DCBOOKS
Malayalam News Literature Website

ജീവിതപുസ്തകങ്ങളുടെ വായനശാലയില്‍ കാത്തുകിടക്കുന്ന മരണമില്ലാത്ത കഥാപാത്രങ്ങളും കഥാകാരന്മാരും ഒരു ലൈബ്രേറിയന്റെ ജീവിതത്തെ നിര്‍ണ്ണയിക്കുന്നതെങ്ങനെ?

സി.വി. ബാലകൃഷ്ണന്റെ ‘ലൈബ്രേറിയന്‍‘ എന്ന പുസ്തകത്തിന് ഉണ്ണിക്കൃഷ്ണൻ ശ്രീകണ്ഠപുരം എഴുതിയ വായനാനുഭവം

കഥ പറച്ചിലിലൂടെ നാലു പതിറ്റാണ്ടു മുമ്പു തന്നെ മലയാളസാഹിത്യത്തിൽ സ്വയം അടയാളപ്പെടുത്തിയ എഴുത്തുകാരനാണ് സി വി ബാലകൃഷ്ണൻ. എഴുതപ്പെട്ടതു മുതലിന്നു വരെ നിത്യഹരിതമായി തുടരുന്ന ആയുസ്സിന്റെ പുസ്തകവും കാമമോഹിതവും ഉൾപ്പെടെ എത്രയോ കൃതികൾ അദ്ദേഹം നമുക്ക് തന്നു .

കഥയും നോവലും നോവല്ലകളും ആത്മകഥയും തിരക്കഥയും യാത്രാ വിവരണവും വിവർത്തനവും ഒക്കെയായി രചനയുടെ എല്ലാ സരണികളിലും സഞ്ചരിച്ച എഴുത്തുകാരനാണ് സി.വി. എഴുത്തിന്റെ എല്ലാ ശാഖകളിലും മുദ്ര പതിപ്പിച്ചയാളാണെങ്കിലും മികച്ച കഥപറച്ചിൽകാരൻ എന്ന നിലയിൽ തന്നെയാണ് മലയാളിമനസ്സിൽ അദ്ദേഹം ഇടം പിടിച്ചിട്ടുള്ളത്.

നാലു ദശകത്തിലേറെ നീണ്ട ദീർഘമായ എഴുത്തുകാലത്തിനിടയിൽ നമ്മുടെ സാഹിത്യത്തിലെ എഴുത്തു രീതികൾ എത്രയോ മാറി മറിഞ്ഞു. എങ്കിലും സ്വയം നവീകരിച്ചു കൊണ്ടുള്ള രചനാരീതിയാൽ എന്നും കാലത്തിന് മുമ്പേയായിരുന്നു സി.വി. വിഷയസ്വീകരണത്തിലും ആവിഷ്കാരത്തിലും നവീന വഴികളിലൂടെ സഞ്ചരിക്കാൻ അദ്ദേഹത്തിനെന്നും സാധിച്ചിട്ടുണ്ട്.മുതിർന്ന എഴുത്തുകാർക്കിടയിൽ സി.വി വേറിട്ടു നിൽക്കുന്നതും അതു കൊണ്ട് തന്നെ.

ആവിഷ്കാരത്തിലെ പുതുമയുമായി സി.വിയുടേതായി ആറു വർഷം മുമ്പ് പുറത്തു വന്ന ചെറു നോവലാണ് ലൈബ്രേറിയൻ. ലോകമെങ്ങുമുള്ള മികച്ച സാഹിത്യ കൃതികളുടെ പാരായണത്തിലൂടെ ആത്മസംസ്കരണം നേടിയ മനുഷ്യരെ കുറിച്ചുള്ളതാണ് ഈ പുസ്തകം. വായനയുടെ ഉദാത്തതയെ വാഴ്ത്തുന്ന ഒരു കൃതി.

ഭ്രമകല്പനകളുടെയും യാഥാര്‍ത്ഥ്യത്തിന്റെയും അതി മനോഹരമായ സങ്കലനം കൂടിയാണ് ഈ പുസ്തകം. മൺമറഞ്ഞുപോയ അച്ഛൻ വേലുക്കുഞ്ഞിന്റെ സ്മാരകമായി ദേശത്തിന് അഭിമാനിക്കാൻ വകയുള്ള ഒരു ലൈബ്രറി തുടങ്ങിയ ബാഹുലേയന്റെ കഥയാണ് ഈ നോവലിന്റേത്. ഒപ്പം അയാളുടെ ജീവിതവുമായി ചേർന്നു നിൽക്കുന്നവരുടെയും .

