DCBOOKS
Malayalam News Literature Website

ചരിത്രത്തിന്റെ ഉള്ളറകളിലേയ്ക്ക് ആധികാരികതയോടെ സഞ്ചരിക്കുന്ന നോവല്‍ ‘മുറിനാവ്’

” ചരിത്ര പാഠം ഒരു ജ്യോത്സ്യൻ്റെ ജാതകക്കുറിപ്പല്ല, ഒരു നാവികൻ്റെ ചാർട്ട് ആണ്. വിവേകപൂർവ്വം അതുപയോഗിക്കുന്ന കപ്പിത്താന് പാറകൾക്കും തുരുത്തുകൾക്കും ഇടയിലുള്ള മാർഗത്തിലൂടെ അപായ രഹിതമായി കപ്പലോടിച്ച് ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയും” എന്നു പറഞ്ഞത് ബ്രിട്ടീഷ് ചരിത്രകാരനായ അർനോൾഡ് ടോയൻബിയാണ്. മനോജ് കുറൂരിൻ്റെ ഏറ്റവും പുതിയ നോവലായ ‘ മുറിനാവ്’ വായിക്കുമ്പോൾ ഇത് അക്ഷരാർത്ഥത്തിൽ ശരിയാണെന്ന് തോന്നും.  ചരിത്ര പശ്ചാത്തലത്തിൽ എഴുതപ്പെടുന്ന നോവലുകളിൽ എഴുത്തുകാരൻ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം അതിനിടയിലേയ്ക്ക് തൻ്റെ ഭാവനയിൽ വിരിയുന്ന കഥയും  കഥാപാത്രങ്ങളും ഇണക്കിച്ചേർക്കുമ്പോൾ ആധികാരികത നഷ്ടപ്പെടാതെ ശ്രദ്ധിക്കുക എന്നതാണ്. എട്ടാം നൂറ്റാണ്ടിലും പന്ത്രണ്ടാം നൂറ്റാണ്ടിലും ജീവിച്ച കുമരൻെറയും അലങ്കാരൻ്റെയും കഥ പറയുന്ന മുറിനാവ് എന്ന നോവലിൻ്റെ രചന , ആ അർത്ഥത്തിൽ എഴുത്തുകാരനെ സംബന്ധിച്ച് തീർച്ചയായും ഭാരിച്ച ഉത്തരവാദിത്വം തന്നെയായിരുന്നിരിക്കണം.  പക്ഷേ അദ്ദേഹം അത് വിജയകമായി നിർവഹിച്ചിട്ടുണ്ട്. ഓരോ വരിയിലും ആഴമേറിയ ചരിത്രപഠനത്തിൻ്റെ സൂക്ഷ്മതയും സൗന്ദര്യവും ഒരു പോലെ തെളിഞ്ഞു കാണുന്നു എന്നത് തന്നെയാണ് അതിൻ്റെ ഉത്തമ ദൃഷ്ടാന്തം.

