DCBOOKS
Malayalam News Literature Website

യഥാര്‍ത്ഥചരിത്രം പറയുന്നവരെ ഫാഷിസ്റ്റുകള്‍ ഭയപ്പെടുമ്പോള്‍…

‘സഹപൗരന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ തന്റെ രാഷ്ട്രം അല്ലെങ്കില്‍ ഗവണ്‍മെന്റ് കുറ്റം ചെയ്യുമ്പോള്‍ അതില്‍ ലജ്ജ അനുഭവപ്പെടാത്ത ഒരാള്‍ക്ക് ഒരു യഥാര്‍ത്ഥ ദേശീയവാദിയാകുവാന്‍ സാദ്ധ്യമല്ല.’

ബെനഡിക് ആന്‍ഡേഴ്‌സണ്‍

ഇന്ത്യന്‍ ചരിത്രകാരനായ രാമചന്ദ്രഗുഹ എഴുതിയ ‘ജനാധിപത്യവാദികളും, വിമതരും’ എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍ പറയുന്ന ഒന്നാണ് മുകളില്‍ രേഖപ്പെടുത്തിയ ബെനഡിക് ആന്‍ഡേഴ്‌സണ്‍ പറഞ്ഞ അഭിപ്രായം.

കലുഷിതമായ ഇന്ത്യന്‍ രാഷ്ട്രീയസാഹചര്യത്തില്‍ ജനാധിപത്യം ഇല്ലാതാക്കുവാന്‍ ശ്രമിക്കുന്ന കാലഘട്ടത്തില്‍ ഈ പുസ്തകതത്തിന്റെ വായനയും ചര്‍ച്ചയും ഒരു എതിര്‍പേച്ചാണ്. സെക്കുലര്‍ രാജ്യമായ ഇന്ത്യയെ അതിന്റെ എല്ലാ രീതികളേയും ഹനിച്ചുകൊണ്ട് ഏകാധിപത്യത്തിന്റെ വൃത്തിഹീനമായ തൊഴുത്തില്‍ കെട്ടാന്‍ ഗവണ്‍മെന്റ് തലത്തില്‍ തന്നെ ശ്രമിക്കുന്നതിനെ ഇന്ത്യന്‍ ദേശീയതയുടെ യഥാര്‍ത്ഥ ചരിത്രം കൊണ്ട് മാത്രമേ നേരിടാന്‍ പറ്റുകയുള്ളു. പൗരാവകാശങ്ങള്‍ ഒരു പ്രത്യേക വിഭാഗത്തിനു മാത്രമായി സംവരണം ചെയ്യപ്പെടുന്നത് അഭിലഷണീയമല്ല.

ഇന്ത്യന്‍ സ്വാതന്ത്ര്യചരിത്രവും ഇന്ത്യയും അയല്‍രാജ്യങ്ങളുമായുള്ള ബന്ധവും ചരിത്രരേഖകള്‍ കൊണ്ട് വിപുലമായ രീതിയില്‍ തന്നെ ഈ പുസ്തകം പരിശോധിക്കുന്നുണ്ട്. നാനാത്വത്തില്‍ ഏകത്വമെന്ന ഇന്ത്യന്‍ മുദ്രാവാക്യത്തെ തങ്ങളുടെ രാഷ്ടീയമുതലെടുപ്പിന് വേണ്ടി ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഫാഷിസ്റ്റ് കാലത്ത് രാഷ്ട്രത്തെ സംബന്ധിച്ച് ഉത്കണ്ഠരാവുന്നവര്‍ രാമചന്ദ്ര ഗുഹയുടെ ഈ പുസ്തകം വായിക്കേണ്ടതുണ്ട്. എന്തുകൊണ്ട് ബംഗലൂരുവില്‍ വെച്ച് പൗരത്വബില്ലിനെതിരെ സമരം ചെയ്ത അദ്ദേഹത്തെ അറസ്റ്റ് ചെയ്തു എന്നത് മനസിലാവും. ദേശീയതയുടെ യഥാര്‍ത്ഥചരിത്രം പറയുന്നവരെ എക്കാലത്തേയും ഫാഷിസ്റ്റുകള്‍ ഭയപ്പെടും. ചരിത്രാവബോധത്തെ ഭയപ്പെടുകയും, നിരന്തരം കള്ളങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ ഈ പുസ്തകത്തെ ഒരിക്കലെങ്കിലും വായിച്ചിരുന്നെങ്കില്‍ എന്ന് വെറുതെ ആശിക്കുന്നു. വായനയും ഒരു രാഷ്ടീയപ്രവര്‍ത്തനം തന്നെയാണ്.

രാമചന്ദ്രഗുഹയുടെ ജനാധിപത്യവാദികളും വിമതരും എന്ന പുസ്തകത്തിന് റിഹാന്‍ റാഷിദ് എഴുതിയ വായനാനുഭവം

Comments are closed.