്നലുകള്‍ കൂടിനെ വട്ടമിട്ടു മൂളിപ്പറന്ന് തിരികെ പോകുന്നു. കഴിഞ്ഞയാഴ്ച്ച അതിനടുത്തുള്ള ഞാവല്‍മരത്തില്‍നിന്നും അയല്‍പക്കത്തെ കുട്ടികള്‍ പഴങ്ങള്‍ എറിഞ്ഞുവീഴ്ത്തിയതോര്‍ത്തപ്പോള്‍ മാഷ് കിടിലംകൊണ്ടു.

വര്‍ഷങ്ങള്‍ക്കു മുന്‍പ് വീടുപണിയുന്ന കാലത്ത് നട്ട മരങ്ങളാണ് ഇപ്പോള്‍ വീടിനെ മറച്ചുപിടിച്ചു വളര്‍ന്നു പടര്‍ന്നു നില്‍ക്കുന്നത്. ആ സ്ഥലം വാങ്ങുമ്പോള്‍ മരമെന്നു പറയാന്‍ ഒന്നുമുണ്ടായിരുന്നില്ല. അക്കാലത്ത് ‘രാഘവന്‍ വട്ടംതട്ട’ എന്ന പേരില്‍ കവിതകള്‍ എഴുതുകയും സ്വയം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്ന രാഘവന്‍മാഷ് തന്റെ പ്രിയ കവിയുടെ വീട് സന്ദര്‍ശിച്ചശേഷമാണ് വീടിനു മുന്നില്‍ മരങ്ങള്‍ എന്ന ആശയത്തില്‍ എത്തുന്നത്. പക്ഷേ, കവിയുടെ വീട്ടിലേതുപോലെ മരങ്ങള്‍ക്കിടയില്‍ കല്‍ബെഞ്ചുകള്‍ പണിയാന്‍ അയാള്‍ക്കു കഴിഞ്ഞില്ല. ”ഇതെന്താ റെയില്‍വെസ്റ്റേഷനോ?” എന്ന സതിട്ടീച്ചറുടെ ചോദ്യത്തില്‍ ആ ആശയം വേണ്ടെന്നു വയ്ക്കപ്പെട്ടു.

രാഘവന്‍മാഷ് വിരമിച്ചപ്പോഴേക്കും മരങ്ങള്‍ വളര്‍ന്നു പറമ്പുനിറഞ്ഞു. കവിതയെഴുത്തും പുസ്തകവായനയും നിന്നുപോയെങ്കിലും മരങ്ങള്‍ തന്റെ പഴയ കവിതകള്‍ പോലെ ആശ്വാസമാണ് അയാള്‍ക്ക്. ആതിരയ്ക്കുവന്ന ആദ്യ വിവാഹാലോചന അലസിയപ്പോള്‍ സതിട്ടീച്ചര്‍ പറഞ്ഞതാണ് മുന്നിലെ കാട് എന്ന് വെട്ടിത്തെളിക്കുന്നുവോ അന്നേ താന്‍ മാഷോട് മിണ്ടുള്ളൂ എന്ന്. റോഡിന് ഇത്ര അടുത്തായിട്ടും ഇതുപോലെ ഒരു വീട് ഇവിടെ നില്‍പ്പുള്ളകാര്യം ആരും വിശ്വസിക്കില്ലെന്ന് ചെക്കന്റെ അച്ഛന്‍ കയറിവന്നപ്പോഴേ പറഞ്ഞു. ആതിരയെ കണ്ടിട്ടും ചെക്കന്റെ മുഖം തെളിഞ്ഞില്ല. ആരോ ഉന്തിത്തള്ളി വിട്ടപോലെ അവന്‍ ചായയ്ക്കും പലഹാരത്തിനും മുന്നില്‍ ഇരുന്നു. അവര്‍ പോയി അരമണിക്കൂറ് കഴിഞ്ഞപ്പോള്‍ കൃഷണന്‍മാഷ് വിളിച്ചു.

”അത് മറന്നുകള മാഷേ” രാഘവന്‍മാഷിന് ആകാംക്ഷയായി. എന്താ കാര്യം?. ആതിരയാണെങ്കില്‍ തന്നെ പോലെയല്ല സതിട്ടീച്ചറുടെ നിറവും മുഖവുമാണ് അവള്‍ക്ക്. ആവശ്യത്തിനു വിദ്യാഭ്യാസവുമുണ്ട്.
”എന്താണെങ്കിലും പറ?”
ഉറച്ച ശബ്ദത്തില്‍ ചോദിച്ചു.
കൃഷ്ണന്‍ മാഷ് ചിരിച്ചു കൊണ്ടാണു പറഞ്ഞത്.
”തലയ്ക്ക് വെളിവ് ഇല്ലാത്ത ടീമാ. നിങ്ങടെ വീട്ടില് വേണ്ടത്ര വെളിച്ചം ഇല്ലത്രേ. പകലും കാടുമൂടി ഇരുട്ടാണെന്ന് പറഞ്ഞു ആ തന്ത. ചെക്കന് നല്ല വെളിച്ചമുള്ള സ്ഥലം വേണംപോലും.”

രാഘവന്‍മാഷ് ഞെട്ടി. സതിട്ടീച്ചര്‍ അറിഞ്ഞാല്‍ മരങ്ങള്‍ വെട്ടിനിരപ്പാക്കും. സ്റ്റാഫ് റൂം ചര്‍ച്ചകളില്‍ ‘ആ കാട്ടിലെങ്ങനെ കഴിയുന്നു?’ എന്ന് കളിയാക്കപ്പെട്ട ദിവസം അവര്‍ വന്നു പ്രശ്‌നമുണ്ടാക്കിയത് അയാള്‍ ഓര്‍ത്തു.

