DCBOOKS
Malayalam News Literature Website

പച്ച തൊടുന്ന ബുദ്ധപഥം

വി. ഷിനിലാലിന്റെ ഏറ്റവും പുതിയ കഥാസമാഹാരം ബുദ്ധപഥ- ത്തിന്  സജി കെ എഴുതിയ വായനാനുഭവം

“ഓരോ എഴുത്തുകാരനും സ്വന്തം മുൻഗാമിയെ സൃഷ്ടിക്കുന്നു. അയാളുടെ കൃതികൾ ഭാവികാലത്തെ കുറിച്ചുള്ള നമ്മുടെ സങ്കല്പങ്ങളെ രൂപാന്തരപ്പെടുത്തുന്ന പോലെ “-കാഫ് ക യുടെ കഥകളുടെ വിശകലനത്തിൽ ബോർഹസ് പറഞ്ഞതാണിത്. പ്രകൃതിയ്ക്കനുസരിച്ച് ജീവിക്കുകയല്ല മറിച്ച് തനിക്കനുസരിച്ച്  ലോകം ജീവിക്കുക എന്നതാണ് പുതിയ മാനവ കാഴ്ചപ്പാട് . പ്രകൃതിയിൽ നിന്നുള്ള ഇന്ദ്രിയ സംവേദനത്വത്തെ നിരാകരിക്കലാണ് പുതിയ മനുഷ്യൻ്റെ നയം .അതോടെ കലകളും ജീവിതവും ചികിത്സയും അടക്കമുള്ള ഏതിലും പ്രകൃതി വിരുദ്ധ ചിന്തകളും രൂപങ്ങളും സ്ഥാനം പിടിച്ചു . ഇത് ലോകത്തിൻ്റെ സാർവ്വത്രിക ജീവനത്തെ അപ്പാടെ ബാധിച്ചു തുടങ്ങി. അതോടെയാണ് എഴുത്തുകാരടക്കമുള്ള സാംസ്കാരിക മേഖല ഇതിലേയ്ക്ക് ശ്രദ്ധിക്കാൻ തുടങ്ങിയത് .അപ്പോഴേയ്ക്കും തിരികെ പിടിക്കാൻ പറ്റാത്ത തരത്തിൽ മാനവ ജീവിതം മാറിക്കഴിഞ്ഞിരുന്നു. കാളിദാസനിലും, ഷേക്സ്പിയറിലും , ഭാസനിലും, രാമായണാദികളിലും , സോഫോക്ലിസ്സിലും ,കീറ്റ്സിലും ,വേഡ്സ് വർത്തിലും ,ആശാനിലും തുടങ്ങി ലോക സാഹിത്യം മുഴുവൻ അടിസ്ഥാന ശിലയായി പ്രകൃതിയെ പരിഗണിച്ചിട്ടുണ്ട്.

ഹരിത നിരൂപണത്തിൻ്റെ ഉത്തരാധുനിക രൂപം പ്രമേയ സ്വീകരണത്തെക്കാൾ സമീപനത്തിൽ പ്രകൃതിയെ കാതലായ ഘടനയായി സ്വീകരിക്കുക എന്ന നയം സ്വീകരിച്ചുതുടങ്ങി. പരിസ്ഥിതിയുടെ പ്രശ്നങ്ങൾ മാത്രം അവതരിപ്പിക്കുന്ന പാരമ്പര്യ സ്വഭാവം ഉപേക്ഷിക്കുകയും സംസ്കാരത്തിൻ്റേയും ജീവിത വീക്ഷണങ്ങളും യും ചിന്താ പ്രക്രിയയുടേയും മാറിയ രൂപങ്ങളെ കഥാ പ്രമേയത്തിലേയ്ക്ക് കൊണ്ടുവന്നു . പുതിയ മലയാള കഥാകാരന്മാരുടെ പ്രമേയ സ്വീകരണത്തിൻ്റെ പ്രത്യേകതകൾ സൂക്ഷ്മമായി വിലയിരുത്തിയാൽ നമുക്ക് ഇക്കാര്യം ബോധ്യപ്പെടും .പ്രകൃതിയെ അന്യമായി കാണുകയും സമാന്തരമായി പുതിയ ജീവിതക്രമം രൂപപ്പെടുത്തുകയും ചെയ്ത മനുഷ്യരെ അടിസ്ഥാനമാക്കി ജീവജാലങ്ങളും തിര്യക്കുകളും സമാന്തര ജീവിതം തിരഞ്ഞെടുക്കേണ്ട ഗതികേടിലാണിപ്പോൾ. അതായത് ഇനി പ്രകൃതിയിൽ നിന്നുണ്ടാകുന്ന ഏതൊരു ദുരന്തവും മനുഷ്യനെ മാത്രം ബാധിക്കുന്ന ഒന്നല്ല. പ്രകൃതിയുടെ ക്രമം ഒന്നാകെ മാറ്റുന്ന ഒരു പക്ഷേ പ്രകൃതിയുടെ മുഴുവൻ നാശത്തിലേയ്ക്കാകും പോകുക. ഇത്തരം ചിന്തകളാണ് ചേതനാ ചേതനങ്ങൾ തമ്മിലുള്ള വൈകാരിക അടുപ്പത്തെ സമാന്തര ഘടനയായി കഥയുടെ പശ്ചാത്തലമാക്കാൻ പോസ്റ്റ് മോഡേണിസത്തിൻ്റെ പുതു തലമുറ കഥാകാരന്മാർ തീരുമാനിച്ചത്. മുഖ്യ പ്രമേയത്തെ പരിഷ്കരിക്കുകയും കഥാന്ത്യത്തിൽ ഇത്തരം പ്രകൃതിജീവന സംസ്ക്കാരം കഥയെ നിയന്ത്രിക്കുകയോ വിശകലനം നടത്തുകയോ ചെയ്യുന്ന തരത്തിലേയ്ക്ക് അവതരണത്തിലും പുതുമ കൊണ്ടുവരാൻ അവർക്കായി.

