DCBOOKS
Malayalam News Literature Website

കെ.ടി. രവിവർമ്മ അന്തരിച്ചു

പ്രശസ്ത ചരി​ത്രകാരനും കൊച്ചി രാജകുടുംബാംഗവുമായ കെ.ടി. രവിവർമ്മ (കുഞ്ഞുണ്ണി വർമ്മ -85) അന്തരിച്ചു. മുംബൈയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാരം നടത്തി​.

മദ്രാസ്, ബോംബെ സർവകലാശാലകളിൽ വിദ്യാഭ്യാസത്തിനു ശേഷം മുംബൈ എസ്.ഐ.ഇ.എസ് കോളേജിൽ അദ്ധ്യാപകനായ വർമ്മ ജന്തുശാസ്ത്ര വിഭാഗം മേധാവിയായാണ് വിരമിച്ചത്. ആര്യന്മാരുടെ ഉത്ഭവം, മരുമക്കത്തായം, ഋഗ്വേദം മുതൽ ഓണപ്പാട്ടു വരെ, പണ്ടത്തെ മലയാളക്കര, പരശുരാമൻ – ഒരു പഠനം, തൃപ്പൂണിത്തുറ വിജ്ഞാനം എന്നിങ്ങനെ നി​രവധി​ ഗ്രന്ഥങ്ങൾ രചി​ച്ചി​ട്ടുണ്ട്. കെ.ടി.രവിവര്‍മ്മയുടെ ‘മഹാബലി എന്ന മിത്തും ഓണത്തിന്റെ ചരിത്രവും’ എന്ന പുസ്തകം ഡി സി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

രൺജിത് ദേശായി മറാഠിയിൽ രചിച്ച ‘രാജാരവിവർമ്മ’ വി​വർത്തനം ചെയ്തു. ഇതിന് കേരളസാഹിത്യ അക്കാദമി അവാർഡു ലഭിച്ചു. സന്ത് ജ്ഞാനേശ്വറി​ന്റെ ‘ജ്ഞാനേശ്വരി’ തർജ്ജമ ചെയ്തി​ട്ടുണ്ട്. ഡോ. അംബേദ്കറുടെ സമ്പൂർണകൃതി​കളുടെ വി​വർത്തനം കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടാണ് പ്രസി​ദ്ധീകരി​ച്ചത്. ‘കേരള അദ്ധ്യാത്മികചരിത്രം’ എന്ന പുസ്തകം അച്ചടിയിലിരിക്കെയാണ് മരണം.

Comments are closed.