”കാടോ?പത്തു പന്ത്രണ്ടു മരങ്ങള്‍?. പക്ഷിക്കൂടുകളും വേനലിലെ തണലും ആ പൊട്ടന്മാര് കാണുന്നില്ലേ?” മാഷിനു ദേഷ്യം വന്നു. പിന്നീടാണ് ആതിര ഹിഷാമിന്റെ കാര്യം പറയുന്നത്. സതിട്ടീച്ചറെ സമ്മതിപ്പിക്കാന്‍ കുറച്ചു സമയമെടുത്തു. ആദ്യമായി വീട്ടില്‍ വന്നപ്പോള്‍ മരങ്ങള്‍ക്കിടയില്‍ കുറച്ച് ഇരിപ്പിടങ്ങള്‍കൂടി ആകാമായിരുന്നു എന്ന് അവന്‍ പറഞ്ഞതു കേട്ട് മാഷ് ആതിരയെ നോക്കി പുരികങ്ങള്‍ ഉയര്‍ത്തി അഭിനന്ദിച്ചു. എന്നിട്ടും ടീച്ചര്‍ വാശിപിടിച്ചത് കല്യാണത്തിനു മുന്‍പ്് മരങ്ങള്‍ വെട്ടി വീടിന് വെട്ടവും വെളിച്ചവും കൊടുക്കണം എന്നാണ്. അതെന്തിനെന്നു മാത്രം മാഷിനുമനസ്സിലായില്ല.

”നിങ്ങക്ക് സമാധാനായല്ലാ?. ഇനി കല്യാണത്തിനു വരുന്നവരെ കൂടി ആ കടന്നല് കുത്തിയാ എല്ലാപ്രകൃതിസ്‌നേഹവും പൂര്‍ത്തിയാകും.” ആശുപത്രിയില്‍നിന്നും തിരികെയെത്തിയ മാഷിനുമുന്നില്‍ചവിട്ടിത്തുള്ളി ടീച്ചര്‍ അകത്തേക്കു പോയി. രാഘവന്‍മാഷ് എന്തു ചെയ്യണമെന്നറിയാതെ കൃഷ്ണന്‍മാഷിനെ വിളിച്ചു വരുത്തി. സൂക്ഷിക്കണം എന്ന് മുന്നറിയിപ്പ് കൊടുത്ത് അയാള്‍ വിഷക്കടന്നലുകളെക്കുറിച്ചു പറഞ്ഞു.

”പൂതപ്പാനി! ഇതൊരു പത്തെണ്ണം നല്ല പാങ്ങില് കുത്തിയാ ആള് തീര്‍ന്നുപോകും. കൂടിന് ഒരു കാക്കച്ചിറക് തട്ടിയാ മതി ഈറ്റകള്‍ എളകും. രാത്രിയാണ് എളകുന്നതെങ്കില് ഒരു ചെറ്യ വെളിച്ചം മതി അങ്ങോട്ട് പറക്കും. പണ്ടത്തെ ആള്‍ക്കാര് ചൂട്ടുംകൊണ്ട് പോകുമ്പോ മൂളിപ്പറന്ന് കുത്തുന്ന പൂതായിറ്റാ ഇതിനെ കണ്ടിട്ട്ണ്ടാവ്വ്വ.അതാരിക്കും ഇങ്ങനൊരു പേര്.”

കൃഷ്ണന്‍മാഷിന്റെ വിവരണം കേട്ട് രാഘവന്‍മാഷിന് സങ്കടവും ദേഷ്യവും വന്നു. ”താനിതിന് ഒരു പരിഹാരം പറയെടോ.” അയാളില്‍ കരച്ചിലുറവ കിനിഞ്ഞു. പ്രായത്തില്‍ ഇളയതാണെങ്കിലും കൃഷ്ണന്‍മാഷിനോട് ആലോചിക്കാതെ രാഘവന്‍മാഷ് ഒന്നും ചെയ്യാറില്ല. അയാള്‍ക്ക് എല്ലാറ്റിനും ഒരു പോംവഴി ഉണ്ടാകും.

”മാഷ് വെഷ്മിക്കണ്ട. നാട്ടിലെറങ്ങിയ പുലിയെ പിടിക്കുന്നു. പിന്നല്ലേ ഈ ഊളക്കടന്നല്.”
കാറ് സ്റ്റാര്‍ട്ട് ചെയ്തുകൊണ്ട് സുരേഷ് പറഞ്ഞു. െ്രെഡവിങ്ങറിയാത്ത മാഷിന്റെ കാറോടിക്കുന്നതും എല്ലാ ആവശ്യങ്ങള്‍ക്കും കൂടെ ചെല്ലുന്നതും അയാളാണ്.

”സുരേശാ ആ കടന്നക്കൂട്ടില് എത്ര കടന്നല് ഇണ്ട്ന്നാ നിന്റെ വിചാരം?” കൃഷ്ണന്‍ മാഷ് ചിരിച്ചു
കൊണ്ട് ചോദിച്ചു.

”മാക്‌സിമം ഒരു നൂറെണ്ണം.”
പിന്നിലിരിക്കുന്ന മാഷന്മാരെ അയാള്‍ കണ്ണാടിയിലൂടെ നോക്കി.കൃഷ്ണന്‍ മാഷ് അതുകേട്ട് ചിരിച്ചു. ”കൂട് പൂര്‍ത്തിയാവുമ്പോ ഏകദേശം ആറായിരം കടന്നല് ഉണ്ടാവുന്നാ കണക്ക്.”

അത് കേട്ടപ്പോള്‍ രാഘവന്‍മാഷിന്റെ തലയില്‍ കടന്നലുകള്‍ മൂളി. വെറുതേ തന്നെ പേടിപ്പിക്കാന്‍ അയാള്‍ കളവു പറയുന്നതാണെന്ന് കരുതി കൃഷ്ണന്‍ മാഷിനോടു ദേഷ്യവും തോന്നി.