ഷിനിലാലിൻ്റെ ‘ബുദ്ധപഥം’ എന്ന കഥാസമാഹാരത്തെ മേൽപ്പറഞ്ഞ ആശയത ലത്തിൽ സമീപിക്കുമ്പോൾ നിലവിലെ കഥാ ശില്പത്തിന് ഭംഗി കൂടുകയോ പുതിയ സംവേദന സാധ്യതകൾ  ഉണ്ടാകുകയോ ചെയ്യുന്നു. വ്യാവസായിക വല്കരണവും കൺസ്യൂമറി സവും മനുഷ്യനിൽ സൃഷ്ടിച്ച വിടവുകളെ വിവിധ ആശയ പരിസരങ്ങളിൽ നിന്ന് കൊണ്ട് അവതരിപ്പിക്കുന്ന കഥകളാണ് ബുദ്ധപഥത്തിൽ ഉള്ളത്. പുതുതലമുറ സംസ്കാരത്തിൽ ചെലുത്തിയ സ്വാധീനം ചെറുതല്ല . നവീകരിക്കപ്പെടുന്ന തലമുറ ജൈ വികതയ്ക്ക് വരുത്തിയ മാറ്റങ്ങൾ താരതമ്യം ചെയ്യുകയോ അതിൻ്റെ സംസ്കൃതിയിൽ അഭിരമിക്കുകയോ ചെയ്യുന്ന കഥാകാരനെ നമുക്കിവിടെ കാണാൻ കഴിയും . വ്യാവസായികതയുടെ ഏറ്റവും വലുതും പ്രാചീനവുമായ തീവണ്ടിയിൽ ജോലി നോക്കവേ തന്നെ തൻ്റെ ഗ്രാമത്തിൻ്റെ പാരമ്പര്യത്തിൽ അഭിരമിച്ച് വിരേചനം നേടാൻ കഥാകാരൻ ശ്രമിക്കുന്നുണ്ട്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കൂ