ഭാര്യ മറ്റൊരാൾക്കൊപ്പം ഒളിച്ചോടിപ്പോയതിന്റെ പേരിൽ ദു:ഖവും കോപവുമായി നടന്നിരുന്നൊരാളാണ് ബാഹുലേയന്റെ അച്ഛൻ വേലുക്കുഞ്ഞ് . ഒരു പണ്ഡിതനോ ഗ്രന്ഥകാരനോ വായനക്കാരൻ പോലുമോ അല്ലായിരുന്നു അയാൾ. . ഭാര്യ ഒളിച്ചോടിയതിന്റെ പേരിൽ ബാഹുലേയനെ നിത്യവും മർദ്ദിക്കുക കൂടി ചെയ്തിരുന്നു അയാൾ. എന്നിട്ടും ആ അച്ഛന്റെ പേരിലാണ് ബാഹുലേയൻ ഗ്രന്ഥാലയം തുറന്നത്. അതും ഒരു കല്യാണ മണ്ഡപം പണിഞ്ഞിരുന്നെങ്കിൽ ധാരാളം വരുമാനം നേടാൻ യോഗ്യമായ ഒരു സ്ഥലത്ത്.

ലോക സാഹിത്യത്തിലെ ക്ലാസ്സിക്കുകളപ്പാടെ ശേഖരിച്ചു വച്ച ആ ഗ്രന്ഥാലയത്തിന്റെ ലൈബ്രേറിയനായി പുസ്തകങ്ങൾക്കും അതിലെ കഥാപാത്രങ്ങൾക്കും നടുവിലായാണ് ബാഹുലേയന്റെ ജീവിതം . ഏകാന്ത നിമിഷങ്ങളിൽ അയാളോട് സംവദിക്കാനെത്തുക ആ ക്ലാസിക്കുകളുടെ എഴുത്തുകാരും അവർ സൃഷ്ടിച്ച കഥാപാത്രങ്ങളുമാണ്.

വിശ്വസാഹിത്യകാരനായ തകഴി അത്തരമൊരു സംവാദത്തിനെത്തിയ ഒരു ഭ്രമാത്മകരാത്രിയിലാണ് നോവലിന്റെ തുടക്കം.

കുടുംബത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്കിടെ ബാല്യത്തിലെ അച്ഛന്റെ ശിക്ഷകളെ പറ്റി പറഞ്ഞപ്പോൾ” അങ്ങനൊരു തന്തയ്ക്കാ സ്മാരകം പണിതേക്കുന്നെ ”
എന്ന് പരിഹാസത്തോടെ തകഴി ചോദിക്കുന്നുണ്ട്. അതിന് ബാഹുലേയൻ നൽകുന്ന “അച്ഛനൊരു പാവമാരുന്നു ” എന്ന ദയാർദ്രമായ മറുപടി തന്നെയാണ് പുസ്തകങ്ങളുടെ വായന പകയില്ലാത്തൊരു മനസ്സിനുടമയായി അയാളെ എത്രത്തോളം നവീകരിച്ചിരിക്കുന്നു എന്ന് വ്യക്തമാക്കുന്നത്. ഈ ഗ്രന്ഥാലയത്തിൽ പുസ്തകമെടുക്കാനും ബാഹുലേയനുമായി സംസാരിക്കാനുമെത്തുന്നവരാണ് നോവലിലെ ഇതര കഥാപാത്രങ്ങൾ .

ഷെയ്ക്‌സ്പിയര്‍ കൃതികളുടെ ആരാധകനായ മുകുന്ദരാജ , ഗ്രന്ഥാലയത്തിൽ അംഗത്വം നേടിയ ഒരേ ഒരു വനിതയായ തങ്കമ്മാളു, , യാത്രാ പ്രിയനെങ്കിലും കാലു രണ്ടും തളർന്ന് Textമുച്ചക്രവണ്ടിയിൽ ജീവിതം ഒതുങ്ങിപ്പോയതിനാൽങ്ങിപ്പോയതിനാൽ യാത്രാ വിവരണങ്ങൾ ഇഷ്ടപ്പെടുന്ന ബാഹുലേയൻ, വിപ്ലവകാരിയായ സോമവ്രതൻ , സോമവ്രതന്റെ സുഹൃത്ത് ശിവാനന്ദൻ ,നിരക്ഷരനും ഉന്തുവണ്ടി വലിക്കാരനുമായ ബൈത്താൻ, തപാൽ ശിപായിയായ നാഗൻ . ബാഹുലേയന്റെ അമ്മയായ ദാക്ഷായണിയമ്മ, ബൈത്തന്റെ ഉമ്മ പാത്തുമ്മേയി,തങ്കമ്മാളുവിന്റെ അമ്മ പാറു അവരുടെ രഹസ്യക്കാരനും ദേശത്തെ സമ്പന്ന ജന്മിയുമായ സിദ്ധപ്പമല്ലർ എന്നിങ്ങനെ നിരവധി മനുഷ്യർ.