പല നാടുകളിൽ നിന്ന് പുറത്താക്കപ്പെടുന്നവരുടെ അഭയസ്ഥാനമായ അവളൂർ എന്ന സാങ്കൽപിക ഗ്രാമമാണ് മുറിനാവിൽ ചരിത്രത്തിൻ്റെ ഇഴകൾ സന്ധിക്കുന്ന ഇടം. അവളൂരിൽ ആദ്യം വന്നത് അക്രമികളായിരുന്നെങ്കിലും പിന്നീട് എത്തിയവരൊന്നും കുറ്റവാളികളായിരുന്നില്ല. അവരെല്ലാം സ്വന്തം നാടുകളിൽ നിന്ന് ബഹിഷ്കൃതരായത് എന്തെങ്കിലും തെറ്റു ചെയ്തതിൻ്റെ പേരിൽ ആയിരുന്നില്ല. ഒരു കാലത്ത് രാജാക്കൻമാർ ശരിയെന്നു വിചാരിച്ചത് പിന്നീട് അവർക്കു തന്നെ തെറ്റെന്ന് തോന്നിയപ്പോൾ അതുവരെ കൂടെയുണ്ടായിരുന്നവരെ പുറം തള്ളിയതാണ്. അക്കൂട്ടത്തിൽ വാഗ്വാദങ്ങളിൽ തോൽപ്പിക്കപ്പെട്ടതിനാൽ നാവരിഞ്ഞു കടത്തപ്പെട്ട ബൗദ്ധരും,   ആജീവകരും ,പൂരണകായവരുടേയും അജിതകേശ കംബളരുടേയും   ഒക്കെ പിൻതലമുറക്കാരുണ്ട്. അവരെല്ലാം അവളൂരിൽ ഒന്നിച്ച് ജീവിച്ചു. അവിടെ മണ്ണിന് അവകാശികളില്ല. എല്ലാം എല്ലാവരുടേതുമാണ്. ഇഷ്ടമുള്ളവർ ഇണചേർന്ന് കുട്ടികളുണ്ടാവും. അവർ സ്വന്തം അമ്മയുടേയും മറ്റു പെണ്ണുങ്ങളുടേയും പാൽ കുടിച്ചുവളരുന്നു. പല നാട്ടിൽ നിന്നു വന്നവർക്കു തമ്മിൽ സംസാരിക്കാൻ ഒരു ഭാഷയില്ലാതിരുന്നത് കൊണ്ട് പല മൊഴികൾ ചേർത്ത് ഭാഷയുണ്ടാക്കി. ഒരുമയോടെ സ്നേഹത്തോടെ അവർ ഒന്നിച്ചു ജീവിച്ചു.

മതങ്ങളും  ജാതികളും അതിനുള്ളിലെ ഉപജാതികളുമായി മനുഷ്യൻ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങൾക്കിടയിൽ കിടന്ന് ശ്വാസം മുട്ടി ജീവിച്ചു മരിച്ച ആ കാലഘട്ടത്തിൽ അവളൂർ പോലെ സ്വതന്ത്രമായ ഒരു നാട് സൃഷ്ടിക്കുന്നതിലൂടെ എഴുത്തുകാരൻ എന്താണ് പറയാൻ ആഗ്രഹിക്കുന്നത് എന്നതിൻ്റെ ഉത്തരമാണ് നോവലിൻ്റെ അന്തസത്ത എന്നു പറയാം.ആസ്തികരായ രാജാക്കന്മാരാലും, പുരോഹിതൻമാരാലും പണ്ഡിതൻമാരാലും അവളൂർ ആക്രമിക്കപ്പെട്ടു. അവളൂരിൻ്റെ ആശയങ്ങളേയും ആചാരങ്ങളേയും അവർ എതിർത്തു .അവിടത്തെ ആളുകളോടൊപ്പം അറിവുകളേയും കൂടി ഇല്ലാതാക്കാനായിരുന്നു അവരുടെ ശ്രമം. അതു കൊണ്ട് തന്നെയാണ് അറിവുകളെല്ലാം മറ്റുള്ളവർക്ക് മനസിലാവാത്ത അവളൂരിൻ്റെ ഭാഷയിൽ എഴുതി വയ്ക്കേണ്ട ആവശ്യകതയുണ്ടായത്.

‘മുറിനാവ്’ വാങ്ങാന്‍ സന്ദര്‍ശിക്കുക

മുറിനാവ് ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക

ആ ഘട്ടത്തിലാണ് അവളൂരിൻ്റെ സ്വന്തം ഭാഷയിൽ ഒരു നിഘണ്ടു നിർമ്മിക്കുക എന്ന നിയോഗവുമായി കുമരൻ അവിടെ എത്തപ്പെടുന്നത്. മനുഷ്യരുടെയും ദേവതമാരുടേയും  പക്ഷിമൃഗാദികളുടേയും മൊഴികളും നാവരിയപ്പെട്ടവരുടെ ആംഗ്യ ഭാഷകളും ചേർന്ന ആ നിഘണ്ടുവിൻ്റെ നിർമ്മാണത്തിനു ശേഷം അവളൂർ പൂർണമായും നശിപ്പിക്കപ്പെട്ടു. പിന്നീട് നൂറ്റാണ്ടുകൾക്ക് ശേഷം കുമരൻ്റെ പിൻതലമുറക്കാരനായ അലങ്കാരൻ ആ നിഘണ്ടുവുമായി അവളൂരിൽ എത്തപ്പെടുകയും നഷ്ടപ്പെട്ടു പോയ ഗ്രന്ഥങ്ങൾ മറ്റു ചിലരുടെ സഹായത്താൽ  വീണ്ടെടുത്ത് അവകാശികൾക്ക് കൈമാറുകയും ചെയ്യുന്നു. അവളൂരിൻ്റെ നാശത്തിന് കാരണക്കാരനായ ജാതവേദൻ്റെ പിൻതലമുറക്കാരനായ ആര്യദേവനും അക്കൂട്ടത്തിൽ Textഉണ്ടായിരുന്നുവെന്നത് ചരിത്രത്തിൻ്റെ തെറ്റുകൾക്ക് കാലം പ്രായശ്ചിത്തം ചെയ്യുന്ന മനോഹരമായ ഒരു ഏടായി മാറുന്നു.