”ഈറ്റകളെ നീ കണ്ടിട്ടുണ്ടോ സുരേശാ?ഏകദേശം മൂന്ന് മൂന്നര സെന്റിമീറ്ററു വരും നീളം. മൂത്ത പത്തു കടന്നല് മതി ഒരാള്‌ടെ ജീവനെടുക്കാന്‍. അപൂര്‍വായേ നാട്ടില് ഈറ്റ കാണൂലൂ. കൂടു തകരുമ്പോ പുതിയ സ്ഥലം കണ്ടെത്തും. എവ്ടന്നെങ്കിലും ഓടിച്ചു വിട്ടപ്പോ മാഷിന്റെ പറമ്പിലെത്തിയതായിരിക്കും. പ്രകൃതിസ്‌നേഹം അറിഞ്ഞുകാണും.”

രാഘവന്‍ മാഷിന്റെ നെഞ്ചില്‍ കുത്തുംപോലെ കൃഷ്ണന്‍മാഷിനൊപ്പം സുരേഷും ഉച്ചത്തില്‍ ചിരിച്ചു. ‘ഇനി കൊറച്ചു നടക്കണം.’തരിശായിക്കിടക്കുന്ന വയലിനു മുന്നില്‍ കാറ് നിന്നു. മേയ് മാസത്തിന്റെ അവസാനത്തിലെത്തി നില്‍ക്കുന്ന വയലുകള്‍ വിണ്ടുകിടന്നു. നടവരമ്പിലൂടെ അവര്‍ പഴയ ഒരു വീടിനുമുന്നിലെത്തി. പ്രായമായെങ്കിലും കരുത്തയെന്നു തോന്നിക്കുന്ന ഒരു സ്ത്രീ അവരെകണ്ട് പിന്നാമ്പുറത്തുനിന്നും വന്നു.

”അമ്പ്വേട്ടന്‍?” സുരേഷ് ബഹുമാനത്തോടെ അന്വേഷിച്ചു. അവര്‍ വീട്ടിനകത്തേക്ക് നോക്കി ”ഏയ് ഇതാ ആരോ വന്നിറ്റ്” എന്ന് വിളിച്ചു പറഞ്ഞ് തിരിഞ്ഞ് നിന്ന് ഉടുമുണ്ട് അയച്ച് ഒന്നുകൂടി മുറുക്കിയുടുത്ത് വന്നിടത്തേക്കുതന്നെ തിരിച്ചുപോയി. വീടിനകത്തെ ഇരുട്ടില്‍നിന്നും അയാള്‍ ഇറങ്ങി വന്നപ്പോള്‍ രാഘവന്‍മാഷിന് നല്ല മുഖപരിചയം തോന്നി. പക്ഷേ, എവിടെ എന്ന് എത്ര ആലോചിച്ചിട്ടും ഓര്‍മ്മ വന്നില്ല. ഭൂതകാലത്തെ കരുത്തിനെ ഓര്‍മ്മിപ്പിച്ചു കൊണ്ട് അയാളുടെ കയ്യിലും നെഞ്ചത്തും ആകൃതിക്ക് ഉടവു വന്നപേശികള്‍ അയഞ്ഞു കിടന്നു.അയാള്‍ അവരെ ഉമ്മറത്തെ ബെഞ്ചിലേക്ക് ഇരിക്കാന്‍ ക്ഷണിച്ചു. കഷ്ടിച്ചു മൂന്നുപേര്‍ക്കിരിക്കാവുന്ന ഇരിപ്പിടത്തിനടുത്തു നിന്നുകൊണ്ട് സുരേഷ് കാര്യം പറഞ്ഞു.

അമ്പുവേട്ടന്‍ ഓര്‍മ്മകളുടെ കടന്നല്‍ക്കൂടിളക്കി. ചെറുപ്പം മുതല്‍ കത്തിച്ചു കളഞ്ഞ പൂതപ്പാനികള്‍, അതിനിടയ്ക്ക് വന്നുചേര്‍ന്ന അപകടങ്ങള്‍, തമാശകള്‍ അങ്ങനെ പറഞ്ഞുകൊണ്ടിരുന്നു. ഈ വൃദ്ധന്റെ തമാശകളും വീമ്പും കേള്‍ക്കാനാണോ ഇവിടേക്കു വന്നത് എന്ന അര്‍ത്ഥത്തില്‍ രാഘവന്‍മാഷ് സുരേഷിനെയും കൃഷ്ണന്‍മാഷിനെയും നോക്കി.

”അല്ലമ്പ്വേട്ടാ ഇതിനിപ്പം എന്താ ഒരു വഴി? അടുത്ത ഇരുപത്തെട്ടിനു മാഷ്ടെ കുട്ടീന്റെ കല്യാണാന്ന്. അയ്‌നും മുമ്പ് ഒരു പരിഹാരം ഇണ്ടാക്കിത്തെരണം.”

കൃഷ്ണന്‍മാഷ് അയാളുടെ കാലുപിടിക്കുമെന്ന് സുരേഷിന് തോന്നി. ചിലപ്പോള്‍ മാഷങ്ങനെയാ. പ്യൂണായ തന്നോടുപോലും അപേക്ഷിക്കും. ഹെഡ്മാഷാണെന്ന ഓര്‍മ്മയൊന്നും കാണില്ല.

”ഒറ്റരാത്രീല്‌ത്തെപ്പണിയേ ഇല്ലൂപ്പാ.കൊറച്ച്. പെട്രോള് വേണം പിന്ന നല്ല ഓലച്ചൂട്ടും കൊറച്ചു പരുത്തിത്തുണീം. അടുത്തേടയും തരി വെളിച്ചംപോലും കാണറ്. കണ്ടാ കടന്നല് അങ്ങോട്ട് പാഞ്ഞുകേറും. ഒരാള് ചൂട്ടുംകൊണ്ട് മരത്തില് കേറണം. തായല് വാല്യക്കാര് തോട്ടിക്ക് പന്തം കെട്ടി കാത്ത് നിക്കണം. അപ്പൊ നിങ്ങ വിചാരിക്കും തോട്ടി കൊണ്ട് താഴന്ന് കത്തിച്ചാപ്പോരേന്ന്?. പോര. കത്തിച്ച തോട്ടിപ്പന്തം താഴന്ന് മോളില് എത്തുമ്പഴേക്കും പൂതങ്ങള് എളകീറ്റ്ണ്ടാവും. അതാ കേറി കത്തിക്കുന്നത്. കൂടിനടുത്ത് എത്യാലുടന്‍ തുണികെട്ടി പെട്രോളില്‍മുക്കിവച്ച പന്തം കത്തിക്കണം. ഒറ്റ ആളലില്‍ ഒരു വല്ല്യ കൂട് മുഴുവന്‍ കരിയാനും മാത്രം വലിപ്പം ഇണ്ടാവണം ചൂട്ടിന്. പിന്ന പേടിക്കാനില്ല.”

