DCBOOKS
Malayalam News Literature Website

കിളിമഞ്ജാരോ വിളിക്കുമ്പോൾ…

KILIMANJARO BOOK STALL
KILIMANJARO BOOK STALL

രാജേന്ദ്രന്‍ എടത്തുംകരയുടെ ‘കിളിമഞ്ജാരോ ബുക്‌സ്റ്റാള്‍’ എന്ന പുസ്തകത്തിന് സിന്ധു പി ഗിരിധരന്‍ എഴുതിയ വായനാനുഭവം

ഈ നോവലിലെ ഒരു കഥാപാത്രത്തിന്റെയും ജീവിത കഥ പൂർത്തിയാക്കപ്പെട്ടുന്നില്ല. കൃതി എഴുത്തുകാരന്റെ സൃഷ്ടിയാണെങ്കിൽ വായനയിലൂടെ ആ പുസ്തകത്തെ പുനഃസൃഷ്ടിക്കുകയാണ് വായനക്കാരൻ ചെയ്യുന്നത്. വായനക്കാരന് തന്റെ വായനയെ പൂരിപ്പിക്കാനുള്ള ഒരു പാട് ഇടങ്ങൾ നൽകി കൊണ്ട് നോവലിനുള്ളിലെ കഥ പറയുന്ന ഭാസ്ക്കരേട്ടന്റെ മരണത്തോടെ ആ നഗരത്തോട് വിട പറയുന്ന അയാൾ ബസ്സിൽ കയറി ചുരം താണ്ടി യാത്ര ചെയ്യാൻ പുറപ്പെടുന്നതോടെ കിളിമഞ്ജാരോബുക്സ്റ്റാൾ എന്ന നോവലും അവസാനിക്കുന്നു. ഒരു യാത്രയുടെ അവസാനം മറ്റൊരു യാത്രയുടെ ആരംഭമായി മാറുന്നതുപോലെ മറ്റൊരിടം തേടി, മറ്റൊരു ജീവിതം തേടി…..

” The Mountains are calling and I must go”- ‘Jhon Muir’.

ആധുനികാനന്തര മലയാള നോവലുകൾ എഴുത്തിന്റെയും വായനയുടെയും ബഹുസ്വരതയാണ് മുന്നോട്ട് വെക്കുന്നത്. നൂതനമായ ആഖ്യാനതന്ത്രങ്ങളിലൂടെ, ജീവിതത്തോട് ആഭിമുഖ്യം പുലർത്തുന്ന ഇത്തരം നോവലുകളിൽ ലളിതമായ ഭാഷയാണ് സ്വീകരിച്ചു കാണുന്നത്. ബുദ്ധനും ഞാനും എന്ന നോവലിലൂടെ മലയാളികൾക്ക് ഏറെ പരിചിതനായ രാജേന്ദ്രൻ എടത്തുംകരയുടെ ‘കിളിമഞ്ജാരോ ബുക്സ്ററാൾ’ എന്ന പുതിയ നോവൽ ഈ ഗണത്തിൽ പെടുന്നതാണ്. എഴുത്തുകാരൻ ആൾക്കൂട്ടത്തിൽ ഒരാൾ മാത്രമാണെന്നും സാധാരണക്കാരനെ പോലെ ആശയങ്ങൾ പങ്കുവയ്ക്കുക മാത്രമാണ് തന്റെ കർത്തവ്യമെന്നും പൂർണ്ണ ബോധ്യമുള്ള നോവലിസ്റ്റിനെയാണ് ഇവിടെ കാണാൻ സാധിക്കുന്നത്. ഒരു പുസ്തകശാലയും അതുമായി ബന്ധപ്പെട്ട ധാരാളം മനുഷ്യരുടെ ജീവിതസന്ദർഭങ്ങളിൽ നിന്നും അടർത്തിയെടുത്ത കഥകളും ഉപകഥകളുമാണ് നോവലിനെ മുന്നോട്ട് നയിക്കുന്നത്. അപൂർണ്ണമായ ഏതെങ്കിലും ചോദ്യത്തെ അവശേഷിപ്പിച്ച് കടന്ന് പോകുന്ന ഓരോ കഥയും പൂർത്തിയാക്കാനുള്ള അവസരം വായനക്കാർക്ക് നൽകുന്നു. അതോടെ വായനക്കാരെ കഥാപാത്രങ്ങളാക്കുന്ന മാസ്മരിക വിദ്യയിലും നോവലിസ്റ്റ് വിജയിക്കുന്നു. മറ്റൊന്ന് ദേശചരിത്രത്തിൽ നിന്നും വ്യത്യസ്തമായി വ്യക്തിചരിത്രത്തിലേക്കും വ്യക്തി കേന്ദ്രീകൃതമായ സമൂഹ നിർമ്മിതിയിലേക്കും മലയാള നോവൽ മാറുന്നതിന്റെ അടയാളം കൂടിയാകുന്നുണ്ട് കിളിമഞ്ജാരോ ബുക്സ്റ്റാൾ എന്ന നോവൽ.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