മുറിനാവിൻ്റെ പ്രത്യേകതകളെക്കുറിച്ച് സംസാരിച്ചു തുടങ്ങുമ്പോൾ ഏറ്റവും ആദ്യം പറയേണ്ടത്  കഥാപശ്ചാത്തലമായി വരുന്ന കാലഘട്ടം തന്നെയാണ്. സംഘ കാലത്തിനു ശേഷമുള്ള  ആ കാലവും അന്നത്തെ സാമൂഹ്യ വ്യവസ്ഥിതിയും മലയാള സാഹിത്യത്തിന് ഏറെക്കുറെ അപരിചിതമാണ്.ഒരു ശരാശരി വായനക്കാരൻ്റെ ആസ്വാദനത്തെ അതു ബാധിക്കാനുള്ള സാധ്യതയുമുണ്ട്. പക്ഷേ   ആ പരിമിതിയെ മറികടക്കുവാൻ വേണ്ടി വ്യവസ്ഥിതികളിൽ നിന്ന് മാറി സഞ്ചരിക്കുന്ന കഥാപാത്രസൃഷ്ടികളിലൂടെ എഴുത്തുകാരൻ ശ്രമിച്ചിട്ടുണ്ട്  .അതോടൊപ്പം വലിയ ചരിത്രാവബോധമില്ലാത്ത ഒരാൾക്കു പോലും താദാത്മ്യം പ്രാപിക്കാൻ കഴിയുന്ന തരത്തിലുള്ള  കഥാപാത്രങ്ങളുടെ മാനസിക വ്യാപാരങ്ങളുടെ  ചിത്രീകരണവും ശ്രദ്ധേയമാണ്. തുടക്കത്തിൽ  വായനക്കാരനെ ഒപ്പം കൂട്ടുന്ന മുറിനാവ് ഏകദേശം പകുതിയോടടുക്കുമ്പോൾ അതിൻ്റെ ചരിത്രപരമായ വിശദാംശങ്ങളിലേയ്ക്ക് കടക്കുന്നു. ഈ ഘട്ടത്തിൽ വായനയിൽ പൂർണമായ ശ്രദ്ധയും ബുദ്ധിയും  ആവശ്യപ്പെടുന്നുണ്ടെങ്കിലും  ആഖ്യാനത്തിലെ  സൂക്ഷ്മതയും ആഴവും കൊണ്ട് ഈ നോവൽ ജിജ്ഞാസുവായ ഒരു വായനക്കാരനെ തന്നിലേയ്ക്ക് വലിച്ചടുപ്പിക്കുമെന്നതിൽ തർക്കമില്ല.