ജീവജാലങ്ങളുടെ പ്യൂരിറ്റി വിശകലനം ചെയ്യുന്ന പദമാണല്ലോ ‘പെഡിഗ്രി’ . ‘മനുഷ്യനും ഒരു ജന്തുവർഗ്ഗ രൂപമാകുമ്പോൾ പാരമ്പര്യവും ശുദ്ധിയും അവൻ്റെയും പെഡിഗ്രി നോക്കുകയും വർഗ്ഗസമത്വത്തെ മറികടന്ന് പാരമ്പര്യ ശുദ്ധി പ്രധാന്യം നേടുകയും ചെയ്യുന്നു. അവരാണ് ആ സമുദായത്തിൻ്റെ അധികാരിയായി മാറുക. ഈ പാരമ്പര്യത്തിൽ അഭിരമിച്ച് രസിക്കുന്ന ‘മംഗലശ്ശേരി നീലകണ്ഠന്മാർക്ക് ‘ നേരെയുള്ള പരിഹാസമാണ് വേടൻ തൊടിയും , അയാളും ഞാനും എന്നീ കഥകളിൽ അദ്ദേഹം അവതരിപ്പിക്കുന്നത്. അധമ ജീവിതമെന്ന് ഉപരിവർഗ്ഗം പരിഹസിക്കുന്ന ഒരു വേടൻ്റെ സെമൻ രണ്ടു തലമുറകൾക്കിപ്പുറം ഒരാ ധുനിക കുടുംബം സ്വീകരിക്കേണ്ടി വരുമ്പോൾ ദ്രാവിഡിൻ്റെ പാരമ്പര്യവും ജനുസ്സും നഷ്ടപ്പെടില്ലന്ന ഉറച്ച വിശ്വാസം കഥാകാരൻ മുന്നോട്ട് വയ്ക്കുന്നത് കാണാം. കൃഷിയും, പ്രകൃതിയും, മനുഷ്യനും ഇവിടെ ഒന്നാകുന്നു. ഇവിടെയാണ് ഉത്തരാധുനികൻ്റെ ഇക്കോ പൊയറ്റിക്സ് (Ecopoetics) നമുക്ക് വായിക്കാൻ കഴിയുന്നത് . ” ഇംബ ഹാ …… ഡ്രർ റാ ……. , അദിയരിയോ ….. ഇദിയരിയോ …. കൂകുന്നു. ചിരിക്കുന്നു. എന്തു ചെയ്യണമെന്നറിയാതെ ഞങ്ങൾ ഷട്ട് ഡൗണായി ഇരിക്കുമ്പോൾ വെറും കൈ കൊണ്ട് പിടിച്ച ഞണ്ടുകളും വരാൽ മീനുകളുമായി വേട്ടക്കാരൻ്റെ ഭാവത്തിൽ അവൻ കയറി വന്നു. അവൻ്റെ ദേഹമാസകലം ചെളി പുരണ്ടിരുന്നു. അപ്പോൾ ? ആദ്യമായി എനിക്ക് ഞങ്ങൾ ഞങ്ങളല്ലന്ന് തോന്നി. ” ( വേടൻ തൊടി)  കഥാന്ത്യത്തെ പൊലിപ്പിക്കുന്നത് ഇവിടെ പ്രകൃതിയാണ് ,ഇത്തരം സമീപനമാണ് പ്രകൃതി സൗന്ദര്യ ശാസ്ത്രത്തിൻ്റെ കാതലായി പോസ്റ്റ് മോഡേൺ ഇക്കോളജിസം അവതരിപ്പിക്കുന്നത്. “നിരഹങ്കാരത്തിൻ്റെ ലോകത്തു നിന്നേ ഗോത്ര ബോധത്തിൻ്റെ ശക്തി സൗന്ദര്യങ്ങൾ തിരിച്ചറിയാനും പഠിക്കാനും കഴിയുകയുള്ളൂ .അഹങ്കാരം ജന്മിത്തവും മുതലാളിത്തവും മറ്റും സൃഷ്ടിക്കുന്നതാണ് .നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ജീവിത സങ്കല്പങ്ങൾ ആഗോള വല്കരിച്ച് വിപണനം കണ്ടെത്താനുള്ള പരിശ്രമങ്ങളെയെല്ലാം നിരാകരിച്ച് ഗോത്രത്തിൻ്റെ ശ്രേഷ്ഠമായ പഴമയിലേയ്ക്ക് ,സംസ്കാരത്തിലേയ്ക്ക് ഇറങ്ങിച്ചെല്ലേണ്ടിയിരിക്കുന്നു ‘എന്ന് എം.എൻ വിജയൻ. വേടൻ തൊടിയെ കുറിച്ച് വളരെ നേരത്തേ വിജയന്മാഷ് പറഞ്ഞു കഴിഞ്ഞിരിക്കുന്നു.    കേരളത്തിലെ മൺസൂൺ കാറ്റ് എപ്രകാരമാണ് വൈദേശികതയെ സമ്മാനിച്ചതെന്നും അത് എങ്ങനെയാണ്  കേരളത്തിൻ്റെ   സവിശേഷമായ സാംസ്കാരികതയെ ബാധിച്ചതെന്നും ആധുനികതയുടെ കാഴ്ചകളിലൂടെ അവതരിപ്പിക്കുന്ന കഥയാണ് അയാളും ഞാനും . സങ്കര ജന്മങ്ങളായി തുടരുന്ന കേരളത്തിലെ ജനവിഭാഗങ്ങൾക്ക് ഇപ്പോ നാം കൊണ്ടു നടക്കുന്ന പാരമ്പര്യത്തിന്റെ യാതൊരു തൊങ്ങലും ആവശ്യമില്ലന്ന് ഷിനിലാൽ പരിഹാസപൂർവ്വം അവതരിപ്പിക്കുന്നു. ഒളിസേവ നടത്തിയിരുന്ന കാലത്ത് നിന്നും മകളും കൂട്ടുകാരനും പൊതുസേവയിലേയ്ക്ക് മാറി എന്നു മാത്രമേയുള്ളൂ. പാരമ്പര്യ ചരിത്ര സാധ്യതകളെ അവതരിപ്പിക്കുന്നത് പുതിയ ചരിത്ര നിർമ്മിതികളിലൂടെയാണന്ന് മാത്രം. ഇതു തന്നെയാണീ കഥയിലെ രാഷ്ടീയ മാനവും. കൊളോണിയൽ സംസ്കാരം അടിച്ചേൽപ്പിച്ചതോ ( സ്വീകരിച്ചതോ) ആയ സങ്കലനത്തിന്റെ തുടർച്ച മൈനയിലും അലോഷ്യസിലും കാണാൻ കഴിയും (അലോഷ്യസ് എന്ന പേര് യവന യാത്രികരെ ഓർമ്മിപ്പിക്കുന്ന ഒന്നാണ്.) ഡി.എച്ച്.ലോറൻസിലും ,  കൂടിക്കലരിന്റെ പ്രണയം ചിത്രീകരിച്ച ചെമ്മീനിലും നമുക്കിത് ഒരു പോലെ കാണാൻ കഴിയും  . മാരാരിക്കുളം, ആലപ്പുഴ ചേപ്പാട് ദേശവഴികളിലെ സിലോണിയൻ അടയാളപ്പെടുത്തലുകളും ഓർമ്മിപ്പിക്കുന്നത് കേരളത്തിന്റെ ദാമ്പത്യ ജീവിതത്തിലെ ചില വിടവുകളാണ്. കഥ ഷിനിലാൽ അവസാനിപ്പിക്കുന്നതും അപ്രകാരമാണ്. ” ഞാൻ നോക്കി നില്ക്കേ അമ്മയ്ക്കും അച്ഛനും ഇടയിലെ ചെറിയ വിടവിൽ ആ അജ്ഞാതൽ മുള പൊട്ടി വന്നു ” . സാങ്കര്യത്തിന്റെ  സൂചനകളെ  വ്യക്തമാക്കുവാൻ വേണ്ടിയായിരിക്കണം ക്രോമസോം ഘടനയെ ഓർമ്മിപ്പിക്കും വിധം  X Y എന്നീ അക്ഷരങ്ങൾ കഥയിൽ ഉപയോഗിച്ചത്. പ്രകൃതി എന്നാൽ കടലും കൂടി ചേർന്നതാണ്. സംസ്ക്കാരപഠനം കടൽത്തീരത്തു നിന്നാണാരംഭിക്കേണ്ടത് എന്നത് പുതിയ ചരിത്ര വാദമാണ് . ചുരുക്കത്തിൽ കേരളീയർ പെഡിഗ്രികളിൽ അധികം അഭിമാനം കൊള്ളേണ്ടതില്ല .

