DCBOOKS
Malayalam News Literature Website

ക്രിസ്തുവിന്റെ അന്ത്യപ്രലോഭനവും വിവാദങ്ങളും

നിക്കോസ് കാസാന്‍ദ്‌സാകീസിന്റെ ‘ ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം’ എന്ന കൃതിക്ക് ജിനീഷ് കുഞ്ഞിലിക്കാട്ടില്‍ എഴുതിയ വായനാനുഭവം
വിവാദങ്ങളുടെ ഒരു നീണ്ട നിര സൃഷ്ടിച്ച ക്രിസ്തുവിന്റെ കഥയുടെ പുനരവതരണമാണ് ഗ്രീസ് കണ്ട ഏറ്റവും മികച്ച ആധുനിക എഴുത്തുകാരിലൊരാളായ നിക്കോസ് കാസാന്‍ദ്‌സാകീസിന്റെ ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം എന്ന പുസ്തകം. ജീവിതകാലം മുഴുവൻ ശരീരവും ആത്മാവും തമ്മിലുള്ള സംഘർഷത്തിൽ ജീവിച്ച ഒരാളുടെ ചിന്തകളുടെയും,അനുഭവങ്ങളുടെയും സംക്ഷേപമാണ് ഈ കൃതി. 1951 ൽ എഴുതിയ ഈ നോവലിൽ യേശുവിന്റെ കാഴ്ചപ്പാടിൽ നിന്ന്കൊണ്ട് യേശുക്രിസ്തുവിന്റെ ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള ഒരു സാങ്കൽപ്പിക വിവരണമാണ് പറഞ്ഞു വെയ്ക്കുന്നത്.മനുഷ്യർ അഭിമുഖീകരിക്കുന്ന വിവിധതരം പ്രലോഭനങ്ങളിൽ നിന്ന് യേശുവും ഒട്ടും വിമുക്തനല്ല എന്ന് തുറന്നെഴുതിയതുകൊണ്ടാകാം ഈ പുസ്തകം ഇത്രയും വിവാദമാകാനുള്ള പ്രധാന കാരണം.
ദൈവത്തിന്റെ വിളിയിലൂടെ മാത്രം സഞ്ചരിക്കുന്ന, ഒരു വിമുഖതയുള്ള മിശിഹയായി ചിത്രീകരിക്കപ്പെടുന്ന യേശു , മനുഷ്യർക്കിടയിൽ ഒരു അസാധാരണ ലളിത ജീവിതം നയിക്കുന്നതും,അനുഭാവപൂർവ്വം മാത്രം ചിത്രീകരിക്കപ്പെടുന്ന മറിയ, മഗ്ദലന മറിയ, യൂദാസ് എന്നിവരുടെ സ്വഭാവവിശേഷങ്ങളും, പ്രത്യേകതകളും ചിലരെയെങ്കിലും അസ്വസ്ഥരാക്കിയിട്ടുണ്ട്. അതുകൊണ്ടാവണം 1955-ൽ കസാന്ത്സാക്കിസിന്റെ ഈ പുസ്തകം പ്രസിദ്ധീകരിച്ചപ്പോൾ ഗ്രീക്ക് ഓർത്തഡോക്സ് സഭ അദ്ദേഹത്തെ പുറത്താക്കിയതും , കത്തോലിക്കാ സഭ ഈ പുസ്തകം നിരോധിച്ചതും. മകന്റെ അതിവിചിത്രമായ പെരുമാറ്റത്തെക്കുറിച്ച് വേവലാതിപ്പെടുന്ന ഒരു അമ്മയാണ് ഇതിലെ മേരി, അവൻ ഒരു സാധാരണ ജീവിതം നയിക്കുന്നതിനെക്കാൾ നല്ലത് മറ്റൊന്നും തന്നെ അവൾ ആഗ്രഹിക്കുന്നുമില്ല. അവൻ ഏറ്റെടുത്ത ദൗത്യങ്ങളിലൊട്ടാകെ അവൾ പരിഭ്രാന്തരാകുകയും സ്വയം നാശത്തിൽ നിന്ന് അവനെ രക്ഷിക്കാൻ വ്യർത്ഥമായി ശ്രമിക്കുകയാണ് . മഗ്ദലന മറിയയെയുടെ വേഷവും ഇവിടെ വ്യത്യസ്തമാണ്.