മുറിനാവിന് വ്യാപ്തിയും ഘനവും നൽകുന്ന മറ്റൊരു ഘടകം അതിൻ്റെ ഭൂമികയാണ്. കേരളത്തിൽ നിന്നു തുടങ്ങി തമിഴ്നാട്ടിലേയ്ക്കും കർണാടകയിലേയ്ക്കും ശ്രീലങ്കയിലേയ്ക്കും വ്യാപിച്ചു കിടക്കുകയാണത്. കുമരൻ്റെയും അലങ്കാരൻ്റെയും ധർമ്മശീലൻ്റെയും ഗൊഗ്ഗവ്വയുടെയും എല്ലാം യാത്രകൾക്കിടയിൽ അതത് നാടുകളും അവയുടെ ചരിത്രവും കടന്നു വരുന്നു. ശ്രീലങ്കയിലെ ബുദ്ധമതം പടർന്നു പന്തലിച്ച തായ് വഴികളും കല്യാണയിലെ അനുഭവമണ്ഡപത്തെയും കന്നട വചനകവിത പ്രസ്ഥാനത്തെയും എല്ലാം വിശദമായി തന്നെ പ്രതിപാദിച്ചിട്ടുണ്ട്. അതിനിടയിലൂടെ അക്കാലത്ത് നിലവിലിരുന്ന അനേകം മതവിശ്വാസങ്ങളും അവ തമ്മിലുള്ള നിരന്തരമായ കലഹങ്ങളും ചർച്ച ചെയ്യപ്പെടുന്നുണ്ട്. ജൈനർ, ബൗദ്ധർ, ബൗദ്ധരിൽ തന്നെ ഹീനയാനക്കാരും മഹായാനക്കാരും, ബൗദ്ധരും ജൈനരും ഒന്നിച്ചെതിർക്കുന്ന ആജീവകരും , അന്തണരും അതിൽ തന്നെ വേദാന്തികളും മീംമാസകരും എല്ലാം തമ്മിലുള്ള തർക്കങ്ങളും അവയുടെ നിരർത്ഥതകതയും എല്ലാം മുറിനാവിന് ഗംഭീരമായ ഒരു ചരിത്ര പശ്ചാത്തലം സമ്മാനിക്കുന്നു .

ചരിത്ര പുരുഷൻമാർക്ക് സാങ്കല്പിക കഥാപാത്രങ്ങളുമായി പ്രത്യക്ഷവും പരോക്ഷവുമായി ബന്ധം കൽപ്പിച്ചു കൊണ്ട് കൃത്യമായ ഇടങ്ങളിൽ ചരിത്രത്തിൻ്റെ കണ്ണികളെ ഇണക്കിച്ചേർക്കുക എന്നതാണ് പാത്രസൃഷ്ടിയിൽ ഒരു എഴുത്തുകാരൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. കല്യാണയിലെ  ബിജ്ജള രാജാവിൻ്റെ മന്ത്രിയായ ബസവണ്ണ, അദ്ദേഹത്തിൻ്റെ ആത്മീയ ഗുരുവായ  അല്ലമ പ്രഭുദേവ, അറിയപ്പെടുന്ന ശരണരിൽ ഒരാളായ ഗൊഗ്ഗവ്വ , മീംമാസകനായ കുമാരിളഭട്ടൻ, ശിഷ്യനായ ഹരിശ്ചന്ദ്രപ്പെരുമാൾ ,ദലദാവംശയുടെ രചയിതാവായ ധർമ്മകീർത്തി ,  ഇങ്ങനെ അസംഖ്യം ചരിത്രപുരുഷൻമാർ മുറിനാവിൽ പ്രധാന കഥാപാത്രങ്ങളായി വരുന്നുണ്ട്. ജാതവേദൻ,  ആര്യദേവൻ, ധർമ്മശീലൻ, ചിരുകണ്ടൻ, അലങ്കാരൻ തുടങ്ങിയ സാങ്കല്പിക കഥാപാത്രങ്ങൾ  എല്ലാം അവരോട് ഇടപെടുകയും സംവദിക്കുകയും ചെയ്തുകൊണ്ടാണ് ഗംഭീരമായ ഈ നോവൽ വികസിക്കുന്നത്. ചരിത്രത്തിൻ്റെ സാധ്യതകളുപയോഗിച്ച്  ഒരു ഭാവനലോകം സൃഷ്ടിക്കുമ്പോൾ  വസ്തുതകൾ വളച്ചൊടിയാതിരിക്കാൻ എഴുത്തുകാരൻ  പുലർത്തുന്ന നിഷ്കർഷയാണ് മുറിനാവിനെ പ്രസക്തമാക്കുന്ന ഏറ്റവും വലിയ ഘടകം.