പുസ്തകം ഇ-ബുക്കായി വായിക്കാന്‍ സന്ദര്‍ശിക്കൂ

ടാൻസാനിയയിലെ മഞ്ഞിനാൽ മൂടിയ, വൈവിധ്യ സമ്പൂർണ്ണമായ ഭൂപ്രദേശങ്ങൾ നിറഞ്ഞ പർവ്വതനിരയാണ് കിളിമഞ്ജാരോ. നോവലിൽ ഇതൊരു പുസ്തകശാലയായി മാറുന്നു. കിളിമഞ്ജാരോ ബുക്സ്റ്റാളിലേക്ക് അവദൂതനായി എത്തപ്പെടുന്ന അയാളാണ് നോവലിലെ പ്രധാന കഥാപാത്രം. പർവ്വതങ്ങൾ വിളിക്കുമ്പോൾ പോകാൻ തയ്യാറായി നിൽക്കുന്ന ഒരാളാണ് അയാളെന്ന് നോവലിന്റെ ആമുഖത്തിൽ തന്നെ സൂചിപ്പിക്കുന്നുണ്ട്. പലതരം കഥകൾ കെട്ടുപിണഞ്ഞു കിടക്കുന്ന ആ പുസ്തകശാല കിളിമഞ്ജാരോ പർവ്വതനിരകൾ യാത്രക്കാരെ എന്ന പോലെ അയാളെ ഏറെ മോഹിപ്പിക്കുന്നു. അവിടെയുള്ള ഓരോ മനുഷ്യരും ഓരോകഥകളായി അയാളുടെ മുന്നിൽ വെളിപ്പെടുന്നു. ആഖ്യാതാവായ ഭാസ്ക്കരേട്ടന്റേയും ബുക്സ്റ്റാളിന്റെ ഉടമസ്ഥനായ വി കെ കക്കോറയടെയും ജീവിതത്തിൽ സ്നേഹത്തിന്റെയും ,സാഹോദര്യത്തിന്റെയും ചതിയുടെയും കഥകളുണ്ട്. പുസ്തകകശാലയുടെ നടത്തിപ്പുകാരിയായ അദ്ദേഹത്തിന്റെ മകൾ നിലീനയിലും ഇത്തരത്തിലൊരു കഥ കാണാൻ സാധിക്കുന്നു. ധർമ്മേന്ദ്ര എന്ന ‘കുണാലയെ’ അവൾ പ്രണയിക്കുന്നു. പക്ഷേ ആ പ്രണയവും ഒരു പരാജയത്തിലാണ് അവസാനിക്കുന്നത്. പ്രണയകവിതകൾ മാത്രമെഴുതുന്ന രാജീവൻ അമ്പലശ്ശേരിയും പ്രണയനൈരാശ്യം ബാധിച്ച കാമുകനാണ്. പുസ്തകശാലയിലെ ജീവനക്കാരായ ലീനയും രമയും തമ്മിലുള്ള ലെസ്ബിയൻ പ്രണയകഥകളും, ഗേ സെക്‌സിൽ ഒന്നിലധികം കാമുകന്മാരുമായി ബന്ധപ്പെടുന്ന വികെസി യുടെ കഥകളും അയാളെ അദ്ഭുതപ്പെടുത്തുന്നില്ല. കാരണം ഭക്തിയുടെ കാര്യത്തിലെന്ന പോലെ പ്രണയത്തിലും ലിംഗ ഭേദങ്ങൾക്ക് സ്ഥാനമില്ല എന്ന ‘നിത്യ’യുടെ നിലപാടിൽ തന്നയാണ് അയാളും നിലകൊള്ളുന്നത്. അശോകന്റെയും Textകുണാലയുടെയും ത്യഷ്യരക്ഷയുടെയും ചരിത്ര കഥകൾ യാഥാർത്ഥ്യമോ കാൽപ്പനികമോ എന്ന് തിരിച്ചറിയാൻ പറ്റാത്തവിധം നോവലിൽ വിളക്കി ചേർത്തിട്ടുണ്ട്. കോളേജിൽ തന്റെ സഹപാഠിയായിരുന്ന വേദികയെ അയാൾ പുസ്തകശാലയിൽ വെച്ച് കണ്ടുമുട്ടുന്നുണ്ട്. തീവ്രപ്രണയത്തിൽ ആകൃഷ്ടരായി തന്റെ കാമുകനെ തന്നെ വിവാഹ ചെയ്യുന്ന വേദികയും പരാജയത്തിന്റെ കയ്പുനീരാണ് രുചിക്കുന്നതെന്ന് കാണാൻ സാധിക്കുന്നു. മനസിൽ തങ്ങിനിൽക്കുന്ന മറ്റ് രണ്ട് കഥാപാത്രങ്ങളായ പുസ്തകക്കള്ളനും ചീങ്കണ്ണിയും വിചിത്രമായ കഥാപരിസരത്ത് ജീവിക്കുന്നവരാണ്. പ്രണയാധിഷ്ഠിതമായ ഇത്തരം ധാരാളം കഥകളാണ് നോവലിന്റെ പ്രമേയം. നോവൽ പ്രകാശന വേളയിൽ എം.മുകുന്ദൻ അഭിപ്രായപെട്ടതും നോവലിലെ പ്രണയത്തെ കുറിച്ച് തന്നെ. ഇത്ര മനോഹരമായ പ്രണയത്തിന്റെ സാന്നിധ്യം താൻ അടുത്തകാലത്തൊന്നും അനുഭവിച്ചിട്ടില്ലെന്നും നോവലിലെ റാഹേൽ എന്ന കഥാപാത്രത്തെ വായനക്കിടയിൽ താൻ സ്വപ്നം കാണുക പോലുമുണ്ടായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടതിൽ അതിശയോക്തി ഇല്ലെന്ന് നോവലിലൂടെ കടന്നു പോകുമ്പോൾ നമുക്കും അനുഭവവേദ്യമാകുന്നു.

