DCBOOKS
Malayalam News Literature Website

രാജവീഥിയിലേക്ക് ചേരുന്ന മണ്‍പാതകള്‍

വി. ഷിനിലാലിന്റെ ഏറ്റവും പുതിയ കഥാസമാഹാരം ബുദ്ധപഥ- ത്തിന് സിജി. വി. എസ് തയ്യാറാക്കിയ പഠനം

ആത്മനിഷ്ഠമായ അനുഭവങ്ങളെ സാമൂഹികമായ പരിപ്രേഷ്യത്തിലേക്ക് വിപുലപ്പെടുത്തുന്നവയാണ്  ഷിനിലാലിന്റെ കഥകള്‍. ഒറ്റയാളില്‍ നിന്ന് ഒരാള്‍ക്കൂട്ടത്തിലേക്കു ഫോക്കസ് ചെയ്യുന്ന ക്യാമറയുടെ ധര്‍മ്മമാണ് അദ്ദേഹത്തിന്റെകഥകള്‍ നിര്‍വഹിക്കുന്നത്. നിലവിലുള്ള വ്യവസ്ഥകള്‍ക്കും വ്യവഹാരങ്ങള്‍ക്കും ഭരണകൂടങ്ങള്‍ക്കുമേതിരെ കലഹിക്കുന്ന വ്യക്തി നിഷ്ഠമായ മനോവ്യാപരങ്ങള്‍ കഥയായി മാറുമ്പോള്‍ അതിന് ഒരു സാമൂഹികമായ മാനം കൈവരുന്നു.. അതു കൊണ്ടാകണം കഥാപാത്രങ്ങള്‍ക്ക് പലപ്പോഴും പേരുകള്‍ ഇല്ല. അല്ലെങ്കില്‍ പേരുകള്‍ കൊണ്ട് കഥാപാത്രത്തെ സംബോധിക്കുന്നത് വളരെ കുറച്ചു തവണമാത്രമാണ്..

ഷിനി ലാലിന്റെ ആറു കഥകള്‍ മാത്രമാണ് ഈ പഠനത്തില്‍ ഉള്‍പെടുത്തിയിട്ടുള്ളത്. (കാക്കാലസദ്യ, ബുദ്ധപഥം, മധ്യേ, സ്പര്‍ശം, മൈക്രോ ഗ്രീന്‍ ). വിഷയ സ്വീകരണത്തില്‍ അദ്ദേഹം പുലര്‍ത്തുന്ന വൈവിദ്ധ്യം വായനയുടെ കൗതുകം നിലനിര്‍ത്താന്‍ ഏറെ സഹായകമാണ്. പ്രമേയത്തിന്റെ നിര്‍വഹണത്തില്‍ കഥാകൃത്ത് ഭാഷാപരമായും വൈവിധ്യം പുലര്‍ത്താന്‍ ശ്രദ്ധിക്കുന്നുണ്ട്. കാക്കാലസദ്യയില്‍ കക്കരിശ്ശി നാടകങ്ങളുടെയും തെക്കന്‍ തിരുവിതാംകൂറിന്റ ഗ്രാമീണമായ കലാപരമ്പര്യങ്ങളുടെയും വഴക്കങ്ങളും താളങ്ങളും ഉപയോഗപ്പെടുത്തിയിരിക്കുന്നു. മൈക്രോ ഗ്രീനിലാകട്ടെ സംഭീതമായ കാലത്തിന്റെ അവതരണത്തിനാവശ്യമായ ഗൗരവപൂര്‍ണമായ ഭാഷയാണ്. ഓരോ പ്രമേയത്തിനും അത് ആവശ്യപ്പെടുന്ന ഭാഷാ വൈവിദ്ധ്യം സ്വീകരിക്കുന്നത് കൊണ്ട് മടുപ്പിക്കുന്ന ഒരു കഥന ശൈലിയില്‍ കഥകള്‍ ആണ്ടുപോകുന്നില്ല. ആധുനിക ഇന്ത്യ കടന്നു പോകുന്ന എല്ലാ പ്രശ്‌നങ്ങളിലൂടെയും അദ്ദേഹത്തിന്റെ കഥകള്‍ കടന്നു പോകുന്നു. തികച്ചും ഭാരതീയമാണ് അദ്ദേഹത്തിന്റെ കഥകളുടെ ഭൂമിക. മൈക്രോ ഗ്രീന്‍ എന്ന കഥയില്‍ പരാമര്‍ശിക്കുന്ന നഗരം അതിന്റെ ഭൂമിശാസ്ത്രപരമായ പരാമര്‍ശം കൊണ്ട് വായനക്കാര്‍ക്ക് എളുപ്പം തിരിച്ചറിയനാവുകയും താദാദ് മ്യ പ്പെടാനാവുകയും ചെയ്യുന്നു. പാത്രം കൊട്ടി ശബ്ദം ഉണ്ടാക്കി വൈറസിനെ തോല്‍പ്പിക്കാന്‍ ആഹ്വാനം ചെയ്ത ഭരണാധികാരി യെ കഥ ഓര്‍മ്മിപ്പിക്കുന്നത് ശ്രദ്ധിക്കുക.വ്യക്തിക്കും മുകളില്‍ സമൂഹം അവിടെ പ്രാധാന്യം നേടുന്നു..

