DCBOOKS
Malayalam News Literature Website

കേരള രാഷ്ട്രീയം മുന്നോട്ട് തന്നെ…: എസ്. കെ. സജീഷ്‌

കേരള രാഷ്ട്രീയം മുന്നോട്ട് തന്നെയാണെന്നും പണ്ടുകാലത്ത് നിലനിന്നിരുന്ന ഒരുപാട് അനാചാരങ്ങളെ ഇല്ലാതാക്കി മുന്നോട്ട് കുതിക്കാന്‍ നമുക്ക് ആയിട്ടുണ്ടെന്നും ആ പഴയ കാലത്തേക്ക് കൊണ്ടുപോകാനാണ് ചില പ്രമുഖ പ്രസ്ഥാനങ്ങള്‍ ശ്രമിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
കേരള സാഹിത്യോത്സവത്തിന്റെ വേദിയില്‍ സംഘടിപ്പിക്കപ്പെട്ട ‘രാഷ്ട്രീയ കേരളം എങ്ങോട്ട്’ എന്ന സംവാദത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയോ രാമജന്മഭൂമിയോ അല്ല നമ്മുടെ നാട് നേരിടുന്ന പ്രശ്‌നം എന്നും മരിച്ചു വീഴുന്ന മനുഷ്യരെ കുറിച്ചാണ് നാം ചര്‍ച്ച ചെയ്യേണ്ടതെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. ചര്‍ച്ചയില്‍ എം. കെ. മുനീര്‍ എം.എല്‍.എ, ടി. സിദ്ധീഖ്, എസ്. കെ. സജീഷ്‌ എന്നിവര്‍ പങ്കെടുത്തു
കേരളം സവിശേഷ സ്വഭാവമുള്ള സംസ്ഥാനമാണെന്നും ശബരിമല വിഷയത്തില്‍ ഭരണനേതൃത്വം ഇറക്കിയ പ്രസ്താവന തികച്ചും അപലപനീയമാണെന്നും എം. കെ. മുനീര്‍ സൂചിപ്പിച്ചു. കേരളത്തില്‍ ഇന്ന് നടന്നുകൊണ്ടിരിക്കുന്നത് 2 പ്രസ്ഥാനങ്ങളുടെ പോരാട്ടമാണെന്നും ഒന്നുകില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അല്ലെങ്കില്‍ ബി.ജെ.പി എന്നീ രണ്ട് അവസരങ്ങളാണ് ഇന്നുള്ളത്. സമാധാനത്തിന്റെ കൂടെ നില്‍ക്കുന്നവരെ ഈ രണ്ടു പ്രസ്ഥാനങ്ങളും ചേര്‍ന്ന് ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ രണ്ടു പ്രസ്ഥാനങ്ങള്‍ക്ക് ഇടയില്‍ നിന്ന് വീര്‍പ്പുമുട്ടുന്നത് ഇവിടെയുള്ള സാധാരണക്കാരായ പൊതുജനം ആണെന്നും മിഠായിതെരുവ് പോലുള്ള മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന ഒരു പ്രദേശത്തുപോലും വര്‍ഗീയ ധ്രുവീകരണം നടന്നിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. പോര്‍വിളി നടത്തുന്ന ഭരണകൂടമാണ് ഇവിടെ ഉള്ളത്. പ്രളയാനന്തരം കേരളസമൂഹത്തിന് ഉണ്ടായ മതനിരപേക്ഷ മാറ്റങ്ങളെ തകര്‍ക്കാനാണ് ഇവിടെ പലരും ശ്രമിക്കുന്നത് എന്ന് എം. കെ. മുനീര്‍ പറഞ്ഞു.
പ്രളയ സമയത്ത് നമ്മുടെ മാനവികതയും ജനാധിപത്യവും എടുത്തുകാണിച്ചിരിന്നു. ഇന്ന് ആ മാനവികത ഇല്ലാതായി എന്ന് ടി. സിദ്ദീഖ് അഭിപ്രായപ്പെട്ടു. കേരളത്തില്‍ ഇന്ന് കമ്മ്യൂണല്‍ ഫാസിസവും പൊളിറ്റിക്കല്‍ ഫാസിസവും പരസ്പരം ഭീകരമായി ഏറ്റുമുട്ടുകയാണ് എന്നും ഇത് നാടിനാപത്താണ് എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. നിശബ്ദമായി സമാധാനം കാംക്ഷിക്കുന്ന ഒരു പൊതുസമൂഹത്തെ പാര്‍ശ്വ വല്‍ക്കരിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
സമാധാനപരമായി തുടങ്ങിയ ചര്‍ച്ചയ്ക്കിടയില്‍ ചില തര്‍ക്കങ്ങള്‍ രൂപപ്പെട്ട് എങ്കിലും അത് പിന്നീട് പരിഹരിക്കപ്പെടുകയും ചെയ്തു. രാഷ്ട്രീയ വിഷയങ്ങളെ വിശകലന വിധേയമാക്കിയ ഈ സെക്ഷന്‍ ശ്രദ്ധേയമായി.

Comments are closed.