കിളിമഞ്ജാരോ പർവ്വതനിരകളെ പോലെ ഒരു പാട് നിഗൂഢതകളാൽ വലയം ചെയ്യപ്പെട്ടിരിക്കുന്ന ഒരു കൃതി കൂടിയാണിത്. കഥകളുടെ ഭൂമികയിൽ നിന്നും മറഞ്ഞുപോകുന്ന ഓരോരുത്തരും ഉത്തരം കിട്ടാത്ത കടങ്കഥകളായി അവശേഷിക്കുന്നു. നിലീനയ്ക്കും ധർമ്മേന്ദ്രയ്ക്കും ഒടുവിലെന്ത് സംഭവിക്കുന്നു എന്ന് നോവലിസ്റ്റ് പറയുന്നില്ല. അതുപോലെ നോവലിലെ ആഖ്യാതാവായ ഭാസ്കരേട്ടന്റെ മരണത്തിലും അസ്വാഭാവികത ഒളിഞ്ഞിരിക്കുന്നു. ഭാസ്ക്കരേട്ടനും നിലീനയും തമ്മിലുള്ള ബന്ധത്തിലും ഈ നിഗൂഢത പ്രകടമാണ്. നോവൽ അവസാനിക്കുന്നതു പോലും ഇത്തരത്തിലുള്ള നിഗൂഢതയുടെ പശ്ചാത്തലത്തിൽതന്നെയാണ്.

‘കാതങ്ങൾക്കകലെ കിളിമഞ്ജാരോയിൽ കാലത്തെ സാക്ഷി നിർത്തി ഒരു പുള്ളിപുലിയുടെ ജഡം മഞ്ഞിൽ പുതച്ചുനിൽക്കുന്നു’.

