DCBOOKS
Malayalam News Literature Website

ഒരു യുഗപുരുഷന്റെ ജീവിതം

ഞാൻ വാഗ്ഭടാനന്ദൻ, ഒരു യുഗപുരുഷന്റെ ജീവിതം പശ്ചാത്തലമാക്കി പ്രിയ സുഹൃത്ത് ടി.കെ അനിൽകുമാറിന്റെ പുതിയ രചന.കേരളത്തിലങ്ങോളമിങ്ങോളം തന്റെ ജ്ഞാന രേണുക്കൾ പ്രസരിപ്പിച്ച ഒരു മഹാ വ്യക്തിത്വത്തെ ഒരു ചെറു നോവലിലേക്ക് സന്നിവേശിപ്പിച്ചിരിക്കയാണ് അദ്ദേഹം. അത്യന്തം കയ്യടക്കത്തോടെ താൻ ഏറ്റെടുത്ത ഉദ്യമത്തിൽ അനിൽ കുമാർ പൂർണ വിജയം നേടിയിരിക്കയാണ്. ഒപ്പം മലയാള വായനക്കാരന് ഒരു ചരിത്രാഖ്യായിക കൂടി ലഭിച്ചിരിക്കുന്നു.

ഋഷി പ്രഭാവനായ ഒരാൾ സമൂഹത്തിൽ എത്രമാത്രം സ്വാധീനം ചെലുത്തിയിരുന്നുവെന്നും എത്രയൊക്കെ എതിർപ്പുകൾ നേരിട്ടിരുന്നുവെന്നും പുസ്തകത്തിലൂടെ സഞ്ചരിക്കുന്ന ആർക്കും Textബോധ്യമാവും. VK ഗുരുക്കൾ എങ്ങനെ വാഗ്ഭടാനന്ദൻ ആയി തീരുന്നുവെന്നും വിഗ്രഹാരാധന പോലുള്ള ആചാരങ്ങൾക്കെതിരെ അദ്ദേഹം എത്രമാത്രം പട പൊരുതിയിരുന്നുവെന്നും പുതുതലമുറയിലെ വായനക്കാർക്കും നവ്യാനുഭവമാകും. ആത്മവിദ്യാ സംഘം ,തത്വ പ്രകാശിക, ഐക്യ നാണയ സംഘം ,പ്രീതി വിവാഹം ,പ്രീതി ഭോജനം തുടങ്ങി ഈ കാലത്ത് കേൾക്കാൻ സാധ്യതയില്ലാത്ത എത്രയോ വാക്കുകളുടെ അർത്ഥങ്ങളുടെ ആഴമറിയാനും കഴിയും.

നവോത്ഥാന നായകനെ കേൾക്കുന്ന ഏതൊരാളും സ്വയo ‘ വാഗ്ഭടാനന്ദൻ ‘ ആയി മാറുന്ന ഒരു കാഴ്ച നമുക്ക് നോവലിൽ കാണാനാവും. പി. കൃഷ്ണപ്പിള്ള ,AV കുഞ്ഞമ്പു, ദേവയാനി ,സുകുമാർ അഴിക്കോട് എന്നിവരൊക്കെ ആ ശ്രേണിയിൽ സ്വയം വാഗ്ഭടാനന്ദൻ ആയി മാറിയവരിൽ ചിലർ മാത്രം. വായനക്കാരനിലും ആ ഒരു മന്ത്രം സ്വയം ഉരുവിടാൻ ഈ നോവൽ ആഹ്വാനം ചെയ്യുന്നു. സത്യാന്വേഷകനായ ,സാമൂഹ്യ സേവകനായ ഒരെഴുത്തുകാരനിൽ നിന്നും കാലം ആവശ്യപ്പെടുന്നതും അതൊന്നുമാത്രം. ടി.കെ അനിൽകുമാറിന്റെ ആദ്യ നോവൽ അൽകാഫിറുൻ ഇറങ്ങിയിട്ട് ഒരു വ്യാഴവട്ടമാവുന്നു. പന്ത്രണ്ട് വർഷം കൊണ്ട് ഞാൻ വാഗ്ഭടാനന്ദൻ. നീലക്കുറിഞ്ഞി വസന്തത്തിന് മറ്റൊരു അപൂർവത നൽകും പോലെ ,അനിൽകുമാറിന്റെ ഈ ആഖ്യായിക മലയാള സാഹിത്യത്തിനും അപൂർവ ചാരുതയേകുന്നു.
പ്രിയ സുഹൃത്തിന് എല്ലാവിധ ഭാവുകങ്ങളും …

പുസ്തകം വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ടി.കെ. അനില്‍ കുമാറിന്റെ ഞാന്‍ വാഗ്ഭടാനന്ദന്‍ എന്ന നോവലിന് രാജൻ പാനൂർ എഴുതിയ വായനാനുഭവം

 

Comments are closed.