ഇവരുടെയെല്ലാം ജീവിത സമസ്യകളിലേക്കും അക്ഷരങ്ങളവരിൽ സൃഷ്ടിക്കുന്ന നന്മയിലേക്കുമായി വളരുന്നതാണ് നോവലിന്റെ ഇതിവൃത്തം. ഒപ്പം വിശ്വസാഹിത്തിലെ നിരവധി എഴുത്തുകാരും അവരുടെ കൃതികളിലെ കഥാപാത്രങ്ങളും കൂടി ഇതിലെ കഥാപാത്രങ്ങളുടെ നിരയിലിടം നേടുന്നു.

ബാഹുലേയനും അയാളുമായി ബന്ധപ്പെടുന്നവരുടെയും ജീവിതങ്ങളെ അതേ ജീവിതാവസ്ഥകൾ തരണം ചെയ്ത വിശ്വസാഹിത്യകൃതികളിലെ കഥാപാത്രങ്ങളുടെ പരിതോവസ്ഥകളുമായി കൂട്ടിയിണക്കുകയാണ് നോവലിസ്റ്റ് . അങ്ങനെ വായനയിലൂടെ ലഭിച്ച ഉൾക്കാഴ്ചകളിലൂടെ അവർ സ്വന്തം ജീവിതത്തെ മാറ്റിപ്പണിയുന്നു.

ഒരു സാഹിത്യക്യതി മറ്റനേകം സാഹിത്യ കൃതികളെ അവതീർണനം ചെയ്യുന്നു എന്നതാണ് ഇതിലെ പുതുമ. ഡസൻ കണക്കിന് ക്ലാസ്സിക്കുകളിൽ നിന്നുള്ള ഉദ്ധരണികൾ ഈ പുസ്തകത്തിന്റെ താളുകളിൽ ചൊരിഞ്ഞിട്ടിട്ടുണ്ട് സി.വി.

വിശ്വസാഹിത്യകാരന്മാർക്കൊപ്പം അതേ തലപ്പൊക്കത്തോടെ നിൽക്കാൻ പ്രതിഭയുള്ളവരാണ് മലയാള സാഹിത്യകാരന്മാരും എന്ന ഒരു നിരീക്ഷണം കൂടി ഈ പുസ്തകത്തിൽ പറഞ്ഞുവെക്കുന്നുണ്ട് അദ്ദേഹം. നോവലിസ്റ്റിന്റെ വായനയുടെ ആഴവും പരപ്പും സാഹിത്യ പരിചയവും കൂടി വെളിപ്പെടുത്തുന്നു ഈ കൃതി.

അച്ഛനോട് പൊറുത്തുവെങ്കിലും വഴിപിഴച്ചു പോയ തന്റെ അമ്മയോട് പൊറുക്കാൻ ബാഹുലേയന് കഴിയുന്നേയില്ല. തകഴിയെയും മാധവിക്കുട്ടിയെയും ലളിതാംബിക അന്തർജ്ജനത്തെയും കൂട്ട് പിടിച്ച് അക്കാര്യത്തിൽ ഒരു സ്വയം വിചാരണ തന്നെ നടത്തുന്നുണ്ട് അയാളുടെ മനസ്സ് .

ചെമ്മീനിലൂടെ സ്ത്രീകൾ നെറിവിട്ട് പോയാലുള്ള ദുരന്തം ആവിഷ്കരിച്ച തകഴി യോട് ബാഹുലേയൻ ചോദിക്കുന്നത്

“പെണ്ണുങ്ങള് നെറീം മൊറേം വിട്ട് തൊടങ്ങാമോ ” എന്നാണ്.

തകഴിയെപ്പോലും കുഴക്കിയ ചോദ്യം.

അതിന് വ്യക്തമായ ഉത്തരം അവന് നൽകുന്നത് മാധവിക്കുട്ടിയും അന്തർജനവുമാണ്.

“സ്നേഹിക്കാതിരിക്കാൻ നൂറ് കാരണംണ്ടാവും. എന്നാലും സ്നേഹിക്കാനുള്ള ഒരു കാരണം അതിന്റെയൊക്കെ മോളിലാ . അതെന്താണെന്നോ . അവര് നിന്നെ പെറ്റതാ . ”

എന്നാണ് മാധവിക്കുട്ടി ബാഹുലേയനോട് പറയുന്നത്.

