DCBOOKS
Malayalam News Literature Website

കടലിനെ ഒളിപ്പിച്ച ചിപ്പികൾ

അനൽഹഖ് എന്നൊരു സൂഫീവിചാരമുണ്ട്. ഞാനാണ് സത്യമെന്ന പാരമ്യത്തിന്റെ അറിവാണത്. മനുഷ്യന്റെ അകത്തിരിക്കുന്ന ദൈവത്തിന്റെ അപാരതയെ അറിയലാണത്. അയമാത്മാ ബ്രഹ്മ (ഈ ആത്മാവ് ബ്രഹ്മം തന്നെ), അഹം ബ്രഹ്മാസ്മി (ഞാൻ ബ്രഹ്മമാകുന്നു) എന്നൊക്കെയുള്ള വേദ മഹാവാക്യങ്ങളും സൂചിപ്പിക്കുന്നത് ഈ പരമ സത്യത്തെയാണ്.

പി.കെ പാറക്കടവിന്റെ ഒരു കഥയുടെ പേര് അനൽഹഖ് എന്നാണ്.
മേഘം പുഴയോട് പറഞ്ഞു.
ഞാനാണ് സ്വപ്‌നങ്ങൾ വർഷിച്ച്
നിന്നെ ഉന്മാദിയാക്കുന്നത്.
പുഴ മറുവാക്കോതി.
എന്റെ ചുടുനെടുവീർപ്പാണ് ആകാശത്ത് നീയായി കുമിഞ്ഞ്കൂടുന്നത്. അത് എന്നിലേക്കു തന്നെ മടങ്ങിയെത്തുന്നു എന്നേയുള്ളൂ.
ഇങ്ങനെയുള്ള വലിയ തത്വങ്ങളെ ചെറിയ വാക്കുകളിൽ ചെത്തിമിനുക്കുന്നതാണ് പാറക്കടവിന്റെ കഥകൾ. നാലു വരിയിൽ 400 വരികളുടെ ആശയം ഒളിപ്പിക്കാനുള്ള കഴിവാണ് ഈ കഥാകൃത്തിനെ വ്യത്യസ്തമാക്കുന്നത്.

ചില കഥകൾ നോക്കൂ:
അവസ്ഥ

ഒരു കണ്ണടയ്ക്കാൻ പറഞ്ഞു
ഞാൻ രണ്ടു കണ്ണുകളുമടച്ചു
ഒന്നു വായടയ്ക്കാൻ പറഞ്ഞു
ഞാൻ നാവിനെ ഉറക്കിക്കിടത്തി
ഒടുവിൽ,
ഈ മണ്ണിന്റെ മഹത്വം പറഞ്ഞ്
അവരെന്നെ മണ്ണടക്കി.

ഞങ്ങൾ
അവൾ പാചകവും
ഞാൻ വാചകവും
വേവുന്നത് അവൾ
അടുപ്പിൽ വിറകുകൾ
തിരുകുന്നത് ഞാൻ

Textമൗനത്തിന്റെ നിലവിളി, ഒറ്റയ്ക്ക് തുടങ്ങിയ കഥകൾ നിലവിളിയുടെ മൗനത്തെയും ദൈവത്തിന്റെ ഏകാന്തതയെയും അനുഭവിപ്പിക്കുന്നു. പൊരുളുകളെ ഒളിപ്പിക്കുന്ന ധ്യാനമായി ഓരോ കഥകളും മാറുന്നത് കാണാം. കടലിനെ ഒളിപ്പിച്ച ചിപ്പികളെ പോലെ വാക്കുകൾ തിളങ്ങുന്നത് കാണാം. കവണയിൽ കൊരുത്ത കല്ലായി കൊള്ളുന്നത് കാണാം. എന്നാൽ ചിലതിൽ കഥ തിരുകിക്കയറ്റാനുള്ള ശ്രമം നടക്കുന്നുമുണ്ട്. എങ്കിലും എഴുതാനുള്ള എഴുത്തുകൾ ഇവയിൽ കുറവാണ്. എല്ലാം എഴുതിപ്പോയ വരികളെപ്പോലെയാണ്. ചിലത് കവിതയാണോ എന്നു നുള്ളിനോക്കേണ്ടി വരും. ആധുനികാനന്തര കവിതകളിലെ വൃത്തനിബദ്ധമല്ലാത്ത നിർമ്മിതികളെ ഓർമ്മിപ്പിക്കുന്നതാണ് പി.കെ പാറക്കടവിന്റെ കഥകളിൽ ഏറെയും.

സാമൂഹ്യ യാഥാർത്ഥ്യങ്ങളുടെ നേരെ കണ്ണാടി പോലെ തിരിച്ചുവെച്ച ഈ കഥകൾ പ്രണയവും വിരഹവും തത്വചിന്തയും ഏകാന്തതയും മൗനവും അന്യവൽക്കരണവും ഫാഷിസവുമെല്ലാം ചർച്ച ചെയ്യുന്നു. മലയാളത്തിലെ സാമ്പ്രദായിക രചനാ രീതികളെ അട്ടിമറിച്ച എഴുത്തുകാരിൽ ഒരാളാണ് പി.കെ പാറക്കടവ്. 366 പേജുകളിലായി ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച തിരഞ്ഞെടുത്ത കഥകൾ പാറക്കടവിന്റെ രചനാ വൈഭവത്തിന്റെ മികവിനെ അടയാളപ്പെടുത്തുന്നതാണ്. ഭാഷയ്ക്കപ്പുറം ഭാഷ നിർമ്മിക്കുകയാണ് കഥാകൃത്തെന്ന ആമുഖക്കുറിപ്പിലെ പുനത്തിലിന്റെ വരികളിലെ അന്വർത്ഥമാക്കുന്നതാണ് ഓരോ കഥയും. മിനിക്കഥകളുടെ പരിധി വിട്ട് സഞ്ചരിക്കുന്ന കഥകൾ ഈ സമാഹാരത്തിലുണ്ട്. എന്നാൽ നാം കണ്ടുവരുന്ന ചെറുകഥകളുടെ നീളവുമില്ല. അതുകൊണ്ടുതന്നെ എളുപ്പത്തിൽ, ഏതു പേജ് തൊട്ടും വായിക്കാനുള്ള സുഖമാണ് ഈ സമാഹാരത്തിന്റെ പ്രത്യേകത. പാറക്കടവ് കുറുക്കിയെഴുത്തിന്റെ അമിതാധ്വാനം തെരഞ്ഞെടുക്കുമ്പോൾ വായനക്കാരന് അധ്വാനം കുറയുന്നു. കഠിനാധ്വാനിയായ എഴുത്തുകാരൻ വായനക്കാരനെ അനായാസം കൂടെ നടത്തുന്നു.

പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കുക

പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക

പി.കെ പാറക്കടവിന്റെ ‘തിരഞ്ഞെടുത്ത കഥകള്‍’ എന്ന പുസ്തകത്തിന് ഷെരീഫ് സാഗര്‍ എഴുതിയ വായനാനുഭവം

Comments are closed.