DCBOOKS
Malayalam News Literature Website

പൊക്കിള്‍ക്കൊടി മുറിച്ചു മാറ്റപ്പെട്ട ഒരു പെണ്‍കുരുന്നിന്റെ ശൈശവവും, ബാല്യവും, കൗമാരവും, യൗവനവും!

NADAVAZHIYILE NERUKAL ATHMAKATHAPARAMAYA NOVEL

ഏകദേശം രണ്ടരവർഷം മുൻപാണ് എന്റെ ഓട്ടോയിലെ പതിവ് യാത്രക്കാരിയായ കോളേജ് അധ്യാപിക മറ്റു രണ്ടു പുസ്തകങ്ങളുടെ കൂടെ ” നടവഴിയിലെ നേരുകൾഎന്ന പുസ്തകം എനിക്ക് സമ്മാനിക്കുന്നത്. കൂടെയുണ്ടായിരുന്ന പൗലോ കോയ്ലയേയും ഖാലിദ് ഹൊസയ്നിയേയും തൊട്ടടുത്ത ദിവസങ്ങളിലായി വായിച്ചു തീർത്തെങ്കിലും അറുന്നൂറ്റിനാൽപത് പേജ് കനത്തിൽ ഷെമി എന്ന അതിനു മുൻപൊരിക്കലും കേട്ട് പരിചയമില്ലാത്ത എഴുത്തുക്കാരിയുടെ പുസ്തകം വായിക്കുന്നത് പിന്നെ എപ്പോഴെങ്കിലും ആകാം എന്ന ചിന്തയിൽ  ഞാനാ പുസ്തകത്തെ എന്റെ ഷെൽഫിലെ മറ്റു പുസ്തകങ്ങൾക്കിടയിൽ ഉപേക്ഷിച്ചു.

പിന്നീടെപ്പോഴോ വായനാ പ്രേമിയായ അമ്മാവന്റെ മകൾ വായിച്ച് തിരികെ കൊണ്ടുതരാം എന്ന ഉടമ്പടിയിൽ ഷെമിയെ അവളുടെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി ഒരു വർഷത്തോളം അവളുടെ കൂട്ടുക്കാരിലൂടെ കൈമാറി മാസങ്ങൾക്കു മുൻപ് വീണ്ടും ആകട്ടി പുസ്തകം എന്റെ കയ്യിലെത്തിയെങ്കിലും കല്യാൺ സിൽക്ക്സിന്റെ പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ് എന്റെ ഓട്ടോയുടെ സീറ്റിനു പുറകിലിരിക്കാനായിരുന്നു പിന്നെയതിന്റെ യോഗം.

ഡീസൽ എഞ്ചിന്റെ നിരന്തരമായ ചൂടിൽ ബലം വെച്ച് പുറംചട്ട വളഞ്ഞ ആ പുസ്തകം കഴിഞ്ഞ ദിവസം വണ്ടി കഴുകുന്നതിനിടയിലാണ് ഞാൻ പുറത്തേകെടുക്കുന്നത്. കൊറോണ കാലത്ത് ഒരു പുസ്തകം വായിക്കാനുള്ള പ്രേരണയിൽ അത് വായിക്കാനെടുത്തപ്പോഴും ഷെമി എന്ന എഴുത്തുക്കാരിയുടെ പേരിനപ്പുറം പ്രസിദ്ധികരണം ഡി സി ബുക്ക്സ് എന്ന അക്ഷരങ്ങൾക്കായിരുന്നു ഞാൻ മുൻതൂക്കം കൊടുത്തത്.  നാളിതുവരേയുള്ള എന്റെ വായനാനുഭവത്തിൽ നിന്ന് ഡി സി ബുക്ക്സ് പ്രസിദ്ധികരിക്കുന്ന പുസ്തകങ്ങൾ ഒരിക്കലും മോശമാവില്ല എന്നൊരു വിശ്വാസമുണ്ട് ( ഞാനെഴുതുന്ന ഒരു പുസ്തകം ഡി സി പ്രസിദ്ധികരിക്കുന്നു എന്നതാണ് എന്റേയൊരു സ്വപ്നം ).

