DCBOOKS
Malayalam News Literature Website

ഇന്ത്യയുടെ സാമൂഹിക ശരീരത്തെയും അതിന്റെ സങ്കീര്‍ണ്ണതകളെയും അടുത്തുനിന്നു നോക്കിക്കാണുന്ന നൂറുസിംഹാസനങ്ങള്‍

nooru simhasanangal

” സർ കൊലപാതകം തന്നെയായാലും ഒരു നായാടി തന്നെയാണ് നിരപരാധി, അവനോട് തന്നെയാണ് അനീതികാട്ടിയിട്ടുള്ളത് ”

നൂറ് സിംഹാസനങ്ങളിലെ ഏറ്റവും വിപ്ലവകരമെന്ന് തോന്നിയ വരികളാണിത്. സിവിൽ സർവീസ് ഇന്റർവ്യൂവിന് ഇരിക്കുന്ന ധർമ്മപാലനോട് ചോദിച്ച ഒരു ചോദ്യത്തിന് അയാൾ നൽകുന്ന ഈ മറുപടി നമ്മെ ആത്മവിചാരണയുടെ ചുഴിയിലിട്ട് വട്ടം കറക്കിയേക്കും….

ആധുനിക കഥാചർച്ചകളുടെ പൊതുബോധപരിസരങ്ങളിൽ നിന്ന് ഒരുപാട് ദൂരെയായി തന്റേതായ ഇടം കണ്ടെത്താൻ ജയമോഹന് “ധർമ്മപാലൻ” എന്ന ഒറ്റ കഥാപാത്രം തന്നെ ധാരാളമാണ്.. ഇന്ത്യയുടെ സാമൂഹികശരീര ജീർണതകളെ ഇത്രയേറെ തുറന്നു കാട്ടി എന്ന നിലയിലാണ് അറുപത് പേജിൽ കവിയാത്ത ഒരു നോവൽ മറ്റു സാഹിത്യരചനകളിൽ നിന്ന് വ്യത്യസ്ഥമാകുന്നത്.. നവോത്ഥാനകേരളവും ജയമോഹൻ വരച്ചുകാട്ടുന്ന ധവളാധികാര കേരളവും രണ്ടല്ല എന്ന യാഥാർത്ഥ്യബോധത്തിലേക്കാണ് ധർമ്മപാലൻ നമ്മെ കൈപിടിച്ചു നടത്തുക..

ചരിത്രപാഠപുസ്തകങ്ങളും കളർസിനിമാലോകവുമെല്ലാം സവർണമേൽക്കോയ്മയെയും ധവളാധികാരപ്പെരിമയെയും കോറിയിടുമ്പോൾ ജയമോഹൻ തഴയപ്പെട്ട, ചരിത്രങ്ങളിൽ നിന്ന് മാറ്റി നിർത്തപ്പെട്ട മറ്റൊരു ജനതയെപ്പറ്റി ഓർമ്മിപ്പിച്ച് നമ്മെ ആത്മനിന്ദയുടെ പടുകുഴിയിലേക്ക് വലിച്ചെറിയുന്നു….

ധർമപാലൻ എന്ന കേന്ദ്രകഥാപാത്രം, അദ്ദേഹത്തിന്റെ മാതാവ്, ഭാര്യ സുധ ഇങ്ങനെ ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്ന് ശക്തരാണ്..ഓരോ കഥാപാത്രങ്ങളും കടന്നുപോകുന്നത് വ്യത്യസ്ഥ വികാരതലങ്ങളിലൂടെയാണ്.. നവോത്ഥാന കേരള സങ്കൽപ്പങ്ങൾക്ക് വഴിതെളിച്ച ശ്രീനാരായണ ഗുരുവിന്റെ ശിഷ്യൻ ഏണസ്റ്റ് ക്ലർക്കിന്റെ ശിഷ്യനായ പ്രജാനന്ദയാണ് ധർമ്മപാലനെ വളർത്തുന്നത്… സിംഹാസനങ്ങൾ കയ്യടക്കിയിട്ടും നായാടിയെന്ന തന്റെ സത്ത അയാളെ പിൻതുടരുന്നു.. സമൂഹത്തിന്റെ ഉന്നത സ്ഥാനത്ത് ഇരുന്നിട്ട് പോലും ഇതേ കാരണത്താൽ കയറിചെല്ലുന്ന ഇടങ്ങളിൽ നിന്നെല്ലാം അയാൾ മാറ്റിനിർത്തപ്പെടുന്നു… കഥാനായകൻ കടന്നുപോകുന്ന ഓരോ വൈകാരിക സന്ദർഭങ്ങളിലേക്കും വായനക്കാരനെ അനായാസേനെ ഇറക്കികൊണ്ടുവരുന്നതിനുള്ള ജയമോഹന്റെ വിജയമാണ് നൂറ് സിംഹാസനങ്ങളെ ഒരു വിശേഷഗ്രന്ഥമാക്കി മാറ്റുന്നത്..

