DCBOOKS
Malayalam News Literature Website

ഫാസിസത്തിനെതിരെയുള്ള നിലവിളികൾ

MINNAL KATHAKAL By : PARAKKADAVU P K
MINNAL KATHAKAL
By : PARAKKADAVU P K

പി.കെ. പാറക്കടവിന്റെ ‘മിന്നല്‍ കഥകള്‍’ എന്ന കഥാസമാഹാരത്തിന് അമീന്‍ പുറത്തീല്‍ എഴുതിയ വായനാനുഭവം.

വർത്തമാന കാലത്തിന്റെ ഇരുണ്ട ഹൃത്തടത്തിലേക്കുള്ള മിന്നൽ വെളിച്ചമാണ് പാറക്കടവിന്റെ ഓരോ കഥകളും. അധർമ്മവും അനീതിയും തിമർത്തു പെയ്യുന്ന സാമൂഹികാന്തരീക്ഷത്തിൽ  ഒരാൾക്കും, പ്രത്യേകിച്ച് ധാർമിക ബോധമുള്ള ഒരു എഴുത്തുകാരനും മൗനിയാകാൻ കഴിയില്ല. ഉൾവിളിയിൽ നിന്നുള്ള അത്തരം ഒരു നിലവിളിയാണ് മിന്നൽ കഥകൾ. ഒരു എഴുത്തുകാരന്റെ ധാർമിക രോഷമാണ് ഈ കഥകളിൽ പ്രതിഫലിക്കുന്നത്.

വളരെ കുറഞ്ഞ അക്ഷരങ്ങളും വാക്കുകളും മാത്രമുള്ള ഇതിലെ കൊച്ചു കഥകൾ എന്നാൽ ഒറ്റയിരുപ്പിൽ വായിച്ചുതീർക്കാൻ ആവില്ല. ഒരു കഥ വായിച്ച് പുസ്തകമടച്ച് വിദൂരതയിലേക്കൊന്ന് നോക്കൂ. മിനിക്കഥ വളർന്ന് വളർന്ന് നീണ്ട കഥയാകുന്നത് കാണാം.

അകം നൊന്തും അകം വെന്തും ആണ് അദ്ദേഹം കഥയെഴുതുന്നത്. അത് കൊണ്ട് തന്നെ കഥ ജീവിതം മണക്കുന്നു. ‘നൊന്ത്, വെന്ത് ഞാൻ എന്നെത്തന്നെയെടുത്ത് എഴുതുന്നതാണ് എഴുത്ത്’. കഥാകൃത്ത് അതാവർത്തിച്ചു പറയുന്നുണ്ട്. ‘പേനയുടെ അറ്റത്ത് എന്നെത്തന്നെ ഏച്ചു കെട്ടി കൊളുത്തുണ്ടാക്കി ജീവിതം പറിച്ചെടുക്കുന്നതാണ് കഥ’. മാത്രമല്ല, അതീവ ശ്രദ്ധയോടെ എഴുതിയില്ലെങ്കിൽ എഴുത്തുകാരൻ കുഴപ്പത്തിൽ ചെന്നുചാടുന്നതാണ് ഇന്നത്തെ വർത്തമാനം. അതിനാൽ ഓരോ എഴുത്തുകളും പള്ളിക്കമ്മറ്റിക്കും അമ്പലക്കമ്മറ്റിക്കും ഇമാമിനും പൂജാരിക്കും അച്ഛനും കാട്ടിക്കൊടുത്ത് മാത്രമേ പത്രാധിപർക്കയക്കാവൂ എന്നാണ് എഴുത്തുകാരൻ സങ്കടപ്പെടുന്നത്.

“ചിരിക്കുമ്പോൾ കൂടെ ചിരിക്കാനും കരയുമ്പോൾ കൂടെ കരയാനും ഞാനുണ്ടാകും. മരിക്കുമ്പോൾ കൂടെ മരിക്കാൻ മാത്രം പറയരുത്.” സ്നേഹത്തെ കുറിച്ച് ഇതിനപ്പുറം മറ്റെന്ത് എഴുതാനാണ്?

“നിന്റെ കഥയിൽ മാത്രമല്ല, നരകത്തിലും തീയുണ്ട്”. സുഹൃത്ത് മൊഴിഞ്ഞു.

