DCBOOKS
Malayalam News Literature Website

10 പൂച്ച സത്യങ്ങൾ!

സുനു എ.വി-യുടെ ‘ഇന്ത്യൻ പൂച്ച’എന്ന കഥാസമാഹാരത്തിന് സന്തോഷ് ഇലന്തൂർ എഴുതിയ വായനാനുഭവം.

പുതു തലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരൻ സുനു എ.വി പൂച്ചക്ക് കെട്ടിയ മണി സാഹിത്യ ലോകത്ത് മുഴങ്ങുന്നു. പ്രതീക്ഷയുടെ ശബ്ദമായി. മണിയൊച്ച ഈ പൂച്ചയെ ഓമനിക്കാൻ ഉതകുന്നതാണ്.  ഞാൻ മണിയും കെട്ടി ഓമനിക്കുകയും ചെയ്തു. ഡി സി ബുക്ക്സ് പ്രസിദ്ധീകരിച്ച ‘ഇന്ത്യൻ പൂച്ച’എന്ന കഥാസമാഹാരം കിടലൻ കഥകളാൽ സമൃദ്ധം.

കഥയെഴുത്തിൽ തന്റേതായ ശൈലിയും ആഖ്യാനതന്ത്രങ്ങളും വൈവിധ്യം പുലർത്തി രാഷ്ട്രീയവും മതവും സമൂഹത്ത ബാധിക്കുന്ന സമകാലിക വിഷയങ്ങളുമൊക്കെ കൂട്ടിക്കലർത്തിയാണ് സുനു കഥ ഉരുക്കിയെടുക്കുന്നത്. താൻ ജീവിയ്ക്കുന്ന ചുറ്റുപാടും മനുഷ്യ മനസ്സും സസൂക്ഷ്മം വിശകലനം ചെയ്തു വ്യക്തമായ സാമൂഹ്യദർശനത്തിലും കൃത്യമായ രാഷ്ട്രീയ ബോധ്യത്തിലും സമകാലിക പ്രസക്തിയുളള വിഷയങ്ങളെ നവീന ഭാവുകത്വം നൽകി അവതരിപ്പിക്കുന്നു. വായനയെ സാർത്ഥമാക്കുന്ന കലാശില്പങ്ങളാക്കി ജീവിതത്തെ തൊടുന്ന പത്തു കഥകളടങ്ങിയ കഥാസമാഹാരം.

പുതുകാലത്തിൻ്റെ വരപ്രസാദമായ കഥകളിൽ ആദ്യത്തേത് മനസ്സിൽ മധുരം നിറച്ച് മനുഷ്യന് വേണ്ടി ഒരു മനുഷ്യൻ നിർമ്മിച്ചത് ‘അബു ബേക്കർ അടപ്രഥമൻ ‘. നാളെയാണ് ഷഹ്നാസിൻ്റെ നിക്കാഹ്.പോകണ്ടെന്ന് നെറ്റിയിൽ പഴുതാര പോലെ വളഞ്ഞ്‌ കിടക്കുന്ന തുന്നൽപ്പാട് മുന്നറിയിപ്പ് നൽകി. പരസ്യ കമ്പനിയിൽ ജോലി ചെയ്യുന്ന ഹരി നാരായണൻ്റെ ജീവിതവും ഓർമ്മകളും ജോലി സംബന്ധമായി അബൂബേക്കറിനെ കണ്ടുമുട്ടുമ്പോൾ അദ്ധേഹത്തിൻ്റെ ഓർമ്മകളുടെ കടലിലേക്ക് മുങ്ങാംകുഴിയിടുന്നു.ഒരു കലാപത്തിൻ്റെ കഥ കേട്ടപ്പോൾ മധുരം കയ്പ്പായി.