സിവിൽ സർവീസ് ഇന്റർവ്യൂവിനിടയിൽ തന്റെ ജാതിയെപ്പറ്റി ചോദിക്കുമ്പോൾ ധർമ്മപാലൻ പറയുന്നു,

Jeyamohan-Nooru Simhasanangal” നായാടികൾ അലഞ്ഞു തിരിയുന്ന കുറവരാണ് ഇവരെ കണ്ടാൽത്തന്നെ അയിത്തമാണ് എന്നായിരുന്നു വിശ്വസം.. അതുകൊണ്ട് പകൽവെട്ടത്ത് സഞ്ചരിക്കാനുള്ള അവകാശമില്ല, ഇവരെ നേർക്കുനേർ കണ്ടാൽ കല്ലെടുത്തെറിഞ്ഞ് കൊല്ലാറാണ് പതിവ്.. ഇവർ പകൽ മുഴുവൻ കാടിന്റെയുള്ളിൽ ചെടികളുടെ ഇടയ്ക്ക് കുഴിതോണ്ടി അതിൽ കുഞ്ഞുകുട്ടികളോടെ പന്നികളെപ്പോലെ ഒളിച്ചിരിക്കുകയാണ് പതിവ് ”

– പറഞ്ഞയാൾ നിർത്തുമ്പോൾ അടുത്ത ചോദ്യം വരികയാണ് ഇപ്പോൾ നിങ്ങളുടെ അവസ്ഥയ്ക്ക് മാറ്റമുണ്ടോ ? “ഇല്ല” എന്ന് ധർമ്മപാലൻ പറയുമ്പോൾ അത് സ്പഷ്ടമാണ്, ചോദ്യകർത്താവിന് അയാളോടുള്ള അവഞ്ജ തന്നെയാണ് അതിന് പിൻബലമാകുന്നത്… കഥയിൽ വളരെക്കുറച്ച് നേരം വന്നുപോകുന്ന “സെൻഗുപ്ത” യും ഒരു ഭൂരിപക്ഷ മനസ്സിനെ എത്ര വ്യക്തമായാണ് തുറന്നുകാട്ടുന്നത്…

തന്റെ ശരീരത്തിലെ നീളം കൂടിയ പാടിലൂടെ വിരലോടിച്ച് തേങ്ങി കരഞ്ഞ സുധയ്ക്ക് അമ്മയെ മന:സിലാക്കാൻ കഴിയാത്തതിലെ യുക്തി സാമൂഹ്യബോധത്തിന്റെ നീണ്ടവരയിൽ നിന്ന് മാറിനടക്കാൻ അവൾക്കുള്ള ഭയമാണെന്ന് ധർമ്മപാലൻ തിരിച്ചറിഞ്ഞിരുന്നു.. ആ യാഥാർത്ഥ്യബോധം തന്നെയാണ് അമ്മയെ തിരസ്കരിക്കാൻ അയാളെ എപ്പോഴൊക്കെയോ നിർബന്ധിതനാക്കിയത്..

തന്റെ മകനെ തട്ടിയെ ടുക്കാൻ വന്ന സ്ത്രീയായി സുധയെ കണ്ട അമ്മയെ അത്തരത്തിൽ ഭയപ്പെടുത്തിയത് അവർ നേരിട്ട അനീതികൾ തന്നെയാണ്… ” കാപ്പാനെ തിരികെ താ തമ്പ്രാ ” എന്ന് അലമുറയിട്ട് പ്രജാനന്ദയുടെ ആശ്രമത്തിന് മുന്നിൽ കാത്തിരുന്ന സ്ത്രീക്ക് പറയാൻ അവർ നേരിട്ട കയ്പ് നിറഞ്ഞ ഒരു വലിയ ചരിത്രമുണ്ട്….

