DCBOOKS
Malayalam News Literature Website

അത്യാഡംബരപൂര്‍വ്വം അലങ്കരിച്ച പന്തലുകളില്‍ വിളംബരം ചെയ്യുന്ന വായ്ത്താരികളല്ല യഥാര്‍ത്ഥ ജനമൈത്രി പോലീസിന്റെ സഹായം!

KUTTANWESHANATHINTE KANAPPURANGAL By : N RAMACHANDRAN IPS
KUTTANWESHANATHINTE KANAPPURANGAL
By : N RAMACHANDRAN IPS

ശ്രീ എന്‍ രാമചന്ദ്രന്‍ ഐപിഎസിന്റെ ‘കുറ്റാന്വേഷണത്തിന്റെ കാണാപ്പുറങ്ങള്‍’എന്ന
പുസ്തകത്തിന് അഡ്വ. ജി മോഹന്‍രാജ് കൊല്ലം എഴുതിയ വായനാനുഭവം.

ശ്രീ എന്‍ രാമചന്ദ്രന്‍ ഐപിഎസിന്റെ ‘കുറ്റാന്വേഷണത്തിന്റെ  കാണാപ്പുറങ്ങള്‍’ എന്ന അനുഭവസാക്ഷ്യം വേറിട്ടതും ശ്രദ്ധേയവുമാകുന്നത് അതിലെ ഭാഷയുടെ സൗകുമാര്യം കൊണ്ടോ ആഖ്യാന രീതിയുടെ അത്യാകര്‍ഷണീയത കൊണ്ടോ അല്ല. മറിച്ച് അതിലെ ഓരോ വരികളിലും നിറഞ്ഞുനില്‍ക്കുന്ന ആത്മാംശത്തിന്റെ സത്യസന്ധത കൊണ്ടും വേറിട്ട വീക്ഷണരീതികള്‍ കൊണ്ടുമാണ്.

ഈ പുസ്തകത്തിലെ ഇരുപത് അധ്യായങ്ങളിലും അന്തര്‍ലീനമായിരിക്കുന്ന സന്ദേശങ്ങള്‍ തീര്‍ച്ചയായും പൊതുസമൂഹത്തിനും പുതുതലമുറയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഏറെ ഗുണകരമായിരിക്കും.

N Ramachandran IPS-Kuttanveshanathinte Kanappurangalപോലീസ് ഉദ്യോഗസ്ഥന്‍ എന്ന നിലയിലുള്ള സ്ഥാനവും കര്‍മ്മകളും ടെക്‌സ്റ്റ് ബുക്കുകളില് പറയുന്ന ഔദ്യോഗിക ജോലികള്‍ക്കോ ബാധ്യതകള്‍ക്കോ പുറമെ എങ്ങനെ ഒരു സഹജീവിയുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുന്നതാകും എന്ന് ഇതിലെ ഒന്നിലധികം രചനകള്‍ പറയാതെ പറയുന്നു. ഒരുപക്ഷേ റോസമേരിക്കും പത്താംക്ലാസ്സുകാരിക്കുട്ടിക്കും ലഭിച്ചതാണ് യഥാര്‍ത്ഥ ജനമൈത്രി പോലീസിന്റെ സഹായം. അല്ലാതെ അത്യാഡംബരപൂര്‍വ്വം അലങ്കരിച്ച പന്തലുകളില്‍ വിളംബരം ചെയ്യുന്ന വായ്ത്താരികളല്ല എന്ന് ഈ പുസ്തകം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. എത്ര സമ്മര്‍ദ്ദമുണ്ടായാലും ഒരു നിരപരാധിയെ സംരക്ഷിക്കാനുള്ള പോലീസ് ഉദ്യോഗസ്ഥന്റെ ബാധ്യത വാക്കുകളില്‍ മാത്രമല്ല പ്രവര്‍ത്തിയിലും ഒരു സന്ദേശമായി ഈ പുസ്തകത്തിലുണ്ട്.

ടി എം സൗന്ദരരാജന്‍ ആരും കാണാതെ സൂക്ഷിച്ച ഫോട്ടോ നല്‍കുന്ന സന്ദേശം സമൂഹത്തിനു പൊതുവായുള്ളൊരു സൂചനയാണ്. വ്യക്തിജീവിതത്തിലും സാമൂഹ്യജീവിതത്തിലും പുലര്‍ത്തേണ്ട മിതത്വവും ത്യാഗരാജഭാഗതവതര്‍ക്കു സംഭവിച്ച പോലെ പ്രകടനാത്മകത വിളിച്ചു വരുത്താവുന്ന ദുരന്തങ്ങളും ആ ഒരധ്യായം മുന്നറിയിപ്പു നല്‍കുന്നു.

ഇതിനെല്ലാം ഉപരി സംഗീതത്തിന്റെ ഒരു കാണാതന്ത്രി ഈ അനുഭവക്കുറിപ്പുകളെയെല്ലാം ഒരു മാന്ത്രികകമ്പിയില്‍ കോര്‍ക്കുന്നതുപോലെയും തോന്നുന്നു.

ശ്രീ എന്‍ രാമചന്ദ്രന്റെ അറിവിന്റെയും അനുഭവങ്ങളുടെയും ഒരു വളരെ ചെറിയ അംശം മാത്രമാണീ പുസ്തകത്തില്‍ പ്രതിഫലിക്കുന്നതെന്ന് അദ്ദേഹത്തെ അടുത്തറിയാവുന്ന എല്ലാവര്‍ക്കും സംശയമില്ലാത്ത കാര്യമാണ്. വളരെ അനന്യവും ചിന്തോദ്ദീപകവുമായ അത്തരം അനുഭവങ്ങള്‍ കൂടി അദ്ദേഹം ഇനിയും പങ്കുവയ്ക്കും എന്ന പ്രത്യാശകൂടിയാണ് ഈ പുസ്‌കവായന ബാക്കി നല്‍കുന്നത്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

പുസ്തകം ഇ-ബുക്കായി വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.