ജീവിതത്തെകുറിച്ചുള്ള ദാർശനികമായ ചില കാഴ്ചപാടുകളും നിരീക്ഷണങ്ങളുമാണ് നോവലിനെ ശ്രദ്ധേയമാക്കുന്നത്. ഇവയാകട്ടെ ഓരോ മലയാളിയും കേൾക്കാൻ ആഗ്രഹിച്ചതും ഒരു വട്ടമെങ്കിലും മനസിൽ ചിന്തിച്ചവയുമാണ്. സിനിമാ ഗാനങ്ങളെ കുറിച്ച്, വിവാഹത്തെ കുറിച്ച്, പ്രണയത്തെക്കുറിച്ച്, വിവാഹാനന്തരം പ്രവാസികളായി മാറുന്ന സ്ത്രീ ജീവിതങ്ങളെകുറിച്ച്, പ്രഭാഷകരെ കുറിച്ച്, എന്തിനേറെ മദ്യപാനത്തെ കുറിച്ചുപോലും വളരെ ശ്രദ്ധേയങ്ങളായ നിരീക്ഷണങ്ങളാണ് നോവലിസ്റ്റ് പങ്കുവെയ്ക്കുന്നത്. ആറ്റംബോംബിനെകുറിച്ചും അവലോസുണ്ടയെ കുറിച്ചും ഒരുപോലെ സംസാരിക്കാൻ കഴിയുന്നവനാണ് യഥാർത്ഥ സുഹൃത്ത് എന്ന നിരീക്ഷണം എത്ര വാസ്തവമാണ് ! വിവാഹത്തെകുറിച്ച് നിലീന പറയുന്നതിങ്ങനെയാണ് : –

“മറ്റു റിലേഷനുകൾ പോലെയല്ല ഭാര്യയും ഭർത്താവും തമ്മിലുള്ള റിലേഷൻ. മടുക്കുമ്പോൾ അത് ഉപേക്ഷിക്കാൻ പറ്റും. അച്ഛൻ, അമ്മ, സഹോദരങ്ങൾ, ചെറിയച്ഛൻ, വലിയച്ഛൻ, അമ്മായി, മുത്തശ്ശി, അതൊന്നും പോലയല്ല.ഫിസിക്കലി നിങ്ങൾക്കവരോട് അകന്നു നിൽക്കാം. മെറ്റഫറിക്കലായി അവർ നിങ്ങളുടെ ആരുമല്ലെന്ന് പറയാം. പക്ഷേ,എന്തു പറഞ്ഞാലും, എത്ര അകന്നു നില്ക്കാൻ ശ്രമിച്ചാലും ആ റിലേഷൻ അവിടെ തന്നെയുണ്ടാകും. ഉപേക്ഷിച്ചു പോയാലും അമ്മ ഒരിക്കലും അമ്മയല്ലാതാവുന്നില്ല. ഭർത്താവ് എന്ന പൊസിഷൻ അങ്ങനെയല്ല. വേണ്ടെന്നു വെച്ചാൽ പിന്നെ ഭർത്താവ് പിന്നെ ഭർത്താവല്ല. ഭാര്യ പിന്നെ ഭാര്യയുമല്ല. എന്തിണതിനർത്ഥം?

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

പുസ്തകം ഇ-ബുക്കായി വായിക്കാന്‍ സന്ദര്‍ശിക്കൂ

‘അതായത്, നമ്മുടെ തീരുമാനങ്ങളാണ് ആ റിലേഷൻ നിലനിർത്തുന്നതെന്ന്.’ നിലീനയുടെ ഈ ഒരു കാഴ്ചപ്പാട് വിവാഹത്തെ കുറിച്ചുള്ള നമ്മുടെ പാരമ്പര്യ പൊതുബോധത്തെ മാറ്റി മറിക്കുന്നതാണ്. ഭാര്യയും ഭർത്താവും വിചാരിച്ചാൽ മാത്രമെ വിവാഹബന്ധത്തെ ശാശ്വതമായി നിലനിർത്താൻ സാധിക്കുകയുള്ളൂവെന്നും അല്ലാത്ത പക്ഷം കേവലമൊരു താലിച്ചരട് ഈ ബന്ധത്തെ എന്നന്നേക്കുമുള്ളതായി മാറ്റുമെന്ന് ചിന്തിക്കുന്നത് ശുദ്ധ അസംബന്ധമാണെന്നും നോവലിസ്റ്റ് നിലീനയിലൂടെ പറഞ്ഞുവെക്കുന്നു.

