DCBOOKS
Malayalam News Literature Website
Rush Hour 2

അത്ഭുത കഥകളുടെ പുസ്തകം

എം.ആര്‍.അനില്‍കുമാറിന്റെ ഏകാന്തതയുടെ മ്യൂസിയം എന്ന ക്രൈംത്രില്ലര്‍ നോവലിന് കവി സന്ധ്യ എന്‍.പി. എഴുതിയ വായനാനുഭവത്തില്‍നിന്ന്

‘ആ കണ്ണുകള്‍ അത്ഭുതം ദര്‍ശിക്കുന്നതു പോലെ വിടര്‍ന്നു നിന്നിരുന്നു. എനിക്കു വേണ്ടി എന്തോ ഒരു നിര്‍ദ്ദേശം തരാന്‍ കൈ ഉയര്‍ത്തുന്നതിനിടയില്‍ ഇരിക്കുന്ന കസേരയില്‍ത്തന്നെ ഇരുന്ന് അദ്ദേഹം പിന്നിലേക്കു മറിഞ്ഞു വീണു. ഞാന്‍ ചാടിപ്പിടഞ്ഞെഴുന്നേറ്റു പപ്പയുടെ നേരേ ഓടിച്ചെന്നു. പിന്നോട്ടുള്ള മറിച്ചിലില്‍ത്തന്നെ അദ്ദേഹം നിശബ്ദനായി മരിച്ചിരുന്നു. ആത്മാവിനെ സൂചിപ്പിക്കുന്ന ഒരു നീല ചിത്രശലഭത്തിന്റെ ചിത്രമായിരുന്നു ഞാന്‍ വരച്ചുകൊണ്ടിരുന്നത്. പിന്നീട് ഞാന്‍ അദ്ദേഹത്തിന്റെ അറ പരിശോധിക്കുമ്പോള്‍ അദ്ദേഹം തന്നെ വീട്ടിലേക്ക് എഴുതിയതും ആരും പൊട്ടിച്ചു വായിക്കാത്തതുമായ അനേകം കത്തുകള്‍ കണ്ടെത്തി. ആ പുസ്തകം ഒരു മനുഷ്യന്റെ സ്വന്തം കഥ എന്നതിലുപരി ദേശത്തിന്റെ ആകെ കഥയാണെന്നും ഞാന്‍ അതിന്റെ വായനയ്ക്കും മുമ്പേ സങ്കല്പിച്ചിരുന്നു.’
(ഏകാന്തതയുടെ മ്യൂസിയം- എം.ആര്‍ അനില്‍ കുമാര്‍)

വായനയെക്കുറിച്ചും എഴുത്തിനെക്കറിച്ചും സങ്കല്പത്തെ (ഭാവന)ക്കുറിച്ചുമുള്ള പുസ്തകമാവുന്നു ‘ഏകാന്തതയുടെ മ്യൂസിയം എന്ന 741 താളുള്ള ഈ ബൃഹത് നോവല്‍. ഒരു നൂറു കഥകള്‍ അടക്കം ചെയ്ത ഈ വിചിത്രമായ പുസ്തകം, ഒരു റിവഞ്ചായും ചലഞ്ചായും വായിക്കാനെടുത്ത് വെപ്രാളപ്പെട്ട് വായിച്ചു തീര്‍ത്തു എന്ന് പറയണം. കിളയ്ക്കുന്തോറും കിളന്നു കിളന്നു വരുന്ന കാമ്പുറ്റ കാട്ടുകിഴങ്ങുകള്‍ പോലെ വന്യമായ കഥകളുടെ ഒരു സമാഹാരമാണ് ചോരയും കണ്ണീരും വിസ്മയവും ഉതിര്‍ന്നു വീഴുന്ന ഏകാന്തതയുടെ മ്യൂസിയം.

സ്വപ്നത്തില്‍ താന്‍ കണ്ട കാഴ്ച കഥയാക്കിയ കഥാകാരനെ അന്വേഷിച്ചു യാത്രതിരിച്ച് പുറംലോകത്തിന് അജ്ഞാതമായ ഇരട്ട ഗ്രാമത്തിലെത്തിച്ചേരുന്ന സിദ്ധാര്‍ത്ഥന്‍ എന്ന വായനക്കാരന്റേയും, കഥകളുടെയും ഓര്‍മ്മകളുടേയും അക്ഷയഖനിയായ ഗബ്രിയേല്‍ ജോസഫ് കട്ടക്കാരന്‍ എന്ന എഴുത്തുകാരന്റേയും കഥയാണ് ഏകാന്തതയുടെ മ്യൂസിയം. ഒപ്പം വൈറ്റില തമ്പാന്‍ എന്ന അമാനുഷ കൊലയാളിയുടെ, വര്‍ഷയുടെ ,റിമയുടെ ,ജൂഹുവിന്റെ അങ്ങനെ ‘ഓരോ ഇല പൊട്ടിച്ചു നോക്കിയാലും അതില്‍ നിന്നു കഥകളുടെ സത്ത ഊറിവരുന്ന ‘ഏകാന്തതയുടെ മ്യൂസിയം’ കഥയെഴുത്തിനെക്കുറിച്ചുള്ള കഥയാണ്.