മണ്ണിൽ നിന്നും ഉരുവം കൊണ്ട ഒരു ചെടി ഭൂമിയെ ധിക്കരിച്ച് ഒടുവിൽ അത് ഭൂമിയിലേയ്ക്ക് തന്നെ മടങ്ങുന്നു .അത് മണ്ണായി മാറുന്നു.- മച്ചിപ്ലാവ് എന്ന കഥ തുടങ്ങുന്നതി പ്രകാരമാണ് . അമൈലാൻ എന്ന കേന്ദ്രകഥാപാത്രം മരത്തോട് ലയിച്ചു ചേരുന്ന രസതന്ത്രം മനുഷ്യൻ തിര്യക്കുകൾക്ക് തുല്യമാണന്ന വസ്തുത ബോധ്യപ്പെടുത്താൻ വേണ്ടി തന്നെയാണ്.  പാസ്റ്ററലിസത്തിൻ്റെ വഴി മനുഷ്യൻ ഉപേക്ഷിക്കുകയും നഗരവല്കരണ വ്യക്തി ജീവിതം ആരംഭിക്കുകയും ചെയ്തതോടെ പ്രകൃതിയുടെ മേൽ ധാർഷ്ട്യ സ്വഭാവം പ്രകടിപ്പിക്കാൻ തുടങ്ങി. ഗ്രാമപരിസങ്ങളെ നഗരം കീഴടക്കി വിസ്തൃതി വർദ്ധിപ്പിച്ചു. പാരിസ്ഥിതിക സദാചാരം മറന്ന (Environmental ethics) ജനതയുടെ നടുവിലാണ് അമൈലാൻ മരമായി മാറുന്നത്. മനുഷ്യനും മനുഷ്യനും എന്ന സഹവർത്തിത്വ മനോഭാവത്തിൻ്റെ പ്രസക്തി നഷ്ടപ്പെടുകയും മനുഷ്യനും ഇതര ജീവജാലങ്ങളും തമ്മിലുള്ള ബന്ധത്തെ പുതിയ നീതിശാസ്തത്തിൻ്റെ അടിസ്ഥാനത്തിൽ അടയാളപ്പെടുത്തുകയും വേണമെന്ന വാദത്തിൻ്റെ ശക്തമായ പ്രയോക്താവായി ഷിനിലാൽ മാറുന്നു . സ്വാഭാവികമായും മനുഷ്യന് മേൽ മനുഷ്യൻ നിർമ്മിച്ച നീതിശാസ്ത്രത്തിനു തുല്യമായ ഒന്ന് ഇതര ജീവജാലങ്ങൾക്കും അനിവാര്യമാണന്ന് വരുന്നു. ഉത്തരാധുനിക പ്രകൃതി സൗന്ദര്യ ശാസ്ത്രത്തിൻ്റെ പ്രയോക്താക്കളുടെ ലക്ഷ്യം ഇവിടെ വ്യക്തമാക്കുകയാണ് കഥാകാരൻ .ഇതേ പ്രകൃതിജീവിതം തന്നെയാണ് കാലുകൾ എന്ന കഥയിലെ അയ്യനും തുടരുന്നത്. അയ്യനെന്ന പേരു തന്നെ വനജീവിതത്തിൻ്റെ ധ്യാനത്തെയും നിർമ്മലതയേയും സംരക്ഷണത്തേയും വെളിപ്പെടുത്തുന്ന ഒന്നാണ്. കാർഷികവൃത്തിയുടെ സമ്പന്നതയാണ് അയ്യൻ കുത്തിയോട്ടത്തിനുപയോഗിച്ച കതിരു കാളകൾ സൂചിപ്പിക്കുന്നത് .വരേണ്യവർഗ്ഗത്തിൻ്റെ ഉത്സവാഘോഷങ്ങളിൽ ധാന്യപ്പൊലിമയുടെ ഊറ്റം കാട്ടിയിരുന്നത് കറുത്തവൻ ചുമക്കുന്ന കതിരു കാളകളിലും അതിൻ്റെ ചടുലമായ ചുവടു വെയ്പുകളുമായിരുന്നു. അതിനിടയിലാണ് എണ്ണക്കറുപ്പുള്ള കുണുമിയെ അവൻ കാണുന്നതും കൂട്ടിക്കൊണ്ടു പോകുന്നതും .അന്ന് രാത്രി തന്നെ അവൻ്റെ ചെറ്റവാതിൽ പൊളിച്ച് കുണു മിയുടെ കരിനിലം ഉഴുതു മറിക്കപ്പെട്ടതും . അയ്യൻ ഭ്രാന്തമായി കതിരു കാളയെടുത്ത് പ്രചണ്ഡമായ താളത്തിൽ ചുവടുവച്ചത് പ്രതികരിക്കാൻ ശക്തിയില്ലാത്തവൻ്റെ വിരേചനമാണ് . ഇവിടെ പെണ്ണിൻ്റെ മേലല്ല പ്രകൃതിയുടെ മേലാണ് സമ്പന്ന വർഗ്ഗം കാമം തീർക്കുന്നത് ,മണ്ണിനെയാണവർ നശിപ്പിക്കുന്നത്. കഥ അവസാനിക്കുന്നത് നോക്കുക ” അകം തണുത്ത കറുത്ത അംബാസഡറിൽ അര മയക്കത്തിലിരുന്ന കുട്ടികളെ വിളിച്ചുണർത്തി അമ്മമാർ പുറത്തേയ്ക്ക് വിരൽ ചൂണ്ടി: അതാ ഒരു കുണുമൻ .അതാ ഒരു കതിരുകാള ” – മനുഷ്യൻ്റെ ആർത്തി നശിപ്പിക്കുന്ന അരികു ജീവിതങ്ങൾ  ഇങ്ങനെ നിരവധിയുണ്ട് . മണ്ണ് ആഹാരം തന്നെയാണന്ന തിരിച്ചറിവുള്ള ഒരു ജനതയെ കഥാകാരനും സ്വപ്നം കാണുന്നുണ്ടാകണം .

