DCBOOKS
Malayalam News Literature Website

ഓരോ വരിയിലും തിങ്ങി നിറയുന്ന ജീവിതം!

വിനോയ് തോമസിന്റെ ‘പുറ്റ്’ എന്ന നോവലിന്  മുരളി മീങ്ങോത്ത് എഴുതിയ വായനാനുഭവം

 

ഇത്ര വേഗതയോടെ മുമ്പ് വായന നീങ്ങിയത് എസ് കെ പൊറ്റക്കാട്ടിന്റെ “ഒരു ദേശത്തിന്റെ കഥ ” വായിക്കുമ്പോഴാണ്. വിനോയ് തോമസിന്റെ ,382 പേജുള്ള ” പുറ്റ് ” എന്ന നോവൽ വായിച്ചത് ഒരാഴ്ചയ്ക്കുള്ളിലാണ്. പെരുമ്പാടി എന്ന വടക്കേമലബാറിലെ സങ്കൽപ്പിക ഗ്രാമത്തിൽ കുടിയേറിപ്പാർത്ത കുറേ മനുഷ്യരുടെ കഥ, ഏറെ ചാരുതയോടെ, ആഖ്യാന മിഴിവോടെ പറഞ്ഞിരിക്കുന്നു. കൃതിമമായ ഭാഷയുടെ വളച്ചു കെട്ടലൊന്നുമില്ലാതെ അത് പെരുമ്പാടി പുഴയിലെ വെള്ളം പോലെ ഒഴുകുന്നു.

കേന്ദ്ര കഥാപാത്രമായ ജറമിയാസ് പോൾ ജീവിതത്തെ ക്കുറിച്ച് നടത്തുന്ന നിരീക്ഷണം നോക്കു;

” പുറത്തറിയാത്ത എല്ലാ പാപങ്ങളേയും, കാലം ശീലങ്ങളാക്കി മാറ്റുന്നു. അല്ലെങ്കിൽ പുറത്തറിയാത്തിടത്തോളം ഒരു പ്രവൃത്തിയും പാപങ്ങളാകുന്നില്ല. ഒരൊറ്റ വ്യക്തിയ്ക്ക് അവനവന്റെ ചെയ്തികളെ പുണ്യപാപങ്ങളെന്ന് വേർതിരിക്കാൻ കഴിയില്ലല്ലോ. അവനെ സംബന്ധിച്ചെടുത്തോളം അത് കർമ്മം മാത്രമാണ്. കർമ്മങ്ങളെ തെറ്റും ശരിയുമായി തിരിക്കുന്നത് മനുഷ്യന്റെ കൂട്ട് ജീവിതമാണ്. ”

Textഗർഭിണിയായ മകളെയും കൂട്ടി പെരുമ്പാടിയിലേക്ക് ഒളിച്ചോടിയ ചെറു കാനാ കാരണവരുടെ തുടർച്ചയാണ് ജറമിയാസ്.

പിതാവ് പോൾ സാറിനെ പിന്തുടർന്ന് പെരുമ്പാടിയിലെ തർക്കങ്ങൾക്ക് മധ്യസ്ഥം വഹിക്കുന്ന പ്രസിഡന്റ്‌. പെരുമ്പാടിയിലെ നൂറോളം വരുന്ന മനുഷ്യരുടെ രഹസ്യവും പരസ്യവുമായ ജീവിതമാണ് പുറ്റ് എന്ന വിശാലമായ ക്യാൻവാസിൽ ഒരു ചലച്ചിത്രം പോലെ ഒരുക്കിയിരിക്കുന്നത്. സദാചാര ലംഘനം എന്ന ഭയമില്ലാതെ, അതുണ്ടാകുമ്പോൾ ഒളിച്ചോടുന്ന സാധാരണ മനുഷ്യർ. അവർ കൃഷി ചെയ്തോ മറ്റൊ ഉപജീവനം കണ്ടെത്തുന്നു, പ്രണയിക്കുന്നു, വെട്ടി പിടിയ്ക്കുന്നു… ബന്ധങ്ങളും സ്വത്തുക്കളും.

എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും അത്തരം “glorified escape” ആണെന്ന് വിനോയ് നിരീക്ഷിക്കുന്നുണ്ട്. കഥാപാത്രങ്ങളുടെ സമൃദ്ധമായ പരിചരണം കൊണ്ട് ഒരു ദേശത്തിന്റെ കഥയെയും മുകുന്ദന്റെ നോവലുകളെയും നമ്മൾ ഓർത്തു പോകും.

പെരുമ്പാടിയിലെ പുഴയും, ഇലുമ്പി മരവും, മലയും സജീവമാകുന്ന ജൈവികത നോവലിനുണ്ട്. ഒടുവിൽ പെയ്യുന്ന പെരുമഴയിൽ പെരുമ്പാടിയുടെ രൂപം തന്നെ മാറുന്നു. അതിനിടയിൽ വന്നു പോകുന്ന നവീകരണ ഭവനത്തിലെ പോൾ സാറും, കത്രീന അമ്മയും, എൽസിയും അരുണും, നീരുവും. വിചിത്ര സ്വഭാവങ്ങൾ കൊണ്ട് നർമ്മ മുണർത്തുന്ന കൊച്ച രാഘവൻ, ലൂയിസ്, പ്രസന്നൻ, കൊച്ചാണ്ടി, ത്രേസ്യ,രാവുണ്ണി വേലു, ഷുക്കൂർ ഹാജി അങ്ങനെ കുറേപ്പേർ. ശരി തെറ്റുകളുടെ ഭാരമറിയാതെ ജീവിതത്തിന്റെ മാറുകര കാണാൻ ശ്രമിക്കുന്നവർ.
എല്ലാവർക്കും നേർവഴി കാണിക്കുന്ന ജർമ്മിയാസിന് തന്റെ ജീവിതത്തെ നിയന്തിക്കാൻ കഴിയുന്നില്ല. കാടു മൂടിയ നവീകരണ ഭവനത്തിലേക്ക് തിരികെയെത്തുമ്പോൾ ജർമ്മിയാസിനെ വരവേൽക്കുന്നത് വീട്ടിൽ കൂടിയ പുറ്റുകളാണ്.

” ജറമിയാസ് പുറ്റിന് ചുവട്ടിൽ വന്ന് അതിലൊന്ന് തൊട്ട് നോക്കി, ഉറച്ചു പോയ മണ്ണ്, ഉള്ളിൽ അനേകം അറകൾ ഉണ്ടാകും, ഓരോ അറയിലും തിങ്ങി നിറഞ്ഞു പാഞ്ഞു കൊണ്ടിരിക്കുന്ന ജീവിതങ്ങളുണ്ടോ?”

ഓരോ വരിയിലും തിങ്ങി നിറഞ്ഞ ജീവിതം. മലയാള നോവലിൽ കുടിയേറ്റത്തിന്റെ ചരിത്രത്തിലേക്ക് ഇതിനെ ചേർത്ത് വെയ്ക്കാം.

 

Comments are closed.