അമ്പുവേട്ടന്റെ വിവരണം കേട്ടപ്പോള്‍ രാഘവന്‍മാഷിന് ചെറിയ സമാധാനമായി.
”പക്ഷേ…” അമ്പുവേട്ടന്‍ വീണ്ടും പറഞ്ഞുതുടങ്ങി ”എന്ന നിങ്ങ കണ്ടില്ലേ?പഴ്യ പോലെ മരത്തില് കേറാനോ വീരസ്യം കാണിക്കാനോ എനക്ക് പറ്റുംന്ന് തോന്നുന്ന്ണ്ടാ?”

അയാള്‍ കാലുകള്‍ നിവര്‍ത്തി യപ്പോള്‍ ഇരിക്കുന്ന ബെഞ്ച് ഇളകിയതായി തോന്നി കൃഷ്ണന്‍മാഷിന്. ”ഒരു കാര്യം ചെയ്യാ മാഷമ്മാരേ. രണ്ട് വാല്യക്കാരെ ആക്ക് നിങ്ങോ. ഞാന്‍ അതവരിക്കു പറഞ്ഞ് കൊടുക്കാ.താഴന്ന് തോട്ടിപ്പന്തവും പിടിക്കാ.”

അമ്പുവേട്ടന്‍ പറഞ്ഞ ആശയം കൊള്ളാമെന്നു സമ്മതിച്ച് അവര്‍പോകാന്‍ എഴുന്നേറ്റു. പണിക്ക് ആളെ കിട്ടുന്ന ദിവസം വണ്ടിയുമായി വന്നോളാം എന്നറിയിച്ച് രാഘവന്‍മാഷ് ഏല്പിച്ച പൈസ സുരേഷ് അമ്പുവേട്ടനു നേരെ നീട്ടി.

”പണി കയിഞ്ഞിറ്റില്ലല്ലോപ്പാ.” എന്ന് പരുക്കനായി ചോദിച്ച് അയാള്‍ അത് നിഷേധിച്ചു.
”മാത്രല്ല ഞാനീപ്പണിക്ക് പണം വാങ്ങലില്ല. കടന്നല്കളെക്കാളും വെലണ്ടല്ലോ മന്ഷ്യജീവന്? അ
തോണ്ടാ. അല്ലാതെ ഇത് ഒരു വെല്യ കാര്യോന്നല്ല. എല്ലം നമ്മളെ ഒരു ധൈര്യല്ലേ?. കടന്നല്കളും ജീവിക്കാനല്ലേ കൂട്ണ്ടാക്ക്ന്ന്? മന്ഷ്യന്‍മാര്‍ക്ക് അസൂയയും ദുഷ്ടും കുശുമ്പും അഹങ്കാരവുമൊക്കെ ഉള്ളപോലെ ഈ പാവങ്ങള്‍ക്ക് കൊറച്ച് വിഷം. അത്രേ ഇല്ലൂ. അയ്റ്റങ്ങക്കറീലല്ലോ മാഷേ നിങ്ങളെപറമ്പിലെ മരത്തിലാണ് കൂട് വെച്ചത്ന്ന്?. അവരിക്ക് എല്ലാ മരവും ഒരേ പോലെ. അല്ലെങ്കിലും ആരാ മരത്തിനൊടയോന്‍?. ആയ്‌ച്യോളം പണിയെടുത്ത് കൂടുണ്ടാക്കി കുഞ്ഞള് വിരിഞ്ഞു വെരുമ്പോ നമ്മ ഒരു കല്ലെടുത്ത് അയ്‌ന എറിയും. അത് കുത്തും. കുഞ്ഞള എറിഞ്ഞാല് കുത്താത്ത ഏതെങ്കിലും ജീവി ഇണ്ടാ? ഒറ്റ രാത്രി കൊണ്ട് നമ്മ അയ്റ്റകള ചുടും. ആയിരത്തോളം അംഗങ്ങള്ള്ള ഒരു നാടാന്ന് ഒറ്റ രാത്രില് നമ്മള് ചുടുന്നത്.”

തിരിച്ചെത്തിയപ്പോള്‍ വീടിനുമുന്നില്‍ കുറച്ചുപേര്‍ നില്ക്കുന്നത് കണ്ട് മാഷിന്റെ നെഞ്ചിടിപ്പ് കൂടി.വീണ്ടും വല്ല ആക്രമണവും നടന്നോ?. റെസിഡന്‍ഷ്യല്‍ അസോസിയേഷന്‍ ഭാരവാഹികളാണ്. അസോസിയേഷനോട് മാഷ് യാതൊരു താത്പര്യവും കാണിക്കുന്നില്ല എന്ന പരാതി നേരത്തെ ഉയര്‍ന്നിരുന്നു. സെക്രട്ടറി വിജയന്‍ പോലീസ് കടന്നല്‍ കുത്തേറ്റതുപോലെ നെഞ്ചുവീര്‍പ്പിച്ച് കൈകള്‍ കെട്ടി
നിന്നു.
”അല്ല മാഷേ എന്താ നിങ്ങളെ ഉദ്ദേശം?” മെഡിക്കല്‍ഷോപ്പ് നടത്തുന്ന ദിലീപന്‍നമ്പ്യാര്‍ ഒച്ചയെടുത്ത് ചോദിച്ചു.

