DCBOOKS
Malayalam News Literature Website

സുനില്‍ പി.ഇളയിടത്തിന്റെ മഹാഭാരതം സാംസ്‌കാരികചരിത്രം; റഫീഖ് ഇബ്രാഹിം എഴുതുന്നു

സർഗ്ഗസാഹിത്യം,ചരിത്രവിജ്ഞാനം എന്നീ മേഖലകൾ മാറ്റിനിർത്തിയാൽ വിമർശനകല മലയാളത്തിൽ രൂപപ്പെടുത്തിയ ലോകോത്തരമെന്ന് വിളിക്കാൻ പറ്റിയ മൂന്നോ നാലോ പുസ്തകങ്ങളേ ഉള്ളൂ എന്നാണ് വ്യക്തിപരമായ അഭിപ്രായം. അതിലൊന്ന് കുട്ടിക്കൃഷ്ണമാരാരുടെ ഭാരതപര്യടനമാണ്. എം.പി.ശങ്കുണ്ണി നായരുടെ ഛത്രവും ചാമരവും പരിമിതികൾ ചിലത് അവശേഷിക്കുന്നുവെങ്കിലും കെ.ദാമോദരന്റെ ഭാരതീയ ചിന്ത എന്നിവ കൂടി അതിലുൾപ്പെടുത്തും. രവീന്ദ്രൻ എഡിറ്റ് ചെയ്ത കലാവിമർശം: മാർക്സിസ്റ്റ് മാനദണ്ഡത്തിന് കൂടി വോട്ട് രേഖപ്പെടുത്തും.

ഇതിനപ്പുറം നമ്മുടെ സാഹിതീയ-ദാർശനിക-സാംസ്കാരിക വിമർശനം എന്നേക്കുമായി ബാക്കി വെച്ച -അഥവാ ക്ലാസിക് – വേറെയൊന്നുമില്ല എന്നാണ് വ്യക്തിപരമായ അഭിപ്രായം.(അഭിരുചിഭേദങ്ങൾ ഉദ്ദേശ ശുദ്ധിക്ക് മാപ്പ് നൽകുക).

ഈ ധാരയിലേക്ക്, നമ്മുടെ കാലത്തിൽ നിന്നൊരു പുസ്തകം കൂടി സ്ഥാനപ്പെടുന്നു എന്ന് അതിശയോക്തിയില്ലാതെ ഈ പുസ്തകത്തെ മുൻനിർത്തി പറയാം. സുനിൽ പി.ഇളയിടത്തിന്റെ മഹാഭാരതം:സാംസ്കാരിക ചരിത്രം. ആയിരത്തോളം പേജുകളുള്ള ബൃഹദ്ഗ്രന്ഥമാണ്. കമ്പോടു കമ്പ് വായിച്ചു തീർക്കാൻ സമയമെടുക്കും. എങ്കിലും മഹാഭാരത പ്രഭാഷണപരമ്പരയിലൂടെ സാമാന്യമായി ഇതിന്റെ കരടു രൂപം നാമെല്ലാം കേട്ടതാണ് എന്നതു കൊണ്ട് ആദ്യമേ ഉള്ള സ്ഥാനപ്പെടുത്തലിൽ അപാകതയില്ല എന്നാണ് കരുതുന്നത്.

ഒരു പാഠത്തിന്റെ ബഹുരൂപിയായ ചരിത്രത്തെ ഇത്ര സമഗ്രമായന്വേഷിക്കുന്ന കൃതി ഇന്ത്യൻ ഭാഷകളിലെന്നല്ല ലോകഭാഷകളിലൊന്നിൽ പോലുമുണ്ടായിട്ടില്ല എന്ന പ്രസാധകരുടെ വിലയിരുത്തൽ മുകളിൽ ചൂണ്ടിക്കാട്ടിയ ധാരയിലേക്ക് ഈ പുസ്തകം ചെന്നു ചേരാനുള്ളതാണ് എന്നതിന്റെ തെളിവാണ്. സംസ്കാരപഠനം എന്ന ശാഖ മലയാളത്തിൽ നിർമ്മിച്ച ഏറ്റവും ബൃഹത്തും ആധികാരികവുമായ പഠനമായി ഇതുണ്ടാകും.

***

Textഏഴ് ഭാഗങ്ങളിലായി ഇരുപത്തഞ്ച് അധ്യായങ്ങളായാണ് ഈ ബൃഹദ്ഗ്രന്ഥം സംവിധാനം ചെയ്യപ്പെട്ടിട്ടുള്ളത്. പാഠചരിത്രം, ഭൗതികചരിത്രം, പാരായണചരിത്രം, വ്യാപനചരിത്രം, ബഹുസ്വരാത്മകചരിത്രം, ഗീതാചരിത്രം, വിഭാവന ചരിത്രം എന്നിങ്ങനെ ഏഴു ഭാഗങ്ങൾ. ഓരോഭാഗത്തും രണ്ടു മുതൽ നാല് വരെ അധ്യായങ്ങൾ.ഓരോ അധ്യായവും ഒരു സവിശേഷ പ്രമേയത്തെ ചർച്ചയ്ക്കെടുക്കുന്നു. മൊത്തം അധ്യായങ്ങളിലെ എട്ടെണ്ണം പ്രഭാഷണത്തിൽ ഉൾപ്പെടുത്തപ്പെട്ടിട്ടില്ലാത്തതും അതിനാൽ നാം കേട്ടിട്ടില്ലാത്തതുമായ ആശയങ്ങളാണ്. ഏഴു ഭാഗങ്ങളിലൂടെ മഹാഭാരതത്തിന്റെ സാംസ്കാരിക ചരിത്രത്തിന്റെ ഒരു സമഗ്രമായ നോട്ടമാണ് ഗ്രന്ഥകാരൻ ഉദ്ദേശിക്കുന്നത്.

