DCBOOKS
Malayalam News Literature Website

മാറി വരുന്ന രാമസങ്കല്പ്പം

കേരളസാഹിത്യോത്സവ വേദിയായ എഴുത്തോലയില്‍ തെളിഞ്ഞത് മാറി വരുന്ന രാമ സങ്കല്പത്തിന്റെ അപകടങ്ങളിലേക്കുള്ള വിരല്‍ ചൂണ്ടലായിരുന്നു എന്നത് ഒട്ടും അതിശയോക്തിയായിരിക്കില്ല. പി. സുരേഷ് നിയന്ത്രിച്ച ചര്‍ച്ചയില്‍ എം. എന്‍. കാരശ്ശേരി, സുനില്‍ പി. ഇളയിടം, എസ്. ഗോപാലകൃഷ്ണന്‍ എന്നിവര്‍ ഒന്നടങ്കം ചൂണ്ടി കാണിച്ചത് ഈ വിഷയം തന്നെയാണ്.

രാമന്‍ എന്ന സങ്കല്പം ഗാന്ധിയന്‍ വീക്ഷണത്തില്‍ നോക്കിക്കാണാനാണ് ചര്‍ച്ചയില്‍ ഏവരും ശ്രമിച്ചത്. രാമന്‍ ഗാന്ധിയുടെ വ്യക്തിജീവിതത്തില്‍ ചെലുത്തിയ സ്വാധീനത്തെ ചൂണ്ടിക്കാണിച്ചു കൊണ്ടാണ് കാരശ്ശേരി തന്റെ ആശയങ്ങള്‍ മുന്നോട്ടുവെച്ചത്. ആദികവിയായ വാത്മീകി തന്നെ രാമായണത്തില്‍ രാമനെ വിമര്‍ശന വിധേയനാക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ബാലിവധത്തെ ഉദാഹരണമാക്കിയാണ് ഈ വസ്തുതയെ അദ്ദേഹം ബലപ്പെടുത്തിയത്.രാമസങ്കല്പം സമകാലിക ഇന്ത്യയില്‍ വരുത്തിയ അപകടത്തെക്കുറിച്ചും ഗാന്ധി യഥാര്‍ത്ഥത്തില്‍ കണ്ട രാമനെക്കുറിച്ചും എസ്.ഗോപാലകൃഷ്ണന്‍ വാചാലനായി.’ ബലത്തിന്റെ മതത്തില്‍ സത്യവും അഹിംസയും ഇടകലര്‍ത്തി’ എന്ന ഗോഡ്‌സെയുടെ ചിന്തകളെ ചൂണ്ടി കാണിച്ചു കൊണ്ടാണ് സുനില്‍ പി. ഇളയിടം തന്റെ നിലപാടുകളെ ഉറപ്പിച്ചത്. ഗാന്ധിജി രുപപ്പെടുത്തിയ രാമ സങ്കല്പത്തെ സമകാലിക ഇന്ത്യയില്‍ തെറ്റായി വ്യാഖ്യാനിച്ചതിന്റെ അപകടത്തെക്കുറിച്ച് അദ്ദേഹം തുറന്നു പറഞ്ഞു.

രസകരമായ ചര്‍ച്ചയില്‍ സദസ്സ്യരുടെ ഭാഗത്തു നിന്നും ചോദ്യങ്ങള്‍ ഉയര്‍ന്നു. മതേതര ഇന്ത്യയുടെ മുന്നോട്ടു പോക്കാണ് പ്രധാനമെന്ന നിഗമനത്തോടെയാണ് ചര്‍ച്ച അവസാനിച്ചത്. ചര്‍ച്ചയില്‍ ഉടനീളം നിറഞ്ഞു നിന്ന നര്‍മ്മം തന്നെയാണ് ആ നിമിഷങ്ങളെ വ്യത്യസ്തമാക്കിയത്

Comments are closed.