DCBOOKS
Malayalam News Literature Website

കുറേ ദിവസങ്ങളായി റാമിനും, ആനന്ദിക്കും, വെട്രിക്കും, രേഷ്മക്കും, പാട്ടിക്കുമൊപ്പം യാത്രയിലായിരുന്നു ഞാനും!

അഖില്‍ പി ധര്‍മ്മജന്റെ  ‘റാം C/O ആനന്ദി‘ എന്ന പുസ്തകത്തിന് സാന്ദ്ര സോമൻ എഴുതിയ വായനാനുഭവം

കോവിഡ് മഹാമാരി ഓരോ നാൾ കഴിയുന്തോറും അതിക്രമിച്ചു കൊണ്ടിരിക്കുകയാണ്. സകല മനുഷ്യരുടെയും ജീവിതം മന്ദഗതിയിൽ ചലിച്ചു കൊണ്ടിരിക്കുകയാണ്. ഭാവിയെ കുറിച്ചോ എന്തിന് അടുത്ത ദിവസം എങ്ങനെ തള്ളി നീക്കുമോ എന്ന് പോലുമറിയാതെ മാനസിക പിരിമുറുക്കം അനുഭവിക്കുന്ന അനവധി മനുഷ്യരെ നമുക്ക് ചുറ്റിലും കാണാൻ സാധിക്കും.

ഏറെ നാളുകളായി ഇതേ മാനസിക പിരിമുറുക്കം കൊണ്ട് തന്നെ ഒന്നുമൊന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിലായിരുന്നു ഞാനും. ഏറ്റവും വിഷമകരമായ കാര്യം ഷെൽഫിൽ അടുക്കി വെച്ചേക്കുന്ന പുസ്തകങ്ങളെ ദയനീയമായി നോക്കുമ്പോഴായിരുന്നു. ഒന്ന് വായിക്കാൻ പോലും കഴിയാതെ തള്ളിനീക്കിയ ദിവസങ്ങൾ.

അങ്ങനെ ഇരിക്കെയാണ് പുസ്തകങ്ങൾ തുടച്ചു വെക്കുമ്പോൾ കയ്യിൽ അഖിൽ പി ധർമജന്റെ “റാം C/O ആനന്ദി” കിട്ടിയത്. കുറച്ച് നാളായി പുസ്തകം കയ്യിൽ ഉണ്ടെങ്കിലും വായിക്കാൻ പറ്റിയിരുന്നില്ല. പുസ്തകത്തെ കുറിച്ച് അനേകം നിരൂപണങ്ങൾ സമൂഹമാധ്യമങ്ങളിൽ കണ്ടതാണ്. അതുകൊണ്ട് തന്നെ ഏറെ നാളുകൾക്ക് ശേഷമുള്ള തുടക്കമെന്നോണം അത് തന്നെ വായിക്കാൻ തീരുമാനിച്ചു.

Textആലപ്പുഴ ജില്ലയിലെ ഒരു തീരദേശ ഗ്രാമത്തിൽ നിന്നും സിനിമ പഠിക്കാനും നോവലെഴുതാനുള്ള അനുഭവങ്ങൾ സ്വന്തമാക്കാനും വേണ്ടി ചെന്നൈ നഗരത്തിലേക്ക് ചേക്കേറിയ ശ്രീറാം എന്ന യുവാവിന്റെ ജീവിതത്തിൽ ചുരുങ്ങിയ കാലയളവിൽ നടക്കുന്ന വിചിത്രസംഭവങ്ങളുടെ ഒരു പരമ്പര തന്നെയാണ് “റാം C/O ആനന്ദി”.

പുസ്തകം ഒരു സിനിമാറ്റിക് നോവൽ ആയത് കൊണ്ട് തന്നെ ഓരോ അനുഭവങ്ങളും കഥാപാത്രങ്ങളും തിരശീലയിൽ കാണുന്നത് പോലെ അനുഭവപ്പെട്ടു. ജീവനുള്ള കഥാപാത്രങ്ങളെ സൃഷ്ടിച്ചെടുക്കാൻ എഴുത്തുകാരന് സാധിച്ചിട്ടുണ്ടെന്ന് നിസ്സംശയം പറയാം.