ആത്മനിഷ്ഠമായ അനുഭവം പരാമര്‍ശിക്കുന്ന മധ്യേ എന്ന കഥ മാത്രമാണ് കുറച്ചു വ്യത്യസ്തം. കിണര്‍ എന്ന രൂപകത്തില്‍ കഥാകാരന്‍ വ്യക്തിയുടെ ബാഹ്യവും ആന്തരീകവുമായ ലോകങ്ങളെ കുരുക്കിയിടുന്നുണ്ട്.. വ്യത്യസ്ത മാനങ്ങളുള്ള കഥയായത് കൊണ്ട് ഭാഷയിലും അതിന്റെ ഗരിമ നിലനിര്‍ത്തുവാന്‍ കഥാകാരന്‍ ശ്രദ്ധിച്ചിട്ടുണ്ട്.. ഇത്തരത്തില്‍ ആഖ്യാനത്തിലും പ്രമേയസ്വീകരണത്തിലും നിരന്തരം പുതുമ നിലനിര്‍ത്തിക്കൊണ്ട് തന്റെ കഥാപ്രപഞ്ചത്തെ വിപുലവും വ്യത്യസ്തവുമായ വയനാനുഭവമാകുക്കുകയാണ് കഥാകാരന്‍.

കഥകളിലൂടെ…

പെണ്‍കരുത്തിന്റെ ദ്രാവിഡപ്പെരുമ

നാടോടി കലാപാരമ്പര്യത്തെ കഥ യുടെ ആഖ്യാനത്തില്‍ ഏറ്റവും വിദഗ്ദ മായി ഉപയോഗിച്ച കഥയാണ് കാക്കാലസദ്യ .തെക്കന്‍ തിരുവിതാം കൂറിന്റെ നാടോടി വഴക്കങ്ങളില്‍, കാക്കാരിശ്ശിനാടകം ഉള്‍പ്പെടെയുള്ള നാട്ടുകലകളുടെ താളങ്ങളില്‍ ദ്രാവിഡ സംസ്‌കാരത്തിലെ നൂറ്റാണ്ടുകള്‍ പിന്നിട്ട പെണ്‍ കരുത്തിന്റെ ആധുനികമായ ആവിഷ്‌കാരം. പെണ്ണിന്റെ അരക്ഷിതമായ ജീവിതാവസ്ഥകളും പ്രതിരോധവും അതിജീവനവും ഏറ്റവും അനാര്‍ഭാടമായി കഥ അടയാളപ്പെടുത്തുന്നു

ആധുനികതയുടെ പ്രതീകമായ വാഹനത്തില്‍ ചുരമിറങ്ങി വരുന്ന, നാഗരീകമായ ആണ്‍കോയ്മയെ,പുറം കാലുകൊണ്ട് തൊഴിച്ചു പറത്തി വിടുന്ന തമിഴ്‌പെണ്ണിന്റെ ശൗര്യം കുണുക്കത്തി രായമ്മ പ്രതിനിധീകരിക്കുന്നു. തദ്ദേശീയരായ പെണ്ണുങ്ങള്‍ തങ്ങളുടെ ദയനീയ ജീവിതത്തോട് പൊരുത്തപ്പെട്ടു കീഴടങ്ങി ജീവിക്കുന്നതിന് സമാന്തരമായിയാണ് രായമ്മ യുടെ അത്യുജ്ജല ജീവിതം പടര്‍ന്നു പന്തലിക്കുന്നത്. ചന്ത പോലുള്ള പൊതുവിടങ്ങളില്‍ പെണ്ണുങ്ങള്‍ക്ക് കാലങ്ങളായി ഉണ്ടായിരുന്ന സമ്പ്രദായിക പെരുമാറ്റചട്ടങ്ങളെ രായമ്മ അതിലംഘിക്കുന്നത് കൃത്യമായി കഥാകൃത്ത് വരച്ചിടുന്നു.ദേശത്തെ വിറപ്പിച്ചിരുന്ന വില്ലന്‍മാര്‍ അനായാസമായി രായമ്മയുടെ വിനീത ദാസന്‍ മാരായി പരിണമിക്കുന്നതും അവരെ രായമ്മ കൊണ്ടു നടക്കുന്ന രീതിയും ഏറെ രസകരമാണ്.. തെറി വാക്കിന്റെ ശക്തി തിരിച്ചറിഞ്ഞു കൊണ്ട്‌സംസ്‌കൃതജനവിഭാഗമെന്ന് ഊറ്റം കൊള്ളുന്ന പൊതു സമൂഹത്തിന്റെ കപട സദാചാരത്തിനു നേരെ ഉയര്‍ത്താനാവുന്ന ഏറ്റവും ശക്തമായ ആയുധവും ആഭരണവുമായി രായമ്മ അവയെ സ്വീകരിക്കുകയും ചെയ്യുന്നു.ഉച്ചത്തില്‍ തെറിപ്പദങ്ങള്‍ പറയുന്ന പെണ്ണ് സാമൂഹ്യമര്യാദാ സങ്കല്‍പ്പങ്ങളെ കീഴ്‌മേല്‍ മറിക്കുന്നു. ശരീരം കൊണ്ടും ശരീരഭാഷ കൊണ്ടും പൊതു ബോധത്തെ ആകമാനം അവള്‍ വെല്ലുവിളിക്കുന്നു. സാമൂഹികവും സാമ്പത്തികവും ലൈംഗികവുമായി അവള്‍ നേടിയെടുക്കുന്ന സ്വാതന്ത്ര്യം ദ്രാവിഡമായ പെണ്‍ കരുത്തിനെ അടയാളപ്പെടുത്തുന്നതാണ്.. തമിഴ് മിത്തില്‍ നിന്ന് എഴുന്നേറ്റു വന്ന അതി ശക്തയായ ഒരു പെണ്‍ ദൈവം..എന്ന പോലെ രായമ്മയെ കഥയില്‍ അവതരിപ്പിക്കാന്‍ കഥാകാരന് കഴിഞ്ഞു.പുരുഷ കേന്ദ്രിതമായ ഒരു സമൂഹത്തില്‍ തന്റേടവും ഇച്ഛാശക്തിയും കൊണ്ട് നാഗരീകരും വിദ്യാസമ്പന്നരുമായ സ്ത്രീകളെക്കാള്‍ സ്വാതന്ത്ര്യബോധം പ്രകടിപ്പിക്കുവാനും അതില്‍ വിരാജിക്കുവാനും അപരിഷ്‌കൃതരും നിരക്ഷരരുമായ ഉള്‍നാടന്‍ പെണ്ണുങ്ങള്‍ കാണിക്കുന്ന ആര്‍ജവം രായമ്മയില്‍ വായനക്കാര്‍ക്ക് കാണാവുന്നതാണ്. തന്റെ ജീവിതത്തില്‍ അന്യായമായി ഇടപെടാന്‍ അവള്‍ ആരെയും അനുവദിക്കുന്നില്ല. പെണ്ണിനെ ശക്തിയായി ആരാധിക്കുന്ന പാരമ്പര്യങ്ങളുടെ മൂര്‍ത്ത രൂപമാണ് രായമ്മ.. ഉറൂബിന്റെ രാച്ചിയമ്മ പോലെ ശക്തയായ കഥാപാത്രമായി കുണുക്കത്തി രായമ്മ മലയാള കഥാ സാഹിത്യത്തില്‍ അടയാളപ്പെടുന്നു.