”ദിവാകരന്‍ ആസ്പത്രീലായിട്ട് ഇന്നേക്ക് നാല് ദേവസം ആയില്ലേ?.എന്നിട്ടും നിങ്ങളിങ്ങനെ ആലോചിച്ചോണ്ടിരിക്ക്ന്നത്ര്യാ?”

വിജയന്‍ പോലീസ് ഗൗരവശബ്ദത്തില്‍ മുരണ്ടു. മാഷിന്റെ തൊട്ടയല്‍പക്കത്തുള്ള അയാള്‍ പലപ്രാവശ്യം മാഷുമായി ഉരസാന്‍ ശ്രമിച്ചിട്ടുണ്ട്. മരങ്ങളുടെ ചില്ലകള്‍ അയാളുടെ പറമ്പിലേക്ക് ചാഞ്ഞിരിക്കുന്നതുകൊണ്ട് ഇലകള്‍ വീണ് മുറ്റം വൃത്തികേടാകുന്നു എന്നായിരുന്നു അതിന് പ്രധാനകാരണം. തര്‍ക്കത്തിന് നില്ക്കാതെ ആ ഭാഗത്തുള്ള കൊമ്പുകള്‍ മാഷ് വെട്ടിച്ചു. കിളികള്‍ക്കു കുടിക്കാന്‍ വെള്ളം നിറച്ചുവച്ച മണ്‍ചട്ടികളില്‍ കൊതുകുകള്‍ പെരുകുന്നെന്ന് രാജേന്ദ്രന്‍ മുന്‍സിപ്പാലിറ്റിയില്‍ പരാതി കൊടുത്തു. ചട്ടികള്‍ രാത്രിയില്‍ കമിഴ്ത്തിവച്ച് മാഷ് ആ പ്രശ്‌നവും പരിഹരിച്ചു.

”വൈന്നേരം നമ്മളൊരു മീറ്റിങ് വിളിച്ചിട്ട്ണ്ട് എന്റെ വീട്ടിലാണ്.മാഷ് വരണം. വന്നില്ലെങ്കില്‍ നമ്മക്ക് വേറെ വഴി നോക്കണ്ടി വരും.”നമ്പ്യാര്‍ പറഞ്ഞു. അയാളാണ് അസോസിയേഷന്‍ പ്രസിഡന്റ്്. ഇത്രയും പറഞ്ഞ് സംഘം മാഷിന്റെ മരങ്ങളുടെ തണലിലൂടെ നടന്നു തുടങ്ങിയതും വിജയന്‍ പോലീസിന്റെ വീട്ടില്‍നിന്നും ഒരലര്‍ച്ച കേട്ടു. ”പപ്പാ മമ്മീനെ ബീ കുത്തി.”

വിജയന്‍ അപ്പഴേക്കും വീട്ടിലേക്ക് പാഞ്ഞെത്തിയിരുന്നു. അടുക്കളയിലായിരുന്ന അയാളുടെ ഭാര്യയെ കൂട്ടം തെറ്റിയ ഒരു കടന്നല്‍ കുത്തിയതാണ്. കയ്യില്‍കിട്ടിയ ചൂലെടുത്ത് അവര്‍ അതിനെ കൊന്നുകളഞ്ഞു.

”ഇന്നീനൊരു പരിഹാരാക്കീല്ലെങ്കില് കളി മാറും മാഷേ.” ആശുപത്രിയിലേക്കു പോകുമ്പോള്‍ കാറില്‍നിന്നും തലനീട്ടി അയാള്‍ പല്ലുകള്‍ ഞെരിച്ചു. കൊല്ലപ്പെട്ട ഒറ്റയാനെ അവിടെ കൂടിയവര്‍ പരിശോധിച്ചു. അതിന്റെ വലിപ്പം കണ്ട് അവരില്‍ അദ്ഭുതമുണ്ടായി. പിന്‍ഭാഗത്ത് സൂചിപോലെ തെളിഞ്ഞു കാണുന്ന വിഷഗ്രന്ഥി വിജയന്റെ മകന്‍ ഒരു വടികൊണ്ട് ഞെരിച്ചു.

അസോസിയേഷന്‍ മീറ്റിങ്ങില്‍ വിജയന്‍ പോലീസ് ബഹളം വച്ചു. പ്രകൃതി പ്രാന്തനായ രാഘവന്‍ മാഷിനെ ഒറ്റപ്പെടുത്തുന്നതിന് ആഹ്വാനമുണ്ടായി. ഇനിയൊരാളെക്കൂടി കടന്നല്‍ കുത്തിയാല്‍ മാഷിനെതിരേ കേസെടുക്കാന്‍വരെ തന്റെ കയ്യില്‍ വകുപ്പുണ്ടെന്ന് അയാള്‍ മേശപ്പുറത്ത് തല്ലി. മാഷ് അമ്പുവേട്ടന്റെ കാര്യം പറഞ്ഞെങ്കിലും അപകടം പിടിച്ചപണി ഏറ്റെടുക്കാന്‍ ആരും തയ്യാറായില്ല. ആളെ കണ്ടത്തുന്നതിന് വിജയന്‍ പോലീസിനെ ചുമതലപ്പെടുത്തി മറ്റുള്ളവര്‍ തടിയൂരി. യോഗം പിരിഞ്ഞപ്പോള്‍ മാഷ് കുറ്റവാളിയെപ്പോലെ വീട്ടിലേക്ക് നടന്നു. അന്ന് രാത്രി അയാള്‍ക്ക് ഉറക്കം വന്നില്ല. കടന്നല്‍പ്പേടിയില്‍ അടച്ചു വച്ച ജനാലകള്‍ വീര്‍പ്പുമുട്ടിച്ചു. താന്‍ പറഞ്ഞപ്പോള്‍ ഒരു എ സി വാങ്ങി വച്ചിരുന്നെങ്കില്‍ സുഖമായി
ഉറങ്ങാമായിരുന്നു എന്ന് സതിടീച്ചര്‍ തലയ്ക്കു ചുറ്റും വട്ടമിട്ടു. ഉറങ്ങിത്തുടങ്ങിയപ്പോള്‍ കടന്നലുകള്‍ കൂട്ടമായി വന്ന് അടച്ചിട്ട ജനാലകള്‍ തുളയ്ക്കാന്‍ തയ്യാറെടുക്കുന്നതായി സ്വപ്നം കണ്ട് അയാള്‍ ഞെട്ടി.