നർമ്മദാ നദിയ്ക്ക് കുറുകെ അണക്കെട്ട് വന്നപ്പോൾ പാർശ്വവല്കരിക്കപ്പെട്ട ജനതയുടെ കഥയാണ് അഭി കിത് നാ ദൂർ ഹെ . ഗോത്ര ജനത ആട്ടിയോടിക്കപ്പെടുകയും അടിമ വല്കരിക്കപ്പെട്ട ജനതയുമാണ്. “വിശാലമായി കിടന്ന കാട് അവൻ്റെ പൊതു സ്വത്തായിരുന്നു. ഊരുകളിൽ നിന്ന് ഊരുകളിലേയ്ക്ക് ഒരു വിളിപ്പാടിൻ്റെ അകലം മാത്രമേയുണ്ടായിരുന്നുള്ളൂ .ജനിച്ചവരാരും ഊര് വിട്ട് പോയില്ല .മരിക്കുന്നവർ കൂടി അതേ ലോകത്ത് ജീവിച്ചു ” ഇവിടെ നിന്ന് ” ഒടുവിൽ ഒരു മഴക്കാലത്ത് നർമ്മദയിലെ ജലം ഉയർന്ന് ഉയർന്ന് വന്നു .ഞങ്ങൾ നോക്കിയിരിക്കേ ഞങ്ങളുടെ വയലുകൾ താഴ്ന്നു .നടവരമ്പുകളും മുളംകാലുകളിൽ ഉയർത്തി നിർത്തിയിരുന്ന കുടിലുകളും ക്രമേണ വൻമരങ്ങളും മരത്തിൽ ജീവിച്ചിരുന്ന ഞങ്ങളുടെ പിതാക്കളും വെള്ളത്തിൽ മറിഞ്ഞു .” ഇവിടെ എത്തുമ്പോൾ പ്രകൃതിയോടൊപ്പം തകർന്ന ആവാസ വ്യവസ്ഥ കുടി കഥാകാരൻ അവതരിപ്പിക്കുന്നു. ഭില്ലുകളുടെ സമരം തങ്ങളുടെ ജൈവികതയെ തകർത്തവരോടാണ് . അവശേഷിക്കുന്ന അര യുദ്ധം അവരുടെ അതിജീവനത്തിൻ്റേതുമാണ് .പക്ഷേ സംഘശക്തി നഷ്ടപ്പെട്ട ഭില്ലുകൾ പരാജയത്തിൻ്റെ നടവഴികളാണ് പിന്നിട്ടു കൊണ്ടിരിക്കുന്നത് .നന്മയുള്ള മനുഷ്യനിലേയ്ക്ക് ഇനിയും എത്ര ദൂരം എന്ന ചോദ്യം പ്രകൃതി സ്നേഹിയുടേത് തന്നെയാണ്.

പഴയ മനുഷ്യൻ്റെ ആചാരങ്ങളിൽ യുക്തിയുടെ ,ബുദ്ധിയുടെ ,ശാസ്ത്രത്തിൻ്റെ അളവ് കോൽ വച്ച് നോക്കിയാൽ ശുദ്ധ അസംബന്ധമോ പ്രാകൃതമോ ആയി നമുക്ക് തോന്നാം. പക്ഷേ അന്നത്തെ ദ്രാവിഡൻ അവനിലെ പാപബോധത്തേയും ഭയത്തേയും വിശ്വാസത്തേയും ഭക്തിയേയും രൂപപ്പെടുത്തുകയും ശുദ്ധീകരിക്കുക്കുകയും ചെയ്തിരുന്നത് ഇത്തരം അനുഷ്ഠാന കലാരൂപങ്ങളിലൂടെയായിരുന്നു. പോൺ ഹബ്ബിൽ നിയർബൈ വുമൺടാഗിലൂടെ നായകൻ എത്തിച്ചേരുന്നത് തൊണ്ണൂറ് കിലോമീറ്ററിനപ്പുറം കർഫ്യൂ പ്രഖ്യാപിച്ചിട്ടുള്ള ഒരു നഗരത്തിലെ പെണ്ണിലേയ്ക്കാണ് . പ്രധാന പാത പിന്നിട്ട് രാജപാത തിരഞ്ഞെടുക്കുന്ന നായകൻ കടന്നു പോകുന്ന വഴികളിൽ ഉറങ്ങിക്കിടക്കുന്ന പ്രേതകഥകളിലൂടെയാണ് ഏഴ് വളവുകൾ എന്ന കഥ കടന്നു പോകുന്നത് .മാജിക്കൽ റിയലിസത്തിൻ്റെ പ്രയോഗം ദ്രവീഡിയൻ ലാവണ്യ ശാസ്ത്രത്തിൻ്റെ അവതരണത്തിനായി കഥാകാരൻ ഉപയോഗിക്കുന്നു. ഗർഭിണിയായ സുമതിയുടെ കൊലപാതകത്തിന് ശേഷം, അവൾ കൊന്നവരുടെ തലമുറകൾക്കു മേൽ ഭ്രാന്തായും മാറാവ്യാധിയായും പലവട്ടം പെയ്തിറങ്ങി. ആഖ്യാനത്തിൽ കഥാകാരൻ മന്ത്രവാദത്തിൻ്റെ, ബ്ലാക്ക് മാജിക്കിൻ്റെ സാധ്യതകളെ ഇവിടെ ഉപയോഗിക്കുന്നുണ്ട്.  അടുത്ത വളവിലെ കളളിയങ്കാട്ട് നീലിയും ,വസൂരി വന്ന് മരിച്ചവരെ കുഴിച്ചിട്ട ആളുവാരിക്കുന്നിലെ മൂന്നാം വളവും പിന്നിട്ട് ഗൂഗിൾ മാപ്പിൻ്റെ സഹായത്തോടെ നായകൻ മുന്നേറുകയാണ്. എത്തിച്ചേർന്നത് മരണം എങ്ങനെയെന്ന് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്ന ഒരു പ്രേതത്തിൻ്റെ അടുത്തും. നവീനശാസ്ത്രത്തേയും പാരമ്പര്യ ശാസ്ത്രത്തേയും ഒരേ കഥാ ഘടനയിൽ ഉപയോഗിച്ച് കേവല വിശ്വാസങ്ങളെ സംവാദത്തിലേയ്ക്ക് കൊണ്ടുവരാൻ കഥാകാരൻ ശ്രമിക്കുന്നു. സവർണ്ണ വർഗ്ഗത്തിൻ്റെ അധികാരം ദ്രാവിഡ സത്രീകളിൽ ഏല്പിച്ച അപമാനം എത്ര വലുതായിരുന്നു. സവർണ്ണതയ്ക്ക് കാലമില്ലന്ന് ഏഴ് വളവുകൾ തെളിയിക്കുന്നു.

