DCBOOKS
Malayalam News Literature Website

നെഹ്‌റു എങ്ങനെ ശാസ്ത്രത്തിന്റെ വക്താവായി?

കോഴിക്കോട്: ‘ശാസ്ത്രം എന്നത് ടെസ്റ്റ്ട്യൂബ് കൊണ്ട് മാത്രം ഉണ്ടാവുന്നതല്ല, ശാസ്ത്രത്തിന് മാത്രമേ നിരക്ഷരത, വിശപ്പ് എന്നിവ തടയാന്‍ കഴിയൂ’ എന്ന നെഹ്‌റുവിന്റെ ആശയങ്ങള്‍ പങ്കുവച്ചായിരുന്നു രണ്ടാം ദിനത്തില്‍ ശാസ്ത്രബോധം: നെഹ്‌റുവിന്റെ പൈതൃകം എന്ന വിഷയത്തില്‍ നടന്ന സംവാദം ആരംഭിച്ചത്. മലയാളത്തിലെ പ്രശസ്ത എഴുത്തുകാരന്‍ ആനന്ദ്, ഗവേഷകനും എഴുത്തുകാരനുമായ സി.എസ്.ബാലകഷ്ണന്‍, സാംസ്‌കാരികപ്രവര്‍ത്തകനും ചിന്തകനും എഴുത്തുകാരനുമായ ഹമീദ് ചേന്ദമംഗലൂര്‍, പ്രൊഫ. ടി.പി കുഞ്ഞിക്കണ്ണന്‍ എന്നിവരായിരുന്നു സംവാദത്തില്‍ പങ്കെടുത്തത്.

പതിനേഴ് വര്‍ഷം പ്രധാനമന്ത്രി ആയിരുന്ന നെഹ്‌റു ഇന്ത്യയുടെ സാരഥ്യം ഏറ്റെടുത്ത സമയം വിവിധ വീക്ഷണങ്ങള്‍ ഉണ്ടായി. എങ്കിലും ഈ വൈരുദ്ധ്യങ്ങള്‍ക്കിടയിലൂടെ നെഹ്‌റു ശാസ്ത്രരംഗം പടുത്തുയര്‍ത്തിയെന്ന് ആനന്ദ് അഭിപ്രായപെട്ടു. ഇന്ത്യയുടെ ഇന്നുള്ള സങ്കീര്‍ണ്ണമായ വളര്‍ച്ചക്ക് കാരണം നെഹ്‌റുവിന്റെ ശാസ്ത്ര ബോധം ആണെന്ന വാക്കുകള്‍ വേദിയെ കീഴടക്കി. രണ്ട് പ്രതിഭാസങ്ങളെ സ്‌നേഹിച്ച രാഷ്ട്രീയ നേതാവായിരുന്നു നെഹ്‌റു എന്ന് ഹമീദ് ചേന്ദമംഗലൂര്‍ അഭിപ്രായപ്പെട്ടു. രാഷ്ട്രീയ പരീക്ഷണങ്ങളിലൂടെ തെളിയാതെ ഒന്നും അംഗീകരിച്ചുകൂടാ എന്നും അദ്ദേഹം പറഞ്ഞു. നെഹ്‌റുവിന്റെ ശാസ്ത്രബോധം രാജ്യത്തിന്റെ അടിത്തറ ഊട്ടിയുറപ്പിച്ചുവെന്നും സംവാദത്തില്‍ അഭിപ്രായമുയര്‍ന്നു.

Comments are closed.