DCBOOKS
Malayalam News Literature Website

തെരുവുകളും യാത്രകളും കുരിശിന്റെ വഴിക്ക് സമാനമായ ആത്മകഥ…”അറ്റുപോകാത്ത ഓർമ്മകൾ”!

പ്രൊഫ. ടി ജെ ജോസഫിന്റെ ആത്മകഥ “അറ്റുപോകാത്ത ഓർമ്മകൾ” വായിച്ചു തീർത്തത് റോമിലെ സാൻ കമ്മില്ലോ ആശുപത്രിയുടെ ക്യാൻസർ വാർഡിനു മുൻവശത്തുള്ള ഒരു ചെറു തോട്ടത്തിലിരുന്നു കൊണ്ടാണ്. സുപ്പീരിയറിന് കീമോതെറാപ്പി ചെയ്യാൻ കൂട്ടു വന്നതാണ്. നൊമ്പരങ്ങൾ നിറഞ്ഞ അന്തരീക്ഷം ആയതു കൊണ്ടായിരിക്കണം പുസ്തകത്തിന്റെ ലോകത്തിൽ ആയിരുന്ന ഞാനും അവാച്യമായ ഒരു നീറ്റൽ അനുഭവിച്ചതെന്ന് തോന്നുന്നു.

പുസ്തകത്തെ കുറിച്ച് എന്തെങ്കിലും കുറിക്കണം എന്ന് പലരും എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആത്മകഥയാണ് വായിച്ചു കഴിഞ്ഞത് അതുകൊണ്ടുതന്നെ ഏറ്റവും അനുയോജ്യമായത് mimetic criticism തന്നെയായിരിക്കും. അരിസ്റ്റോട്ടിലിന്റെ കാലം മുതലുള്ള നിരൂപണ/ വിമർശന ശൈലിയാണിത്. ഏടുകളിലുള്ള ലോകത്തെ വായനക്കാരന്റെ ജീവിത യാഥാർത്ഥ്യവുമായി ബന്ധപ്പെടുത്തിയുള്ള വായനയാണ് mimetic criticism. പുസ്തകം പ്രതിപാദിക്കുന്ന ലോകം തന്റെ ചുറ്റിലുമുണ്ട് എന്ന് വായനക്കാരൻ അനുഭവിച്ചറിയുന്നതാണ് അത്. തന്റെ ചുറ്റിലും സംഭവിക്കുന്ന പലതിന്റെയും സത്യാവസ്ഥ പുസ്തകം വെളിപ്പെടുത്തുന്നുണ്ട് എന്നറിയുമ്പോൾ വായനക്കാരൻ അനുഭവിക്കുന്നത് കേവലമൊരു catharsis മാത്രമല്ല. അതിലുപരി പുസ്തക താളുകളിലൂടെ വായനക്കാരൻ മനുഷ്യൻ എന്ന മഹാ രഹസ്യത്തിന്റെ സാർവത്രികതയിലേക്ക് ഊളിയിട്ടറങ്ങും. ആ അവസ്ഥയിലേക്ക് ഒരു വായനക്കാരൻ എത്തുകയാണെങ്കിൽ ആ പുസ്തകം അവനെ സംബന്ധിച്ചത് ഒരു കഥയോ ചരിത്രമോ ഒന്നും തന്നെയല്ല. അത് ജ്ഞാനമാണ്. മനുഷ്യൻ എന്ന മഹാ രഹസ്യത്തിലേക്ക് കൈപിടിച്ചു നടത്തുന്ന തത്വജ്ഞാനമാണ്. “അറ്റുപോകാത്ത ഓർമ്മകൾ” വെറുമൊരു ആത്മകഥ മാത്രമല്ല. ഒരു philosophy of man കൂടിയാണ്.

