DCBOOKS
Malayalam News Literature Website

ഡിജിറ്റൽ യുഗവും അതിൽ മറഞ്ഞിരിക്കുന്ന അപകടകരമായ കെണികളും!

അഗതാ ക്രിസ്റ്റിയുടെ എഴുത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ലോകമെങ്ങും നടക്കുന്ന ആഘോഷത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് ഡി സി ബുക്‌സ് സംഘടിപ്പിച്ച ക്രൈം ഫിക്ഷന്‍ മത്സരത്തിൽ  ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട ഡാർക്ക് നെറ്റ് ( ആദര്‍ശ് എസ്  ) എന്ന പുസ്തകത്തിന് ജിയോ ജോര്‍ജ് എഴുതിയ വായനാനുഭവം.
ഡാർക്ക് വെബ്ബ്, ഡീപ് വെബ്ബ് തുടങ്ങിയ പദങ്ങൾ ഡിജിറ്റൽ യുഗത്തിൽ ഒരിക്കലെങ്കിലും കേട്ടിട്ടുണ്ടാവും. അവയെ അടിസ്ഥാനമാക്കി വന്ന മറ്റ് കഥകളോ നോവലുകളോ മലയാളത്തിലുണ്ടോ എന്നറിവില്ല. ഇന്റർനെറ്റിൽ ലഭ്യമായ വിവരങ്ങൾ പരമാവധി ഉപയോഗപ്പെടുത്തി അറിവിന്റെ അക്ഷരഖനി അപ്ഡേറ്റ് ചെയ്തെടുക്കാൻ ഇപ്പോൾ അധികം ബുദ്ധിമുട്ട് ഇല്ലാത്തതിനാൽ അതിനെക്കുറിച്ചൊരു വിശദീകരണം അനാവശ്യമാണ്.
ഡിസി ബുക്സിന്റെ ക്രൈം ഫിക്ഷൻ നോവൽ മത്സരത്തിൽ ലിസ്റ്റ് ചെയ്യപ്പെട്ട ആദർശ് എസിന്റെ ഡാർക്ക് നെറ്റ് എന്ന നോവൽ പറയുന്നതും മേൽപ്പറഞ്ഞ ഡിജിറ്റൽ യുഗത്തെക്കുറിച്ചും അതിൽ മറഞ്ഞിരിക്കുന്ന അപകടകരമായ കെണികളെക്കുറിച്ചുമാണ്. ലോകമെങ്ങും പടർന്ന് കിടക്കുന്ന ഈ ഡിജിറ്റൽ ശ്യഖലയിലൂടെ സൈബറിടങ്ങൾ കുറ്റകൃത്യങ്ങളുടെ താവളമായി വളരുന്നുവെന്ന റിപ്പോർട്ടുകൾ ഞെട്ടിക്കുന്നതുമാണ്. അറിഞ്ഞോ അറിയാതെയോ നമ്മൾ ഓരോരുത്തരും അതിന്റെ ഭാഗമാവുന്നുണ്ട്. നല്ലതും ചീത്തയുമായ വശങ്ങൾ മറഞ്ഞിരിക്കുന്ന ഡിജിറ്റൽ യുഗത്തിൽ ഓരോ ദിനവും തള്ളി നീക്കുന്നവരെല്ലാം ഈ നോവൽ വായിക്കുന്നത് Textനന്നായിരിക്കും.
‘ഡാർക്ക് നെറ്റ്: ദി ഡിജിറ്റൽ അണ്ടർ വേർഡ് ‘ എന്ന നോവലിന്റെ ഇതിവൃത്തമെന്താണെന്ന എകദേശധാരണ വായനക്കാർക്ക് ഇപ്പോൾ ഊഹിക്കാനാവും എന്ന് വിശ്വസിക്കുന്നു.
ഈജിപ്റ്റ് മുതൽ കേരളം വരെ നോവലിന്റെ കഥാപാശ്ചാത്തലമായി വരുന്നു. ഈജിപ്ഷ്യൻ സംസ്കാരത്തിലെ മിത്തുകളും,രഹസ്യ സംഘടനകളും, സൈബർ കുറ്റകൃത്യങ്ങളും, കുറ്റാന്വേഷണവും കൂട്ടിയിണക്കി ലോജിക്കൽ സൈഡുകൾ പരമാവധി ബാലൻസ് ചെയ്ത് ആസ്വാദ്യകരമായി അവതരിപ്പിച്ചയിടത്താണ് നോവലിന്റെയും എഴുത്തുകാരന്റെയും ക്രാഫ്റ്റ്‌ തെളിഞ്ഞു കിടക്കുന്നത്. മൂന്നുറിൽ അധികം പേജുകളിൽ മടുപ്പില്ലാത്ത വായന സമ്മാനിക്കാൻ എഴുത്തുകാരനെടുത്ത എഫോർട്ടിനെ മാനിക്കുന്നു.
അപസർപ്പക നോവൽ വിഭാഗത്തിൽ മലയാളത്തിന് പുതിയൊരു എഴുത്തുകാരനെ സമ്മാനിക്കാനായി എന്ന കാര്യത്തിൽ ഡിസി ബുക്സിനും അഭിമാനിക്കാം. ക്രൈം ഫിക്ഷൻ മത്സരരചനകൾക്കിടയിൽ ന്യൂറോ ഏരിയ കഴിഞ്ഞാൽ അധികം കൺഫ്യൂഷനുകൾക്ക് ഇട വരുത്താതെ അതിവേഗ വായന സമ്മാനിച്ച നോവൽ കൂടിയാണ് ആദർശ് എസിന്റെ ഡാർക്ക് നെറ്റ്.
കൊലപാതകവും, അന്വേഷണവും മാത്രമായി ഒതുക്കി നിർത്താതെ ഡീപ് വെബ്ബിലേക്കും, ഡാർക്ക് വെബ്ബിലേക്കും, ഈജിപ്ഷ്യൻ മിത്തുകളിലേക്കും,അപരിചിതരായ കഥാപാത്രങ്ങളിലേക്കും വായനക്കാരനെ കൂട്ടിക്കൊണ്ട് പോവുകയും,ആകാംഷയും, ത്രില്ലും ചോരാത്ത അവതരണശൈലിയും റീഡബിളറ്റിയുള്ള നല്ലൊരു ക്രൈം ത്രില്ലറായി ഡാർക്ക് നെറ്റിനെ മാറ്റിയിരിക്കുന്നു.

Comments are closed.