കറുപ്പിനെ നായകനായും നായികയായും കൊണ്ടുവന്നു എന്നതാണ് കാക്കാരിശ്ശി നാടകത്തിൻ്റെ പ്രത്യേകത. വെളുപ്പ് എന്നാൽ നന്മ ,അധികാരി എന്ന ജ്ഞാന രൂപത്തെ തകർത്തു കളഞ്ഞ ആദ്യത്തെ കല എന്ന് കാക്കാരിശ്ശി നാടകത്തെ വായിക്കണം.  വേടർ കുറവർ പാണർ എന്നിങ്ങനെ ജാതി സമ്പ്രദായത്തിൽ താഴേക്കിടയിലുള്ളവരുടെ കലാരൂപമായിരുന്നു ഇത്. കാക്കാരിശ്ശി നാടകത്തിൻ്റെ താളത്തെ അടിസ്ഥാന ശിലയായി ഉപയോഗിച്ച് കുണുക്കത്തി രായമ്മയുടെ ജീവിതം ആവിഷ്കരിക്കുന്ന കഥയാണ് കാക്കാലസദ്യ. ഉപഭോഗവസ്തുവായി മാത്രം പെണ്ണിനെ കണ്ടിരുന്ന പഴയ കാലത്ത് നിന്ന് വലിയ മാറ്റം ഒന്നും സംഭവിച്ചിട്ടില്ല. നാടിനെ വിറപ്പിച്ചിരുന്ന റേഞ്ചർ വേലുപ്പിള്ളയെ വിറപ്പിച്ച പെണ്ണ് . ” ആ നിമിഷം രായമ്മ രൗദ്രഭാവം പൂണ്ടു. കറുത്ത മുഖത്ത് കരിങ്കാളി വന്ന് വിളയാടി ”  ഇവിടെ രായമ്മ പ്രകൃതി തന്നെയാണ് .ശക്തമായ രൂപക നിർമ്മിതിയിലൂടെ ഉത്തരാധുനിക രചനയിൽ പ്രഖ്യാതമെന്ന് തോന്നാത്ത പാരമ്പര്യത്തെ നിർമ്മിച്ചെടുക്കുകയാണ് കഥാകാരൻ.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കൂ

പരിസ്ഥിതിയിൽ മനുഷ്യൻ സൃഷ്ടിക്കുന്ന കെടുതികൾ ഒടുവിൽ അവനു നേരേ തന്നെ തൊടുത്തു നിർത്തുന്ന അസ്ത്രമായി മാറുന്നു എന്ന ദുരന്ത സൂചനയാണ് മൈക്രോ ഗ്രീൻ .പരിസ്ഥിതിയുടെ നഷ്ടത്തിൽ ഉൽകണ്ഠ പ്രകടിപ്പിക്കുന്ന കഥാകാരൻ പുതു തലമുറയുടെ പോക്ക് അപകടമാണന്ന സൂചന നല്കുന്നു. സാമാന്യ അടിസ്ഥാന വർഗ്ഗ വിഭാഗങ്ങൾക്കൊപ്പം നില്ക്കുകയും ജീവിത പ്രശ്നങ്ങളെ അവലോകനം നടത്തുകയും ചെയ്യുന്ന കഥാകാരൻ ഒരു മഹാമാരിയിൽ തീരാനുള്ളത് മാത്രമാണ് മനുഷ്യൻ എന്ന ചിന്ത മുന്നോട്ട് വയ്ക്കുന്നു . അനുഷ്ഠാന കലാരൂപങ്ങൾക്ക് ഒടുവിൽ പ്രകൃതി ശക്തിയുടെ വിജയം ആഘോഷിച്ച് ശുദ്ധി ക്രിയ ചെയ്യുന്ന ചടങ്ങുണ്ടല്ലോ ,അതുപോലൊരു ശുദ്ധീകരണത്തിലൊടുവിലാണ് മൈക്രോ ഗ്രീനിലെ കഥ ആരംഭിക്കുന്നത്. മരണത്തോളമെത്തുന്ന നിശബ്ദത മനുഷ്യരാശിയ്ക്ക് ചിന്തിയ്ക്കാൻ കഴിയാത്ത ഒന്നാണ് . ഇവിടെ പ്രാക്തന ജീവിത ബിംബം പോലെ ഒരു നായ കടന്നു വരുന്നു. മനുഷ്യൻ പൂർണ്ണമായും ചത്തൊടുങ്ങുന്നു എന്ന ചിന്തയിൽ നിന്നാണ് ജനീറ്റയും ഭർത്താവും പയർ മണികൾ കിളിർപ്പിക്കാൻ തീരുമാനിക്കുന്നത് .ഇത് പ്രകൃതിയുടെ പുന:സൃഷ്ടിയാണ് ,മനുഷ്യൻ്റേയും. ആദി ശബ്ദമായ ഓം കാരത്തിൻ്റെ ആഴങ്ങൾ അളക്കുന്ന മൺജീവിയായ മനുഷ്യനു മാത്രമേ നിശബ്ദതയിലെ ഒരു പയർപ്പൊടിപ്പിൻ്റെ ശബ്ദത്തെ തിരിച്ചറിയാൻ കഴിയൂ. സൂക്ഷ്മ ജീവിതങ്ങളെ കണ്ടെത്തുന്ന സൂതികയ്ക്ക് മാത്രം കണ്ടെത്താൻ കഴിയുന്നത് ഇവിടെ ജനീറ്റ കണ്ടെത്തുന്നു. മഹാ ചലനങ്ങളിൽ നിന്ന് നിശ്ചലതയിലേയ്ക്കും ,മഹാ ശബ്ദങ്ങളിൽ നിന്ന് നിശബ്ദതയിലേയ്ക്കും , മഹാ ജന്മങ്ങളിൽ നിന്ന് മരണത്തിലേയ്ക്കും ,ആഘോഷങ്ങളിൽ നിന്നും , മുറിച്ചുമരുകളുടെ അടച്ചിരിപ്പുകളിലേയ്ക്കും പരിവർത്തനപ്പെട്ട ലോകത്തെ നമുക്ക് ഇവിടെ കാണാം. ഗോത്ര ജീവിതത്തിൻ്റെ നിർമ്മലതയിൽ നിന്ന് സാങ്കേതിക വിദ്യയുടെ കളങ്കത്തിലേയ്ക്കുള്ള നാശത്തിനൊടുവിലാണ് പ്രളയത്തിനൊടുവിലെ ശാന്തതയിൽ ആലില പോലെ ചലനത്തിൻ്റെ ,ശബ്ദത്തിൻ്റെ, ജന്മത്തിൻ്റെ ഒരു പുതു നാമ്പ് ഉദയം ചെയ്യുന്നത് . പ്രകൃതിയുടെ ഉടയവൻ എന്ന്  അഹങ്കരിച്ചിരുന്ന മനുഷ്യന് ജന്മത്തിൻ്റെ ശബ്ദം തിരിച്ചറിയിച്ച് കൊടുക്കുന്ന അമ്മദൈവം എന്ന പ്രാക്തന ദ്രാവിഡ സങ്കല്പമാണിത്.