ചരിത്രത്തിൻ്റെ ഇരുളടഞ്ഞ ഒരു കാലഘട്ടത്തെക്കുറിച്ച് പറയുമ്പോഴും തൻ്റെ സ്ത്രീകഥാപാത്രങ്ങളെ സ്വതന്ത്രരും കരുത്തരുമായാണ് മനോജ് കുറൂർ ചിത്രീകരിച്ചിരിക്കുന്നത്. അവളുടെ ഊര് എന്നർത്ഥത്തിൽ തന്നെയാണ്  അവളൂർ എന്ന പേര് ആ സാങ്കൽപിക ഗ്രാമത്തിന് എഴുത്തുകാരൻ കൊടുത്തിരിക്കുന്നത് എന്ന് വ്യക്‌തം. ജീവിച്ചിരിക്കുമ്പോൾ ദുരിതമനുഭവിച്ച് മരിച്ചു പോവുന്ന സ്ത്രീകൾ അവളൂരിൻ്റെ ദേവതകളായി മാറുന്നു.സ്ത്രീയ്ക്കും പുരുഷനും തുല്യ പ്രാധാന്യമുണ്ടെന്ന് വിശ്വസിക്കുന്ന സാധകരുടെ കൂട്ടത്തിൽപ്പെട്ട നീലി നോവലിലെ തന്നെ ഏറ്റവും ശക്തമായ കഥാപാത്രമാണ്. അവളോടുള്ള പ്രണയത്തിൽപ്പെട്ട് ജീവിതത്തിൻ്റെ ഓരോ ഘട്ടത്തിലും ദുർബലനാവുന്ന കുമരന് നീലിയിലേയ്ക്കുള്ള സഞ്ചാരമാണ് മുറിനാവിൻ്റെ പ്രമേയം തന്നെ. ആണെന്നും പെണ്ണെന്നും മറ്റുമുള്ള തിരിവുകളെ മറുത്തു ചൊല്ലും വചനങ്ങൾ കൊണ്ട് കല്യാണയിലെ ശരണർക്കിടയിൽ ബഹുമാനിക്കപ്പെടുന്നുണ്ട്  ഗൊഗ്ഗവ്വ, ജ്ഞാനം കൊണ്ടും ഭക്തി കൊണ്ടും അല്ലമ പ്രഭുദേവനെപ്പോലും അമ്പരപ്പിക്കുന്നുണ്ട് അക്കാ മഹാദേവി. പിന്നെ കുവന്ന, കാലജിഹ്വ,  തുടങ്ങി  അസംഖ്യം യക്ഷിണികളും, നാഗിനികളും  ;അങ്ങനെ മുറിനാവിലെ സ്ത്രീ കഥാപാത്രങ്ങളെല്ലാം തന്നെ ശക്തരാണ്.

മനുഷ്യനിർമ്മിതിയെന്ന നിലയിൽ ചരിത്രത്തിൻ്റെ ഏറ്റവും വലിയ പോരായ്മ അത് പലപ്പോഴും അധികാരപക്ഷത്തിൻ്റെ നാവായി ചലിക്കുന്നു എന്നതാണ്. തഴയപ്പെടുന്ന മനുഷ്യരുടെ കഥകൾ മുറിനാവുകൾ പോലെ നിശബ്ദമാക്കപ്പെടുന്നു. ചരിത്രത്തിൽ നിന്ന് മുറിച്ചു മാറ്റപ്പെട്ട ഒരു ദേശത്തിൻ്റെ കഥയും അറിവുകളും വീണ്ടെടുക്കുന്ന കഥ പറയുന്നതിലൂടെ  മുറിനാവ് എന്ന നോവൽ അതിൻ്റെ പേരിനെ അന്വർത്ഥമാക്കുകയാണ്.ഒരു പാതിയിൽ ചരിത്ര രഹസ്യങ്ങളും മറുപാതിയിൽ അതിൻ്റെ അനാവരണവും എന്ന രീതിയിൽ വികസിക്കുന്ന ഈ നോവൽ ഭാഷയുടേയും പ്രമേയത്തിൻ്റേയും ഘനം കൊണ്ട് സങ്കീർണ്ണമാവുന്നുണ്ടെങ്കിലും  സാഹിത്യത്തെ  ഗൗരവമായി കാണുന്ന വായനക്കാരൻ്റെ പുസ്തക ശേഖരത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നു തന്നെയാണ്. വായനക്കാരന് അപരിചിതമായ ചരിത്രത്തിൻ്റെ ഒരു ഏടിനെ പുനരാവിഷ്കരിക്കുന്നതിലൂടെ ഒരർത്ഥത്തിൽ അവളൂരിന് എപ്രകാരമാണോ  കുമരൻ്റെ അകരാദി (നിഘണ്ടു)  മർമ്മ പ്രധാനമാവുന്നത് അപ്രകാരം മലയാള സാഹിത്യത്തിൽ മുറിനാവ് എന്ന നോവലും പ്രസക്തമാവുന്നു.