വായന ഗൗരവമായി കാണാൻ തുടങ്ങിയ കാലം മുതൽ ഓരോ സമയത്തും വേറെ വേറെ തരത്തിലുള്ള എഴുത്തുകളെ ഇഷ്ട്ടപെടുന്ന ഒരാളാണ് ഞാൻ ..ക്യത്യമായി പറഞാൽ ദീപാ നിശാന്തിന്റെ “കുന്നോളമുണ്ടല്ലോ ഭൂതകാലകുളിർ “എന്ന അനുഭവ കഥാ സമാഹാരം വായിച്ചതിനു ശേഷം അതു പോലുള്ള ആത്മകഥാംശമുള്ള എഴുത്തുകളാണ് ഞാനെന്റെ വായനയിൽ കൂടുതലായി ഉൾപെടുത്തുന്നത്.

എന്നാൽ ഇതുവരെ വായിച്ച അനുഭവകഥകളിൽ നിന്നും തികച്ചും വിത്യസ്ത്ഥമായ
ഷെമിയുടെ ആത്മകഥാംശമുള്ള പുസ്തകം വായിക്കാൻ തുടങ്ങിയത് മുതൽ എന്റെ ആത്മവ് ഉടലിനെ ഉപേക്ഷിച്ച് രൂപം ഓർത്തെടുക്കാൻ പോലും കഴിയാത്ത മെലിഞ്ഞ് വിളറിയ ഒരു പെൺക്കുട്ടിയുടെ കൂടെ ഇറങ്ങി പോവുകയായിരുന്നു. പരിസരം മറന്ന വായനയിൽ അവളോടൊപ്പം കണ്ണൂരും , കോഴിക്കോടും , കാസർഗോഡും , കോട്ടയവുമെല്ലാം കറങ്ങി വർഷങ്ങൾക്ക് ശേഷം ദുബായ് എയർപോർട്ടിലെത്തി നിന്നു. ഏറെ വൈകിയ ഇന്നലത്തെ രാത്രിയിൽ വായന കഴിഞ് ഞാനാ പുസ്തകം അടച്ചുവെച്ചു.

ഇന്നലത്തെ അവശേഷിച്ച രാത്രിയിൽ ഉറക്കമെന്നോടൊട്ടും ദയ കാണിക്കാതെ ഒഴിഞ്ഞുമാറിനിന്നപ്പോൾ ഞാൻ ഷെമിയുടെ എഴുത്തിനെ കുറിച്ചോർത്തു. നോഹയുടെ പേടകത്തിന് സമാനമായ ആ കുടുംബത്തെ കുറിച്ചോർത്തു.”ഉമ്മ , ഉപ്പ , അൻവർഭായ് , ജാബിർ ഭായ് , തൗസീർ ഭായ് , ഷുക്കൂർ ഭായ് , മുനീർ ഭായ് , സാറ, റംല, ഹാജറ, റാഫി പിന്നെ നമ്മുടെ Textകഥാനായികയും നിന്നു തിരിയാൻ ഇടമില്ലാത്ത വാടക വീട്ടിൽ നിറഞ്ഞു കവിഞ്ഞ കുടുംബം കൂട്ടിന് ദാരിന്ദ്രവും അരക്ഷിതാവസ്ഥയും വഴക്കും, വക്കാണവും ബഹളങ്ങളും പ്രതീക്ഷകളും. പടച്ചോനെ എന്തൊരെഴുത്താണിത് അക്ഷരങ്ങൾക്ക് തീ പിടിപ്പിക്കുക എന്നൊക്കെ പറഞാൻ അത് ഒരിക്കലും അതിശയോക്തിയാവില്ല പച്ചയായി പകർത്തി വെച്ചിരിക്കുന്ന ജീവിതാനുഭവങ്ങൾ ഒന്നും എവിടെയും വിട്ടു പോയിട്ടില്ല പൊക്കിൾകൊടി മുറിച്ചു മാറ്റപ്പെട്ട ഒരു പെൺക്കുരുന്നിന്റെ ശൈശവവും , ബാല്യവും , കൗമാരവും , യൗവനവും അവളുടെ വളർച്ചയും വിളർച്ചയും ഓരോ ശ്വാസം പോലും വിടാതെ പകർത്തിയിരിക്കുന്നു

ദാരിദ്ര്യം …ജനിക്കേണ്ടായിരുന്നു എന്ന് മനുഷ്യൻ ഓരോ ശ്വാസത്തിലും ചിന്തിക്കുന്ന വേറൊരവസ്ത്ഥയും ഭൂമിയിലുണ്ടാവില്ല കൊടിയ ഭാര്യദ്ര്യത്തോടൊപ്പം സ്നേഹത്തിന്റെ ഉറവപോലും കാണാത്ത ജീവിത സാഹചര്യവും കൂടി ചേരുമ്പോൾ ജീവനവസാനിപ്പിക്കാൻ തോന്നുന്നിടത്ത് നിന്ന് തികച്ചും നിർഭയത്തോടും ശുഭാപ്തിവിശ്വാസത്തോടും ജീവിതത്തെ നേരിടുന്നൊരു പെൺക്കുട്ടി.