പലവഴിക്ക് അന്വേഷിച്ചെങ്കിലും പൂതപ്പാനിയെ കത്തിക്കുന്നതിന് അമ്പുവേട്ടന് വേണ്ട സഹായികളെകണ്ടെത്താന്‍ സുരേഷിന് കഴിഞ്ഞില്ല. ചോദിച്ചവരൊക്കെ പലതും പറഞ്ഞ് ഒഴിവായി. ബീവറേജില്‍നിന്ന് സാധനം വാങ്ങിക്കൊടുത്താല്‍ ശരിയാക്കിത്തരാം എന്ന് സുരേഷിന്റെ വാട്‌സാപ്പ് ഗ്രൂപ്പിലുള്ളവര്‍ അറിയിച്ചെങ്കിലും ആ ആശയത്തിന് കൃഷ്ണന്‍മാഷെന്ന യാഥാസ്ഥിതിക ഗാന്ധിയന്‍ തടയിട്ടു. അങ്ങനെ വേവലാതികള്‍ മനസ്സിലിട്ട് തലയ്ക്ക് കയ്യും കൊടുത്ത് രാഘവന്‍ മാഷ് ഇരിക്കുമ്പോഴാണ് മുറ്റത്തു തൂക്കിയ മണി ആരോ അടിച്ചത്. വിജയന്‍ പോലീസാണ്. കൂടെ രണ്ടുപേരും.

”ഹിന്ദിക്കാരാന്ന്,പേടിക്കണ്ട മലയാളം അറിയാം. പത്ത് പന്ത്രണ്ട് കൊല്ലായി ഈറ്റകള് ഈട വന്നിറ്റ്. പണി ഇവരെട്‌ത്തോളും. ഇന്ന് രാത്രി തന്നെ ഇത് തീര്‍ക്കണം.”അത്രയും പറഞ്ഞ് അയാള്‍ മാഷിനെ ഒരു വശത്തേക്കു മാറ്റി നിര്‍ത്തി. മാഷിന്റെ ചെവിയിലേക്കു കുനിഞ്ഞ് പതിയെ പറഞ്ഞു. ”ആ കുള്ളന്‍ ജാര്‍ഖണ്ഡ്കാരനാ. മാവോയിസ്റ്റാണെന്ന് സംശയത്തിലിരിക്കുന്ന പ്രതിയാ. പക്ഷേ, മറ്റവനെയാ സൂക്ഷിക്കേണ്ടത്. ആസാംകാരനാണെന്ന് പറയുന്നു. പക്ഷേ അവന്‍ ബംഗ്ലാദേശിയാ. നുഴഞ്ഞു കയറ്റക്കാരന്‍. ഞാന്‍ വരുന്നതുവരെ സൂക്ഷിക്കണം.”

അത്രയും പറഞ്ഞ് അയാള്‍ തന്നെ കാത്തുനിന്ന ജീപ്പില്‍ കയറി. കൂടെ വന്നവര്‍ എന്താണ് വേണ്ട
തെന്നറിയാതെ പരുങ്ങിനിന്നു. അപ്പോഴാണ് മാഷ് അവരുടെ മുഖത്തെ പരിക്കുകള്‍ ശ്രദ്ധിക്കുന്നത്. കാര്യമായ ഒരു മല്‍പ്പിടുത്തമോ സംഘട്ടനമോ നടന്ന ലക്ഷണമുണ്ട്. മുഷിഞ്ഞ വസ്ത്രങ്ങള്‍ അങ്ങിങ്ങായി കീറിയിരിക്കുന്നു. കൂട്ടത്തില്‍ ഉയരം കുറഞ്ഞയാളുടെ മൂക്കിന്റെ തുമ്പില്‍ ചോര കട്ടകെട്ടിയിട്ടുണ്ട്. വിജയന്‍ പോലീസ് തല്ലിയതാണോ? രാഘവന്‍മാഷ് സുരേഷിനെയും കൃഷ്ണന്‍മാഷിനെയും വിളിക്കുന്നതിന് ഫോണെടുക്കാന്‍ അകത്തേക്കു പോയി.

മാഷ് കൊടുത്ത വെള്ളം കുടിക്കുമ്പോള്‍ അവര്‍ മരം എവിടെയാണെന്ന് ചോദിച്ചു. അവരുടെ ദേഹത്തുള്ള രക്തത്തിന്റെ കഥ മാഷ് അന്വേഷിച്ചു. ഒരാള്‍,ജാബിര്‍ ഷെയ്ക്ക്, ആസാമിലെ നല്ലിയില്‍ നിന്നാണ്. മറ്റെയാള്‍ ഭുപന്‍ലാല്‍ മുടച്ചി, ജാര്‍ഖണ്ഡ്കാരന്‍. പെട്ടന്ന് ജാവേദ് ഷെയ്ക്ക് പൊട്ടിക്കരഞ്ഞു. പുതിയ സൈറ്റിലേക്ക് ഭുപന്‍ലാലുമൊത്ത് നടന്നു പോകുമ്പോഴാണ് ഒരു കൂട്ടം ചെറുപ്പക്കാര്‍ അവരെ തടഞ്ഞത്. എന്തിനാണ് അവര്‍ തല്ലുന്നതെന്നറിയാതെ രണ്ടുപേരും നിലവിളിച്ചു. പേടിയും വേദനയും കാരണം അവരുടെ അടിവസ്ത്രങ്ങള്‍ നനഞ്ഞു. പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് പിള്ളേരെ പിടുത്തക്കാര്‍ക്കുള്ള തല്ലുകളാണ് തങ്ങള്‍
ക്കു കിട്ടിയതെന്ന് അറിഞ്ഞത്. നാട്ടിലുള്ള മക്കളെ ഓര്‍ത്ത് അവര്‍ നിശ്ശബ്ദം കരഞ്ഞു.

