DCBOOKS
Malayalam News Literature Website

പുറപ്പെട്ടയിടവും എത്തുന്നയിടവും നിലയിടങ്ങളാവാതെ യാത്ര തുടരുന്നവർ…!

മനോജ് കുറൂരിന്റെ നിലം പൂത്തു മലര്‍ന്ന നാള്‍ എന്ന നോവലിന് ശോഭ എ എന്‍ എഴുതിയ വായനാനുഭവം

വായിച്ചു തുടങ്ങുമ്പോഴേ യാഴ് മീട്ടാൻ തുടങ്ങുന്നു. ഇടക്കിടക്ക് കുരൽ കൂവുന്നു. ആകുളിപ്പറകളും മുഴവുകളും ഇടിമുഴക്കുന്നു. കൂത്തർ ഉറഞ്ഞാടുന്നു. മനുഷ്യനും പ്രകൃതിയും മഴയും പുഴയും എല്ലാം തങ്ങളുടെ ഭാഗം ആടി തിമർക്കുന്ന കഥയുടെ ഭാഗമായൊരു വായനയ്ക്ക് അവസരമൊരുക്കുകയാണ് ശ്രീ. മനോജ് കുറൂരിന്റെ “നിലം പൂത്തു മലർന്ന നാൾ” എന്ന നോവൽ. ഇത് ഒരു യാത്രയാണ്; വറുതിയിൽ വലഞ്ഞുപോയ ഒരു ജനതയുടെ അഴൽ തീരാനുള്ള യാത്ര.

തിരിച്ചെത്തുമെന്നുറപ്പില്ലാത്ത പുറപ്പാടായിരുന്നു അത്. മടങ്ങിവരവിനെപ്പറ്റി ഞങ്ങളാരും തമ്മിൽ തിരഞ്ഞുകൂടിയില്ല. പറിഞ്ഞുപോയ വേരുകളോർമ്മിച്ചാൽ പായലുകൾക്ക് ഒഴുകാനാവില്ല. പറന്നടിയുന്ന നേരത്തെ പേടിച്ചാൽ ചിതൽപ്പുറ്റിലെ കീടങ്ങൾക്ക് ചിറകു മുളയ്ക്കില്ല.

പിറന്നിടം വിട്ട് മറുനാട് തേടുന്ന ഇവർ വിതച്ചോ കൊയ്തോ വേട്ടയാടിയോ അന്നത്തിനു വക നേടാനറിയാത്തവരാണ്. പക്ഷെ കണ്ടും കേട്ടുമറിയുന്നതിനെ ഉള്ളിൽ കലമ്പി തെളിച്ച് ആട്ടവും പാട്ടുമായ് മൊഴിമാറ്റം ചെയ്ത് പകർത്തുന്നവരാണ്.

വറ്റിവരണ്ട വെള്ളച്ചാട്ടങ്ങളിലെ പാറക്കെട്ടുകളിൽ കണ്ണീർ വറ്റിയ കവിൾത്തടങ്ങൾ കാണുന്നവരാണവർ. ഇവരുടെ കഥയുടെ ഇഴ നിവരുന്നതും അതി സുന്ദരമായ ഭാഷയിൽ തന്നെ. ഭാഷയുടെ ആര്യദ്രാവിഡങ്ങൾ നിരൂപകർക്ക്‌ വിടാം.

ഇതൊന്നും അറിയാത്തൊരാൾ പോലും തന്റെ വായനയിൽ തിരിച്ചറിയുന്നൊരു സൗന്ദര്യമുണ്ടിതിൽ. ഇന്നുവരെ കേട്ടിട്ടില്ലാത്ത ഇപ്പോൾ പുറത്തിറങ്ങുന്ന പുസ്തകങ്ങളിൽ ഒരിക്കലും കാണാൻ സാധ്യതയില്ലാത്ത എത്രയോ വാക്കുകൾ ഓരോ താളിലും കടന്നു വരുന്നു.

പക്ഷെ, ഒരിക്കലെങ്കിലും അർത്ഥമറിയാതെ അവസാനതാളുകളിലെ പദസൂചികയെ ആശ്രയിക്കേണ്ടി വരുമെന്ന് തോന്നുന്നില്ല. മലയാളത്തിന്റെ വേരുകൾ ഇതേ ഭാഷയിൽ ആഴ്ന്നിറങ്ങിയിരിക്കുന്നു എന്നതിന്റെ തിരിച്ചറിവുകൂടിയാണിത്. പതിനേഴു നൂറ്റാണ്ടുകൾക്ക് മുമ്പുള്ള ഒരു കേരളത്തെ അതിന്റെ തനതു ഭാഷയിലും കാഴ്ചയിലും വരച്ചുവെക്കുകയാണിതിൽ.

പെരുംപാവലർ വാഴ്ത്തതിയില്ലെങ്കിൽ തങ്ങളുടെ ജയങ്ങൾ എല്ലാം വെറുതെയെന്ന് നാടുവാഴികൾ കരുതി. വാഴ്ത്ത്തിനേടുന്ന പൊരുളുകൾക്കൊപ്പം അവർ ഇടനിലക്കാരായും ചാരന്മാരായും ഇടക്കൊക്കെ ചുവടുമാറ്റം നടത്തി. അതിലൊരു കൂട്ടത്തിന്റെ നിലപ്പിനായുള്ള പാലായനമാണ് ഇതിലെ ഇതിവൃത്തം.

