DCBOOKS
Malayalam News Literature Website

ബുദ്ധദര്‍ശനങ്ങളുടെ പാതയില്‍ ഒരു ആത്മസഞ്ചാരം

ഷൗക്കത്ത്

ബുദ്ധ വായിക്കുക എന്നു പറഞ്ഞാല്‍ നാം നമ്മളെ തന്നെ വായിക്കുക എന്നാണര്‍ത്ഥം. നാം നമ്മളിലേക്ക് നടത്തുന്ന യാത്രയാണത്. നമുക്ക് അന്യനിലേക്കും അന്യതയിലേക്കും സഞ്ചരിക്കണമെങ്കില്‍ വളരെ എളുപ്പമാണ്. അതിനുള്ള എല്ലാ സൗകര്യങ്ങളും സാധ്യതകളും ഇവിടെയുണ്ട്. എന്നാല്‍ നമുക്ക് നമ്മിലേക്കൊന്ന് പോയിവരണമെങ്കില്‍ ഇവിടെ യാതോരു മാര്‍ഗ്ഗങ്ങളും നിലവിലില്ല. യഥാര്‍ത്ഥത്തില്‍ നാം നമുക്ക് അന്യനാണ്. നമുക്ക് നമ്മെ അറിയില്ല. ഇനി അല്പമെങ്കിലും അറിയാമെങ്കില്‍ തന്നെ അത് അവനവന്റെ ഭാഗ്യരൂപത്തെ മാത്രമാണ്. അതും കണ്ണാടിയുള്ളതുകൊണ്ട്. ഈ ഭാഗ്യരൂപത്തിനപ്പുറത്തുള്ള ഒരു ഉണ്‍മ നമുക്കുണ്ടെന്നുള്ളത് ആരും ചിന്തിക്കാറെയില്ല. അതിനാദ്യം വേണ്ടത് നാം ഈ ശരീരം മാത്രമല്ല എന്ന ബോധമാണ്. ശരീരത്തിനപ്പുറത്തും നമ്മളെ നിലനിര്‍ത്തുന്ന ഒരു സ്വത്വമുണ്ടെന്ന് നാം കണ്ടെത്തേണ്ടിയും അനുഭവിക്കേണ്ടിയുമിരിക്കുന്നു. ബോധം, ബുദ്ധി, മനസ്സ്, പഞ്ചേന്ദ്രിയങ്ങള്‍, ശബ്ദസ്പര്‍ശരൂപരസന്ധാദികളായ ഗുണങ്ങള്‍, അങ്ങനെയങ്ങനെ ഒരുപാടൊരുപാട് കാര്യങ്ങള്‍ അദൃശ്യരായി നമുക്കൊപ്പമുണ്ട്. നമ്മളറിയാത്ത നമ്മുടെ ഒരദൃശ്യസാന്നിദ്ധ്യം എപ്പോഴുമുണ്ട്.

മനുഷ്യന് മനുഷ്യത്വത്തോടു കൂടി ഇരിക്കാന്‍ കഴിയുക എന്നുള്ളതാണ് വേണ്ടത്. അതു തന്നെയാണ് ബുദ്ധത്വം എന്നു പറയുന്നത്. നീയെന്നും ഞാനെന്നും നിങ്ങളെന്നുമുള്ള ചിന്തയെ ബോധസംസ്‌കാരംകൊണ്ട് മറികടക്കാനാകണം. ഒരു ദിവസം ഗുരു നിത്യയുടെ കൂടെ നടക്കാന്‍ പോകുമ്പോള്‍ വഴിയില്‍ പശുവിന്റെ ചാണകം കിടക്കുന്നതായി കണ്ടു. അത് കണ്ടപ്പോള്‍ ഗുരു നിത്യ പറഞ്ഞു ;ചാണകം കോരുവാന്‍ ഒരു കുട്ടയും തൂമ്പയും എടുത്തു കൊണ്ടുവരുവാന്‍. ഞാന്‍ ആശ്രമത്തില്‍ ചെന്ന് ഒരു കുട്ടയും തൂമ്പയും എടുത്തു കൊണ്ടുവന്ന് ചാണകം വാരി കുട്ടയിലാക്കി, അത് എടുത്ത് ആശ്രമത്തിലെ ചെടികള്‍ക്കിടാനായി കൊണ്ടുപോകാനൊരുങ്ങിയപ്പോള്‍ ഗുരു ചോദിച്ചു: ഇത് എവിടേക്കാണെന്ന്?ഞാന്‍ പറഞ്ഞു: ആശ്രമത്തിലേക്കാണെന്ന്. ഇത് കേട്ട് ഗുരു നിത്യ ചിരിച്ചു കൊണ്ട് പറഞ്ഞു;കുട്ടയില്‍ വാരിയ ചാണകം വഴിയരികിലെ ചെടികള്‍ക്കു തന്നെ ഇടാന്‍. എനിക്കപ്പോള്‍ ഗുരു പറഞ്ഞതുകേട്ട് ദേഷ്യം വന്നെങ്കിലും പിന്നീട് മനസ്സിലായി അതാണ് ബുദ്ധത്വം എന്നു പറയുന്നതെന്ന്. യഥാര്‍ത്ഥത്തില്‍ വെളിച്ചമുണ്ടാകുമ്പോഴാണ് നമ്മള്‍ ഇരുട്ടിനെ പ്രതി അസ്വസ്ഥരാകുന്നത്.