ആവശ്യമെങ്കിൽ ദൈവരാജ്യം അക്രമാസക്തമായ രീതിയിൽ ഭൂമിയിൽ കൊണ്ടുവരണമെന്ന് വിശ്വസിക്കുന്ന ഒരു വിമതന്റെ ശബ്ദമായാണ് യൂദാസിനെ ഇതിൽ ചിത്രീകരിക്കുന്നത്. ക്രിസ്തുവിന്റെ പഠിപ്പിക്കലുകളിലേക്ക് അവൻ സ്വയം ആകർഷിക്കപ്പെടുന്നു, പക്ഷേ അവന്റെ Textനിഷ്ക്രിയത്വം മനസ്സിലാക്കാൻ അവനു സാധിക്കുന്നുമില്ല.അവസാനം യൂദാസ് മനസ്സില്ലാമനസ്സോടെ അവനെ ഒറ്റിക്കൊടുക്കുന്നു. കസാന്ത്സാക്കിസിന്റെ ഒരു ശക്തമായ രചന തന്നെയാണീ പുസ്തകം. ആഗ്രഹങ്ങളും ബലഹീനതകളുമുള്ള ,സമാധാനത്തിനും സ്വസ്ഥതയ്ക്കും സാമ്പത്തിക സുസ്ഥിരതയ്ക്കും ഒരു സ്ത്രീയുടെ സ്പർശനത്തിനും വേണ്ടി ആഗ്രഹിക്കുന്ന ,ഒരു പച്ച മനുഷ്യനായി യേശുവിനെ ഇതിൽ അവതരിപ്പിയ്‌ക്കുന്നു.
യേശുവിന്റെ ജീവിതത്തിലെ സംഭവങ്ങളെ യുക്തിസഹമാക്കാൻ ശ്രമിച്ചു എന്നുള്ളതാണ് എഴുത്തുകാരൻ ശ്രമിച്ച മറ്റൊരു കാര്യം.അതിനു നിരവധി മാതൃകകൾ ഇതിലുണ്ടുതാനും . ഉദാഹരണത്തിന്‌, ശിഷ്യന്മാരെ മുങ്ങിമരിക്കാതിരിക്കാനായി യേശു വെള്ളത്തിൽ നടക്കുന്നതിനെക്കുറിച്ച് ബൈബിൾ സംസാരിക്കുന്നിടത്ത്, കാസാന്‍ദ്‌സാകീസ്, പത്രോസിന്റെ വളരെ ഉജ്ജ്വലമായ സ്വപ്നമായി അത് പറഞ്ഞു വെയ്ക്കുന്നു.
യേശു പാപത്തിൽ നിന്ന് മുക്തനായിരുന്നിട്ടും ഭയം, സംശയം, വിഷാദം, വിമുഖത, മോഹം എന്നിവയ്ക്ക് വിധേയനായിരുന്നു എന്നതാണ് പുസ്തകത്തിന്റെ കേന്ദ്ര ബിന്ദു.മനുഷ്യന്റെ എല്ലാ ബലഹീനതകളെ അഭിമുഖീകരിച്ചു വിജയിക്കുകയും , ജഡത്തിന്റെ പ്രലോഭനങ്ങൾക്ക് വഴങ്ങാതെ ദൈവഹിതം ചെയ്യാൻ യേശു പാടുപെട്ടുവെന്നും എഴുത്തുകാരൻ നോവലിന്റെ ആമുഖത്തിൽ തന്നെ വാദിക്കുന്നുമുണ്ട് . യേശു അത്തരം ഒരു പ്രലോഭനത്തിന് വഴങ്ങിയിരുന്നെങ്കിൽ, പ്രത്യേകിച്ച് ക്രൂശിൽ നിന്ന് സ്വയം രക്ഷിക്കാനുള്ള അവസരം ലഭിച്ചിരുന്നെങ്കിൽ, അദ്ദേഹത്തിന്റെ ജീവിതം മറ്റേതൊരു തത്ത്വചിന്തകനേക്കാളും പ്രാധാന്യമർഹിക്കുന്ന ഒന്നാവില്ലായിരുന്നു എന്ന വാദത്തെയാണ് നോവൽ മുന്നോട്ട് കൊണ്ടുപോകുന്നത്.
