DCBOOKS
Malayalam News Literature Website

‘കര്‍ത്താവിന്റെ നാമത്തില്‍’; സമര്‍പ്പണത്തിന്റെ പാതയില്‍ ധീരമായ ചുവടുകളോടെ

വിവാദങ്ങളില്‍ എന്നും ഇടം പിടിച്ച സന്യാസിനി അതായിരുന്നു ലൂസി കളപ്പുര. അതുകൊണ്ടു തന്നെ അവര്‍ക്ക് ജനങ്ങളോട് എന്താണ് പറയാന്‍ ഉള്ളത് എന്ന് കേള്‍ക്കാന്‍ ഒരു ആകാംഷയുണ്ടായിരുന്നു. പുസ്തകം കൈയില്‍ കിട്ടിയതും ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ത്തു. വായനയില്‍ ഒട്ടും നഷ്ടം തോന്നിയില്ല. എന്നും വീറോടെ സഭയുടെ അനീതിക്കെതിരെ, അധികാര ദുര്‍വിനിയോഗത്തിനെതിരെ, ലൈംഗിക അരാജകത്വത്തിനെതിരെ, പൗരോഹിത്യ മേധാവിത്തത്തിനെതിരെയെല്ലാം പോരാടിയ അവര്‍ അതൊക്കെ എന്തിന്, എപ്പോള്‍, ആര്‍ക്കുവേണ്ടി എന്നൊക്കെയുള്ള കാര്യങ്ങള്‍ തെളിവടക്കം ജനങ്ങള്‍ക്ക് മുന്നില്‍ ആത്മകഥാരൂപത്തില്‍ തുറന്നെഴുതിയിരിക്കുന്നു.

ആ പുസ്തകം എന്തെന്നറിയാതെ, ആ പുസ്തകത്തെ വായിക്കാന്‍ ശ്രമിക്കാതെ അതിലെ ഒരു പേജില്‍ വന്ന കുറച്ചു വരികള്‍ എടുത്ത് പൈങ്കിളിക്കഥ എന്നും പറഞ്ഞ് പ്രചരിപ്പിച്ചു ചീപ് പബ്ലിസിറ്റി നടത്തുന്നവരോട് ആ പുസ്തകം വായിച്ചു കഴിഞ്ഞപ്പോള്‍ തോന്നിയത് പുച്ഛം മാത്രം. അടിച്ചമര്‍ത്തലുകളും, ഒറ്റപെടുത്തലുകളും, കണ്ണിന് മുന്നില്‍ നടന്നിട്ടും ഒന്നും ചെയ്യാന്‍ കഴിയാത്തതിന്റെ വേദനകള്‍ അവര്‍ ആ പുസ്തകത്തില്‍ പങ്കുവയ്ക്കുന്നുണ്ട്.

ഒരു സമ്പന്ന കുടുബത്തിലെ അംഗമായിരുന്നിട്ടുകൂടി മദര്‍ തെരേസയെ പോലെ ജനങ്ങളെ സേവിക്കാന്‍ കര്‍ത്താവിന്റെ മണവാട്ടിപട്ടം സ്വയം തിരഞ്ഞെടുത്ത അവര്‍ക്ക് സഭയില്‍ നിന്നും എന്നും അവഗണന മാത്രമേ കിട്ടിയിരുന്നുള്ളു. നെറികേടിനെതിരെ ശബ്ദമുയര്‍ത്തിയ പോരാളിയായ ഒരു കന്യാസ്ത്രി എന്ന പേരില്‍ പലവട്ടം അവര്‍ സഭയില്‍ നിന്നും പുറത്താക്കപ്പെടുകയും, ആള്‍ക്കൂട്ടത്തിനിടയില്‍ ക്രൂശിക്കപ്പെടുകയും ചെയ്തു.

ചെറുത്തുനില്‍ക്കാന്‍ ശേഷി ഇല്ലാത്ത കുഞ്ഞാടിന്റെ മണവാട്ടികൂട്ടത്തില്‍ നിന്നും മുട്ടനാടിന്റെ ശൗര്യത്തോടെ ക്രിസ്തീയ സഭയിലെ അനീതിക്കെതിരെ ഒറ്റയ്ക്ക് നിന്ന് പോരാടിയ കര്‍ത്താവിന്റെ മണവാട്ടിയാണ് ലൂസി കളപ്പുര. അവരെ നിങ്ങള്‍ അറിയണം. അവര്‍ക്കു പറയാനുള്ളത് കേള്‍ക്കണം.

ഇതു അവരുടെ മാത്രം കഥയല്ല. സന്യാസ ജീവിതത്തിലേക്ക് വലിച്ചിഴക്കപ്പെട്ട ഒരു പറ്റം ദൈവദാസികളുടെ കൂടെ കഥയാണ്. ലൗകിക വിചാരങ്ങള്‍ ഉപേക്ഷിച്ചു ആത്മീയചിന്തയോടെ ആണ് ഒരു സ്ത്രീ ദൈവദാസി ആകുന്നത്. ജീവിതസാഹചര്യങ്ങള്‍ക്കിടയില്‍ എന്നെങ്കിലും അവര്‍ക്ക് എവിടെയെങ്കിലും വച്ച് കാലിടറിയാല്‍ ഒരുപക്ഷെ ചിലര്‍ തെറ്റിലേക്ക് പോകുന്നവര്‍ ഉണ്ടാവാം. അതൊക്കെ മനശക്തി കൊണ്ട് ചെറുത്തുതോല്‍പ്പിച്ചു ദൃഢമായി, സ്വന്തമായി തീരുമാനങ്ങള്‍ എടുത്തു ധീരമായി മുന്നോട്ടുപോയ ഒരു സ്ത്രീയാണ് ലൂസി കളപ്പുര.

മറഞ്ഞിരിക്കുന്നതൊന്നും വെളിച്ചത്തുവരാതിരിക്കില്ല:
നിഗൂഢമായിരിക്കുന്നതൊന്നും അറിയപ്പെടാതിരിക്കുകയുമില്ല .

ലൂക്ക: 12.2.

സിസ്റ്റര്‍ ലൂസി കളപ്പുരയുടെ കര്‍ത്താവിന്റെ നാമത്തില്‍ എന്ന ആത്മകഥയ്ക്ക് ജയശ്രീ ശശികുമാര്‍ എഴുതിയ വായനാനുഭവത്തില്‍നിന്ന്.

Comments are closed.