കൊലുമ്പനും നെല്ലക്കിളിക്കും നാലുമക്കൾ. ഈ യാത്രയിൽ മയിലൻ എന്ന മൂത്തമകനൊഴിച്ച് ചിത്തിരയും ഉലകനും ചീരയും കൂടെയുണ്ട്. ഒപ്പം പെരുംപാണനും പാണരും കൂത്തരുമുണ്ട്.

കൊലുമ്പനു ഈ യാത്ര വറുതിയിൽ നിന്നുള്ള രക്ഷതേടി ജീവിതമാർഗ്ഗം നേടാൻ ഏതെങ്കിലും ഒരു വാഴുന്നോരെ തേടിയുള്ള യാത്രമാത്രമല്ല; ഇവർക്ക് മുമ്പേ ഇതേ വഴിയെ രക്ഷതേടി പോയ മയിലനെ കണ്ടെത്താനുള്ള ശ്രമം കൂടിയാണ്‌.

ഉടലിനു പുറത്ത് വേറെ അറയുണ്ടാക്കി ഉള്ളുകൊണ്ട് അതിൽ അടയിരിക്കുന്നവരാണു തങ്ങളെന്ന് ഉലകൻ തലകുനിക്കുമ്പോൾ ആകാശത്തിലെ പറവകളായാണ് ചീര സ്വന്തംസമൂഹത്തെ ഉപമിക്കുന്നത്. കൂട്ടുകാരനെ തേടി കൂട്ടം വിട്ടുപോവുകയും കൂട്ടത്തിലെക്ക് തിരിച്ചെത്തുകയും ചെയ്യുന്ന ചന്തനില്ലാതെ കഥയൊരിക്കലും പൂർണ്ണമാവുന്നില്ല.

മൂന്നായ്‌ പകുത്ത ഈ നോവൽ കൊലുമ്പനിൽ തുടങ്ങി ചിത്തിരയിലൂടെ തുടർന്ന് മയിലനിൽ അവസാനിക്കുന്നു. കൊലുമ്പന്റെ സാത്വികതയിൽ നിന്നും മയിലന്റെ പരുക്കൻ ഭാവത്തിലേക്കുള്ള കഥാഗതിയിൽ ആണ്‍പെണ്‍ വ്യക്തിത്വങ്ങൾ നിറഞ്ഞാടുന്നു.

കുട്ടിത്തം വിടാത്ത ഉലകനിൽ നിന്നും അച്ഛന്റെ മരണത്തോടെ തീരുമാനങ്ങൾഎടുക്കുന്ന മുതിർന്നവനിലേക്കും, ഉപേക്ഷിച്ച് പോന്ന നായ്ക്കുട്ടികൾക്ക് എന്ത് സംഭവിച്ചെന്ന് ആകുലപ്പെടുന്ന ചീരയിൽ നിന്നും മയിലന്റെ മറ്റൊരു പാലായനത്തിനു കാരണമാവുന്ന ഉറഞ്ഞു തുള്ളലിലേക്കുമുള്ള വ്യതിയാനങ്ങൾ വാക്കുകളിൽ വരച്ചിട്ട ചിത്രങ്ങളാകുന്നു. ചിത്തിരയുടെ പ്രണയവും മകീരന്റെ നിഗൂഢതയുമെല്ലാം പുഴയുടെ തെളിമ പോലെയും അതിൽ ഒളിഞ്ഞിരിക്കുന്ന മുതലകളെപോലെയും വെളിവാകുകയാണ്.

ഉള്ളിലുള്ള കനിവിനെ കണ്ണുകാണാത്ത നീതിക്ക് അടിയറവെച്ച നന്നനെന്ന മന്നന്റെ മരിച്ചിട്ടും മരിക്കാത്ത അലച്ചിലും അതിനു ഉപദേശം നൽകിയ മയിലന്റെ കടൽകടക്കലും പെണ്‍പാവയുടെ കോവിലും ഒരു മിത്തിന്റെ പട്ടുനൂലിൽ കോർക്കുമ്പോൾ ചുവപ്പിൽ പട്ടും ചിലമ്പുമണിഞ്ഞ് ചീര വെളിച്ചപ്പെടുകയാണു – “ആ കോവിലിലെ ആണ്ടവളുടെ മറുപിറപ്പാണു ഞാൻ”.

പുറപ്പെട്ടയിടവും എത്തുന്നയിടവും നിലയിടങ്ങളാവാതെ യാത്രതുടരുന്നവർ, ചതിക്കപ്പെമ്പോഴും ചതിയിലെ കരുക്കളാവുമ്പൊഴും ഉള്ളുരുകുമ്പൊഴും ഉണ്മയറിയുമ്പോഴും അവർ പാടുന്നു. പുസ്തകം മടക്കിവെക്കുമ്പൊഴും അവർ നമുക്ക് കൂട്ടുവരുന്നു.

കടപ്പാട് മനോരമ ഓണ്‍ലൈന്‍

Comments are closed.