കഥാപരിസരവും ഭാഷയും തമ്മിലുള്ള ബന്ധം ജൈവികതയുമായുള്ള ബന്ധമാണ്. സ്വത്വബോധം ഭാഷയുടെ വ്യവഹാരവുമായി ഇഴപിരിക്കാനാകാതെ കിടക്കുന്നുണ്ട്. ഇതാകട്ടെ സ്ഥലവുമായി ബന്ധപ്പെട്ടതാണ് .കഥാപാത്രങ്ങൾ പ്രമേയം ഇതിവൃത്തം എന്നിവയുമായി നാം പരിചിതരാണ് ,സ്ഥലത്തെ കുറിച്ചുള്ള ബോധമാണ് അവഗണിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുന്നത് . ഈ അവസ്ഥയെ മാറ്റിത്തീർക്കാനാണ് ഇക്കോ ക്രിട്ടിക്കുകളുടെ ഉദ്യമമെന്ന് പാരിസ്ഥിതിക വിമർശകനായ ലോറൻസ് ബുവൽ പറയുന്നു. കഥാകാരൻ തിരുവിതാംകൂറിൻ്റെ കിഴക്കൻ മലയോര ഗ്രാമത്തിൻ്റെ സന്തതിയാണല്ലോ ,സ്വാഭാവികമായും മലയോ ര ഗോത്ര സംസ്കൃതിയിൽ രൂഢമൂലമായ ഭാക്ഷാരൂപം കടന്നു വരിക സ്വാഭാവികമാണ് . ഇത് ഇന്നത്തെ മാനക മലയാള ഭാഷയുടെ പൂർവ്വരൂപമാണ് ,ദ്രവിഡമാണ്. “നീ അവന്റൂടി ഇന്നി പെണ്ണന്നഴിക്കാണ്ടന്ന് പറേ” ” എടാ കൊണവതിയാരമില്ലാത്ത വെള്ളൈച്ചരാ എന്നെപ്പറ്റി നീ എന്തര് നിരൂവിച്ച്‌ ” ( കുളച്ചൽ യുദ്ധം) ഇംബ ഹാ …… ഡ്രർ റാ ……. , അദിയരിയോ ….. ഇദിയരിയോ …. കൂകുന്നു. ചിരിക്കുന്നു. എന്തു ചെയ്യണമെന്നറിയാതെ ഞങ്ങൾ ഷട്ട് ഡൗണായി ഇരിക്കുമ്പോൾ വെറും കൈ കൊണ്ട് പിടിച്ച ഞണ്ടുകളും വരാൽ മീനുകളുമായി വേട്ടക്കാരൻ്റെ ഭാവത്തിൽ അവൻ കയറി വന്നു. അവൻ്റെ ദേഹമാസകലം ചെളി പുരണ്ടിരുന്നു. അപ്പോൾ ? ആദ്യമായി എനിക്ക് ഞങ്ങൾ ഞങ്ങളല്ലന്ന് തോന്നി. ” ( വേടൻ തൊടി) :അയ്യയ്യയ്യയ്യയ്യയ്യയ്യ കക്കിരി മുണ്ടൻ കിരി കിരി മുണ്ടൻ കൂട്ടാൻ കറിച്ചട്ടി വഴിച്ചിട്ട് നക്കിയ തൊമ്മൻ തൊമ്മൻ്റ പ്പൂപ്പാ’ – (കാക്കാല സദ്യ.) “തട്ടാര വീട്ടില് പശൂന മേയ്ക്കാൻ ഒര് കൊറവന നിർത്തീര്ന്ന് ‘ “മാതേ പിണങ്ങണ്ട അവള് കലവിച്ചാ ,അടങ്ങൂല .കൊറ വാതയല്ലേ ,കൊറ വാത” (ഏഴ് വളവുകൾ) കീഴാള പക്ഷത്തുനിന്നു കൊണ്ട് നിർജ്ജീവമായിപ്പോയ, അപ്രസക്തമായിപ്പോയ ഒരു ഭാഷയെ പുനർനിർമ്മിക്കുക എന്നത് പരിസ്ഥിതി സൗന്ദര്യദർശനത്തിൻ്റെ മറ്റൊരു വശമാണ്. സംസ്കാരത്തെ പുനർനിർമ്മിക്കാൻ പറ്റുന്ന രൂപഘടനയും ഭാഷാഘടനയും സ്വീകരിക്കുക എന്നത് ഇവരുടെ പൊതു സ്വഭാവമാണ്. ദ്രാവിഡൻ്റെ ഭാഷാ സ്വരൂപവും അതിൻ്റെ താളവും പ്രയോഗത്തിലെ പ്രത്യേകതയും വേടർ കുറവർ വിഭാഗങ്ങളിൽ ഇപ്പോഴും നിലനില്ക്കുന്നുണ്ട്. ആധുനികന് അത് പാർശ്വവല്കൃത കീഴാള ഭാഷയാണ് ,അവൻ പിൻതുടരാതെ പോകുന്ന ഈ സംസ്കൃതിയിലേയ്ക്കാണ് ഷിനിലാൽ അടക്കമുള്ള ഉത്തരാധുനിക എഴുത്തുകാർ ദാർശനിക ഭാരമില്ലാതെ ആവിഷ്കരിക്കുന്നത്.