ഞാനൊരു അനുസരണയുള്ള വായനക്കാരനല്ല. അതായത് എഴുത്തുകാരനും പുസ്തകവും എന്തു പറയുന്നുവോ അതിനോട് എല്ലാത്തിനോടും ഏറാൻ മൂളി അവരോടൊപ്പം അനുസരണയോടെ നടക്കുന്ന വായനക്കാരനല്ല. എഴുത്തുകാരൻ തന്റെ പുസ്തകത്തിന്റെ ആദ്യ അഞ്ചു താളുകളിലൂടെ ആ പുസ്തകത്തിന്റെ ലോകത്തെക്കുറിച്ച് എന്നെ ബോധ്യപ്പെടുത്തിയില്ലെങ്കിൽ അത് പിന്നെ വായിക്കാറില്ല. അതുകൊണ്ടുതന്നെ പുസ്തകങ്ങൾ വളരെ ശ്രദ്ധയോടെ വാങ്ങികാറുള്ളൂ. അതുമാത്രമല്ല വായിക്കാൻ ഇഷ്ടപ്പെടുന്നത് ഫിലോസഫിക്കൽ പുസ്തകങ്ങളാണ്. കഥകളും നോവലുകളും വല്ലപ്പോഴും മാത്രം.

ചെറിയൊരു ചെറുത്തു നിൽപ്പോടു കൂടിയാണ് ഞാനീ പുസ്തകത്തിലേക്ക് പ്രവേശിച്ചത്. ആദ്യമായിട്ടാണ് ഒരു മലയാളിയുടെ ആത്മകഥ വായിക്കുന്നത്. ആത്മകഥകൾ അങ്ങനെയൊന്നും വായിച്ചിട്ടില്ല എന്ന് തന്നെ പറയാം. ഗാന്ധി, വിശുദ്ധ അഗസ്റ്റിൻ, വിശുദ്ധ കൊച്ചുത്രേസ്യ എന്നിവരുടെ ആത്മകഥകൾ മൈനർ സെമിനാരി കാലയളവിൽ വായിച്ചിട്ടുണ്ട്. കോളേജ് കാലഘട്ടത്തിൽ ഏലി വീസൽ, ആൻഫ്രാങ്ക്, വിക്ടർ ഫ്രാങ്കിൽ, അഹറോൻ അപ്പെൽഫെൽദ്, പ്രീമോ ലേവി തുടങ്ങിയവരുടെ ഓഷ് വിറ്റ്സ് ആത്മകഥകളും വായിച്ചു നൊമ്പരപ്പെട്ടിട്ടുണ്ട്.

Prof T J Joseph-Attupokatha Ormakal57 അദ്ധ്യായമുള്ള പുസ്തകം രണ്ടു ഭാഗമായിട്ടാണ് തിരിച്ചിരിക്കുന്നത്. ആദ്യഭാഗം ചടുലവും തീവ്രവുമാണ്. സൂക്ഷ്മമായി നിരീക്ഷിച്ചാൽ ആദ്യഭാഗം carnivalesque സാഹിത്യ ഗണത്തിൽ പെട്ട രചനയാണെന്ന് തോന്നും. Carnivalesque ശൈലിയുടെ പ്രത്യേകത എന്തെന്നാൽ അലച്ചിലും ആൾക്കൂട്ടവും തെരുവുകളുമെല്ലാം കഥാപാത്രങ്ങളായി മാറും. നോക്കുക, ഈ ആത്മകഥയിൽ യാത്രയും തെരുവും പാതകളും കഥാപാത്രങ്ങളായി നിറയുന്നുണ്ട്. Carnivalesque രചനകളിൽ വായനക്കാരൻ ഒരു കാഴ്ചക്കാരനായി മാറും. വെറുമൊരു കാഴ്ചക്കാരൻ അല്ല നിസ്സഹായനായ ഒരു കാഴ്ചക്കാരൻ. കാരണം ഈ ആത്മകഥയിലെ തെരുവുകളും യാത്രകളും കുരിശിന്റെ വഴിക്ക് സമാനമാണ്. ഉദാ: ” പരശുരാമന്റെ മഴു” എന്ന അധ്യായത്തിൽ വായനക്കാരനും നിസ്സഹായനായ ഒരു കാഴ്ചക്കാരനായി സിരകളിൽ വിറങ്ങലനുഭവിച്ചു നിന്നുപോകുന്നുണ്ട്. Carnivalesque രചനകളുടെ മറ്റു ശൈലികളും ആദ്യഭാഗത്ത് തെളിഞ്ഞു നിൽക്കുന്നുണ്ട്. അതായത് ചില വാചകങ്ങൾ നിരന്തരം ആവർത്തിക്കുക (ഉദാ: ചോദ്യപേപ്പറിന്റെ കാര്യം), സംഭാഷണങ്ങൾ തീക്ഷണമായിരിക്കും. അതിലുപരി ഇങ്ങനെയുള്ള സാഹിത്യത്തിൽ കൂടെ ഉള്ളവർ എന്ന് വിചാരിക്കുന്നവർ തന്നെയായിരിക്കാം എതിരാളികളായി മാറുക (ഉദാ: കോളേജ് മാനേജ്മെൻറ്, ബിഷപ്പ് ഹൗസ്). Carnivalesque ന്റെ മറ്റൊരു പ്രത്യേകതയാണ് ദൈവത്തിനെയും മത-രാഷ്ട്രീയ അധികാരങ്ങളെയും സാമൂഹിക നിയമത്തെയും വെല്ലുവിളിക്കുക എന്നത്. അതെല്ലാം ഒരു melancholic ഭംഗിയോടെ പുസ്തകത്തിന്റെ ആദ്യഭാഗത്ത് നിറഞ്ഞുനിൽക്കുന്നുണ്ട്.