ഈ പുസ്തകത്തെകുറിച്ചുള്ള വിവാദങ്ങളെ കുറിച്ച് പറയുമ്പോൾ അതിന്റെ അലയൊലികൾ ഇങ്ങു കൊച്ചുകേരളത്തിലും ഉണ്ടായിരുന്നു എന്ന കാര്യം ഓർമ്മിപ്പിക്കേണ്ടിയിരിക്കുന്നു . കേരളത്തില് ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനുമേല് ചര്ച്ചകളും വിവാദങ്ങളും തുടങ്ങി വച്ചത് വര്ഷങ്ങള്ക്ക് മുമ്പ് പി.എം ആന്റണി രചിച്ച ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന നാടകമായിരുന്നു എന്നു തോന്നുന്നു. കസാന് ദസാക്കീസിന്റെ ഈ എന്ന നോവലിനെ ആസ്പദമാക്കിയായിരുന്നു ആറാം തിരുമുറിവു പുറത്തുവന്നത്. സൂര്യകാന്തി തിയറ്റേഴ്​സിന്റെ ബാനറിലായിരുന്നു നാടകം അവതരിക്കപ്പെട്ടത്. പക്ഷെ ക്രൈസ്തവ സഭകളുടെ ശക്തമായ പ്രതിഷേധം കാരണം സർക്കാർ ഡ്രമാറ്റിക് പെർഫോമൻസ് ആക്റ്റ് പ്രകാരം നാടകം നിരോധിക്കുകയാണുണ്ടായത്. ആലപ്പുഴയിലും തൃശൂരിലും മാത്രമേ നാടകം അവതരിപ്പിക്കാൻ കഴിഞ്ഞുള്ളു. എങ്ങും പ്രതിഷേധ സമരങ്ങൾ നടന്നു .സമരം വ്യാപകമായപ്പോൾ സർക്കാറിനു നാടകം നിരോധിക്കേണ്ടി വന്നു. സംഘാടകർ പിന്നീട് ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചെങ്കിലും നാടകം നിരോധിക്കപ്പെട്ടു .
ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം എന്ന പുസ്തകത്തിൽ ഗ്രന്ഥകാരന്റെ ജനനവർഷം 1893 എന്ന് ഒരിടത്തും മറ്റൊരിടത്തു 1883 എന്നും കാണുന്നു. 1883 തന്നെയാണ് അദ്ദേഹത്തിന്റെ ശരിക്കുമുള്ള ജനന വർഷം. 1911 ൽ ജോർജ് സോർബോസുമൊത്ത് പെലോപ്പൊനീസ്സ്വിൽ ഒരു ലിഗ്നൈറ് ഖനി അദ്ദേഹം തുറന്നിരുന്നു. അത് പക്ഷെ എന്തുകൊണ്ടോ വലിയ സാമ്പത്തിക വിജയം കണ്ടില്ല. അതിലെ പങ്കാളിയായിരുന്നു സോർബോസ് ആണ് പിന്നീട് അദ്ദേഹത്തിന്റെ സോർബ ദ് ഗ്രീക്കിലെ അനശ്വര കഥാപാത്രമായി മാറിയത്. നീഷേ,ബെർഗ്സൺ തുടങ്ങിയ തത്വശാസ്ത്രജ്ഞന്മാരെ കുറിച്ചും, റഷ്യൻ സാഹിത്യത്തകുറിച്ചുമൊക്കെ അദ്ദേഹം പഠനങ്ങൾ നടത്തിയിട്ടുണ്ട്. ഹോമറിന്റെയും,ഡാന്റെയെയും, ഗൊയ്‌ഥെയെയും ആധുനിക ഗ്രീക്കിലേക്കു പരിഭാഷപ്പെടുത്തിയതും അദ്ദേഹം തന്നെ.
ഡിസി ബുക്ക്സ് ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഹെർമൻ ഹെസ്സെയുടെ ജീവിതകാലങ്ങൾ,ഗുന്തർ ഗ്രാസിന്റെ തകര ചെണ്ട എന്നിവ മലയാളത്തിലേക്കു പരിചയപ്പെടുത്തിയ കെ സി വിത്സൺ ആണ് ഈ പുസ്തകവും മലയാളികൾക്ക് സമ്മാനിച്ചിരിക്കുന്നത്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ 

Comments are closed.