DCBOOKS
Malayalam News Literature Website

കാലസർപ്പത്തിന്റെ സഞ്ചാരവഴികൾ…

 

Rajeev Sivasankar

അമ്മയുടെ വയറ്റിൽവച്ചേ പാതി ജീവൻ നഷ്ടപ്പെട്ടൊരു കുഞ്ഞിന്റെ ജീവിതം ആയുസ്സുമായുള്ള മൽപ്പിടിത്തമാകുന്നതു സ്വാഭാവികം. പരീക്ഷിത്തിന്റെ ജീവിതം അങ്ങനെയായിരുന്നു. ദൈവാനുഗ്രഹത്താൽ നീട്ടിക്കിട്ടിയ ആയുസ്സിന് മുനിശാപവും തക്ഷകനും വിലപറഞ്ഞു. പിറവി മുതൽ മരണം വരെ അനിശ്ചിതത്വത്തിന്റെ നൂൽപ്പാലത്തിൽ കഴിയേണ്ടിവന്ന ആ ജീവിതത്തിന്റെ ധർമസങ്കടങ്ങളാണ് രാജീവ് ശിവശങ്കർനാഗഫണ’ത്തിൽ ചർച്ച ചെയ്യുന്നത്. ഒപ്പം നാഗകുലത്തിന്റെ പ്രതിസന്ധികളും.

‘തമോവേദ’ത്തിലും ‘കൽപ്രമാണ’ത്തിലും ‘മറപൊരുളി’ലും ഒടുവിൽ ‘കുഞ്ഞാലിത്തിര’യിലുമൊക്കെ പ്രമേയത്തിന്റെ വ്യത്യസ്തത തേടിപ്പോയ എഴുത്തുകാരന്റെ കൈയൊപ്പ് പുതിയ രചനയിലും കാണാം. ഇതിഹാസങ്ങൾ പുതുക്കിയെഴുതുമ്പോഴത്തെ രാജീവിന്റെ മിടുക്ക് ‘കലിപാക’ത്തിൽ നമ്മൾ കണ്ടതാണ്. ഇവിടെയും അതാവർത്തിക്കുന്നു.  അനന്തനും വാസുകിയും തക്ഷകനും കാർക്കോടകനുമൊക്കെ ഉൾപ്പെട്ട നാഗകുലത്തിന്റെ സ്വത്വപ്രതിസന്ധികളും അധികാരവടംവലിയും കൃത്യമായി നോവലിൽ വരഞ്ഞിട്ടിട്ടുണ്ട്. ഇതിഹാസവും ഭാവനയും തമ്മിൽ വേർതിരിയുന്നതെവിടെയെന്ന് തിരിച്ചറിയാത്ത തരത്തിലാണ് അതിന്റെ പോക്ക്. രാജീവ് എഴുതുമ്പോൾ, അങ്ങനെതന്നെയാകാം സംഭവിച്ചത് എന്ന അനുമാനത്തിലേക്ക് വായനക്കാരനും എത്തിച്ചേരുന്നു.

Rajeev Sivasankar-Nagaphanamഒഴുക്കുള്ള ഭാഷയിൽ ഇതിഹാസകാലം സ്പന്ദിക്കുന്നു. കാലത്തിനു ചേർന്ന  ബിംബങ്ങളും ഉൾക്കാഴ്ചകളും. അതേസമയം, ക്രൈംനോവൽ വായിക്കുംപോലെ രസംപിടിച്ചു വായിക്കാൻ പ്രേരിപ്പിക്കുന്ന രചനാതന്ത്രവും.

ഇതിഹാസങ്ങൾക്ക് പുതുഭാഷ്യം ചമയ്ക്കുന്ന ഇന്ത്യൻ ഇംഗ്ലിഷ് എഴുത്തുകാരുടെ മനസ്സിൽപ്പോലും തോന്നാഞ്ഞ ആശയമാണ് രാജീവ് അവതരിപ്പിച്ചിരിക്കുന്നത് എന്നത് എടുത്തുപറയണം. ഇതിഹാസകഥാപാത്രങ്ങളല്ല, അവരുടെ ദാർശനിക പ്രതിസന്ധികളാണ് രാജീവിനു വിഷയം. ‘പരീക്ഷിതം’, ‘ജനമേജയം’ എന്നിങ്ങനെ രണ്ടു ഭാഗങ്ങളായാണ് നോവലിന്റെ രചന. കൃഷ്ണദ്വൈപായനനും ഇതിഹാസരചനയുമൊക്കെ ഇതിൽ പ്രതിപാദ്യവിഷമാകുന്നുണ്ട്.  ഇന്ദ്രനും അർജുനനും തമ്മിലുള്ള ബന്ധത്തിന്റെയും വിനത–കദ്രുവഴക്കിന്റെയും നാഗങ്ങളും ഗരുഡനും തമ്മിലുള്ള  ഏറ്റമുട്ടലുകളുടെയുമൊക്കെ മറുപുറം പുതിയ കാഴ്ചപ്പാടുകളോടെ നോവലിൽ അനാവരണം ചെയ്യപ്പെടുന്നു. 

അശ്വമേധത്തിൽ പാണ്ഡവരുടെ കുതിരയെ പിടിച്ചുകെട്ടിയ പ്രമിളമഹാറാണിയുടെ സ്ത്രീസാമ്രാജ്യവും ഭീമസേനന്റെയും ഉലൂപിയുടെയും ജീവിതവുമെല്ലാം നോവലിൽ കടന്നുവരുന്നു. ആദ്യവായനയ്ക്കപ്പുറം ദാർശനിക തലത്തിൽ ആഴത്തിലുള്ള രണ്ടാം വായനയ്ക്കു സാധ്യതയുള്ളതാണ് ‘നാഗഫണം’. ചരിത്രവും കാലവും പലതരത്തിൽ ആവർത്തിക്കപ്പെടുന്നതിന്റെ ഖേദം നോവൽ വായിച്ചുതീരുമ്പോൾ നാമറിയുന്നു.  കാലസർപ്പത്തിന്റെ പിടിയിൽനിന്ന് ഒരു ജീവജാലത്തിനും മോചനമില്ലെന്ന തിരിച്ചറിവിന് അടിവരയിടുന്നു. ആദികാവ്യമെഴുതാൻ ഇണക്കിളികൾ പിടഞ്ഞുവീഴേണ്ടി വന്നതുപോലെയുള്ള കറുത്ത ഫലിതങ്ങളുടെ ഖേദവും എഴുത്തുകാരൻ പങ്കുവയ്ക്കുന്നുണ്ട്. ഇതിഹാസത്തിന്റെ അർഥവത്തായ പുനർവായനയെന്നല്ല, പുന:സൃഷ്ടി എന്നാണ് നാഗഫണത്തെ വിശേഷിപ്പിക്കേണ്ടത്.

രാജീവ് ശിവശങ്കറിന്റെ ‘നാഗഫണം’ എന്ന നോവലിന് എൻ.കെ. ബാലചന്ദ്രൻ എഴുതിയ വായനാനുഭവം

Comments are closed.