DCBOOKS
Malayalam News Literature Website

എലിയുടെ മരണവെപ്രാളം

പ്രമോദ് രാമന്റെ ‘രക്തവിലാസം’ എന്ന ആദ്യ നോവലിലെ ഒരദ്ധ്യായം

തുടകളായിരുന്നു തന്റെ സൗന്ദര്യത്തിന്റെ ഉറവിടമെന്ന് നഗ്‌നയായി കണ്ണാടിയില്‍ നോക്കി ചെറുപ്പം തൊട്ടേ അഭിമാനിക്കാറുണ്ടായിരുന്നു അവള്‍. ശരീരത്തിന്റെ മേല്‍ഭാഗം ആരു കണ്ടാലും തനിക്കൊന്നുമില്ല എന്നവള്‍ വിചാരിക്കുമായിരുന്നത്രേ. പക്ഷേ, തുടകള്‍ ഒറ്റയാളും കാണാതെ തന്റെ പുതിയാപ്ലയ്ക്ക് മാത്രമായി സൂക്ഷിച്ചു. അതാണ് അവളുടെ മാപ്പിള തന്നെ വെട്ടിയിട്ട് കരച്ചില്‍കേട്ട് ഓടിവന്ന ആബാലവൃദ്ധം പേര്‍ക്കുമായി കാണാന്‍ ഇട്ടുകൊടുത്തത്.

എലിയുടെ മരണവെപ്രാളം

1962 ഡിസംബര്‍ 16-ന് വെളുപ്പാന്‍കാലത്ത്, ചാണകം മെഴുകിയ തറയില്‍ ഒരു പുല്‍പ്പായയിലാണ് കിടക്കുന്നതെന്ന് സങ്കല്പിച്ച്, യശോദ കണ്ണുതിരുമ്മി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു.

ചൈനീസ് അതിക്രമത്തോട് പൊരുതി ക്ഷീണിച്ച് പ്രധാനമന്ത്രി നെഹ്‌റു അടക്കം എല്ലാ ഇന്ത്യക്കാരും ഉറങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. പറമ്പിന്റെ വേലിയോട് ചേര്‍ന്നുനില്ക്കുന്ന തേന്‍ചാടി മാവിന്റെ ചില്ലയില്‍ മരപ്പെയ്ത്തിന്റെ മര്‍മരം മാത്രം അവശേഷിപ്പിച്ച് രാത്രി Textമടങ്ങുകയാണ്. യശോദയുടെ ചുണ്ടുകളിലും കണ്ണുകളിലും ഉറക്കച്ചടവിന്റെ മുള്ളുവേലികള്‍ വളര്‍ന്നിരുന്നു. ഭയാനകമായ ഒരു സ്വപ്‌നദര്‍ശനത്തില്‍ ഉറുമ്പുകളും തേരട്ടകളും അച്ചിളുകളും വേട്ടാളിയന്മാരും അവളുടെ മുഖം രാത്രി മുഴുക്കെ കയ്യേറിയിരുന്നു. ഓര്‍മകളുടെ ദുഃസ്വപ്‌നാടനം. അതിന്റെ പാടുകളില്‍ മുഖമാകെ നീറുന്നുണ്ടായിരുന്നു. തലയ്ക്കുമുകളിലെ പച്ചിലപ്പന്തലിലെ ഇടുങ്ങിയ കിളിവാതിലില്‍കൂടി മരണം തീണ്ടിയ കാറ്റും വെളിച്ചവും ഞെരുങ്ങി കടന്നുവന്നു.

അരപ്പാത്തിമ ഇന്നലെയാണ് മരിച്ചത്. ഏതാണ്ട് ഉച്ചയോടുകൂടിത്തന്നെ ചോരപുരണ്ട ഒരെലിയെ വീടിനകത്ത് കണ്ട അരപ്പാത്തിമ നിലവിളിച്ചിരുന്നു. അരയ്ക്കുതാഴെ ഇല്ലാത്ത പാത്തിമയുടെ നിലവിളി മുഴുവനായും പുറത്തുവന്നത് ആ എലിവന്ന് ചക്രക്കസേരയിലേക്ക് കയറാന്‍ തുടങ്ങിയപ്പോഴാണ്. അവളുടെ കെട്ടിയോന്‍ അസൈനാര്‍ക്ക് ആ വിളി അസഹ്യമായിരുന്നു.

‘എന്താടീ കെടന്ന് വിളിക്കണെ…മനഷ്യനെ മര്യാക്ക് കെടന്നൊറങ്ങാന് സമ്മതിക്കൂലേ.

ചക്രത്തിലൂടെ രണ്ടുവട്ടം പാതിവച്ച് കറങ്ങി ചോരയുടെ ചക്രവില്ല് ചമച്ച് എലി അരപ്പാത്തിമയുടെ അരയില്‍ കൂര്‍ത്ത ചില്ലുപോലത്തെ പല്ലിറുക്കി. മരണവേദന അതിനെ അഭയത്തിന്റെ ശുദ്ധരക്തം രുചിച്ച് അവിടെ തൂങ്ങിനില്‍ക്കാന്‍ പ്രേരിപ്പിച്ചു. അരയ്ക്കുതാഴെ എലിയെപ്പേറി അരപ്പാത്തിമയും അരപ്പാത്തിമയില്‍ തൂങ്ങി എലിയും മരിച്ചു. വൈകിട്ട് നാലുമണിയോടെ.

ഉച്ചയുറക്കം തീര്‍ത്ത് എഴുന്നേറ്റ അസൈനാര്‍ മരണംപോലൊന്ന് അവിടെ വന്നതിന്റെ വിശേഷം മനസ്സിലാകാതെ ലങ്കോട്ടി എടുത്തിട്ട് അതിനു മേലെ കള്ളിമുണ്ടും വാരിച്ചുറ്റി വെളിയിലേക്ക് ഇറങ്ങിയിരുന്നു. തേങ്ങാക്കൊത്ത് ഒന്നുണ്ടെങ്കില്‍ പാത്തിമയുടെ അടുക്കളയില്‍ ചെന്നെടുത്ത് ചമ്മന്തിയരച്ച് മൂവന്തിക്ക് പാളപ്പിഞ്ഞാണത്തില്‍ പ്ലാവില കോട്ടി കുറച്ച് കഞ്ഞി കുടിക്കാമല്ലോ എന്നുകരുതി അതുവഴി വന്ന കൊളുമ്പിചക്കരയാണ് അരപ്പാത്തിമയുടെ മരണം കണ്ടത്. ചിറികോട്ടി നിലവിളിച്ച് ഉറഞ്ഞുപോയ മുഖം ആവരണംചെയ്ത്, പോടായ ഒരു പല്ലിന്റെ ദ്വാരത്തിലൂടെ നൂണുവന്ന ചൂടുള്ള വായു തങ്ങിനിന്നു. അതിനെ മരണം മുഷിഞ്ഞുനാറിയിരുന്നു.

തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

 

 

Comments are closed.