DCBOOKS
Malayalam News Literature Website

മഹാഭാരതമെന്ന ഇതിഹാസത്തിന്റെ സ്ത്രീപക്ഷ വായന!

മഹാഭാരത കഥ ബാല്യം മുതലേ നമുക്ക് പരിചിതമാണ്. ഓരോ സന്ദർഭങ്ങളും വായനയിലൂടെയും ദൃശ്യ മാധ്യമങ്ങളിലൂടെയും നമ്മുടെ മനസ്സിൽ പതിഞ്ഞവയാണ്. പിന്നെയും അവ വായിക്കുന്നതിലെ താല്പര്യമെന്ന് പറയുന്നത് ഒരു മൂലകഥക്കപ്പുറം പല വ്യക്തികളിലൂടെ, അവരുടെ ചിന്തകളിലൂടെ ഒരേ കഥ തന്നെ വ്യത്യസ്ത അനുഭവം ഉണ്ടാക്കുന്നു എന്നതാണ്. മഹാഭാരതത്തിന്റെ നിരവധി വ്യാഖ്യാനങ്ങൾ നമുക്ക് ചുറ്റുമുണ്ട്. ഭീമനിലൂടെ കഥ പറയുന്ന എം.ടി യുടെ ‘രണ്ടാമൂഴം’, കർണ്ണനിലൂടെ കഥ പറയുന്ന പി കെ ബാലകൃഷ്ണന്റെ ‘ഇനി ഞാൻ ഉറങ്ങട്ടെ’, ശിവാജി സാവന്തിന്റെ ‘കർണ്ണൻ’, ദുര്യോധനിലൂടെ കഥ പറയുന്ന ആനന്ദ് നീലകണ്ഠന്റെ “ദുര്യോധനൻ” തുടങ്ങിയവ. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമാണ് ദ്രൗപദിയിലൂടെ മഹാഭാരതകഥ പറയുന്ന ജ്ഞാനപീഠ സമ്മാനിത പ്രതിഭാ റായിയുടെ “ദ്രൗപദി”. മഹാഭാരതത്തിൽ ചുറ്റുള്ളവരിൽ നിന്നും, എന്തിനേറെ ഭർത്താക്കന്മാരിൽ നിന്നു വരെ തിരസ്കൃതയായവൾ എന്ന നിലയിൽ ദ്രൗപദിയുടെ ചിന്തകളിലൂടെയുള്ള മഹാഭാരതം വേറിട്ട അനുഭവമാണ്.