“ഈ പുസ്തകങ്ങളിലെക്കെ ഉള്ളത് സ്നേഹം അല്ലേ .പകേം വെറുപ്പും ആരെങ്കിലും പുസ്തകമായി എഴ്ത്വോ.എനിക്കറീല ”

എന്നും മാധവിക്കുട്ടി ബാഹുലേയനോട് പറയുന്നുണ്ട്.

ലൈബ്രറിയിൽ നിന്ന് ബാഹുലേയൻ ഗ്രഹിക്കുന്ന പാഠം അതാണ് . അതു കൊണ്ടാണ് അമ്മയോടവസാനം അവൻ ക്ഷമിക്കുന്നതും.കലയുടെ ആ പ്രയോജനപരതയാണ് ആത്യന്തികമായി ഈ പുസ്തകത്തിലൂടെ സി.വി പറഞ്ഞു വെക്കുന്നതും. നിരക്ഷരനെങ്കിലും അക്ഷരത്തിന്റെ മാഹാത്മ്യം തിരിച്ചറിയുന്നുണ്ട് ബൈത്താൻ . അതുകൊണ്ടാണ് അവൻ ബാഹുലേയനിൽ നിന്നക്ഷരം പഠിക്കുന്നതും തുടർന്ന് വലിയൊരു വായനക്കാരനാകുന്നതും.

പുസ്തക പാരായണം തന്നെയാണ് തങ്കമ്മാളുവിന്റെ ജീവിതത്തിന് കരുത്തു പകരുന്നത്. സിദ്ധപ്പമല്ലറുടെ നിർബ്ബന്ധങ്ങൾക്ക് വഴങ്ങാതെ ചെറുത്തു നിൽക്കാനുള്ള വീറ് അവൾക്ക് നൽകുന്നത് വായന പകർന്ന ലോകക്കാഴ്ചകളാണ്. വിപ്ളവ പ്രവർത്തകനായ സോമ വ്രതനിൽപ്പോലും വായന പരിവർത്തനമുണ്ടാക്കുന്നുണ്ട്.

ഉന്മൂലന സിദ്ധാന്തത്തിനായി ഒരുങ്ങിയിറങ്ങുകയും അതിനിടയിൽ മരണപ്പെടുകയും ചെയ്തുവെങ്കിലും ” നമ്മൾ വിപ്ളവകാരികളല്ല അന്ധരായ കാൽപ്പന്തുകളിക്കാരാണ് ” എന്നയാൾ സഹപ്രവർത്തകരോട് പറയുന്നുണ്ട്. വിപ്ലവത്തിനിറങ്ങിത്തിരിച്ച് പ്രണയിക്കാൻ മറന്നു പോയതിൽ ഒരു വേള സങ്കടപ്പെടുക കൂടി ചെയ്യുന്നുണ്ടയാൾ.

മഹത്തായ പുസ്തകങ്ങൾ ഇങ്ങനെ മനുഷ്യ മനസ്സിനെ പരിവർത്തിപ്പിക്കുന്നതിന്റെ നേർച്ചിത്രമാണ് ലൈബ്രേറിയൻ എന്ന നോവൽ. വെറും 114 പേജുള്ള പുസ്തകം. പക്ഷേ വിശ്വസാഹിത്യത്തിലെ അസംഖ്യം കൃതികളുടെ സാരം പകർന്നു തരുന്നു ഈ പുസ്തകം.

പുസ്തകങ്ങളുടെയും വായനയുടെയും ഈ സാരം ഗ്രഹിക്കാത്തയാളാണ് സിദ്ധപ്പമല്ലർ.  അതിനാലാണ് താൻ മോഹിച്ച പെണ്ണിനെ വിവാഹം ചെയ്ത ബാഹുലേയന്റെ വായനശാലയ്ക്ക് പ്രതികാരദാഹിയായി മല്ലർ തീയിടുന്നത്.

യുദ്ധവെറിയന്മാർ ലൈബ്രറികൾക്ക് തീയിട്ട സംഭവം ചരിത്രത്തിലൊട്ടേറെയുണ്ട്. അലക്സാണ്ട്രിയായിലെ റോയൽ ലൈബ്രറി ഉൾപ്പെടെ അമൂല്യമായ അറിവുകൾ സൂക്ഷിച്ച ഒട്ടേറെ ഇടങ്ങൾ അങ്ങനെനശിപ്പിച്ചിട്ടുണ്ട്. ബാഹുലേയന്റെ ലൈബ്രറി കത്തിച്ചതിലൂടെ മല്ലർ ചെയ്തതുമതാണ്. എങ്കിലും അക്ഷരത്തിന്റെ ഔന്നത്യം തിരിച്ചറിഞ്ഞവർ ബാഹുലേയന്റെ ലൈബ്രറി പുതുക്കിപ്പണിയാൻ സഹായിക്കുന്നു.

