DCBOOKS
Malayalam News Literature Website

ഡോ. രാജേന്ദ്രപ്രസാദ്; ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സര്‍വ്വസമ്മതനായ വ്യക്തി

സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതി ഡോ.രാജേന്ദ്രപ്രസാദിന്റെ ജന്മവാര്‍ഷിക ദിനമാണ് ഇന്ന്. ചേപ്പാട് ഭാസ്‌കരന്‍ നായരുടെ ‘സ്വാതന്ത്ര്യസമര യോദ്ധാക്കള്‍’ എന്ന പുസ്തകത്തില്‍ നിന്നും ചില ഭാഗങ്ങള്‍

ന്ത്യന്‍ രാഷ്ട്രീയത്തിലെ സര്‍വ്വസമ്മതനായ വ്യക്തിയായിരുന്നു ഡോ. രാജേന്ദ്രപ്രസാദ്. ഭാരതത്തിലെ അജാതശത്രു എന്നത്രേ ഗാന്ധിജി അദ്ദേഹത്തെ വിശേഷിപ്പിച്ചിട്ടുള്ളത്. സസ്യാഹാരംമാത്രം കഴിക്കുന്ന സൗമ്യനായ ഒരു നാടന്‍ കൃഷീവലനെയാണ് രാജന്‍ബാബു അനുസ്മരിപ്പിച്ചിരുന്നത്.

ഉത്തരബീഹാറിലെ സാരന്‍ജില്ലയിലുള്ള ഒരു സമ്പന്നകുടുംബത്തില്‍ 1884 ഡിസംബര്‍ 3-ാം തീയതിയാണ് ബാബു രാജേന്ദ്രപ്രസാദ് ജനിച്ചത്. അദ്ദേഹത്തിന്റെ അച്ഛന്‍ മുന്‍ഷി മഹാദേവസഹായ് ഒരു പ്രസിദ്ധനായ ഭിഷഗ്വരനായിരുന്നു. ഒപ്പം ഒരു സാധുജനതത്പരനും. അച്ഛനമ്മമാരുടെ ഇളയ സന്താനമായിരുന്നു രാജേന്ദ്രന്‍. ചെറുപ്പത്തില്‍ ഒരു മൗലവി
സാഹബാണ് അദ്ദേഹത്തെ പഠിപ്പിച്ചത്. ശാന്തസ്വഭാവമുള്ള ഒരു ബാലനായിരുന്നു അദ്ദേഹം. 1902-ല്‍ ഒന്നാമതായി പത്താം ക്ലാസ് പാസ്സായശേഷം അദ്ദേഹം കല്‍ക്കത്താ പ്രസിഡന്‍സി കോളജില്‍ ചേര്‍ന്നു. പ്രസിഡന്‍സി കോളജില്‍നിന്ന് ഒന്നാം ക്ലാസ്സില്‍ ബി.എ.യും എം.എ.യും അദ്ദേഹം പാസ്സായി.

Textവിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍തന്നെ രാഷ്ട്രീയ സാമൂഹികപ്രവര്‍ത്തനങ്ങളില്‍ രാജേന്ദ്രനു ശ്രദ്ധയും താത്പര്യവുമുണ്ടായിരുന്നു. ബംഗാള്‍ വിഭജനപ്രക്ഷോഭണം നടന്നുകൊണ്ടിരുന്ന കാലയളവായിരുന്നു അത്. വിദ്യാര്‍ത്ഥികളും അതില്‍ പങ്കെടുത്തിരുന്നു. സ്വസഹോദരനായ മഹേന്ദ്ര പ്രസാദില്‍നിന്നാണ് സ്വാതന്ത്ര്യസമരത്തെപ്പറ്റി അദ്ദേഹം മനസ്സിലാക്കിയത്. സഹോദരന്‍ പറയുന്നതെന്തും അനുസരിക്കുന്ന പ്രകൃതക്കാരനുമായിരുന്നു രാജേന്ദ്രന്‍.

എം.എ. പാസ്സായശേഷം രാജേന്ദ്രന്‍ മുസ്സഫര്‍പുരി ഗ്രിയര്‍ കോളജില്‍ അദ്ധ്യാപകനായി. തുടര്‍ന്ന് നിയമബിരുദം സമ്പാദിക്കുകയും കല്‍ക്കത്താ ഹൈക്കോടതിയില്‍ പ്രാക്ടീസ് ആരംഭിക്കുകയും ചെയ്തു. 1915-ല്‍ എം.എല്‍. പരീക്ഷകൂടി ഉന്നതമായ നിലയില്‍ പാസ്സായശേഷം അദ്ദേഹം പാറ്റ്‌ന ഹൈക്കോടതിയില്‍ പ്രാക്ടീസ് തുടര്‍ന്നു. ചുരുങ്ങിയ കാലംകൊണ്ടുതന്നെ നല്ലൊരു അഭിഭാഷകന്‍ എന്ന പേരും സമ്പാദിച്ചു.

നിയമനിഷേധപ്രസ്ഥാനത്തിലും നിസ്സഹകരണപ്രസ്ഥാനത്തിലും  ഊര്‍ജസ്വലനായി പങ്കെടുത്തു. അതോടെ എന്നെന്നേക്കുമായി അദ്ദേഹം വക്കീല്‍പണി ഉപേക്ഷിച്ചു. വിദ്യാര്‍ത്ഥികള്‍ വിദ്യാലയങ്ങള്‍ ബഹിഷ്‌കരിച്ചതോടെ സമരം കൂടുതല്‍ ശക്തമായി. വിദ്യാഭ്യാസം തുടര്‍ന്നു നടത്തുവാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുവാനായി രാജേന്ദ്ര പ്രസാദിന്റെ നേതൃത്വത്തില്‍ ബീഹാര്‍ വിദ്യാപീഠം സ്ഥാപിക്കപ്പെട്ടു.

ഒന്നര ഡസന്‍ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ് ഡോ. രാജേന്ദ്രപ്രസാദ് –ബാപ്പുവിന്റെ പാദങ്ങളില്‍, വിഭക്തഭാരതം, ചമ്പാരനിലെ ഗാന്ധിജി, ആത്മകഥ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രസിദ്ധ ഗ്രന്ഥങ്ങള്‍.

രാഷ്ട്രപതി സ്ഥാനത്തുനിന്ന് 1962-ല്‍ വിരമിച്ചശേഷം രാജേന്ദ്ര പ്രസാദ് പാറ്റ്‌നയിലെ സദാക്കത്ത് ആശ്രമത്തിലാണ് പാര്‍ത്തത്. ‘കുടിലില്‍ കഴിയാന്‍ എനിക്കു ഭയമില്ല. കൊട്ടാരം എന്നെ ആകര്‍ഷിച്ചിട്ടില്ല.’ എന്നത്രേ രാഷ്ട്രപതി സ്ഥാനത്തുനിന്നു വിരമിച്ചശേഷം അദ്ദേഹം പ്രസ്താവിച്ചത്. 1962-ല്‍ ‘ഭാരതരത്‌നം’ ബഹുമതി നല്‍കി രാഷ്ട്രം അദ്ദേഹത്തെ ബഹുമാനിക്കുകയും ചെയ്തു. 1963 ഫെബ്രുവരി 28-ന് ഇന്ത്യയുടെ അഭിമാനമായിത്തീര്‍ന്ന ബീഹാറിന്റെ ആ സല്‍പുത്രന്‍ നമ്മെ എന്നെന്നേക്കുമായി വിട്ടുപിരിയുകയും ചെയ്തു.

തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.