നാടോടി വഴക്കങ്ങളിലും താളത്തിലും ഉടനീളം കഥ യില്‍ പുലരുന്ന ജൈവമായ ഭാഷ യും ആഖ്യാനവും രസകരമാണ്.. കാക്കാരിശ്ശി നാടകത്തിലെ കുറവനേ കബളിപ്പിക്കുന്ന കുറത്തിയുടെ പശ്ചാത്തലം രായമ്മ എന്ന കഥാപാത്രത്തിന്റെ സൃഷ്ടിയില്‍ കൃത്യമായി ചേര്‍ന്നുപോകുന്നു. .രായമ്മ എന്ന സൂര്യനു ചുറ്റും കൃത്യമായ ഗ്രഹ പാതയില്‍ ചുറ്റിതിരിയുകയാണ് റേഞ്ചര്‍ വേലു പ്പിള്ള അടക്കമുള്ള മറ്റ് കഥാപാത്രങ്ങള്‍.
ആഖ്യാനത്തിലും പ്രമേയത്തിലും സ്വീകരിച്ച വ്യത്യസ്തത കൊണ്ട് മലയാളത്തിലെ ശക്തമായ പെണ്‍പക്ഷ കഥകളുടെ കൂട്ടത്തില്‍ കാക്കാല സദ്യയും ഇടം നേടുന്നു.

വൈരുധ്യങ്ങളുടെ സമന്വയം

ഹിംസയും അഹിംസയും ഭോഗവും ത്യാഗവും ഉടലും ഉയിരും തമ്മിലുള്ള അതിര്‍വരമ്പുകള്‍ അത്രമേല്‍ നേര്‍ത്തതാണെന്ന് ഈ കഥ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.വൈരുധ്യങ്ങളുടെ വൈവിദ്ധ്യമാണ് പ്രപഞ്ചത്തെ നിലനിര്‍ത്തുന്നത്. കലാതിവര്‍ത്തിയായ ബുദ്ധമതം,മഹാ ത്യാഗത്തിന്റെ കഥ പറയുമ്പോള്‍ തന്നെ ആസക്തിയുടെയും ഹിംസയുടെയും ഒരു തുടര്‍ച്ച യാണ് അതിനുണ്ടായത് എന്ന് കാലം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അഹിംസയുടെ വക്താക്കളായ ബുദ്ധഭിക്ഷുക്കള്‍ ആയുധമെന്തുന്ന കാഴ്ച ഒരു തത്വ ദര്‍ശനം പോലെ കഥയില്‍ Textആവിഷ്‌കരിക്കുന്നു. ഒരു സാരോപദേശകഥ യുടെ ഭാഷാഘടനയില്‍ മുന്നോട്ടു പോവുന്ന കഥ പ്രമേയത്തിന്റെ ഗരിമ കൃത്യമായി ഉള്‍ക്കൊള്ളുന്ന സങ്കേതങ്ങളാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്..