ബുദ്ധനെന്നാല്‍ ഈ പ്രകൃതി തന്നെയാണ്. പ്രകൃതി അനുസാരിയായിത്തീരുന്നതോടെ നാമും ബുദ്ധനായിത്തീരും.ചന്ദ്രശേഖര്‍ നാരായണന്റെ ഈ നോവല്‍ ഒരു യാത്രയാണ്. സാരാനാഥില്‍ നിന്നും ധര്‍മ്മചക്ര പ്രഘോഷണം കഴിഞ്ഞ് പാവനഗരിയിലെത്തുന്ന ബുദ്ധന്‍ തന്റെ പ്രിയശിഷ്യനായ ആനന്ദനും പൃഥിവി എന്ന ബാലികയുമൊരുമിച്ച് കുശിനാരയിലേക്ക് യാത്ര പുറപ്പെടുകയാണ്. രണ്ടോ മൂന്നോ നാളുകള്‍ മാത്രം നീണ്ടു നില്‍ക്കുന്ന ചെറിയൊരു യാത്ര. ആ യാത്ര ആസാധാരമായൊരു ജീവിതാനുഭവമാണ് വായനക്കാരുടെ ആസ്വാദന തലത്തില്‍ സൃഷ്ടിക്കുന്നത്. തത്ത്വചിന്താപരമായ ഈ കൃതി വായനക്കാരുടെ മനസ്സില്‍ സര്‍ഗാത്മകതയുടെ വലിയൊരു ചിന്താപ്രപഞ്ചംതന്നെ സൃഷ്ടിക്കുന്നുണ്ട്. ബുദ്ധന്റെ എല്ലാ യാത്രകളും സൂക്ഷ്മാര്‍ത്ഥത്തില്‍ തന്നിലേക്കു തന്നെയുള്ള യാത്രകളായിരുന്നു. ബുദ്ധന്‍ ജീവിതത്തിന്റെ സത്യമെന്താണെന്നു കണ്ടെത്തിയതു തന്നെ പുറത്തേക്കുള്ള യാത്രകളിലൂടെയായിരുന്നില്ല. തന്നിലേക്കുള്ള അതിസൂക്ഷ്മ സഞ്ചാരങ്ങളില്‍ നിന്നായിരുന്നു. അതു കൊണ്ടുതന്നെ പുറത്തേക്ക് നോക്കാനല്ല ബുദ്ധന്‍ നമുക്ക് പഠിപ്പിച്ചു തരുന്നത്, നാം തന്നെ നമ്മുടെ വെളിച്ചമായി മാറാനാണ്. അങ്ങനെ സ്വയം ഒരു ബുദ്ധനായിത്തീരാനും.

ചന്ദ്രശേഖര്‍ നാരായണന്റെ ബുദ്ധ എന്ന നോവലിന് സാഹിത്യകാരന്‍ ഷൗക്കത്ത് എഴുതിയ വായനാനുഭവം.

Comments are closed.