2003 വേൾഡ് കപ്പ് കണ്ടു കൊണ്ട് ഒരു കഥാ വായന. ‘ഇന്ത്യൻ പൂച്ച’കളിയിൽ ഒരു പൂച്ചയും ചേർന്നപ്പോൾ ഗൾഫ് ജീവിത കഥയിലെ മലയാളികൾക്കൊപ്പം നമ്മളും ഇന്ത്യാ പാകിസ്ഥാൻ മൽസരം കാണുന്നു. തൊട്ടടുത്ത റൂമിൽ പാകിസ്ഥാൻകാരും നുഴഞ്ഞു കയറിയ പൂച്ചയുടെ പേര് ജാതിപ്പേരാകുകയും അത് വായനക്കാരനെ അതിശയിപ്പിക്കുകയും ചെയ്യുന്നു. കഥയിൽ സച്ചിൻ 98 ഔട്ട്. ജോബ് വിസയിൽ അപ്രതീക്ഷിതമായി കടന്നു വന്ന Textപൊരുത്തക്കേടുകൾ കാരണം സുഹൃത്തുക്കളുടെ കരുണയിൽ അഭയാർത്ഥിയായി കഴിയുന്ന കഥാപാത്രത്തിൻ്റെ ജീവിതത്തിലേക്കു കൊണ്ടു പോകുന്ന കഥയിൽ വിശപ്പും ,നിലനിൽപ്പും, ജാതീയതയും അവതരിപ്പിക്കുന്ന കഥ നമ്മളെ ചിന്തിപ്പിക്കും.

പുരാതന ഈജിപ്തിൽ രാജാക്കന്മാരുടെ ശവശരീരങ്ങൾ സുഗന്ധദ്രവ്യങ്ങൾ പൂശി കാലത്തോളം കേടു കൂടാതെ സൂക്ഷിച്ചിരുന്നുവെന്ന് ഇമ്രാൻ പണ്ടെപ്പോഴോ കേട്ടിട്ടുണ്ട്. ആ കേൾവി നമ്മുടെ കൺമുമ്പിൽ ‘ഈജിപ്ഷ്യൻ മമ്മിയും പെൺപ്രതിമയും ‘എന്ന കഥയിലൂടെ സ്വാതന്ത്രത്തിൻ്റെ ഏഴു പതിറ്റാണ്ടു പിന്നിടുമ്പോഴും വിശപ്പ് എന്ന യാഥാർത്ഥ്യത്തിന് വല്യ പോറലൊന്നും ഏറ്റിട്ടില്ലെന്ന് ബോധ്യപ്പെടുത്തും.. വിശപ്പിൻ്റെ വിളിയിലുടെ എന്തും ചെയ്യുന്ന മനുഷ്യരുടെ മുഖമാണ് കഥയിൽ ഇമ്രാൻ. എഴുത്തുകാരൻ തൻ്റെ നോവലിൽ എഴുതുന്നത് ജീവിതത്തിൽ പകർത്താറില്ല .ലോകം അറിയാതിരിക്കാൻ അച്ഛനെ നോക്കാൻ ഇമ്രാനെ വച്ചപ്പോൾ മാന്യതയുടെ മുഖം മൂടി അണിഞ്ഞ മനുഷ്യരുടെ യഥാർത്ഥ മുഖം നമ്മൾ തിരിച്ചറിയുന്നു. ഭാര്യമാർ വെറും പാവകളല്ലന്നുള്ള നിരീക്ഷണത്തിൽ
കഥയിൽ കരച്ചിൽ ഉതിരുകയും അത് പിന്നെ പൊട്ടിച്ചിരിയാകുകയും ചെയ്യുന്നു. വായനക്കാർ ചിരിയിൽ നിന്ന് കരച്ചിലോടടുക്കുന്ന കഥ ആത്മാവിനെ തൊട്ടു എന്നു പറയാതെ വയ്യ.