ഒരു കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ ബുദ്ധ സന്യാസിമാരും താഴെ തെരുവുഗുണ്ടകളും എന്ന പ്രതീകത്മകമായ കഥാപശ്ചാത്തലം. അഹിംസ യുടെയും ത്യാഗത്തിന്റെയും ഉപരിതലവും അക്രമത്തിന്റെയും ഭോഗസക്തി അധോമണ്ഡലവും തമ്മിലുള്ള സംഘര്‍ഷങ്ങളെ അജാത വിജ്‌റുംഭിതന്‍,സാമ്പായി ജാക്കി എന്നീ കഥാപാത്രങ്ങളിലൂടെ ആവിഷ്‌കരിക്കുന്നു. കൃഷ്ണ വര്‍മന്‍ സന്യാസം സ്വീകരിച്ചു അജാത നാകുന്നതും നാരായണന്‍ സമ്പായി യാവുന്നതും മനഃപരിവര്‍ത്തനത്തില്‍ പോലും സംഭവിച്ചു പോകുന്ന സാമൂഹികമായ അന്തരത്തെ ധ്വനിപ്പിക്കുന്നു. രാജാവായ സിദ്ധാര്‍ത്ഥനാണല്ലോ ബുദ്ധനായിമാറുന്നത്. കാട്ടാളന്‍ മഹാ കവി യായി മാറുന്നതും മാനസിക പരിണാമത്തിന്റെ ഇങ്ങേയറ്റമാണ്. വിപരീതങ്ങളെ പുണരുന്ന അനേകം ദര്‍ശനിക സമസ്യകളിലൂടെകടന്നു പോവുകയാണ് കഥ. ഒപ്പം വായനക്കാരും. ഉടലു നല്‍കുന്ന അനുഭൂതിയെ തിരസ്‌കരിച്ചു കൊണ്ടുള്ള മോക്ഷമാര്‍ഗ്ഗം അപൂര്‍ണത യാണെന്ന ജ്ഞാനം യോഗിക്കും അതി കാമനകളുടെ ശരീരഭൂമികയ്ക്കുപരിയായി ആത്മാവിന്റെ ദാഹം മറ്റൊന്നാണെന്ന ജ്ഞാനം ഭോഗിയിലുമുണരുന്നതോടെ കഥയാവസാനിക്കുകയും വായനക്കാരന്‍ ഉടലും ഉയിരും ചേര്‍ന്നുപോകുന്ന അര്‍ഥപൂര്‍ണമായ ഒരു ധന്യതയിലേക്ക് ജ്ഞാന സ്‌നാനം ചെയ്യപ്പെടുകയും ചെയ്യുന്നു.. അനാദികാലം മുതലേയുള്ള സമസ്യയുടെ കഥാപൂരണം. വൈരുധ്യങ്ങളില്‍ അധിഷ്ഠിത മായ പ്രപഞ്ചാവബോധം.. വസന്തവായുവില്‍ വസൂരി രോഗാണുവിനെയും പുള്ളിമാന്‍ വിഹരിക്കുന്ന വനന്തരങ്ങളില്‍ പുള്ളിപ്പുലിയെ ദര്‍ശിച്ച കവി ഭാവന (വൈലോപ്പിള്ളി ).. ഇടശ്ശേരിയുടെ ബുദ്ധനും നരിയും എന്ന കവിത ഈ പ്രമേത്തിലുള്ള മറ്റൊരു സുന്ദരാവിഷ്‌കരമാണ്..പ്രമേയത്തിലും ആഖ്യാനത്തിലും പരിണാമഗുപ്തിയിലും കഥാ കൃത്ത്‌സ്വീകരിച്ച കയ്യടക്കം അനന്യ മാണ്.വായനയുടെ സുഗമമായ ഒഴുക്കിനെ അത് ഏറെ ഗുണകരമായി ഭവിക്കുന്നു.

ഉയിര്‍സ്പര്‍ശങ്ങള്‍..

മനുഷ്യസ്പര്‍ശം ഏല്‍ക്കാത്ത ദേശം വരണ്ടതും വന്യവുമാകും.. അല്ലെങ്കില്‍ തൊടുമ്പോള്‍ രക്തം പൊടിയുന്ന കാട്ടു പുല്ലുകളാല്‍ മൂടപ്പെട്ട ഒരിടം.. സ്പര്‍ശം എന്ന കഥയവസാനിക്കുന്നത് ജല്‍സയും കൂട്ടുകാരനും മുന്നില്‍ മുരണ്ടുലയുന്ന കടലിനെ നോക്കി ഇങ്ങനെ ഒരു ചിന്ത പങ്കു വെക്കുന്നിടത്താണ്.ശരീരത്തില്‍ നിന്ന് ആത്മവിലേക്കുള്ള ഒരു പാലം ആണ് സ്പര്‍ശം… കേവലലൈംഗികതയ്ക്കപ്പുറമുള്ള ആത്മീയമായ ഒരു തലത്തെ സ്പര്‍ശം പ്രതിനിധീകരിക്കുന്നു..

കേരളീയമായ സാമൂഹ്യ പശ്ചാത്തലത്തില്‍ ബാല്യം പിന്നിട്ടാല്‍ സ്പര്‍ശം എന്നത് ഒരോര്‍മ്മ മാത്രമാവുന്നു.. പിന്നീടുള്ള സ്പര്‍ശങ്ങള്‍ സ്ത്രീകളെ സംബന്ധിച്ച് സോദ്ദേശകമായി മാറുകയാണ്. സ്വന്തം ശരീരം അന്യമായിമാറുന്ന സ്ത്രീയവസ്ഥ യാണ് കഥയില്‍.സ്പര്‍ശന മേല്‍ക്കാത്ത പെണ്ണും അതി സ്പര്‍ശമേറ്റ പുരുഷനും..സ്ത്രീ സാമ്പത്തികമായും സാമൂഹികമായും സ്വാതന്ത്ര്യയായപ്പോള്‍ ആന്തരീക സംഘര്‍ഷങ്ങള്‍അവളെ ഏകാന്തതടവിനു വിധിക്കുകയായിരുന്നോ.. ഉപരി വര്‍ഗ്ഗകുടുംബങ്ങളില്‍ ദാമ്പത്യം നാടകമാകുന്ന അവസ്ഥ.. സമൃദ്ധി യുടെ തടവില്‍ പരസ്പരം അന്യരാകുന്ന പങ്കാളികള്‍.. വൈലോപ്പിള്ളിയുടെ കുടിയൊഴിക്കല്‍ എന്ന കവിതയില്‍ സദാ കലഹിക്കുന്ന കീഴാള ദമ്പതിമാരെ കുറിച്ച് പറഞ്ഞ ശേഷം കവി ഇങ്ങനെ പാടുന്നു