Text“ശരി രണ്ടിടത്തും വിറക് ഞാൻ തന്നെ” കഥാകൃത്ത് പറഞ്ഞു. ഒരു കഥ എങ്ങിനെ ജനിക്കുന്നു എന്നും കഥാകൃത്ത് എത്രമാത്രം നോവനുഭവിക്കുന്നുവെന്നും തീ എന്ന രണ്ടു വരിക്കഥയിലുണ്ട്. കഥാകൃത്ത് സ്വയം വെന്തു കിട്ടുന്ന പാചകമാണ് കഥ. നന്നായി വെന്തില്ലെങ്കിൽ കഥയും മോശമാകും. തികച്ചും പാകമായ വേവിലുള്ള കഥയാണ് ഇതിലെ കഥകൾ.

“എന്തേ ഇങ്ങോട്ട് പോന്നു?” മാലാഖ ചോദിച്ചു.

“കഥ കഴിഞ്ഞു:” അവൻ പറഞ്ഞു.  കഥ കഴിയുന്നത് വരെ കഥാകൃത്ത് അധർമ്മത്തിനെതിരെയുള്ള പോരാട്ടത്തിലാണ്.

തൊട്ടിലിൽ നിന്ന് മയ്യത്ത് കട്ടിലിലേക്കുള്ള യാത്രയാണ് കഥ. നോക്കൂ ഒരു പാട് വാക്കുകളില്ല.

നീതിയെന്ന കഥ ഭരണാധികാരിയുടെ അനീതിക്കെതിരെയുള്ള ചൂണ്ടു വിരലാണ്. “പാടില്ലാത്ത പഴങ്ങൾ പറിച്ചു തിന്നുമ്പോൾ ദൈവം ആദമിനെ സ്വർഗ്ഗത്തിൽ നിന്നും പുറത്താക്കുന്നു. പാടില്ലാത്ത സത്യം വിളിച്ചു പറയുമ്പോൾ രാജാവ് ആദമിനെ ഭൂമിയിൽ നിന്നും പുറത്താക്കുന്നു.” അപ്രിയ സത്യങ്ങൾ വിളിച്ചു പറയുന്നവരെ ചന്ദ്രനിലേക്ക് അയക്കാനാണല്ലോ നമ്മുടെ രാജാവിന്റെ പ്രജകൾ ആവാശ്യപ്പെടുന്നത്.

“ഒരു തുള്ളിയിൽ ദാഹജലം മാത്രമല്ല, പ്രളയവുമുണ്ട്. ഒരു വീർപ്പിൽ ജീവിതം മാത്രമല്ല മരണവുമുണ്ട്” പ്രളയം കണ്ട കേരളീയർക്ക് ഈ കഥയുടെ നിർവചനം ആവശ്യമില്ല.

“ചിലപ്പോഴെങ്കിലും അരിവാളിൻ ചുണ്ടിലെ ചിരിക്ക് കാവി നിറം” കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ കാവി പടരുന്നുവെന്ന ഒരു പൊതുബോധത്തിനു കഥാകൃത്തിവിടെ അടിവരയിടുകയാണ്.

ഭാരതത്തിൽ മുസ്ലിം – ഹിന്ദു വിഭാഗീയത വർദ്ധിക്കുന്നുവെന്ന യാഥാർഥ്യമാണ് ‘മുഹമ്മദും രാമനും’. AK 47 കൊണ്ട് സിറയിലേക്ക് പോകുന്ന മുഹമ്മദിന് പ്രവാചകൻ മുഹമ്മദിനെയും വീട്ടിലേക്ക് പാൽ കറക്കാൻ പശുവിനെയും കൊണ്ട് പോകുന്ന മനുഷ്യനെ തൃശൂലം കൊണ്ട് കൊല്ലുന്ന രാമന് ശ്രീ രാമനെയും അറിയില്ല എന്ന പരാമർത്ഥമാണ് ഈ കഥയിൽ വരച്ചിടുന്നത്.

ഇക്കാലത്ത് മതം ഒരു കോർപ്പറേറ്റ് വ്യവസായമാണെന്നും ‘മതവും ദൈവവുമാണ് വിൽക്കാൻ ഏറ്റവും നല്ലതെന്നും  സുഹൃത്തേ നോക്കൂ എന്തൊരു ലോകമാണിത്?  ‘വഴി’ യിൽ കഥാകൃത്ത് ആകുലപ്പെടുകയാണ്.

ക്ഷണിക ജീവിതമുള്ള മനുഷ്യന്റെ പെരും അഹന്തക്കുള്ള ശക്തമായ പ്രഹരമാണ് ‘ഒരു തുള്ളി സമുദ്രം’.  ‘മരണമെത്തുന്ന നേരം’ മനുഷ്യന്റെ സെൽഫി ഭ്രാന്തിന് നേരെയുള്ള ക്രൂരമായ പരിഹാസമാണ്. സ്വർഗം പണിയാമെന്ന വാഗ്ദാനവുമായിയെത്തി ഭൂമിയെ നരകമാക്കുന്ന രാഷ്ട്രീയക്കാർക്കെതിരെയാണ് ‘രാഷ്ട്രീയം’. ഭരണ കൂട ഭീകരതയുടെ തോക്കു ചൂണ്ടിയ മുഖം ‘ആധാറിൽ’ കാണാം. “ഭിക്ഷാ പത്രം ആധാറുമായി ബന്ധിച്ചിട്ടുണ്ടോ?” എന്നാണ് പട്ടാളക്കാരുടെ തോക്കുകൾ ചോദിക്കുന്നത്.