”ഞങ്ങളെ കണ്ടാല്‍ പിള്ളേരെ പിടുത്തക്കാരെ പോലെയുണ്ടോ സാബ്?” മുച്ചി വിറച്ചു. ഷെയ്ക്ക് അയാളുടെ പുറത്ത് തട്ടി സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. അപ്പോഴും അയാളുടെ കണ്ണുകള്‍ നിറഞ്ഞുതന്നെയിരുന്നു.മാഷ് എന്തു ചെയ്യണമെന്നറിയാതെ അവരെ നോക്കിനിന്നു.

”പേഡില് കേറല്‍ ചലേഗാ?”മാഷിന്റെ പൊട്ട ഹിന്ദികേട്ട് ചിരിക്കണോ എന്നു സംശയിച്ച് രണ്ടുപേരും ഒരുമിച്ചു പറഞ്ഞു.

”കേറും.”അമ്പു എത്തുമ്പോള്‍ സന്ധ്യയായിരുന്നു. ഉച്ചകഴിഞ്ഞ് സുരേഷ് കാറുമായി ചെന്നെങ്കിലും താന്‍ നടന്നു വന്നോളാം എന്നു പറഞ്ഞ് അയാള്‍ കാറ് തിരിച്ചയയ്ക്കുകയായിരുന്നു.ഇരുട്ട് കനക്കുംവരെ കാത്തിരിക്കേണ്ടതുണ്ട്. മഴ പെയ്യാനുള്ള സാധ്യത കണ്ട് ഓലച്ചൂട്ടുകള്‍ നേരത്തേ തയ്യാറാക്കിയിരുന്നു. ചൂട്ടുകെട്ടി അതിനുചുറ്റും തുണിചുറ്റി സമയമാകാന്‍വേണ്ടി അവര്‍ കാത്തിരുന്നു. വിജയന്‍ പോലീസ് മഫ്തിയില്‍ അവിടേക്ക് വന്നു. രണ്ടു പണിക്കാരെയും ഉച്ചത്തില്‍ തെറിവിളിച്ച ശേഷം കാഴ്ച്ച കാണാനായി അയാള്‍ ഒതുങ്ങി നിന്നു. എല്ലാ വീടുകളിലെയും വെളിച്ചങ്ങള്‍ കെടുത്താനും വാതിലുകളും ജനാലകളും ഭദ്രമായി അടയ്ക്കാനും വിജയന്‍ പോലീസ് ഫോണ്‍ വഴി അറിയിച്ചു.അവിടം പൂര്‍ണ്ണമായും ഇരുട്ട് പുതഞ്ഞപ്പോള്‍ അമ്പു പറഞ്ഞതുപോലെ പെട്രോളില്‍ കുതിര്‍ത്ത പന്തം കയ്യിലെടുത്ത് ജാബിര്‍ ഷെയ്ക്ക് മരത്തിലേക്കു കയറി.

”നിന്റെ കൂട്ടുകാരന്‍ വിദേശിയാണ്. നുഴഞ്ഞുകയറ്റക്കാരന്‍.രാജ്യദ്രോഹി.” താഴെ നിന്ന മൂച്ചിയുടെ തോളില്‍ കയ്യിട്ട് വിജയന്‍ പറയുന്നത് കവരത്തില്‍നിന്നും കവരത്തിലേക്കു കയറുന്ന ഷെയ്ക്ക് കേട്ടു. എത്ര വലിയ അപകടമാണ് കൊമ്പത്ത് എന്നയാള്‍ക്ക് അറിയില്ലായിരുന്നു. കടന്നലുകളുടെ മൂളല്‍ അയാളുടെ
ചെവികള്‍ക്കകത്താണിപ്പോള്‍.

അബ്ബു പറഞ്ഞ കഥകളിലെ തീപിടിച്ച രാത്രികളും പലായനങ്ങളും അയാളോര്‍ത്തു. സുബര്‍ണ്ണരേഖാ നദിയിലൂടെ കാറ്റും മഴയുമുള്ള രാത്രിയില്‍ തീപിടിച്ച ഗലികളില്‍ നിന്നും ഓടി രക്ഷപ്പെട്ട കുറെ ജന്‍മങ്ങള്‍, നനഞ്ഞണഞ്ഞ പന്തങ്ങള്‍.കോഴിക്കുഞ്ഞുങ്ങളെപ്പോലെ മഴയിലൊട്ടിയ വസ്ത്രങ്ങളുമായി അന്നത്തെ ഇരുട്ടുകളില്‍ ഇക്കരെയെത്തുന്നവരെ അയാള്‍ സങ്കല്പിച്ചു. അവരുടെ മൂളല്‍ ശബ്ദമാണ് ഇപ്പോള്‍ ചെവികളില്‍. അന്ന് രാജ്യങ്ങള്‍ രണ്ടായിട്ടില്ല. അന്നും, പിന്നീട് നാട് പിളര്‍ന്നപ്പോഴും ഓട്ടമായിരുന്നു. എവിടെയും നില്‍ക്കാന്‍ പറ്റാത്തഭ്രാന്തനോട്ടം. നുഴഞ്ഞുകയറ്റക്കാരന്‍, രാജ്യദ്രോഹി വിളിപ്പേരുകളായി
പതിഞ്ഞ പദങ്ങള്‍. വെറുപ്പുനോട്ടങ്ങള്‍,പോലീസുകാര്‍, ജയിലുകള്‍. കാലങ്ങളായി, ഇരുട്ടുമൂടിയ തങ്ങളുടെ ഹവേലിക്കു ചുറ്റിലും തീ പടരുന്ന ഓര്‍മ്മകളില്‍ പെട്ട് അയാള്‍ മരക്കൊമ്പില്‍ നിശ്ചലനായി ഇരുന്നു. കരിഞ്ഞ കുടിലുകളില്‍ നിന്നും ബാക്കിയായവയുമായി ഓടുന്നവരുടെ കരച്ചിലാണോ ഇപ്പോള്‍ തന്റെ ചെവിയില്‍?. അയാള്‍ക്ക് തലകറങ്ങി. വേവുന്ന ചൂട് ഒഴിഞ്ഞു പോകാറായെന്നറിയിച്ച് തണുത്ത കാറ്റ് ചില്ലകളെ കശക്കി. ദൂരെ മേഘങ്ങളില്‍ മിന്നലുകള്‍ ചിതറി.