പഴയതിനേക്കാൾ മികച്ച ഒരു ഗ്രന്ഥാലയം വീണ്ടും അവിടെ പണിതുയർത്തുന്നു.
അതിന്റെ ഉദ്ഘാടനവേളയിൽ ശിവാനന്ദൻ പറഞ്ഞതിതാണ്. ” പുസ്തകങ്ങൾ കത്തിക്കുന്നത് ഏറ്റവും ഹീനമായ കുറ്റകൃത്യങ്ങളിൽ ഒന്നാണ്. പക്ഷേ അതിലും ഹീനമായ കുറ്റകൃത്യമാണ് പുസ്തകങ്ങൾ വായിക്കാതിരിക്കുക എന്നത് . പുസ്തകം വായിക്കേണ്ടത് വിശ്രമവേളയിലെ വിനോദോപാധി എന്ന നിലക്കല്ല . മനസ്സിനെ ദീപ്തമാക്കാനാണ് ”

വായന നൽകുന്ന ആ മാനസികൗന്നത്യമില്ലാത്തയാളാണ് മല്ലർ .അതിനാലാണ് തങ്കമ്മാളുവിന്റെ അനുജത്തിയെ അയാൾ ബലാൽക്കാരം ചെയ്ത് കൊല്ലുന്നതും കുറ്റവാളിയായ മല്ലറോട് ബാഹുലേയനും കൂട്ടർക്കും പ്രതികാരം ചെയ്യാം.

നക്സലിസത്തിന്റെയും മാവോയിസത്തിന്റെയും പ്രാഗ്രൂപങ്ങൾ ഉന്മൂലന സിദ്ധാന്തത്തിലാണ് വിശ്വസിച്ചിരുന്നത് ആ അർത്ഥത്തിൽ സിദ്ധപ്പമല്ലർക്ക് മരണദണ്ഡന വരെ നൽകാം

പക്ഷേ അനേകായിരം പുസ്തകങ്ങളുടെ സത്ത ഗ്രഹിച്ചവർക്ക് അത്തരമൊരു വിധിത്തീർപ്പെടുക്കാനാവില്ല. അതിനാലാണ് കൊല ചെയ്യുക എന്ന താരതമ്യേന എളുപ്പമായ ശിക്ഷ നൽകാൻ ഒരുങ്ങാതെ മറ്റൊരു നിശ്ചയത്തിലേക്കവർ എത്തിയത്. ആന്തരീക ശബ്ദങ്ങൾ എന്ന് പേരിട്ട ഒരു പുസ്തകം മല്ലർക്ക് സമ്മാനിക്കുക. പുറം ചട്ടയിലൊ ഉൾപ്പേജിലൊ ഒന്നും അച്ചടിക്കാത്ത ഒരു പുസ്തകം. മല്ലറെ പോലെ ക്രൂരനായ ഒരാൾക്ക് നൽകാവുന്ന വലിയ ശിക്ഷ അതാണ്

ആ ശൂന്യമായ പുസ്തകം വായിക്കുക. മനുഷ്യരുടെ വേദനകൾ ഒരിക്കലും അയാൾക്ക് വായിക്കാനായിട്ടില്ലല്ലോ. ജീവിതത്തിൽ നിന്നയാൾ ഒന്നും വായിച്ചിട്ടില്ല.
പുസ്തകങ്ങളിൽ നിന്നൊരിക്കലുമില്ല. ഈ പുസ്തകം വായിക്കുമ്പോൾ നാമറിയാതെ പുസ്തകങ്ങളെ സ്നേഹിക്കും.  അവ പകർന്നു തന്ന ആശയങ്ങളെ സ്നേഹിക്കും.

നമ്മുടെ മനസ്സിനെയാകെ അത് വിമലീകരിക്കും. അതിനാൽ ആവർത്തിച്ചു വായിക്കാൻ പ്രേരിപ്പിക്കുന്ന ഒരു രചനയായിത്തന്നെ ലൈബ്രേറിയൻ എന്ന പുസ്തകത്തെ ഞാൻ കാണുന്നു.

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

പുസ്തകം ഇ-ബുക്കായി വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.