DCBOOKS
Malayalam News Literature Website

പ്രതിസന്ധികളില്‍ നിന്നും പറന്നുയര്‍ന്നവളുടെ കഥ

ഒരുപാട് സ്വപ്നങ്ങളും ആഗ്രഹങ്ങളുമുള്ള ഒരു പ്രീഡിഗ്രിക്കാരി പെണ്‍കുട്ടി, നാദിറ അവള്‍ ഒരു കുഞ്ഞിന്റെ അമ്മയാകുന്നതും, അതിന് ശേഷം ജീവിതത്തില്‍ സംഭവിക്കുന്ന പ്രതിസന്ധികളും അതില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ പെടാപ്പാട് പെടുന്ന ഒരു പെണ്ണിന്റെ കഥ.

സ്വന്തമായി സമ്പാദിച്ച പണം കൊണ്ട് ജീവിക്കുക എന്നതായിരുന്നു അവളുടെ വലിയ മോഹം. പക്ഷേ ഇനി പഠിക്കാന്‍ പോകേണ്ട എന്ന് ഭര്‍ത്താവും, വീട്ടുകാരും പറയുമ്പോള്‍, തന്റെ ജന്മം വീട്ടില്‍ ഭക്ഷണം ഉണ്ടാക്കുന്നതിലും കുഞ്ഞിനെ നോക്കലിലും ഒതുങ്ങും എന്നറിയുമ്പോഴും, അതിനോടൊക്കെ അവള്‍ നിസ്സഹായയായി സമരസപ്പെടുന്നു. ആ സമരസപ്പെടലിന്, പക്ഷേ കുഞ്ഞ് പെണ്ണാണെന്ന് അറിയുമ്പോള്‍ അയാള്‍ക്കുണ്ടാകുന്ന അകല്‍ച്ചകള്‍. ദേഷ്യത്തിന് അവസാനം അവളുടെ മേല്‍ വീഴുന്ന പ്രഹരങ്ങള്‍, അതിന് അല്‍പായുസ്സേ ഉണ്ടായിരുന്നുള്ളൂ.

ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് ഇടയില്‍ എവിടെയാണ് കയ്യാങ്കളി ഉണ്ടാകുന്നത്. ഒരറ്റം മാത്രമല്ലേ ചലിക്കുന്നുള്ളൂ, എല്ലാം സ്വീകരിക്കപ്പെടാന്‍ വിധിക്കപ്പെട്ടവളല്ലേ ഭാര്യ എന്ന് അവള്‍ ആശ്വാസം കണ്ടെത്തുന്നു. കുഞ്ഞുണ്ടായതിന് ശേഷം ഒരു മൃഗത്തെ അറവ് നടത്തി ദൈവപ്രീതി നേടണമെന്ന് ഭര്‍ത്താവ് ആവശ്യപ്പെടുമ്പോള്‍, ഒരു മൃഗത്തെ കൊന്നിട്ട് വേണോ ദൈവപ്രീതി എന്ന് അവള്‍ തിരിച്ചു ചോദിക്കുന്നുണ്ട്. അപ്പോഴും അവള്‍ അറിയുന്നില്ല, രൂഢമൂലമായ ഒരു വിശ്വാസത്തെയാണ്, മതത്തിന് എതിരെയാണ് അവള്‍ സംസാരിക്കുന്നതെന്ന്.

ദാമ്പത്യത്തിന്റെയും കുടുംബത്തിന്റെയും മനഃശാന്തിക്ക് ഏറ്റവും അവിഭാജ്യം പെണ്ണിന്റെ മൗനമാണെന്ന് കരുതി എല്ലാം സഹിക്കുമ്പോഴും, അടുത്ത കുഞ്ഞ് ആണാകാന്‍ വേണ്ടി മന്ത്രിച്ചൂതിയ വെള്ളവും ദിക്‌റുകളും അവള്‍ക്ക് അരോചകമായി തോന്നുകയാണ്. പെണ്‍ കുഞ്ഞ് ഉണ്ടാകാന്‍ ആരും പ്രാര്‍ത്ഥനയും മന്ത്രങ്ങളും ഒന്നും നടത്തുന്നില്ലല്ലോ. ആദ്യ മനുഷ്യനായ ആദമിന് വേണ്ടി ഹവ്വായെ സൃഷ്ടിച്ച അല്ലാഹുവിന് അങ്ങനെയൊരു വേര്‍തിരിവ് ഉണ്ടാകുമോ.

ഭര്‍ത്താവും വീട്ടുകാരും അവള്‍ക്ക് മാനസിക രോഗമാണെന്നും പറഞ്ഞ് ചികിത്സ നടത്തുമ്പോഴും, അവളുടെ കുഞ്ഞ് പെണ്ണായത് കൊണ്ട് കുടുംബം മുടിയുമെന്നും വിശ്വസിക്കുന്നവര്‍ക്കിടയില്‍ നിന്ന് തന്റെ കുഞ്ഞിനെയും കൊണ്ട് നാദിറ പുറത്തേക്ക് നടക്കുകയാണ്. അവിടുന്നങ്ങോട്ടുള്ള ഒറ്റക്കുള്ള ജീവിതം, പല ജോലികള്‍ ചെയ്ത്, വിദ്യാഭ്യസം തുടരുന്ന, ശക്തയായി പെണ്ണായി മാറുന്ന നാദിറയെയാണ് പിന്നെ കാണുന്നത്.

ഭര്‍ത്താവ് രണ്ടാം കെട്ടിന് ഒരുങ്ങുമ്പോള്‍, വിവാഹമോചിതയാകാന്‍ ശ്രമിക്കുന്ന നാദിറ, നിക്കാഹ് പോലെ തന്നെ വിവാഹമോചനവും സ്ത്രീക്ക് വലിയ റോളൊന്നും ഇല്ലാത്ത പരിപാടിയാണെന്ന് മനസ്സിലാക്കുന്നു. കോടതിയില്‍ ഭര്‍ത്താവില്‍ നിന്നും വീട്ടുകാരില്‍ നിന്നും ലഭിച്ച മാനസിക പീഡനങ്ങള്‍ എങ്ങനെയാണ് തെളിയിക്കുക എന്നറിയാതെ കുഴങ്ങുന്നുണ്ട്. ആത്മാര്‍ത്ഥ സ്‌നേഹവും പ്രണയവും എന്താണെന്ന് മനസ്സിലാക്കുന്നിടത്ത് നോവല്‍ അവസാനിപ്പിക്കുന്ന എഴുത്തുകാരി, വരികള്‍ക്കിടയില്‍ യാഥാസ്ഥിക മുസ്ലിം സമൂഹത്തില്‍, നിലപാട് ഉള്ള സ്ത്രീ അനുഭവിക്കുന്ന പ്രതിസന്ധികള്‍ വ്യക്തമായി വിവരിക്കുന്നു.

ഫസീല മെഹറിന്റെ ഖാനിത്താത്ത് എന്ന നോവലിന് മുഹമ്മദ് കുട്ടി എഴുതിയ വായനാനുഭവം

Comments are closed.