ആത്മകഥയാണോ ആത്മകഥാംശമുള്ള നോവലാണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത രീതിയിലുള്ള ഒരു രചനാശൈലി. അറുപത്തിയൊന്നാം പേജിൽ എത്തിയപ്പോൾ ആത്മകഥയ്ക്കുളിൽ ഒരു സർറിയലിസ്റ്റിക് എലമെൻറ് കണ്ടു. അപ്പോൾ എന്നിലെ അനുസരണയില്ലാത്ത വായനക്കാരൻ ഉണർന്നു. ആത്മകഥാംശമുള്ള നോവലാണോ ഇത്? ജയശ്രീ മിശ്രയുടെ Ancient Promises പോലെയുള്ള വല്ലതുമാണോ? ഇല്ല. എന്റെ ചുറ്റിലുമുള്ള യാഥാർത്ഥ്യവുമായിട്ടാണ് പുസ്തകം സംവാദിക്കുന്നത്. ഈ പുസ്തകത്തിലെ ലോകത്തിൽ എവിടെയോ ഞാനുമുണ്ട്. വായന പിന്നെ നിർത്തിയില്ല.

വേദന, നിസ്സഹായവസ്ഥ, ഭയം, വിഷാദം മുറ്റി നിൽക്കുന്ന അന്തരീക്ഷം മുതലായവകളാണ് പുസ്തകത്തിന്റെ ആദ്യഭാഗത്തെ വൈകാരിക പശ്ചാത്തലം. എങ്കിൽ തന്നെയും ആ പശ്ചാത്തലത്തിന്റെ ഉള്ളിൽ നിന്നു കൊണ്ടു പോലും എഴുത്തുകാരൻ ചിലയിടങ്ങളിൽ ഹാസ്യാത്മകത ചേർത്തുവയ്ക്കുന്നുണ്ട്. അദ്ദേഹം സ്വയം ഒരു കോമാളിയായി മാറി വായനക്കാരൻ അനുഭവിക്കുന്ന സംഘർഷത്തെ ലഘൂകരിക്കുവാൻ ശ്രമിക്കുന്നുണ്ട്. Amos Oz ന്റെയും Milan Kundera യുടെയും കൃതികളിൽ ഇതുപോലെ ഹാസ്യങ്ങൾ കടന്നുവരുന്നത് ഈയുള്ളവൻ കണ്ടിട്ടുണ്ട്. വേദനയെ ചെറുപുഞ്ചിരിയോടെ വിവരിക്കുകയെന്നത് എല്ലാവർക്കും കിട്ടുന്ന കഴിവല്ല. അത് അനുഗ്രഹമാണ്.