മഹാഭാരതമെന്ന ഇതിഹാസത്തിന്റെ സ്ത്രീപക്ഷ വായന എന്ന് വിശേഷിപ്പിക്കാവുന്ന കൃതിയാണ് ദ്രൗപദി. പൊതുവിൽ ഇതിഹാസങ്ങൾ എല്ലാം എഴുതപ്പെട്ടിട്ടുള്ളത് പുരുഷകേന്ദ്രികൃതമായിട്ടാണ്. കുറഞ്ഞത് പുരുഷ കഥാപാത്രങ്ങൾക്കായിരിക്കും കൂടുതൽ പ്രാധാന്യം. അവിടെ സ്ത്രീയുടെ വിചാരങ്ങളും ചിന്തകളും വിസ്മരിക്കപ്പെടാറാണ് പതിവ്. അങ്ങനെയുള്ള ഇതിഹാസ കഥയുടെ സ്ത്രീപക്ഷ വായനയിൽ, ദ്രൗപദിയുടെ കഥാപാത്രത്തിന് നമുക്കറിയാവുന്ന പലതിന്റെയും മറുവശം പറയാനുണ്ടാകും. ആ വശത്തെ വളരെ മനോഹരമായി ദ്രൗപദിയുടെ ചിന്തകളായി പ്രതിഭ റായ്‌ പറഞ്ഞുവെക്കുന്നു.
ഉടലോടെ സ്വർഗ്ഗത്തിലേക്ക് പോകുന്ന യാത്രക്കിടെ കാലിടറിവീണ ദ്രൗപദി, അതിനുശേഷം തന്റെ ജീവിതകാലം മുഴുവൻ സഹിച്ച ദുഃഖങ്ങൾ തന്റെ ആത്മസുഹൃത്തുകൂടിയായ കൃഷ്ണനനോട് പറയുന്ന രീതിയിലാണ് ഈ നോവൽ എഴുതപ്പെട്ടിട്ടുള്ളത് – “ദ്രൗപദി കൃഷ്ണന് എഴുതുന്ന കത്ത്”. കൃഷ്ണനും കൃഷ്ണയും തമ്മിലുള്ള സഖി-സഖാ ബന്ധത്തിന്റെ തീവ്രത ദ്രൗപദിയുടെ ഭാഷണത്തിൽ നിന്നും മനസിലാക്കാം. ഒരു പുരുഷകേന്ദ്രികൃത സമൂഹത്തിൽ സ്ത്രീയെങ്ങിനെയെല്ലാം നിശ്ശബ്ദയാക്കപ്പെടുന്നു എന്ന് കൃഷ്ണനോട് പരാതി പറഞ്ഞുകൊണ്ടാണ് ദ്രൗപതി തന്റെ കത്ത് ആരംഭിക്കുന്നത്. ആദ്യഭാഗം മുതൽക്കു തന്നെ മഹാഭാരതത്തിൽ പറഞ്ഞിട്ടുള്ള, നാം കാണാതെപോയ സ്ത്രീവിരുദ്ധ സന്ദർഭങ്ങൾ വരുമ്പോഴെല്ലാം ദ്രൗപദി മനസ്സിൽ ഉയർത്തുന്ന ചോദ്യങ്ങൾ ലേഖിക വ്യക്തമായി തന്നെ പ്രതിപാദിക്കുന്നുണ്ട്. Textഒരുപക്ഷെ മൂലകഥയേക്കാൾ ഇതിനെ മനോഹരമാക്കുന്നത് ചൂഷണമനുഭവിച്ചയാളുടെ ചിന്തകളിലൂടെ കഥ പറയുന്നതുകൊണ്ടാകാം. ദ്രൗപദിയുടെ മനഃശക്തിയിൽ മാത്രം ഒതുങ്ങി നിൽക്കാതെ ചാപല്യങ്ങളെയും ഈ കൃതിയിൽ കാണാം.

പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കുക

പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക

നോവലിലെ കൂടുതൽ ഇടങ്ങളിലും നായികയെ ദ്രൗപദിയെന്നോ പാഞ്ചാലിയെന്നോ വിശേഷിപ്പിക്കാതെ “കൃഷ്ണ” എന്നാണ് ലേഖിക അഭിസംബോധന ചെയ്യുന്നത്. ഒരുപക്ഷെ ദ്രൗപദിയുടെ കൃഷ്ണനുമായുള്ള തീവ്രബന്ധമാകാം അതിനു കാരണം. കൃഷ്ണയുടെ സ്വയംവരസമയവും അതിനു ശേഷവും കുന്തിദേവി അഞ്ചുപേരോടും തുല്യമായി പങ്കിടുവാൻ പറഞ്ഞപ്പോഴുമെല്ലാം കൃഷ്ണയുടെ ചിന്തകൾ വായനക്കാരനെയും ചിന്തിപ്പിക്കുകയാണ്. സ്ത്രീ അന്നും ഇന്നും സമൂഹത്തിൽ രണ്ടാംതരമാണ്. അത്കൊണ്ടാണ് ഒരു മാലയിലെ പുഷ്പങ്ങൾ ഒന്നിച്ചു നിർത്തുന്ന നൂലായി മറ്റും അവളെ കേവല ഭൗതിക വസ്തുക്കളോട് മാത്രം ഉപമിക്കുന്നത്. ഭൗതിക വസ്തുക്കൾക്ക് മനസ്സോ ചിന്തകളോ ഇല്ല, സ്ത്രീയായവൾക്കും അത് വേണ്ടെന്ന് സാരം. വാസ്തവത്തിൽ ദ്രൗപദിയോടുള്ള ചൂഷണങ്ങൾ ആരംഭിക്കുന്നത് അവളുടെ ആഗ്രഹപ്രകാരമല്ലാതെ കേവല വാദങ്ങൾ പറഞ്ഞുകൊണ്ട് 5 ഭർത്താക്കന്മാരെ സ്വീകരിപ്പിച്ചതുമുതലാണ്. പഞ്ച പാണ്ഡവന്മാരും ദ്രൗപദിയുടെ സൗന്ദര്യത്തെ ചൊല്ലി ഭാവിയിൽ തർക്കമുണ്ടാകാതെയിരിക്കാനും അഞ്ചുപേരും ചേർന്നാൽ മാത്രമേ യുദ്ധമുണ്ടായാൽ ജയിക്കാൻ കഴിയുകയുമുള്ളൂ എന്ന് കുന്തിയും യുധിഷ്ഠിരനും ചിന്തിച്ചതുകൊണ്ടാണ് ഇങ്ങനെ ഒരു സാഹചര്യം വരുത്തിയെന്ന് കൃഷ്ണ കരുതുന്നു. യുധിഷ്ഠിരന്റെ കണ്ണുകളിലെ കാമത്തിന്റെ സ്ഫുരണങ്ങളും കൃഷ്ണന്റെ “സ്ത്രീകൾ കാരണമാണ് കുടുംബത്തിലെ ഐക്യം നശിക്കുന്നതെന്ന” പരാമർശവും ഇവിടെ ദ്രൗപദി പ്രത്യേകം ശ്രദ്ധിക്കുന്നു. മറ്റ്‌ മഹാഭാരതകഥയിൽ നിന്ന് പ്രധാന വ്യത്യാസം ഈ നോവലിനിരിക്കുന്നത് ഈ സന്ദർഭത്തിലാണ്. 5 മക്കളും ദ്രുപദ ദേശത്തു പോയത് എന്തിനാണെന്ന് കുന്തിക്കറിയാം, അർജുനൻ ദ്രൗപദിയെ സ്വന്തമാക്കി എന്ന് പറയാതെ യുധിഷ്ഠിരൻ വളച്ചുകെട്ടി അമ്മയോട് പറഞ്ഞതും ദ്രൗപദി സംശയത്തോടെ വീക്ഷിക്കുന്നുണ്ട്. കിട്ടിയതെന്തായാലും അഞ്ചാളും പങ്കിട്ടെടുക്കൂ എന്ന് പറയുകയാണ് കുന്തിയുടെ പതിവ് എന്ന് യുധിഷ്ഠിരന് അറിയാമെന്നും കൃഷ്ണ ആലോചിക്കുന്നു. മറ്റ് മഹാഭാരത കഥകളിൽ ദ്രൗപദിയുടെ ചിന്തകൾക്ക് സ്ഥാനമില്ലാത്തതുകൊണ്ട് ഇവയെല്ലാം സൂചിപ്പിക്കാതെ പോയി എന്ന് മാത്രം. സ്വന്തം ധർമ്മവും സർവ്വോപരി ഇഷ്ട്ടങ്ങൾക്കപ്പുറം ഭർത്താവിന്റെയും മറ്റുള്ളവരുടെയും ഇഷ്ട്ടങ്ങൾക്ക് വേണ്ടി നിലനിൽക്കേണ്ട ഉപഭോഗ വസ്തുവായി സ്ത്രീയെ ചിത്രീകരിക്കുന്നത് ഇവിടെ കാണാം. ഇന്നും “ഭർത്താവിന്റെ ഇഷ്ട്ടം മാത്രമാണ് തന്റെയിഷ്ടമെന്ന്” ചെറുപ്പം മുതലേ ഭൂരിഭാഗം അമ്മമാർ പെണ്മക്കളെ പഠിപ്പിച്ചു പോരുന്നു. സ്വന്തം താല്പര്യങ്ങളും ഇഷ്ടങ്ങളും സ്ത്രീക്ക് ഇന്നും വിലക്കപ്പെട്ട കനിയാവുന്നത് ഇവിടം മുതൽക്കാണ്. അന്ന് മുതൽ ഇന്ന് വരെയും ഭാര്യ ഭർത്താവിനേക്കാൾ താഴന്ന സ്ഥാനത്തായി കരുതികൊണ്ടിരിക്കുന്നു.