കുറേ ദിവസങ്ങളായി റാമിനും, ആനന്ദിക്കും, വെട്രിക്കും, രേഷ്മക്കും, പാട്ടിക്കുമൊപ്പം യാത്രയിലായിരുന്നു ഞാനും. അവരിലൊരാളായി അവരുടെ യാത്രയിൽ ഉടനീളം ഒപ്പമുണ്ടായിരുന്നു.

എന്നാൽ പ്രതീക്ഷകളെല്ലാം മറികടന്നുകൊണ്ട് മറ്റുള്ള കഥാപാത്രങ്ങളേക്കാൾ എനിക്കുള്ളിൽ സ്ഥാനം പിടിച്ച കഥാപാത്രമായിരുന്നു “മല്ലി”. സമൂഹത്തിൽ ഒരു ട്രാൻസ്ജെന്റർ നേരിടുന്ന കൊടിയ അവഗണനകളും പീഡനങ്ങളും ലോകത്തിന്റെ ഏത് കോണിലും പ്രകടമായി തന്നെ കാണാൻ സാധിക്കുന്ന ഒന്നാണ്. എന്നാൽ സാധാരണ മനുഷ്യരെ പോലെ അവരെയും കണ്ട് ചേർത്ത് നിർത്തുന്ന ആളുകളെ കുറിച്ച് ചിന്തിച്ചു നോക്കൂ. റാമിനോട് ഏറ്റവുമധികം സ്നേഹവും ബഹുമാനവും തോന്നിയ നിമിഷമായിരുന്നു അത്.

വർഷങ്ങൾക്ക് ശേഷം താൻ ജനിച്ചു വളർന്ന നാട്ടിലേക്ക് പുതിയ രൂപത്തിൽ മല്ലി കയറിചെല്ലുമ്പോൾ നേരിട്ട അവഗണന വായിച്ചു പൂർത്തിയാക്കാൻ സാധിക്കാതെ കരഞ്ഞു കൊണ്ട് പുസ്തകം അടച്ചു വെച്ചു. കുറേ നാളുകൾ അത് വായിക്കാൻ സാധിക്കുമായിരുന്നില്ല. സാവധാനം കുഴപ്പമില്ലെന്ന് തോന്നിയപ്പോഴാണ് വായന തുടർന്നതും അവസാനിപ്പിച്ചതും.

ഈയടുത്ത കാലത്തൊന്നും ഇത്രയും മനസ്സിനെ സ്വാധീനിച്ച ഒരു പുസ്തകം ഞാൻ വായിച്ചിട്ടില്ല. താങ്കളുടെ പുസ്തകം എന്റെ ഷെൽഫിനുള്ളിൽ ഇരിക്കുന്നതിലും, ഈ ആയുസ്സിൽ അത് വായിക്കാൻ പറ്റിയതിലും ഞാൻ വളരെയധികം സന്തോഷിക്കുന്നു. പുസ്തകമെഴുതിയതിന് നിറയെ സ്നേഹം മാത്രം. എന്നെങ്കിലും ഒരിക്കൽ കാണാൻ സാധിച്ചാൽ താങ്കളുടെ കയ്യൊപ്പ് ഈ പുസ്തകത്തിൽ പതിയണമെന്ന് ആഗ്രഹിക്കുന്നു. വൈകാതെ ഇത് സിനിമയായി കാണാനും ആഗ്രഹിക്കുന്നു. ഇനിയുമിനിയും കഥകൾ ഉരുത്തിരിയട്ടെ…കഥാപാത്രങ്ങൾ പിറവിയെടുക്കട്ടെ..!

പുസ്തകം ഇപ്പോള്‍ തന്നെ  ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

ലോക്ക്ഡൗണിൽ നിങ്ങളുടെ വായന ലോക്കാകാതിരിക്കാൻ ഇന്ന് തന്നെ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

Comments are closed.