സത്യസന്ധതയാണ് പുസ്തകത്തിന്റെ ഗതി (tenor). എങ്കിലും “കേസ് ഡയറി” എന്ന അദ്ധ്യായം വായിച്ചപ്പോൾ വരികൾക്കുള്ളിലെ നൈതികത അവ്യക്തമാണോ എന്ന് സംശയിച്ചുപോയി. പേരുകളില്ലാത്ത കുറെ കഥാപാത്രങ്ങൾ അവിടെ നിറഞ്ഞു നിൽക്കുന്നു. ഇതെങ്ങനെ സംഭവിച്ചു? ഇത്രയും നേരം എല്ലാവരുടെയും പേരുകൾ കുറിച്ച എഴുത്തുകാരൻ തന്റെ ശൈലി മാറ്റിയിരിക്കുന്നു. തന്റെ കൈകൾ വെട്ടി മുറിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ആ ആക്ഷൻ ഹീറോമാരുടെയും സൂത്രധാരന്മാരുടെയും പേരും വിവരങ്ങളും ഒന്നും തന്നെയില്ല. പിന്നെയാണ് മനസ്സിലായത് മുസ്ലിം നാമധാരികളായ കഥാപാത്രങ്ങളിൽ ആരുടെയും പേരുകൾ എഴുത്തുകാരൻ നൽകിയിട്ടില്ല. രണ്ടു പേരൊഴിച്ച്, സുലൈമാനും ജബ്ബാറും. എഴുത്തുകാരൻ ഇപ്പോഴും ആരെയൊക്കെയോ ഭയക്കുന്നുണ്ട്. അല്ലെങ്കിൽ ആ അധ്യായത്തിൽ എഡിറ്ററുടെ കൈകടത്തൽ നല്ലതുപോലെ ഉണ്ടായിട്ടുണ്ടാകണം. കാരണം ആ അധ്യായം മറ്റ് അധ്യായങ്ങളിൽ നിന്നും ഭാഷാപരമായും ശൈലി പരമായും വേറിട്ടു തന്നെയാണ് നിൽക്കുന്നത്.

പിന്നെയും മുന്നിലേക്ക് തന്നെ വായിച്ചു. മുപ്പത്തി നാലാമത്തെ അധ്യായത്തിന് തലക്കെട്ട് ഇല്ല. പക്ഷേ കണ്ണു നനയാതെ ആ അധ്യായം തീർക്കുവാൻ സാധിക്കില്ല. ആദ്യ ഭാഗം വായിച്ചുകഴിയുമ്പോൾ ഓഷ്വിറ്റ്സ് കൃതികൾ വായിച്ച് കഴിയുമ്പോൾ ലഭിക്കുന്ന തരത്തിലുള്ള ഒരു വിമലീകരണം ഉള്ളിനുള്ളിൽ സംഭവിച്ചിരിന്നു. അധികം എഴുതുന്നില്ല. രണ്ടാം ഭാഗത്തെക്കുറിച്ച് പിന്നീട് എഴുതാം. വായിക്കണം ഈ പുസ്തകം എന്റെ വൈദിക സുഹൃത്തുക്കൾ എല്ലാവരും. വായിക്കണം ഈ പുസ്തകം മതത്തിനെ ഒരു ലഹരിയായി കരുതുന്നവരെല്ലാവരും. വായിക്കണം ഈ പുസ്തകം സഹജന്റെ വേദനയുടെ മുമ്പിലിരുന്ന് മുട്ടു ന്യായം പറഞ്ഞു ശീലിച്ചിട്ടുള്ളവരെല്ലാവരും. വായിക്കണം ഈ പുസ്തകം നീതി പാലനത്തിന്റെ പേരിൽ പള്ള നിറക്കാൻ ശ്രമിക്കുന്ന എല്ലാ ഏമാൻമാരും.

എഴുതിയത് ; ഫാദർ മാർട്ടിൻ എൻ. ആന്റണി

Comments are closed.