പരലോകത്തിൽ ചുറ്റിക്കറങ്ങി തിരിച്ചെത്തുന്ന ബഷീർ നെടുവീർപ്പിടുന്നുണ്ട്, ഇരുട്ടിനെന്തൊരു ഇരുട്ടെന്ന്. ലോക വളർച്ചയ്ക്കനുസരിച്ച് മനുഷ്യ മനസ്സ് വളരുന്നില്ലെന്ന് മാത്രമല്ല കൂടുതൽ ഇരുട്ടാവുകയാണ് ചെയ്യുന്നത്. ഗാന്ധിസത്തിനു പകരം ഗോഡ്‌സെ വാഴുകയും വേദികൾ ഗോഡ്‌സെ കയ്യടക്കുകയും ഫാസിസം കൊടികുത്തി വാഴുകയും ചെയ്യുമ്പോൾ, അതിനെതിരെ ശബ്ദിക്കുന്ന അപൂർവ്വം ചില എഴുത്തുകളിൽ  ഒന്നാമതായി എണ്ണപ്പെടേണ്ടത് തന്നെയാണ് പാറക്കടവിന്റെ കഥകൾ. ‘ ഭരണാധികാരികൾ എത്രയെത്ര  മനുഷ്യരെയാണ്  ചിറകുകളരിഞ്ഞ് കൂട്ടിലിട്ട് പാലും പഴവും നൽകി വളർത്തുന്നത്. അവർ ചിറകടിക്കുന്നില്ലേയില്ല.’ അനീതിക്കെതിരെ മൗനിയാകുന്നവരെ കുറിച്ചുള്ള ആശങ്കയാണിവിടെ കഥാകൃത്ത് പങ്കു വെക്കുന്നത്.

അക്രമരാഷ്ട്രീയത്തിനെതിരെയുള്ള പ്രതിഷേധമാണ് “ആലിംഗനവും” “മുറിഞ്ഞു മറഞ്ഞു പോകുന്നവരും”. പിറകിൽ മൂർച്ചയുള്ള കത്തി കയ്യിൽ കരുതിയാണ് രാഷ്ട്രീയത്തിന്റെ ആലിംഗനം. ജാഥയുടെ വരിയിൽ ഒരു മുറി വന്നാൽ മതി അയാൾ മുറിഞ്ഞു തീരുമെന്നത് രണ്ടാമത്തെ കഥ.

സാധാരണ സർഗാത്മക കഥകൾ സാരോപദേശങ്ങളല്ല പ്രദാനം ചെയ്യുന്നത്. ലഹരി പോലെ വായനക്കാരനെ ഉന്മാദത്തിലാക്കുകയാണ്. മനസ്സിൽ നന്മയും ധാർമ്മിക ബോധവുമുള്ള ഒരെഴുത്തുകാരനിൽ നിന്ന് കായ്ക്കുന്ന കഥകൾ സന്മാർഗ്ഗ ദർശനങ്ങളാണ്. സൂഫിക്കഥകൾ പോലെ ഹൃദ്യവും നന്മയുടെ ഒരു തുള്ളി വെളിച്ചം ജ്വലിക്കുന്നതുമാണ്.

മിനിക്കഥ അഥവാ ഫ്ലാഷ് ഫിക്ഷൻ എന്ന സാഹിത്യ രൂപത്തെ മലയാളത്തിന് പരിചയപ്പെടുത്തുകയും സ്വതസിദ്ധമായ രചനയിലൂടെ അത് മാത്രം വിളമ്പിത്തരുകയും ചെയ്ത പാറക്കടവിന്റെ ഏറ്റവും പുതിയ കഥാ സമാഹാരമാണ് മിന്നൽ കഥകൾ. അവ പഞ്ചാര മിട്ടായി പോലെ പതിയെ നുണച്ചിറക്കാം. ധൃതിയിൽ ചവച്ചിറക്കാതിരുന്നാൽ  നാന്നായി ആസ്വദിക്കാം.

പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കുക

പി.കെ. പാറക്കടവിന്റെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക

 

 

Comments are closed.