തൻ്റെ നിഘണ്ടുവിൻ്റെ പ്രസക്തിയെക്കുറിച്ച് കുമരൻ നീലിയോട് ചോദിക്കുന്ന ഒരു ഭാഗമുണ്ട്. അതിനു നീലി പറയുന്ന മറുപടി അക്ഷരാർത്ഥത്തിൽ ആ നിഘണ്ടുവിന് സ്വയം ഈ നോവലിനോടു തന്നെയുള്ള സാദൃശ്യത്തെക്കുറിച്ച് ചിന്തിപ്പിക്കുന്നതാണ്.

“ഇതൊക്കെ ചെയ്താലും മുറിവുകളുടെയും മിണ്ടായ്മകളുടേയും ഒരു നിഘണ്ടുവിന് ഈ ലോകത്ത് എന്താണ് നിറവേറ്റാനുണ്ടാവുക? തികഞ്ഞവരെന്ന് നടിക്കുന്നവരിലേക്കാണ് അതിനു ചെല്ലേണ്ടത് . ചെവി കേൾക്കാത്ത ഒരാൾക്കായി ഒരു വാക്ക് ഉറക്കെ പറയാനോ കണ്ണു കേൾക്കാത്ത ചങ്ങാതിയ്ക്കു വേണ്ടി ഒന്നുറക്കെ വായിക്കാനോ നേരമില്ലാത്തവർ, ചിതലുകൾക്ക് വിട്ടുകൊടുക്കുന്ന ഒരോലക്കെട്ടായി മാറുമോ എൻ്റെ പുസ്തകം ” എന്നു കുമരൻ ചോദിക്കുമ്പോൾ ” മുഴുവാക്കുകളേക്കാൾ മുറിവാക്കുകളും ശബ്ദത്തേക്കാൾ മൗനവുമല്ലേ എക്കാലത്തും കൂടുതലുള്ളത്?തികവെന്നു തോന്നുന്ന എല്ലാറ്റിൻ്റേയും എണ്ണമറ്റ സുഷിരങ്ങളിലിരുന്ന് അവ ഇരിപ്പിടത്തെ തന്നെ കാർന്നെടുക്കുന്നു. ഈയുലകം അങ്ങനെയായിരിക്കുന്നിടത്തോളം കാലം നിൻ്റെ അകരാദിയിൽ (നിഘണ്ടു )  നിന്ന് ആളുകൾക്ക് ഒഴിഞ്ഞു മാറാനാവില്ല ” എന്നു പറഞ്ഞു കൊണ്ട് നീലി അതിൻമേലുള്ള തൻ്റെ വിശ്വാസത്തെ തുറന്നു കാണിക്കുന്നു. അതുപോലെ തന്നെ, ചരിത്രത്തിൻ്റെ ഉള്ളറകളിലേയ്ക്ക് ആധികാരികതയോടെ സഞ്ചരിക്കുന്ന മുറിനാവ് എന്ന നോവൽ ജിജ്ഞാസുവായ ഒരു വായനക്കാരനെ ആഴത്തിൽ സ്പർശിക്കുമെന്നതിൽ സംശയമില്ല തന്നെ.

‘മുറിനാവ്’ വാങ്ങാന്‍ സന്ദര്‍ശിക്കുക

മുറിനാവ് ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക

മനോജ് കുറൂരിന്റെ ‘മുറിനാവ്’ എന്ന നോവലിന് രശ്മി അനുരാജ് എഴുതിയ വായനാനുഭവം 

Comments are closed.