“ധർമപാലൻ” തന്റെ മാതാവിന്റെ ശരീരത്തിലെ പുഴുവരിച്ചു തുടങ്ങിയ വ്രണങ്ങളിലേക്ക് നോക്കുമ്പോൾ ഓരോ വായനക്കാരനും തന്റെ ബോധത്തിൽ പട്ടുവസ്ത്രങ്ങൾ പൊതിഞ്ഞ് മറച്ചിട്ടിരിക്കുന്ന വ്രണങ്ങളെ തിരിച്ചറിയാൻ തുടങ്ങും.. എത്ര ലളിതമായാണ് സ്വന്തം ഉള്ളിലേക്ക് അദ്ദേഹം നമ്മെ തിരിച്ചുനിർത്തുന്നത്…

ഒടുവിൽ തന്റെ അമ്മയുടെ അടുത്തിരുന്ന്,

“അമ്മേ ഞാൻ കാപ്പനാ.. ഞാൻ കളസവും ചട്ടയും ഊരാൻ പോവുകയാണ് തമ്പ്രാക്കളുടെ കശേരയിൽ ഇനി ഞാൻ ഇരിക്കില്ല”

എന്ന് പറയാൻ ആഗ്രഹിക്കുന്ന ധർമ്മപാലൻ ഒരു പ്രതിനിധിയാണ് ഭൂരിപക്ഷത്തിന്റെ ധവളാധികാര സങ്കൽപ്പമേറ്റ് പൊള്ളലേൽക്കുന്ന ഒരു ജനതയെ അയാൾ തുറന്നുകാട്ടുന്നു…

ഒട്ടും വിദൂരമല്ലാതെ ഒരു ആദിവാസി യുവാവ് തന്റെ സത്തയെ വെളിപ്പെടുത്തിക്കൊണ്ട് “നമ്മുടെ കേരളം എന്ന് പറയാൻ ഞങ്ങൾക്കിതുവരെ തോന്നിയിട്ടില്ല , നിങ്ങളുടെയും ഞങ്ങളുടെയും കേരളം രണ്ടാണെന്ന് പറഞ്ഞപ്പോഴാണ് നവോത്ഥാനകേരളപ്പെരുമയിൽ ഊറ്റം കൊള്ളുന്ന മലയാളി മറച്ചുവച്ച സത്യങ്ങളെ തിരിഞ്ഞുനോക്കാൻ തുടങ്ങിയത്…

നായാടിയുൾപ്പെടെയുള്ള പല വിഭാഗങ്ങളും നവോത്ഥാന മനസ്സുകളിൽ കയറിച്ചെല്ലാഞ്ഞത് ചരിത്രം അവരെ അവഗണിച്ചു എന്ന വസ്തുതയുടെ മറുപുറമാണെന്നത് കയ്പുള്ള യാഥാർത്ഥ്യമാണ്….

ചരിത്രത്തിനോട് ചേർത്ത് വച്ച് “നൂറ് സിംഹാസനങ്ങൾ ” വായിക്കപ്പെടേണ്ടത് ഒരു കാലഘട്ടത്തിന്റെ ആവശ്യമാണ്.. റിയലിസം എന്ന സാഹിത്യ പ്രസ്ഥാനം ഇവിടെയാണ് അനശ്വരമാകുന്നത്..

ഒരു നല്ല കഥ പറയുക എന്നതിനപ്പുറം ഇന്നലെകളിൽ നിന്ന് മാറ്റിനിർത്താവുന്ന ഒരു പുതിയ മനുഷ്യനിലേക്കുള്ള നമ്മുടെ യാത്രകളാണ് പുസ്തകങ്ങളെങ്കിൽ ” നൂറ് സിംഹാസനങ്ങൾ “ നമ്മൾ ചേർത്തുപിടിച്ചേക്കണം… ഹൃദയത്തിലേക്ക്..

പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക

ജയമോഹന്റെ നൂറ് സിംഹാസനങ്ങള്‍ എന്ന നോവലിന് ആര്യാ സജി എഴുതിയ വായനാനുഭവം

Comments are closed.