‘ആട്ടൊരുഗ്രമാം ചുംബനമോ നീ

കൂട്ടുകാരിയെ പുല്‍കിയുറങ്ങി ‘

പരസ്പരം ഉള്ള ഭര്‍ത്സനങ്ങള്‍ പോലും പ്രണയ ചേഷ്ടയായി മാറുന്ന കീഴാള ജീവിത സന്ദര്‍ഭം.. അതിന്റെ നേര്‍ വിപരീതമാണ് കഥയിലെ ജല്‍സയുടെ ജീവിതം.. ഭൗതിക സുഖ സമൃദ്ധിയിലും അവളനുഭവിക്കുന്ന ഏകാന്തതയുടെ മുറിവുകള്‍ കഥാകാരന്‍ വിദഗ്ദമായി കഥയില്‍ അവതരിപ്പിച്ചിട്ടുണ്ട്.. അവളുടെ ആത്മ വിക്ഷോഭങ്ങള്‍ തീവ്ര വിഷാദത്തിന്റെ സങ്കീര്‍ത്തനങ്ങളെന്നപോലെ ആഖ്യാനം ചെയ്യപ്പെടുന്നു.. വരുമാനം വര്‍ധിച്ചു വരുമ്പോഴും മനുഷ്യര്‍ പ്രത്യേകിച്ച് സ്ത്രീകള്‍ ആത്മാവില്‍ ദരിദ്രരായിരിക്കുമെന്നും അപ്പോള്‍ ആണ്‍ വേശ്യകള്‍ക്ക് പ്രസക്തിയേറുമെന്നുള്ള കഥാകൃത്തിന്റെ പ്രവചനം.. കരാറടിസ്ഥാനത്തില്‍ പ്രണയിയെ (താത്കാലിക )നിയമിക്കേണ്ടി വരുമെന്നുള്ള സര്‍കാസ്റ്റിക് ആയ ഒരു ചിന്ത കഥയില്‍ പരാമര്‍ശിതമാകുന്നുണ്ട്.. ഭൗതികമായും ആന്തരീകമായും ആധുനിക കാലത്തെ കൃത്യമായി അഡ്രസ് ചെയ്യുന്ന കഥയാണിത്..ഉടലിന്റെ രാഷ്ട്രീയം കഥയുടെ ആഖ്യാനത്തിലും പ്രമേയത്തിലും തീര്‍ത്തും വ്യത്യസ്തമായി അവതരിപ്പിക്കപ്പെട്ടിട്ടുണ്ട് ഉടല്‍ ഒരു ഉപഭോഗ വസ്തു മാത്രമായി വിറ്റഴിഞ്ഞു പോകുന്ന കമ്പോള സംസ്‌കാരത്തിന് സമാന്തരമായി ജല്‍സ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നിരുപാധിക സ്‌നേഹത്തിന്റെ സ്പര്‍ശം തേടുന്ന പെണ്ണവസ്ഥയെയാണ് കഥ വെളിച്ചപ്പെടുത്തുന്നത്
ശരീരങ്ങള്‍ തമ്മിലുള്ള ആത്മീയമായ സ്പര്‍ശം തേടുന്ന ഒരുവളിലൂടെ കഥ ,സ്പര്‍ശം എന്ന ഇന്ദ്രിയാനുഭവത്തെ അതീന്ദ്രിയമായ അനുഭൂതിയാക്കി മാറ്റുന്നു.

പച്ചയുടെ പ്രതിരോധം

ഒന്നും നശിച്ചു പോയിട്ടില്ല,പോകില്ല വല്ലതും ശേഷിക്കുമെന്നുള്ള പ്രതീക്ഷ കൊളുത്തി വെക്കുന്ന കഥയാണ് മൈക്രോഗ്രീന്‍.ലോകാവസാനം എന്നത് ഭീതിദമായ ഒരു മതാത്മക ചിന്തയാണ്..എല്ലാ മതങ്ങളും അത്തരം ഒരു അന്ത്യദിനത്തെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.. യുദ്ധം, മഹാ മാരി , പ്രകൃതി ക്ഷോഭം തുടങ്ങി അനേകം കാരണങ്ങളാല്‍ ഭൂമിയില്‍ നിന്ന് അവസാന ജീവകണവും തുടച്ചു മാറ്റപ്പെടും എന്ന ഭീതി മനുഷ്യ മനസ്സിന്റെ അടിത്തട്ടില്‍ ഊറി കിടക്കുന്നു.. കേവലം ഒരു സൂക്ഷ്മാണു ലോകത്തെ നിശ്ചലമാക്കിയ പശ്ചാത്തലത്തില്‍ ആദിമമായ ഈ ഭീതിയിലൂടെ എല്ലാവരും കടന്നു പോയ് ക്കൊണ്ടിരിക്കുകയാണ്

ഈ പ്രാപഞ്ചിക ജീവിതത്തില്‍ മനുഷ്യന്‍ സ്വന്തമാക്കിയ ഭൗതിക സമ്പത്തുകളെല്ലാം ഒരു മഹാമാരിക്ക് മുന്നില്‍ നിസ്സാരമാവുന്നു . എല്ലാം നശിച്ചു പോയിട്ട് മനുഷ്യന്‍ മാത്രം ശേഷിച്ചാല്‍ ഒരിക്കലും അതിജീവിച്ചു പോകില്ലെന്ന ബഷീറിയന്‍ തത്വ ചിന്തയുടെ ഒരു തുടര്‍ച്ച ഈ കഥ മുന്നോട്ട് വെക്കുന്നു. ഒ വി വിജയന്റെ ‘പാറകള്‍ ‘ എന്ന കഥയും സമാന പശ്ചാത്തലത്തില്‍ എഴുതപ്പെട്ടിരിക്കുന്നു.