ഡി ഡി കൊസാംബിയും റോമിലാഥാപ്പറും ആർ എസ് ശർമ്മയും പല നിലയിൽ ചെയ്ത ഇതിഹാസത്തിന്റെ ചരിത്രാത്മക വായനാ വഴിയിലാണ് തന്റെ അന്വേഷണത്തെയും അദ്ദേഹം സ്ഥാനപ്പെടുത്തിയിട്ടുള്ളത്. പ്രഭാഷണ പരമ്പരയുടെ ഘട്ടത്തിൽ ഉയർന്നു വന്ന കാമ്പുള്ള എല്ലാവിമർശനങ്ങളെയും യുക്തിഭദ്രമായി ആമുഖത്തിൽ ഖണ്ഡിക്കപ്പെടുന്നു. വിരുദ്ധമെങ്കിലും ഉള്ളടരിൽ സത്താവാദപരമായ വീക്ഷണങ്ങളെ, അതിന്റെ ജ്ഞാന ശാസ്ത്രത്തെ മുൻനിർത്തി തന്നെ തള്ളിക്കളയുന്നു. ഇടതുപക്ഷ രീതിശാസ്ത്രം പിൻതുടരുന്ന താൻ ഇതിഹാസത്തിൽ നിന്ന് തിരയുന്നതെന്തെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിച്ച് ഇതിഹാസത്തിന്റെ ഇടതുപക്ഷ വായനയുടെ പ്രസക്തി അരയ്ക്കിട്ടുറപ്പിക്കപ്പെടുന്നു.

പി.കെ.ബാലകൃഷ്ണനാൽ മഹാഭാരതത്തിലേക്ക് പ്രചോദിപ്പിക്കപ്പെട്ട് പി.ഗോവിന്ദപ്പിള്ളയാൽ വീക്ഷണം ഉറപ്പിക്കപ്പെട്ട് പിന്നീട് ആർ.എസ്.ശർമ്മ മുതൽ വെൻഡി ഡോണിഗർ വരെയുള്ളവരുടെ ഇതിഹാസ പഠനങ്ങളുമായി താൻ നടത്തിയ കാൽനൂറ്റാണ്ടു കാലത്തെ അഭിമുഖങ്ങൾ ആമുഖത്തിൽ സർഗ്ഗാത്മകമായി കോറിയിട്ടിരിക്കുന്നു. പറവൂരിലെ ചെത്തുതൊഴിലാളി യൂണിയൻ ഓഫിസിലിരുന്ന് എഴുതിത്തീർത്ത ഈ മഹാപഠനത്തെ ഇതിഹാസങ്ങളെ ചരിത്രവത്കരിക്കാനുള്ള പ്രാഥമിക ശ്രമം മാത്രമായാണ് അദ്ദേഹം പക്ഷേ കണക്കുകൂട്ടുന്നത്.

ഈ പുസ്തകത്തിന്റെ ഭാഷ പറച്ചിലിന്റെ വടിവ് കൈവിടാതെ ലിഖിതത്തിന്റെ ക്രമീകൃത സ്വരൂപത്തിലാണെന്ന് ഗ്രന്ഥകർത്താവ് പറയുന്നുണ്ട്. പൊതുവെ സുനിൽ പി.യുടെ ഭാഷണ-എഴുത്തു ഭാഷകൾ തമ്മിലുള്ള വൈരുധ്യം പലരും മുൻപേ ചൂണ്ടിക്കാട്ടിയതുമാണ്. അതിനെ മറികടക്കുന്നതെങ്ങനെയെന്ന കൗതുകം കൂടി വായനയുടെ താത്പര്യമാവുന്നു.

****
സുനിൽ പി.ഇളയിടത്തിന്റെ ഏതാണ്ടെല്ലാ പുസ്തകങ്ങളുടെയും കൈയൊപ്പിട്ട ഓഥേഴ്സ് കോപ്പി തന്നിട്ടുണ്ട്. ഓരോന്ന് കിട്ടുമ്പോഴും പരിഗണനയിൽ അഭിമാനിച്ചിട്ടുമുണ്ട്. അന്നൊന്നും തോന്നാത്ത ഒരത്യാഹ്ളാദം ഈ ഓഥോഴ്സ് കോപ്പി കൈയിൽ വാങ്ങിയപ്പോൾ തോന്നി.ഒരമൂല്യനിധിയായി ഇതിരിക്കട്ടെ.

വായന തുടങ്ങുന്നു

ഭാഗം ഒന്ന് പാഠം,സ്വരൂപം,ആഖ്യാനം…….!

എഴുതിയത്; റഫീഖ് ഇബ്രാഹിം

Comments are closed.