കഥപറച്ചിലിനെക്കുറിച്ചുള്ള കഥയാണ്, എന്നെങ്കിലുമൊരിക്കല്‍ തന്നെ വായിക്കാന്‍ പോകുന്ന വായനക്കാരനെ കാത്തിരിക്കുന്ന എഴുത്തുകാരന്റെ പ്രതീക്ഷയെ അവതരിപ്പിക്കുന്ന കഥയാണ്. വായിക്കാനാരുമില്ലെന്ന് ഉറപ്പുണ്ടെങ്കിലും തന്റെ തന്നെ വിലാസമെഴുതി വായനക്കാരനെ ‘സൃഷ്ടിക്കുന്ന’ എഴുത്തുകാരന്റെ ഭാവനയെ ഉജ്വലമായി അവതരിപ്പിക്കുന്ന കഥയാണീ നോവല്‍ പറയുന്നത്. കഥപറച്ചിലിനെക്കുറിച്ച്,

‘അവര്‍ സ്വന്തം ശരീരത്തിന്റെ തൊലിപ്പുറത്ത് പിച്ചാത്തികൊണ്ട് അവിശ്വസനീയമായ കഥാചിത്രപരമ്പരകള്‍ വരഞ്ഞു വെക്കും. കഥ പറഞ്ഞവരുടെ മാംസത്തില്‍ നിന്ന് അവരുടെയെല്ലാം സ്വന്തം രക്തം പൊടിഞ്ഞു കൊണ്ടിരിക്കും ‘എന്നാണ് എഴുത്തുകാരന്‍ കഥാപാത്രം കഥ പറച്ചിലിനെക്കുറിച്ച് വിശദമാക്കുന്നത്. ‘പഴകിയ വീഞ്ഞിന്‍ കുടങ്ങളില്‍ നിന്നെന്ന പോലെ നുരഞ്ഞു പൊന്തിവരുന്ന ലഹരി നിറഞ്ഞ രക്തം പൊടിഞ്ഞ കഥകള്‍ ഒട്ടനവധിയുണ്ട് ഈ ‘മ്യൂസിയത്തില്‍’. ‘കഥകള്‍ കൊണ്ട് കല്ലറ പണിതതില്‍ കുടിയിരിക്കുന്നവര്‍’ എന്ന് കഥ പറയുന്ന ഗ്രാമീണരെക്കുറിച്ച് എഴുത്തുകാരന്‍ മറ്റൊരിടത്ത് പറയുന്നുണ്ട്.

ദിവസങ്ങളോളം ഉറങ്ങിക്കൊണ്ടിരിക്കുന്ന എഴുത്തുകാരന്‍, വായിക്കുന്നയാളിന്റെ മാത്രം മരണം രേഖപ്പെടുത്തിയ ബുക്ക് ഓഫ് മിറക്കിള്‍, മായികമായ സ്വപ്നങ്ങള്‍ കാട്ടുന്ന സ്വപന മുറിയുള്ള സത്രത്തിന്റെ കഥ, ചെടിയായ് മാറാന്‍ ശപിക്കപ്പെട്ട പെണ്ണിന്റെ കണ്ണീരു വീണുണ്ടായ ബാഗ്മ നദിയുടെ കഥ, ജലസ്ഫടിക വളയങ്ങള്‍ അന്തരീക്ഷത്തില്‍ തെന്നുന്ന ഡ്രാഗണ്‍ പ്രതിമയുള്ള തടാകത്തിന്റെ കഥ, സുന്ദരി സലോമിയുടെ കഥ, വായനക്കാരന്റെ ഹൃദയം കണ്ണീരുകൊണ്ടടപ്പിക്കുന്ന ഉന്മാദികളുടെ ഭവനം, അരയില്‍ ഒറ്റക്കൊമ്പുള്ള വല്യപ്പാപ്പന്റ കഥ, ഇരട്ട ഗ്രാമമുണ്ടായ കഥ, അങ്ങനെ ഒട്ടനവധി വിസ്മയ കഥകള്‍ ഈ മാന്ത്രികമായ ബൃഹത് നോവലില്‍ അവതരിപ്പിക്കപ്പെടുന്നു.

ആധുനികാനന്തര ഭൗതിക സൗകര്യങ്ങള്‍ ഏറെയുള്ള, ആര്‍ക്കും ഒന്നിനും സമയമില്ലാത്ത ഈ സോഷ്യല്‍ മീഡിയാക്കാലത്ത് എഴുത്തിനെക്കുറിച്ചുള്ള ആശങ്കയും വായനക്കാരനിലുള്ള പ്രതീക്ഷയും പങ്കുവയ്ക്കുകയാണ് ഈ ‘ഏകാന്തതയുടെ മ്യൂസിയം’. അടുത്ത കാലത്തിറങ്ങിയ, പരസ്യങ്ങളിലൂടെയും സ്തുതിപാഠകരിലൂടെയും വാഴ്ത്തപ്പെട്ട പല നോവലുകളേക്കാളും കാമ്പുള്ള, ഇനിയും വായിക്കപ്പെടേണ്ടുന്ന, ഓരോ നിമിഷവും ആകാംക്ഷയോടു കൂടി മാത്രം വായിക്കാന്‍ പറ്റുന്ന നോവലാണ് ‘ഏകാന്തതയുടെ മ്യൂസിയം‘.

Comments are closed.