ശബ്ദങ്ങളെ കുറിച്ച് പറഞ്ഞു കൊണ്ടാണ് കഥ തുടങ്ങുന്നത്. (ആദിയില്‍ വചനം ആണല്ലോ ആദ്യമുണ്ടായത് ) വന്‍ നഗരത്തിലെ ഫ്‌ലാറ്റില്‍ തങ്ങളൊഴികെ മറ്റാരും ജീവിച്ചിരിപ്പില്ല എന്ന സത്യം ഓര്‍മ്മിപ്പിക്കുന്ന നായയുടെ കുര ദമ്പതി മാര്‍ക്ക് ആഴത്തിലുള്ള ഭീതി യുളവാക്കുന്നു. കഴിഞ്ഞു പോയ ഏതാനും ദിവസങ്ങളില്‍ ഭൂമിയില്‍ രോഗാണു പടര്‍ത്തിയ നിശ്ചലാവസ്ഥയെ കഥാകാരന്‍.. നിസ്സംഗനും നിര്‍മമനുമായി…കഥയില്‍ പരാമര്‍ശിച്ചു പോകുകയാണ് .. വിവിധതരം മനുഷ്യ വ്യവഹാരങ്ങളെല്ലാം നിരര്‍ത്ഥകമെന്ന് തെളിയുന്ന സമകാലിക അവസ്ഥയാണ് കഥാപശ്ചാത്തലം വിജനമായ വീഥി, ശബ്ദങ്ങള്‍ ഒഴിഞ്ഞ ഫ്‌ലാറ്റ്,സമുദ്ര നീല പ്രതിഫലിച്ച ടെലിവിഷന്‍ സ്‌ക്രീന്‍… അങ്ങനെ കാലത്തെ കൃത്യമായി കഥ രേഖപ്പെടുത്തുന്നുണ്ട്.. അവസാനത്തെ മനുഷ്യരാണ് തങ്ങളെന്ന തിരിച്ചറിവില്‍ അവര്‍ ഭയമുപേക്ഷിച്ചു തീര്‍ത്തും നിസ്സംഗരാവുന്നു. ആഴമുള്ള നിശബ്ദതയില്‍ പയര്‍ മണികള്‍ മുളയ്ക്കുന്ന ശബ്ദത്തെ ഗഹനമായ തത്വ ചിന്തയെ ഒളിപ്പിച്ച കവിതപോലുള്ള ഭാഷയിലാണ് കഥാകാരന്‍ വിവരിക്കുന്നത്.. (പേറ്റു വേദനയെ കുറിച്ച് പരാമര്‍ശിക്കുന്ന പ്രാദേശികമായ നൊമ്പലംഎന്ന വാക്ക് )

ജീവന്റെ പച്ചപ്പ് ഭൂമിയുടെ സര്‍ഗാത്മകമായ താളം വീണ്ടെടുക്കുന്ന മുഹൂര്‍ത്തത്തില്‍ കഥയവസാനിപ്പിക്കുന്നു.. ഇരുള്‍ പരക്കുമ്പോള്‍ ഉമ്മറത്ത് കൊളുത്തി വെച്ച സന്ധ്യാ ദീപം പോലെ.വരാനിരിക്കുന്ന പ്രഭാതം ആ ദീപനാളങ്ങളില്‍ പ്രകാശിക്കുന്ന പോലെ..

വിദൂരതീരങ്ങള്‍..

മലയാളിയുടെ പലായനങ്ങള്‍ എന്ന് അറിയപ്പെടുന്നത് താല്‍ക്കാലിക പ്രവാസങ്ങളായിരുന്നു. സുഖങ്ങള്‍ തേടിയോ സൗകര്യങ്ങള്‍ തേടിയോ ഉള്ളതായിരുന്നു എന്ന് നിസംശയം പറയാം. ഒരു സിനിമാറ്റിക് തിരിച്ചുവരവ് സ്വപ്നം കണ്ട പലായനങ്ങളായിരുന്നു അവ!
അതുകൊണ്ട് തന്നെ ഭൂമി നഷ്ടപ്പെട്ടവന്റെ പലായനങ്ങള്‍ എഴുതുമ്പോള്‍ അന്ധന്‍ ആനയെക്കണ്ട പോലെ അല്ലെങ്കില്‍ ആനന്ദിനെപ്പോലെയൊരു ധിഷണശാലിയാകണം.
അത്രയ്ക്ക് യഥാതഥമായി അവസ്ഥ അനുഭവിപ്പിച്ച പതിഞ്ഞ താളത്തിലുള്ളൊരുകഥയാണ്
അഭി കിത്‌നാ ദൂര്‍ ഹേ ചെന്നെത്താനാവാത്ത ദൂരങ്ങള്‍ അണയാത്ത പ്രതീക്ഷകളാണ്.. ദൂരെ ഒരു താവളമുണ്ടെന്നെ തോന്നലില്‍ കാതങ്ങളുടെ അലച്ചില്‍ കുടഞ്ഞു കളയുന്നവര്‍… രാഷ്ട്രീയ, സാമൂഹ്യ കാരണങ്ങളാല്‍ സ്വദേശത്തു നിന്നും പാലായനം ചെയ്യപ്പെട്ടു ചരിത്രത്തില്‍ രേഖപ്പെടുത്താതെ വഴിപാതിയില്‍ തന്നെ കൊഴിഞ്ഞു പോകുന്നവര്‍.. .മഹാദൂരങ്ങള്‍ പോലും നിമിഷനേരം കൊണ്ട് കീഴടക്കുന്ന അതിവേഗ വാഹനങ്ങളുടെ ടെക് നോളജിയില്‍ വന്‍ കുതിപ്പുണ്ടായിട്ടു പോലും കിലോമീറ്ററോളം ദൂരങ്ങള്‍ കാല്‍ നടയായി അലയേണ്ടിവരുന്ന ജനത.ആത്മനിഷ്ഠമായ കഥാപരിസരങ്ങളില്‍ നിന്ന് ചരിത്രത്തിലേക്കും വര്‍ത്തമാനത്തിലേക്കും കാലത്തെ സമര്‍ത്ഥമായി പ്രാപഞ്ചികതലത്തിലേക്ക് വിന്യസിപ്പിക്കുന്ന ഒരു വ്യത്യസ്ത കഥനശൈലിയുടെ ഉടമയാണ് ഷിനി ലാല്‍.