ഈ നോവലിന്റെ മറ്റൊരു സവിശേഷത കർണ്ണനെ കുറിച്ചുള്ള ഭാഗങ്ങളാണ്. കർണ്ണനിലൂടെ കഥ പറയുന്ന പല മഹാഭാരത വ്യാഖ്യാനങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ അവയൊക്കെയും പലയിടങ്ങളിലും കർണ്ണന്റെ ചെയ്തികളെ ന്യായികരിക്കുന്ന ഒന്നായി മാത്രമാണ് വായിക്കുമ്പോൾ തോന്നുക. എന്നാൽ ഈ പുസ്തകം വായിച്ചു കഴിയുമ്പോൾ ദ്രൗപദിയോടൊപ്പം വായിക്കുന്നയാളും കർണ്ണനോട് വിരോധത്തിനുമപ്പുറം ആരാധന തോന്നിപ്പോവുകയാണ് ചെയ്യുന്നത്. ദ്രൗപദിയും കർണ്ണനുമായുള്ള അവസാന കൂടിക്കാഴ്ചയിൽ കർണ്ണൻ പറയുന്നുണ്ട് അർജുനന്റെ സ്ഥാനത്ത് താനായിരുന്നെങ്കിൽ അമ്മായുടെ ഈ തീരുമാനത്തെ അംഗീകരിക്കുകയില്ലായിരുന്നു പകരം പ്രാണപ്രിയയെയും കൊണ്ട് രാജ്യമുപേക്ഷിച്ചു പോകുമായിരുന്നു എന്ന്. അനുചിതമായ കാര്യം അന്ധമായി അനുസരിക്കുന്നതല്ല പൗരുഷത്തിന്റെ ലക്ഷണമെന്നും കർണ്ണൻ ഓർമ്മിപ്പിക്കുന്നു. അർജുനന് കഴിയാതെ പോയതും ഇത് തന്നെയാണ്.

ദ്രൗപദിക്ക് തുടക്കം മുതലേ അർജുനനോട് പ്രത്യേകം സ്നേഹം കാണിച്ചിരുന്നതായി നോവലിൽ കാണാം. അർജുനനും സ്നേഹമുണ്ടായിരുന്നുവെങ്കിലും താൻ പറഞ്ഞിട്ട് കൂടിയാണ് ആഗ്രഹമില്ലാതെയാണെങ്കിലും ദ്രൗപദി അഞ്ചുപേരെ വരിച്ചതെന്ന് ഓർക്കുകപോലും ചെയ്യാതെ ദ്രൗപദിയെ വേദനിപ്പിക്കുകയും കുത്തി നോവിക്കുകയും ചെയ്യുന്നതുകാണാം. അവസാന നിമിഷം സ്വർഗ്ഗത്തിലേക്കുള്ള യാത്രയിലും കാലിടറിയപ്പോൾ അർജുനൻ തിരിഞ്ഞു നോക്കാത്തതും ദ്രൗപദിയെ വേദനിപ്പിക്കുന്നു. എന്നാൽ എത്രയൊക്കെ ഭീകരനായി ദ്രൗപദിക്ക് മുന്നിൽ പെരുമാറുമ്പോഴും ഭീമൻ മാത്രമാണ് അഞ്ചുപേരിൽ ദ്രൗപദിയോട് അനുകമ്പയും ദ്രൗപദിക്ക് വേണ്ടി ശബ്‌ദമുയർത്തിയതെന്നും കാണാം. ഭീമൻ മാത്രമേ തനിക്ക് വേണ്ടി നിൽകുകയുള്ളൂ എന്ന് ഒരു സന്ദർഭത്തിൽ ദ്രൗപദിയും മനസ്സിലാക്കുന്നു. ദ്രൗപദി പറയുന്നുണ്ട് മനസ്സു തുറന്ന് സംസാരിക്കാനും കരയാനുമാകുന്നത് ഭീമനോട് മാത്രമാണെന്ന്. ഈ കഥയിൽ ഇല്ലെങ്കിലും രണ്ടാമൂഴത്തിൽ എം.ടി പറയുന്നത് കാലിടറി വീണ ദ്രൗപദിക്കരുകിൽ സ്വർഗ്ഗമുപേക്ഷിച്ച് ഭീമൻ ചെന്നുവെന്നാണ്. ഭീമനിലെ സ്നേഹത്തിന്റെ നിഷ്കളങ്കത വായിക്കുന്നയാളെ സ്വാധീനിക്കുമെന്നുറപ്പാണ്.