“സമുദായ സൽപേരിന്റെ കളങ്കത്തേക്കാൾ സമൂഹസ്ഥാന നിന്ദ്യതയേക്കാൾ അനശ്വരനായ ഇശ്വാരനേക്കാൾ ഭയക്കേണ്ടത് വിശപ്പിനേയാണ് അതിന്റെയാക്രമണത്തിൽ മുട്ടുക്കുത്തി കീഴടങ്ങാത്ത വികാരങ്ങളൊന്നും ഈ ഭൂമുഖത്തില്ല. ഒരു ജീവിതം അടയാളപ്പെടുത്തുകയാണ്,  നാളെ എന്നൊരു വിദൂര സ്വപ്നത്തിലൂടെയാണ് സഞ്ചാരം. ദാരിദ്ര്യത്തിന്റെ കൊടിയ ദുരന്തങ്ങളിൽ ജീവിച്ച മാതാപിതാക്കളുടെ വെളുത്തു ചുകന്ന സുന്ദരന്മാരും സുന്ദരികളുമായ മക്കളിൽ ഇരുണ്ട നിറക്കാരിയായ പെൺകുട്ടിയുടെ സ്വയം തിരിച്ചറിവുകളും അടയാളപ്പെടുത്തലും , പുരുഷ മേൽകോയ്മയുടെ മൃഗീയാധിപത്യം അമ്മയുടെമേൽ സഹോദരിമാരുടെ മേൽ സഹോദരർ കൈക്രിയകളിൽ കൂടി പ്രകടിപ്പിക്കുമ്പോൾ രോഗിയും ദരിദ്രനുമായ അച്ഛൻ അതേ പുരുഷാധിപത്യത്തിന്റെ അധികാരക്കോൽ പ്രയോഗിക്കാൻ ആവാതെ നിസ്സഹായനായി നോക്കി നിൽക്കേണ്ടിവരുന്ന വൈരുദ്ധ്യം .. തന്റെ ബുദ്ധിയും ധിഷണയും കൊണ്ട് മുകൾപാടികളിലേക്കു കയറാൻ ശ്രമിക്കുന്ന ആ പെണ്ണുടലിലെ വീണ്ടും താഴേക്കു തള്ളിയിടുന്ന ബന്ധങ്ങൾ ബന്ധനങ്ങൾ ..

ചുട്ടുപൊള്ളുന്ന കഥന കടലിൽ നിന്ന് നിസംഗഥയോടെ ഉയെർത്തെഴുന്നേറ്റു നിൽക്കുന്നതിനേയാണോ ഫെമിനിസം എന്ന് പറയുന്നത്  എനിക്കറിയില്ല പക്ഷേ സ്ത്രീകൾക്കു മാത്രമല്ല മനുഷ്യർക്കെല്ലാം ഇവരെ മാതൃകയാക്കാം നന്മയും ഉദാരതയും മനോധൈര്യവും കൈമുതലായുള്ള ഇവരെ പോലുള്ളവരാണ് ഭൂമിയുടെ യഥാർത്ഥ അവകാശികൾ.

പ്രിയപ്പെട്ട ഷെമി ആത്മകഥാംശമുള്ള ഈ പുസ്തകത്തിലെ ആ പെൺക്കുട്ടി നിങ്ങളാണങ്കിലും അല്ലങ്കിലും എനിക്ക് നിങ്ങളേയൊന്ന് കെട്ടിപിടിക്കാൻ തോന്നുന്നുണ്ട്. അക്ഷരങ്ങൾ കൊണ്ട് വിസ്മയിപ്പിച്ചതിന് ത്യാഗങ്ങൾ കൊണ്ട് തോൽപ്പിച്ചതിന് നന്മകൾ കൊണ്ട് കണ്ണ് നനയിപ്പിച്ചതിന് അനുഭവങ്ങൾ കൊണ്ട് അമ്പരപ്പിച്ചതിന്.

 പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക

ഷെമിയുടെ ‘നടവഴിയിലെ നേരുകള്‍’ എന്ന പുസ്തകത്തിന്  സുധീർ പെരുമ്പിലാവ് എഴുതിയ വായനാനുഭവം.

Comments are closed.