സ്ത്രീപക്ഷ നോവലായി വായിക്കപ്പെടേണ്ട കൃതി കൂടിയാണിത്. നോവലിലെ സ്ത്രീകഥാപാത്രങ്ങളെല്ലാം തന്നെ പുരോഗമന സ്വഭാവമുള്ളവരും തന്റേടികളുമാണ്. ഈസി ചെയറിലിരുന്ന് തന്റെ മുന്നിൽ മുഖാമുഖം നിൽക്കുന്ന പുരുഷനെ ചോദ്യം ചെയ്യാൻ കെൽപ്പുള്ള നിലീനയും, പ്രണയം വിട്ടൊരു ജീവിതമില്ലെന്നു മനസിലാക്കി, കന്യാസ്ത്രീ മഠം ഉപേക്ഷിക്കാൻ തയ്യാറായ റാഹേലും പിതാവിനാൽ പീഡിപ്പിക്കപെട്ട ഒരു പെൺകുട്ടിയെ സ്വന്തം മകളായി വളർത്താൻ തയ്യാറാകുന്ന തന്നിഷ്ടകാരിയായ വേദികയും, കാമുകനായ കുണാലയുടെ നീലക്കണ്ണുകൾ കുത്തി പൊട്ടിക്കുന്ന പ്രേമപ്പകയുടെ പെൺരൂപമായ ത്യഷ്യരക്ഷയും മറ്റും കരുത്തുറ്റ സ്ത്രീകഥാപാത്രങ്ങൾ തന്നെയാണ്. നോവലിസ്റ്റിന്റെ സ്ത്രീജീവിതത്തെ കുറിച്ചുള്ള നിരീക്ഷണം ഇങ്ങനെയാണ്‌ :-

എല്ലാ സത്രീകളും പ്രവാസികളാകുന്ന സന്ദർഭമാണ് വിവാഹം. മറ്റൊരു ദേശത്തേക്ക്, മറ്റൊരൂ വീട്ടിലേക്ക്, മറ്റു ചിലരുടെ ഇടയിലേക്ക് ഒരിക്കലും തിരിച്ചു വരവുണ്ടാകരുതെന്നു കരുതി അവർ സ്വന്തം വീട്ടിന്റെ പടിയിറങ്ങുന്നു. കുടിയേറ്റത്തിന്റെയോ ദേശാന്തരഗമനത്തിന്റെയോ കഥ പറയുമ്പോൾ, സ്വന്തം വീട്ടിൽ നിന്നും എക്കാലത്തേക്കുമായി ഇറങ്ങി പോകുന്ന സ്ത്രീയുടെ വിവാഹദിനം ആരും ഓർമ്മിക്കുകയില്ല. സ്ത്രീകളെക്കാൾ വലിയ പ്രവാസികൾ വേറെ എവിടെയാണ് ഉള്ളത്?

അന്നേവരെ കഴിഞ്ഞു കൂടിയ പരിചിതവും സുരക്ഷിതവുമായ താവളംവിട്ട് , അന്നു മാത്രം കൺപാർക്കുന്ന അപരിചിതവും അനിശ്ചിതവുമായ മറ്റൊരിടത്തേക്ക് അവൾ ഒറ്റയ്ക്ക് വന്നു കയറുന്നു. അപരിചിതമായ ബന്ധങ്ങളുടെ അനേകം നൂലുകൾ നെടുകെയും കുറുകേയും ചേർത്തു വെച്ച് നിർമ്മിച്ച മറ്റൊരു വീടിന്റെ ഇഴയടുപ്പത്തിൽ പതിയെപ്പതിയെ ലയിച്ചു ചേരാൻ നോക്കുന്നു..

ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിനെ ഓർമ്മിപ്പിക്കുന്ന പലതും നോവലിൽ കണ്ടെത്താൻ സാധിക്കും. നോവലാരംഭത്തിൽ തന്നെ കാമുകിയായ റാഹേലിനെ ഓർമ്മയുടെ വയലോരത്ത് നിർത്തി, കെ കെ സി യുടെ കണ്ടി കണക്കെഴുത്ത് ശാലയിലേക്കും തുടർന്ന് നിത്യയുടെ ആശ്രമത്തിലും അവിടെ നിന്ന് കിളിമഞ്ജാരോ ബുക്ക്സ്റ്റാൾ സ്ഥിതി ചെയ്യപ്പെടുന്ന നഗരത്തിലുമെത്തുന്ന അയാൾ, സ്വന്തം വീട്ടിൽ നിന്നും ഒളിച്ചോടി ബോധാനന്ദ സ്വാമികളുടെ ആശ്രമത്തിലും പിന്നീട് ഖസാക്കിലെ ഏകാധ്യാപക വിദ്യാലയത്തിലുമെത്തിച്ചേരുന്ന രവിയെ ഓർമ്മിപ്പിക്കുന്നുണ്ട്.. വേദികയോടൊപ്പം ചീങ്കണ്ണിയുടെ വീട്ടിലെത്തിയപ്പോൾ അയാൾ പറയുന്നുണ്ട്.. “ഖസാക്കിലെ രവിയെ പോലെ ആ സ്ഥലം എനിക്ക് അപരിചിതമായ് തോന്നുന്നില്ല എന്ന്.” പക്ഷേ ഖസാക്കിലെ രവി ആ പ്രദേശത്തിന്റെ ഭാഗമായി അവസാനം അവിടെ നഷ്ടപ്പെടുന്നു. ഈ നോവലിലെ അയാളാകട്ടെ അവിടം വിട്ടു യാത്രയാകുന്നു. അയാൾ ഒടുവിൽ നാം തന്നെയായി മാറുന്നു. അതുകൊണ്ട് തന്നെയാണ് അയാൾക്ക്‌ രവിയെ പോലെ ഏതെങ്കിലും പേര് നിർദ്ദേശിക്കാൻ നോവലിസ്റ്റ് വൈമുഖ്യം കാണിച്ചതും. അസ്തിത്വദു:ഖം അനുഭവിക്കുന്ന രവിയിൽ നിന്നും വിഭിന്നനായി നിസംഗനായി ജീവിതത്തോട് പൊരുതുന്ന കഥാനായകൻ പുതിയ കാലഘട്ടത്തിന്റെ വക്താവ് കൂടിയാകുന്നു.

ഏണസ്റ്റ് ഹെമിങ് വേയുടെ ‘The snows of kilimanjaro ‘എന്ന കഥയെ പരാമർശിക്കുന്നുണ്ട് ഈ നോവലിൽ. ഹെമിങ്‌വേയുടെ കഥാപാത്രമായ, എഴുത്തുകാരനായ ഹാരി അയാളുടെ രചനകൾ ഒരിക്കലും പൂർത്തിയാക്കുന്നില്ല. അതുപോലെ ഈ നോവലിലെ ഒരു കഥാപാത്രത്തിന്റെയും ജീവിത കഥ പൂർത്തിയാക്കപ്പെട്ടുന്നില്ല. കൃതി എഴുത്തുകാരന്റെ സൃഷ്ടിയാണെങ്കിൽ വായനയിലൂടെ ആ പുസ്തകത്തെ പുനഃസൃഷ്ടിക്കുകയാണ്  വായനക്കാരൻ ചെയ്യുന്നത്. വായനക്കാരന് തന്റെ വായനയെ പൂരിപ്പിക്കാനുള്ള ഒരു പാട് ഇടങ്ങൾ നൽകി കൊണ്ട് നോവലിനുള്ളിലെ കഥ പറയുന്ന ഭാസ്ക്കരേട്ടന്റെ മരണത്തോടെ ആ നഗരത്തോട് വിട പറയുന്ന അയാൾ ബസ്സിൽ കയറി ചുരം താണ്ടി യാത്ര ചെയ്യാൻ പുറപ്പെടുന്നതോടെ കിളിമഞ്ജാരോബുക്സ്റ്റാൾ എന്ന നോവലും അവസാനിക്കുന്നു. ഒരു യാത്രയുടെ അവസാനം മറ്റൊരു യാത്രയുടെ ആരംഭമായി മാറുന്നതുപോലെ മറ്റൊരിടം തേടി, മറ്റൊരു ജീവിതം തേടി…..

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

പുസ്തകം ഇ-ബുക്കായി വായിക്കാന്‍ സന്ദര്‍ശിക്കൂ

 

 

Comments are closed.