പുരുഷ കേന്ദ്രികൃതമായ രീതിയിലല്ല എഴുതിരിക്കുന്നത് എന്നതുകൊണ്ട് തന്നെ യുദ്ധങ്ങളുടെയോ ആക്രമണങ്ങളുടെയോ വിവരണം ഈ നോവലിൽ നിന്ന് ഒഴുവാക്കിയിട്ടുണ്ട്. അവസാന യുദ്ധത്തെ വിവരിക്കുന്നത് ദ്രൗപദി അടക്കമുള്ള സ്ത്രീജനകളുടെ വിലാപത്തിലൂടെയാണ്. യുദ്ധത്തിൽ ആരു ജയിച്ചാലും പരാജയപ്പെട്ടാലും ഏറ്റവും കൂടുതൽ വേദന അനുഭാഭിക്കുന്നത് സ്ത്രീകളാണ്. തന്റെ സഹോദരനെ, ഭർത്താവിനെ, മകനെ, ബന്ധുക്കളെ നഷ്ട്ടപെട്ട അവൾ മാത്രം എല്ലാം നോക്കിയിരിക്കുവാൻ വിധിക്കപ്പെട്ടിരിക്കുന്നു. യഥാർത്ഥത്തിൽ ഏതൊരു യുദ്ധത്തിലും ജയിച്ചതാര്? ആര് ജയിച്ചാലും ഇരുപക്ഷത്തും വലിയ നഷ്ട്ടങ്ങൾ ഉണ്ടാകുമെന്ന് ഇന്നേവരെ ഭൂമിയിൽ ഉണ്ടായ യുദ്ധങ്ങളുടെ പരിണിതഫലങ്ങൾ നമുക്ക് കാണിച്ചു തരുന്നു. എന്നാലും ഇന്നും മനുഷ്യൻ യുദ്ധക്കൊതിയനാണ്.
മഹാഭാരതം മികച്ച ഒരു കൃതി തന്നെയാണ്. എന്നാൽ അതിനുമപ്പുറം അതിനൊരു പരമ്പര്യത്തിന്റെയോ ചരിത്രത്തിന്റെയോ പരിവേഷം നൽകിയാൽ മനുഷ്യ സമൂഹം പിന്നോട്ട് പോകുമെന്ന് മാത്രമല്ല പല പ്രശ്നങ്ങളുടെയും അവർത്തനമായിരിക്കും സംഭവിക്കുക.

പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കുക

പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക

പ്രതിഭാ റായിയുടെ ‘ദ്രൗപദി’ എന്ന കൃതിക്ക് ജെയിംജീവന്‍ എഴുതിയ വായനാനുഭവം.

 

Comments are closed.