തന്നെ നോക്കി ചിരിച്ചു കൊണ്ട് കണ്ണടച്ച ബിയാട്രീസിന്റെ മുഖം ലക്ഷ്മണൻ നേരത്തെ കരുതി വച്ചിരിക്കുന്ന വെളുത്ത തുണികൊണ്ട് മൂടി ഹൃദയം നുറുങ്ങി പോകുന്ന കഥ, ‘പരാദം’. ലക്ഷ്മണൻ്റെ ജീവിതം ഭാര്യയായ ബിയാട്രീസിൻ്റെ മരണശേഷമുള്ള ചുരുങ്ങിയ കാലം കൊണ്ട് ശരീരത്തിന് സംഭവിച്ച അനിവാര്യമായ മാറ്റങ്ങൾ നമ്മളിൽ വിഷാദം പടർത്തുന്നു. അയാൾക്ക് ഭാര്യയോട് എത്രമാത്രം സ്നേഹമായിരുന്നു എന്ന് മനസ്സിലാകുമ്പോൾ പേരറിയാത്ത പെൺകുട്ടിയുടെ നമ്പർ എന്നും മനസ്സിൽ നിന്ന് മായില്ല.

‘പുലിവേട്ട ‘എന്ന കഥയിൽ ചങ്കൂറ്റമുള്ള പത്രോസ് നമ്മുടെ മുന്നിൽ കിടിലൻ സിനിമ മാതിരി ഓരോ താളുകളും മറിക്കുമ്പോൾ സസ്പെൻസ് നിലനിർത്തി ഹൃദയമിടിക്കുന്നു. കഥ ‘ശീതയുദ്ധത്തിൽ’ദോശ തിന്നുന്ന അപ്പു മാഷ്
സാമ്പാറിൽ വെളുത്തുള്ളി കണ്ട അമ്പരന്ന അപ്പുമാഷിൻ്റെ ജീവിതത്തിലേക്ക് ഈ കഥാപാത്രവും നമ്മൾ ഒരിയ്ക്കലും മറക്കില്ല. സ്വാർത്ഥതയും ജാതീയതയും കൊടിയുടെ നിറവും മനസ്സിൽ സൂക്ഷിച്ച അപ്പു മാഷ് നമ്മുടെ മനസ്സിൽ ചിരിയിലൂടെ ചിന്തകളുടെ വാതിൽ തുറന്നിടുന്നു.

എലി ആത്‍മഹത്യചെയ്ത വിധം, ആപ്പിൾ, പുരാതനചേര:മിത്തും ചരിത്രവും, കാൽപനികനായ കാൽപന്തുകളിക്കാരൻ എന്നീ കഥകളും വായനയെ ധന്യമാക്കുന്നു. കഥയുടെ വ്യത്യസ്ഥ രുചി പകർന്നു തരുന്നു.

നിലവിലെ സമ്പ്രദായങ്ങൾക്കെതിരെ പ്രതികരിക്കുന്ന ഒരു ധാർമിക രോഷവുംമനുഷ്യ മനസുകളിൽ ഓളം തല്ലുന്നു. വികാരങ്ങളും സംഘർഷങ്ങളും നിറച്ച് ചില കഥകൾ നമ്മെ ജീവിതത്തോട് ചേർത്തു നിർത്തുന്നു ,ചിലത് കാണിച്ചുതരുന്നു. ആർദ്രവും തീക്ഷ്ണമായ കഥകൾ ജീവിതത്തിൻ്റെ വ്യവസ്ഥാപിത ചിന്തകൾക്കു നേരെയുള്ള വെല്ലുവിളികളാണ്. പുതു ചിന്തയുടേയും പുതുവായനയുടേയും വിളനിലങ്ങളാകുന്ന കഥകൾ വായനക്കാർക്കു നേർക്കു പിടിച്ച കണ്ണാടിയാണ്. കെ.വി.മണികണ്ഠന്റെ അവതാരികയും ഡോ.പി.ലക്ഷ്മിയുടെ പഠനവും ഈ കഥാസമാഹരത്തിനു കിട്ടിയ വലിയ അനുഗ്രഹം.

പുസ്തകം വാങ്ങാൻ സന്ദർശിക്കുക

ലോക്ക്ഡൗണിൽ നിങ്ങളുടെ വായന ലോക്കാകാതിരിക്കാൻ ഇന്ന് തന്നെ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

Comments are closed.