DCBOOKS
Malayalam News Literature Website
Rush Hour 2

വായനാദിനത്തില്‍ ‘മാമ ആഫ്രിക്ക’ വായിക്കാന്‍ ആരംഭിച്ചുവെന്ന് രമേശ് ചെന്നിത്തല

വായനാദിനത്തില്‍ പ്രശസ്ത എഴുത്തുകാരന്‍ ടി.ഡി രാമകൃഷ്ണന്റെ മാമ ആഫ്രിക്കയെന്ന പുതിയ നോവല്‍ വായിക്കാന്‍ ആരംഭിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്നത്തെ എഴുത്തുകാരില്‍ തനിക്ക് ഏറെയിഷ്ടമുള്ള എഴുത്തുകാരനാണ് ടി.ഡി രാമകൃഷ്ണനെന്നും ആകാംക്ഷ ഉണര്‍ത്തുന്ന രീതിയിലുള്ള അദ്ദേഹത്തിന്റെ അവതരണ ശൈലി ഏറെ ആകര്‍ഷിക്കുന്നുവെന്നും രമേശ് ചെന്നിത്തലയുടെ കുറിപ്പില്‍ പറയുന്നു.

“വായനാദിനത്തില്‍ ഇന്ന് വായിക്കാന്‍ തുടങ്ങിയ പുസ്തകം മാമ ആഫ്രിക്ക ആണ്. ഇന്നത്തെ എഴുത്തുകാരില്‍ എനിക്ക് ഏറെ ഇഷ്ടമുള്ള എഴുത്തുകാരനാണ് ടി. ഡി. രാമകൃഷ്ണന്‍. സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, ആല്‍ഫ,ഫ്രാന്‍സിസ് ഇട്ടിക്കോര തുടങ്ങിയ അദ്ദേഹത്തിന്റെ എല്ലാപുസ്തകങ്ങളും ഏറെ ആഹ്ലാദത്തോടെയാണ് ഞാന്‍ വായിച്ചുതീര്‍ത്തത്. പുസ്‌തകങ്ങളെക്കുറിച്ച് പ്രിയഎഴുത്തുകാരനുമായി ഏറെ സംസാരിച്ചിട്ടുണ്ട്. ആകാംക്ഷ ഉണര്‍ത്തുന്ന രീതിയിലുള്ള അവതരണ ശൈലി ഏറെ ആകര്‍ഷിക്കുന്നു.” രമേശ് ചെന്നിത്തല ഫെയ്സ്ബുക്കില്‍ കുറിച്ചു.

 പ്രവാസവും മലയാളഭാഷയും സാഹിത്യവും പ്രധാന വിഷയമാകുന്ന ടി.ഡി രാമകൃഷ്ണന്റെ മാമ ആഫ്രിക്ക ഡി സി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 120 കൊല്ലം മുമ്പ് കേരളം വിട്ടുപോയിട്ടും മലയാളത്തെ സ്‌നേഹത്തോടെ തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കി കൂടെക്കൊണ്ടുനടക്കുന്ന കുറച്ചുപേരുടെ കഥയാണ് മാമ ആഫ്രിക്കയിലൂടെ എഴുത്തുകാരന്‍ പറയാന്‍ ശ്രമിക്കുന്നത്. ആഫ്രിക്കയില്‍ ഇപ്പോഴുമുള്ള അവരുടെ പിന്‍ തലമുറകളുടെ കഥയാണ് നോവലിന്റെ കഥാപശ്ചാത്തലം. മലയാളത്തില്‍ എഴുതി ഇംഗ്ലീഷിലും സ്വഹിലിയിലും ഭാഷാന്തരം ചെയ്ത് പ്രസിദ്ധീകരിക്കുന്ന യുഗാണ്ടന്‍ എഴുത്തുകാരി താരാ വിശ്വനാഥിന്റെ രചനകളുടെ രൂപത്തിലാണ് ടി. ഡി രാമകൃഷ്ണന്‍ ഈ നോവല്‍ എഴുതുന്നത്. അധികാരശക്തികള്‍ക്കു മുമ്പില്‍ പൊരുതുകയും ഇരയാക്കപ്പെടുകയും ചെയ്യുന്നവരുടെ കഥ താരാ വിശ്വനാഥിലൂടെ ആവിഷ്‌ക്കരിക്കപ്പെടുന്നു. ഫ്രാന്‍സിസ് ഇട്ടിക്കോരയിലും സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിയിലും ഫിക്ഷന്റെ അതിമനോഹരമായ സാധ്യതകള്‍ ഉപയോഗിച്ച ടി.ഡി രാമകൃഷ്ണന്റെ ക്രാഫ്റ്റ് ഈ നോവലിലും വായനക്കാര്‍ക്ക് ആസ്വദിക്കാനാകും. മാമ ആഫ്രിക്കയുടെ രണ്ടാം പതിപ്പ് ഇപ്പോള്‍ വായനക്കാര്‍ക്ക് ലഭ്യമാണ്.

Comments are closed.