വിന്ധ്യചലത്തിന്റെ താഴ്വാരയിലെ ഭില്‍ എന്ന ഗോത്രവര്‍ഗ്ഗത്തിന്റ ചരിത്രവും വര്‍ത്തമാനവും കഥയില്‍ പരാമര്‍ശിക്കപ്പെടുമ്പോഴും അത് സ്വന്തം ആവാസ വ്യവസ്ഥ പരിത്യജിച്ചു പാലായനം ചെയ്യേണ്ടി വന്ന ഏതു ഗോത്ര പരമ്പരകളുടെയും കഥയാവുകയാണ്..
അല്ലെങ്കില്‍ ഭരണ കൂടങ്ങളുടെ നിഷ്ഠൂര താല്പര്യങ്ങളുടെയും, വര്‍ഗ്ഗീയ കലാപങ്ങളുടെയും, പുരോഗമനത്തിന്റെ പേരില്‍ പ്രകൃതിയുടെ അശാസ്ത്രീയ ചൂഷണത്തിനും ഇരയായി സ്വന്തം ദേശത്തു നിന്നും ആട്ടിയോടിക്കപ്പെട്ടവരുടെ കഥ.

വിന്ധ്യനില്‍ നിന്ന് താഴ്വാരത്തിനെ ഫലഭൂയിഷ്ടമാക്കിയിരുന്ന നര്‍മ്മദ നദിയുടെ ഗതി മാറ്റിയ അണക്കെട്ട് പദ്ധതി, അത് മൂലം വേരറ്റു പോയ വനഭൂമി, തദ്ദേശീയരായ ഗോത്രവര്‍ഗ്ഗക്കാര്‍, അവരുടെ ചരിത്രം, സംസ്‌കാരം എല്ലാം കഥയില്‍ ഏറെ വൈകാരിക മായി ആഖ്യാനം ചെയ്യപ്പെടുന്നു..

മൂന്നു തലമുറകളിലൂടെ ഗോത്രത്തിന്റെ പുരാവൃത്തവും ചരിത്രവും കഥയില്‍ വിനിമയം ചെയ്യുന്നതോടൊപ്പം ഭാവി എന്ന ഒന്ന് ഒരു മിഥ്യയായി മാറുന്ന അവരിലെ പുതിയ തലമുറയുടെ ദയനീത കൂടി കഥ ധ്വനിപ്പിക്കുന്നുണ്ട്.

തങ്ങളുടെ ഗോത്ര സംസ്‌കൃതിക്കുള്ളില്‍ സ്വയം പര്യാപ്തമായിരുന്നഒരു പുരാതന സമൂഹങ്ങളുടെ വിനാശത്തില്‍ ഓരോ പുരവാസിയും തങ്ങളുടേതായ പങ്കു വഹിച്ചുവെന്നും , കാലം തെറ്റിയ ഋതുക്ക ളാലും, മഹാ പ്രളയങ്ങളലും, തീരാ വ്യാധി കളലും പ്രകൃതി ഒരിക്കല്‍ നമ്മെ കൊണ്ടു നിരുപാധികം പിഴയോടുക്കിക്കും എന്ന യാഥാര്‍ഥ്യത്തിലേക്ക് അദൃശ്യമായ വിരല്‍ ചൂണ്ടി ഒരു നടുക്കത്തിലേക്ക് നയിക്കുകയാണ് കഥ.

ജനിമൃതിസഞ്ചാരങ്ങള്‍.,.

ജീവിതത്തിനും മരണത്തിനും നടുവില്‍ അകപ്പെട്ട ഒരുവന്റെ വിഭ്രാത്മകമായ നിമിഷങ്ങളിലൂടെ യാണ് ഈ കഥയുടെ സഞ്ചാരം. മരണം മുന്നില്‍ വാ പിളര്‍ന്നു നില്‍ക്കുമ്പോള്‍ ജീവിതം ഏറ്റവും പ്രലോഭനീയമാകുന്നു എന്ന തത്വത്തിന്റെ നിര്‍വഹണമാണ് ഈ കഥ.. വൈദ്യതിയുടെ മീറ്റര്‍ റീഡ്‌നെത്തിയ ഒരാള്‍ ആള്‍പാര്‍പ്പില്ലാത്ത പുരയിടത്തിലെ പൊട്ടക്കിണറ്റില്‍ പതിക്കുന്നു.. മരണഭിത്തി കടന്ന് അതിജീവനത്തിനായുള്ള പൊരുതലില്‍ അയാള്‍ക്ക് മുന്നില്‍ തെളിയുന്ന ഭൂതവര്‍ത്തമാനകാലങ്ങള്‍,പ്രിയപ്പെട്ടവര്‍,…കിണറിന്റെ ഗര്‍ഭശയഭിത്തിയില്‍ കൈകാലിട്ടടിക്കുന്ന പിഞ്ചു കുഞ്ഞിനെ പ്പോലെ അയാള്‍ മുന്‍ജന്മത്തിലെന്ന പോലെ തന്റെ ജീവിതം സ്മരിക്കുന്നു.. പിന്നീട് അതിജീവനത്തിന് വേണ്ടിയുള്ള തത്രപ്പാടുകള്‍… വെള്ളത്തില്‍ പ്രതിബിംബിച്ച തന്റെ സ്വരൂപം തിരിച്ചറിയാനാവാതെ അനന്തമായ വിഭ്രാന്തിയിലേക്ക് പതിച്ചു കൊണ്ടിരിക്കുന്ന മനുഷ്യന്റെ നിസ്സാരതയെ അടയാളപ്പെടുത്തി കഥ അവസാനിക്കുന്നു..