”കത്തിക്കടോ”
മഴക്കോള് കണ്ടപ്പോള്‍ മുകളില്‍നിന്നും തീ പടരുന്നതും കാത്തു നിന്ന അമ്പുവിന് ദേഷ്യം വന്നു. ഒന്നു പതറി ചിന്തകളില്‍നിന്നും ഞെട്ടിയിറങ്ങി, കയ്യില്‍ കരുതിയ സിഗാര്‍ലൈറ്റില്‍ ജാബിര്‍ഷെയ്ക്ക് വിരലമര്‍ത്തി. ചുഴറ്റി വന്ന കാറ്റ് ആ ശ്രമം ചെറുത്തു. ദൂരെ നിന്നും മഴയുടെ ആരവം കേള്‍ക്കുന്നു.അതിനു മീതേ അമ്പുവിന്റെ ശബ്ദം മുഴങ്ങി. കടന്നലുകള്‍ മുരണ്ടു പുറത്തേക്കു വരുന്ന ശബ്ദമാണോ കാറ്റാണോ എന്നു തിരിച്ചറിയാന്‍ കഴിയാത്ത മൂളല്‍ശബ്ദം അയാളെ പരിഭ്രാന്തനാക്കി.
”വേഗം കത്തിക്ക്.”
ഒരുവിധം കത്തിയ പന്തത്തില്‍ നിന്നും കടന്നല്‍ക്കൂട്ടിലേക്കു തീപിടിച്ചതും മരം പിഴുതുപോകുമെന്നപോല്‍ കാറ്റും അതിനൊപ്പം ആര്‍ത്ത് വലിയ മഴത്തുള്ളികള്‍ പെയ്തതും ഒരുമിച്ചായിരുന്നു. അണഞ്ഞ പന്തത്തിലേക്ക് എന്തു ചെയ്യണമെന്നറിയാതെ നോക്കിയിരിക്കവേ പാതികത്തിയ ഉലയുന്ന കൂട്ടില്‍ നിന്നും തീ പിടിച്ച ഒരു ഗ്രാമം തനിക്കു മുകളിലൂടെ അലറിയോടുന്നത് ജാവേദ്‌ഷെയ്ക്ക് അറിഞ്ഞു.

ആരോ വിളിച്ചതിനാല്‍ പുറത്തെടുക്കപ്പെട്ട തന്റെ ഫോണിന്റെ ചാന്ദ്രവെളിച്ചത്തിലേക്കാണ് ശരങ്ങള്‍ പോലെ കടന്നലുകള്‍ പറന്നുവരുന്നത് എന്നറിഞ്ഞ് വിജയന്‍പോലീസ് ഓടാന്‍ ശ്രമിച്ചെങ്കിലും,പാന്റിന്റെ കീശയിലേക്കു തള്ളാന്‍ ശ്രമിച്ച ഫോണ്‍ വെട്ടത്തിലേക്ക്, അവ പുറംതള്ളപ്പെട്ടവരുടെ സങ്കടവും ദേഷ്യവും നിറഞ്ഞ മുരളലോടെ ആര്‍ത്തുവന്നു. അക്രമണത്തിനിടെ ഊര്‍ന്നുവീണ ഫോണ്‍ വിജയന്റെ നിലവിളിക്കൊപ്പം നിലത്തുകിടന്നു വിറച്ചു. അതിന്റെ പ്രകാശത്തിനു ചുറ്റും ആ പ്രാണികള്‍ മുരണ്ട് വട്ടമിട്ടുപറന്നു. മഴ നേരിയ ഒച്ചയില്‍ ചെറുതാവുകയും വീണ്ടും പെയ്യുന്നതിന് പിന്‍വാങ്ങുകയും ചെയ്തു.

ജാബിര്‍ഷേക്കിനെയും ഭുപന്‍ലാല്‍മൂചിയെയും കൊണ്ടുപോകാന്‍ വന്ന ജീപ്പില്‍ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി വേദനകൊണ്ടു പുളഞ്ഞ് വിജയന്‍ പോലീസ് അവരെ തെറിവിളിച്ചുകൊണ്ടിരുന്നു. ശരീരവും മനസ്സും വേദനിച്ചിരിപ്പാണെങ്കിലും അയാളുടെ ഓരോ തെറിയും ആസ്വദിച്ച് അവര്‍പരസ്പരം നോക്കിച്ചിരിച്ചു. വേവലാതിയൊഴിഞ്ഞ മനസ്സുമായി രാഘവന്‍മാഷും അതാസ്വദിച്ചു.ഇരുട്ടില്‍നിന്നും ഞെട്ടിയുണരും പോലെ വീടുകളിലോരോന്നായി വെളിച്ചം തെളിയവേ മഴയുടെ ആരവം വീണ്ടും മരങ്ങള്‍ക്കു മുകളിലൂടെ അവരെ തൊട്ട് കടന്നുപോയി.

(2019 നവംബര്‍ ലക്കം പച്ചക്കുതിരയില്‍ പ്രസിദ്ധീകരിച്ചത് )

Comments are closed.