ഒരു കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ ബുദ്ധ സന്യാസിമാരും താഴെ തെരുവുഗുണ്ടകളും എന്ന പ്രതീകത്മകമായ കഥാപശ്ചാത്തലത്തിലാണ് ബുദ്ധപഥം തയ്യാറാക്കിയിരിക്കുന്നത് . അഹിംസയുടെയും ത്യാഗത്തിന്റെയും പ്രാർത്ഥനയുടെയും ഉപരിതലവും അക്രമത്തിന്റെയും ഭോഗസക്തിയുടേയും ആർത്തിയുടേയും അധോമണ്ഡലവും തമ്മിലുള്ള സംഘര്‍ഷങ്ങളാണ് കഥയുടെ ജീവൻ. മനുഷ്യനിൽ തന്നെയുള്ള ചിന്തയുടെ രണ്ടു തലങ്ങൾ ആണ് ഉപരിതലവും അധോലോകവും .ഉപരിതലം മനുഷ്യനിലെ സാധാരണീകൃതമായ ഭാവവും അധോലോകം അമർത്തപ്പെട്ട മൃഗവാസനകളും ആണല്ലോ .  അതുപോലെ തന്നെയുള്ള രണ്ട് രൂപങ്ങളാണ് ശരീരവും മനസ്സും .അവൻ സഹവസിക്കുന്ന സാമൂഹിക പരിസരമാണ് അവനിലെ ശരീരത്തേയും മനസ്സിനേയും നിയന്ത്രിക്കുന്നത്.  വൈരുദ്ധ്യങ്ങളുടെ മലക്കം മറിച്ചിൽ മനുഷ്യനിലെ മനോവ്യാപാരങ്ങളുടെ അടിസ്ഥാനത്തിൽ സംഭവിക്കുന്നതാണ്. “ബുദ്ധപഥത്തിലെ സന്യാസി ഞാൻ തന്നെ. ഗുണ്ടയും ഞാൻ തന്നെ. ഞാൻ മാത്രമല്ല. പണ്ടാരാണ്ടെഴുതി വച്ചപോലെ, അത് നീയുമാണ് ചങ്ങാതീ.” -വി. ഷിനിലാൽ . രണ്ട് കഥാപാത്രങ്ങളുടേയും പൂർവ്വാശ്രമത്തിലെ പേരുകൾ ശ്രദ്ധിച്ചാൽ ഇക്കാര്യം നമുക്ക് വ്യക്തമാകും ,കൃഷ്ണവർമ്മനും നാരായണനും. ശബ്ദവും നിശബ്ദതയും തമ്മിലും ധ്യാനവും അഭ്യാസവും തമ്മിലും  ആണ് സംഘർഷം നടക്കുന്നത് . ശാന്തതയിൽ അന്തർലീനമായി കിടക്കുന്ന രൗദ്രതയും , രൗദ്രതയിൽ നിമിഷ നേരത്തേക്കെങ്കിലും കുടികൊള്ളുന്ന ശാന്തതയും തമ്മിലുള്ള സംഘർഷമാണ് ഈ കഥയിൽ . ശാന്തത , നിശ്ചലത , നിശബ്ദത എന്നിവ കാലികമായി മനുഷ്യന് പിൻതുടരാൻ കഴിയാത്തതുകൊണ്ടാണ് ബുദ്ധമതം അപ്രസക്തമാകുകയോ ഇല്ലാതാകുകയോ ചെയ്തതിൻ്റെ പ്രധാന കാരണം . ഇവിടെയാണ് ബുദ്ധപഥം എന്ന കഥയിലെ പ്രകൃതി പഠനത്തിന് പ്രസക്തിയുണ്ടാകുന്നത്. പ്രകൃതിജീവിയായ മനുഷ്യനിൽ ജൈവികതയുടെ ഭാവം നഷ്ടപ്പെടുകയും അവിടെ ക്രൂരതയുടെ രൗദ്രതയുടെ മറ്റൊരു തലം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു . എന്നാൽ  പൂർണ്ണമായും മനുഷ്യനിൽ ഇത് സംഭവിച്ചിട്ടില്ല എന്നറിയിക്കാൻ വേണ്ടിയാകണം സമ്പായിയുടെ മാറ്റം കഥാഗതിയിലേക്ക് കൊണ്ടുവന്നത്.

പക്ഷിമൃഗാദികളും സസ്യജാലങ്ങളും കഥാപാത്രമായി വരുന്ന കുട്ടിക്കഥകൾ പോലും ഇക്കാലത്ത് സജീവമല്ല . ഭൗമ സദാചാരത്തിൻ്റെ പറയാത്ത തലങ്ങൾ കുട്ടികളുടെ അബോധമണ്ഡലങ്ങളിലേയ്ക്ക് എത്തിക്കാൻ പറ്റിയിരുന്ന കുട്ടിക്കഥകൾ പ്രകൃതി ബോധത്തിൻ്റെ പാoമായിരുന്നു. എന്തിണകളിൽ നിന്ന് ആഗോള മനുഷ്യനായി മാറിക്കഴിഞ്ഞപ്പോൾ നഷ്ടത്തിൻ്റെ ആഴം കുറച്ചത് ഷിനിലാലിനെ പോലെയുള്ള ഉത്തരാധുനികരുടെ കഥകളാണ് .

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കൂ

 

Comments are closed.