കിണര്‍ എന്ന ബിംബം കഥയില്‍ പ്രതീകവല്‍ക്കരിക്കുന്ന അനുഭൂതി തലങ്ങള്‍ ക്ക് കഥയില്‍ വലിയ സ്ഥാനമുണ്ട്.. തണുത്തുറഞ്ഞ്ജല സാന്ദ്ര മായഗര്‍ഭാശയത്തില്‍ തീര്‍ത്തും നിസ്സഹായമായി നില കൊള്ളുന്ന ഭ്രൂണാവസ്ഥയെ കിണറ്റില്‍ കിടക്കുന്ന അജ്ഞാതനായ (പുറം ലോകത്തിന് ) മനുഷ്യന്‍ പ്രതീകവല്‍ക്കരിക്കുന്നു.. തന്റെ തന്നെ ജന്മന്തര സ്മൃതിയായി അയാളുടെ ഉള്ളില്‍ ഉറഞ്ഞു കൂടിയ ബാഹ്യലോക സ്മരണകള്‍.കിണറിലെ വള്ളിപ്പടര്‍പ്പുകളില്‍ നിന്ന് ജീവനെ നിലനിര്‍ത്തുന്നത്,..എല്ലാം ഗര്‍ഭസ്ഥമായ ജീവിതത്തെ സ്പര്‍ശിക്കുന്നുണ്ട്. ജനിമൃതികളെക്കുറിച്ചുള്ള ഭാരതീയമായ ദര്‍ശനങ്ങളുടെ (പുനരപി ജനനം പുനരപി മരണം പുനരപി ജനനീ ജഠരേ ശയനം ) അന്തസത്ത കഥയില്‍ ബിംബവല്‍ക്കരിക്കപ്പെടുന്നു.. പ്രമേയം ആവശ്യപ്പെടുന്ന ഗൗരവം ഉള്‍ക്കൊള്ളുന്ന ഭാഷാഗരിമ കഥാകാരന്‍ കാത്തു സൂക്ഷിക്കുന്നുണ്ട്. തുടക്കത്തില്‍ ഭൗതികലോകത്തെ തീര്‍ത്തും സാധാരണമായ ഒരനുഭവം എന്ന രീതിയില്‍ കഥ കൊണ്ട് വന്നു അവസാനം അതീന്ദ്രിയമായ ഒരനുഭൂതിയില്‍ വായനക്കാരനെ കൊണ്ട് നിറുത്തുന്നു.. സംഭവ്യമായതില്‍ നിന്ന്, വായനക്കാരുടെ പ്രതീക്ഷകളെ പാടെ നിരാകരിച്ചു കൊണ്ട് അനിര്‍വചനീയമായ അനിശ്ചിതത്വത്തില്‍ കഥ വായനക്കാരെ കൊണ്ടെത്തിക്കുന്ന ഒരു മിസ്റ്റിക് അനുഭവം ആണ് കഥ പകരുന്നത്.

ആന്തരികമായ അനുഭവപരമ്പരകളെ ചെറു കഥയെന്ന സാഹിത്യസങ്കേതത്തിലേക്ക് വിനിമയം ചെയ്യുമ്പോള്‍ വായനക്കാരിലേക്ക് പകരുന്ന അനുഭൂതി വിശേഷം ഷിനി ലാലിന്റെ കഥകളിലൂടെ കടന്നു പോകുമ്പോള്‍ നമുക്ക് കിട്ടുന്നുണ്ട്..ആധുനിക ലോകത്തിന്റെ ബാഹ്യവും ആന്തരീകവുമായ സംഘര്‍ഷങ്ങളെ വ്യത്യസ്തമായ കഥാപരിസരങ്ങളില്‍ അദ്ദേഹം ആഖ്യാനം ചെയ്യുന്നു. എക്കാലത്തെയും മനുഷ്യന്റെ അസ്തിത്വ ദുഃഖത്തെ സ്പര്‍ശിച്ചു പോകുന്ന കഥാകാരന്‍ മുന്‍ തലമുറയിലെ പ്രതിഭാശാലിയായ ആനന്ദിന്റെ എഴുത്തു ശൈലിയുടെ ഒരു പിന്തുടര്‍ച്ച പ്രത്യക്ഷത്തില്‍ പ്രകടിപ്പിക്കുന്നുണ്ട്.. എങ്കിലും സൂക്ഷ്മ വായനയില്‍ ധ്വനിപ്രധാനമല്ലാത്ത ,വിശദമായ ഒരു ആഖ്യാനത്തിന്റെതായ ശൈലിയില്‍,വേറിട്ട,തനതായ ഒരു എഴുത്തു വഴിയില്‍സഞ്ചരിക്കുന്നതായി നമുക്ക് കാണാവുന്നതാണ്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കൂ

Comments are closed.